അവരും ഞങ്ങളും

“അവര്‍ വരാന്‍ പാടില്ല”
ഞങ്ങള്‍ പരസ്പരം പറഞ്ഞു.
“അവര്‍ വരാന്‍ ഞങ്ങള്‍ അനുവദിക്കില്ല”
ഞങ്ങളുദ്ഘോഷിച്ചു.
അവരെ നേരിടാന്‍ ഞങ്ങളൊരുങ്ങി.
പഴകിയതും തുരുമ്പിച്ചതുമായ
ആയുധങ്ങള്‍ തേച്ചുമിനുക്കി
അങ്കത്തിന് തയ്യാറായി.
“അവര്‍ വരുമോ?”
ചിലര്‍ ആശങ്കയോടെ ചോദിച്ചു
“ഇല്ല അവര്‍ വരില്ല”
ഞങ്ങള്‍ ഉറപ്പു കൊടുത്തു.
“അവര്‍ വന്നാല്‍ നമുക്കു നേരിടാം”
എന്നു പരസ്പരം ധൈര്യപ്പെടുത്തി.
അവര്‍ വരാന്‍ സാധ്യതയുള്ള
എല്ലാ വഴികളും ഞങ്ങള്‍ അടച്ചു.
വാതിലുകളും ജനാലകളും
ചൂട്ടഴികളും പോലും ഭദ്രമാക്കി.
അവര്‍ വരുന്നതും കാത്ത്
ഞങ്ങള്‍ കാവലിരുന്നു.
ഞങ്ങള്‍ ജാഗരൂകരായി
പടിക്കു പുറത്തുതന്നെ ഉണ്ടായിരുന്നു.
വഴിയിലേക്കു മാത്രമായിരുന്നു
ഞങ്ങളുടെ കണ്ണുകള്‍.
ഞങ്ങള്‍ ഒച്ചവച്ചുകൊണ്ടിരുന്നു,
അവര്‍ വരുന്നതിനെക്കുറിച്ച്..
അവര്‍ വന്നാലുണ്ടാകുന്നതിനെക്കുറിച്ച്...
അവര്‍ വന്നപ്പോഴുണ്ടായതിനെക്കുറിച്ച്...
അവര്‍ വരുന്നതു ഞങ്ങള്‍ കണ്ടില്ല.
“ഏയ്...അവര്‍ വരില്ല” ഞങ്ങളില്‍ പലരും
വിരസമായി പിറുപിറുത്തു.
“അവര്‍ വന്നെന്നു തോന്നുന്നു”
പെട്ടെന്നൊരാള്‍ പറഞ്ഞു
“എന്ത് ?” ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി
“അവര്‍ വന്നു“ മറ്റൊരാള്‍ ഉറപ്പിച്ചു.
ഞങ്ങള്‍ വീണ്ടും ഞെട്ടി “എവിടെ ?”
“ദേ അവര്‍ അകത്തുണ്ട്”

എങ്ങനെ?
എങ്ങനെ അവര്‍ അകത്തെത്തി?
ഞങ്ങള്‍ ഉറങ്ങിയോ ?
ഇല്ല ഞങ്ങളുറങ്ങിയില്ലല്ലോ !
ഉറങ്ങാതിരിക്കാനല്ലേ ഞങ്ങള്‍
അവരെക്കുറിച്ച് ഒച്ചവച്ചുകൊണ്ടിരുന്നത് !
പിന്നെങ്ങനെ അവര്‍ വന്നു ?
ഞങ്ങള്‍ അന്ധാളിപ്പില്‍ പരസ്പരം നോക്കി.
പെട്ടെന്നൊരാള്‍ ഉത്സാഹമില്ലാതെ പറഞ്ഞു
“അതു പിന്നെ ആര്‍ക്കാണറിയാത്തത്
അവര്‍ വരുമായിരുന്നെന്ന്?”
ഞങ്ങളുടെ അന്ധാളിപ്പ് അസ്തമിച്ചു
“ശരിയാണല്ലോ” ഞങ്ങള്‍ ശമിച്ചു.
“അല്ലെങ്കിലും ആര്‍ക്കാണറിഞ്ഞുകൂടായിരുന്നത്
അവര്‍ വരുമായിരുന്നെന്ന് ”
ഞങ്ങള്‍ ആശ്വാസത്തോടെ ചിരിച്ചു.