24/12/07

ഇടംകയ്യന്‍

കുട്ടിക്കാലത്തേ
കുട്ടപ്പന്‍ ചേട്ടനിടം-
കയ്യാണത്രേ വാക്ക്.

ഇടം കൈകൊണ്ടേ എടുക്കൂ
ഇടം കൈകൊണ്ടേ കൊടുക്കൂ
ഇടം കൈകൊണ്ടല്ലാതെ
തീറ്റയില്ല കുടിയില്ല.

ഇടതുവാക്കാണുറക്കം
ഇടതുവാക്കാണുണര്‍ച്ച
ഇടതുവാക്കല്ലാതൊന്ന്
നാവെടുത്താലോതില്ല.

കുട്ടപ്പന്‍ ചേട്ടന്റമ്മ
തോരാതെ കരഞ്ഞു
കുട്ടപ്പന്‍ ചേട്ടന്റച്ചന്‍
പുളിമാറിട്ടടിച്ചു
നാട്ടുകാരെല്ലാം ചേര്‍ന്ന്
‘പീച്ചി’ യെന്നു വിളിച്ചു
എന്നീട്ടുമുണ്ടായില്ല
ചേട്ടനൊരു മാറ്റം.

ഇച്ചിച്ചിക്കയ്യനായി
കുട്ടപ്പന്‍ വളര്‍ന്നു
പത്തുവീതിപ്പലകക്ക്
നെഞ്ചുമങ്ങ് വിരിഞ്ഞു
അയലത്തെ അമ്മിണിയില്‍
കണ്ണു ചെന്ന് പതിഞ്ഞു.

അമ്പലത്തിന്‍ വഴിയില്‍
പാത്തിരുന്നു ചേട്ടനൊരു
കത്തെഴുതി അമ്മിണിക്ക്
കാത്തിരുന്നു കൊടുത്തു.

കത്തുകിട്ടി ഏറെനാളു
കഴിഞ്ഞെങ്കിലും പെണ്ണ്
ഒരുവാക്കും പറയാതെ
ഒഴിഞ്ഞങ്ങു നടന്നു.

സഹികെട്ട ദിനമൊന്നില്‍
കുട്ടപ്പനിടഞ്ഞു, ആനപോലെ
വഴിയില്‍ അമ്മിണിയെ തടഞ്ഞു,
“എന്തെടീ അമ്മിണീ നീയൊന്നും
പറയാത്തെ” എന്നു കേട്ടു.

അമ്മിണിയോ ചിറികോട്ടി
മൊഴിഞ്ഞു: “കുട്ടപ്പേട്ടാ
ഇടം‌കൈയാലെഴുതിയ
കത്തെനിക്ക് ഇടനെഞ്ചില്‍
കൊണ്ടില്ല,വലം‌കയ്യാലൊന്ന്
എഴുതിത്തന്നാല്‍ നോക്കാം”

അതുകേട്ടു കുട്ടപ്പനോ
വിരണ്ടുപോയൊരു നൊടി
പിന്നെച്ചിരിച്ചുചൊല്ലീ: “പെണ്ണേ
ഇടംകൈകൊണ്ടായാലെന്താ
വലത്തോട്ടല്ലേ എഴുത്ത്?”


*വാക്കിന് സൌകര്യം എന്നൊരര്‍ത്ഥവും ഉണ്ട്.

9 അഭിപ്രായങ്ങൾ:

 1. “പെണ്ണേ
  ഇടംകൈകൊണ്ടായാലെന്താ
  വലത്തോട്ടല്ലേ എഴുത്ത്?”
  kollaam :)
  -sul

  മറുപടിഇല്ലാതാക്കൂ
 2. വളരെ നല്ല വരികള്‍.
  ക്രിസ്തുമസ് നവവത്സരാശംസകള്‍.!

  മറുപടിഇല്ലാതാക്കൂ
 3. "വാക്കിന് സൌകര്യം എന്നൊരര്‍ത്ഥവും ഉണ്ട്."


  കേട്ടു എന്നതിനു ച്വാദിച്ചു എന്നും..റൈറ്റ്?

  എനിവേ കുട്ടപ്പനാണ് കറക്റ്റ്....ഈ പെന്‍പിള്ളേരെന്തേഇങ്ങനെ? ഒരണ്ണം ശരിയല്ല

  മറുപടിഇല്ലാതാക്കൂ
 4. ശാന്തിയുടേയും......
  സമാധാനത്തിന്റെയും.....
  ക്രിസ്‌തുമസ്‌ ആശംസകള്‍.....
  സസ്‌നേഹം......
  ബാജി........

  മറുപടിഇല്ലാതാക്കൂ
 5. രാഷ്ട്രീയം മണക്കുന്നല്ലോ സനാതനാ..!

  മറുപടിഇല്ലാതാക്കൂ
 6. ഹി ഹി ... ചിരിക്കാതെ പിന്നെ ഞാന്‍ എന്ത്‌ ചെയ്യും.

  മറുപടിഇല്ലാതാക്കൂ
 7. very much interested.
  മാറി നിന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

  മറുപടിഇല്ലാതാക്കൂ