ജീവിതകാലം മുഴുവന്‍
ഞാന്‍ മൌനവ്രതത്തിലായിരുന്നു.
ശബ്ദത്തിന്റെ കമ്പളം
മൌനത്തിന്റെ സൂചികൊണ്ട്
നെയ്തെടുക്കുകയായിരുന്നു ഞാന്‍.
ഒരു മണല്‍ത്തരി പോലും
എന്റെ പാദസ്പര്‍ശം കൊണ്ട്
വേദനിച്ചിട്ടില്ലെന്ന്
എനിക്കുറപ്പുപറയാനാകും.
അത്രയ്ക്ക് മൃദുലമായിരുന്നു
എന്റെ ചലനങ്ങള്‍.
സമാധാനമായിരുന്നു
എന്റെ ധ്യാനം.
ഉറഞ്ഞുതുള്ളുന്ന കടലില്‍,
ഉപ്പുവിളയുന്ന അതിന്റെ തിരകളില്‍
ഞാന്‍ സത്യാഗ്രഹം ചെയ്തു.
അങ്ങനെയാണ് എനിക്കീ
വെളുത്ത പുറംതോട് കിട്ടിയത്.
മരിച്ചിട്ടും ഞാന്‍ ബാക്കിവച്ചുപോയ
എന്റെ മുദ്രാവാക്യം.
അനശ്വരതയിലേക്ക് ഞാന്‍
അതിവര്‍ത്തനം ചെയ്ത
എന്റെ തപസ്സ്.
ഇപ്പോള്‍ കേള്‍ക്കുന്നു
ജീവിച്ചിരുന്നപ്പോള്‍
എനിക്കുണ്ടാക്കാന്‍ കഴിയാതിരുന്ന
ആയിരം ശബ്ദങ്ങള്‍,
നിങ്ങള്‍ അതിലൂടെ ഉണ്ടാക്കുന്നത്.
യുദ്ധങ്ങള്‍ക്ക് മുന്‍പ്
ദിഗന്തം നടുങ്ങുമാറ്
അതിനെ മുഴക്കി
ഭീതിയുണര്‍ത്തുന്നത്.
എനിക്കുണ്ടാക്കാന്‍ കഴിയുന്ന
ഏറ്റവും ഉദാത്തമായ ശബ്ദമായി
അതിനെ വാഴ്ത്തുന്നത്.......