8/1/08

ചുഴുപ്പ്


ഇന്നുവരെ
ഇതാ ഈ നിമിഷം വരെ
ഈ പറമ്പിന്റെ
പുറമ്പോക്കിലൂടെ
ഒളിഞ്ഞും തെളിഞ്ഞും
ഒലിച്ചുകൊണ്ടിരുന്ന പുഴയെ
ഒരു നൊടികൊണ്ടുഞാന്‍
അപ്രത്യക്ഷമാക്കി

നനക്കാനില്ലാതെ
കുളിക്കാനില്ലാതെ
കുടിക്കാനില്ലാതെ ആളുകള്‍
അലമുറയിട്ടുംകൊണ്ടോടി
വന്നപ്പോളവര്‍ക്കു ഞാനതിനെ
ആരോ മറന്നു നിര്‍ത്തിയ
ആറ്റുവഞ്ഞിയുടെ
കരിഞ്ഞ കൊണ്ടയില്‍
കാട്ടിക്കൊടുത്തു.

പച്ചനിറത്തില്‍ നനവുകള്‍
കട്ടപിടിച്ചപോലെയൊരു
മെലിഞ്ഞ പുഴുവിനെ
മിഴിച്ചുകണ്ടവര്‍ തരിച്ചു നിന്നു.

ഇന്നുവരെ
ഇതാ ഈ നിമിഷം വരെ
ഈ വയലിനക്കരെ
തെങ്ങുകള്‍ക്കു മുകളില്‍
പകലിനെത്താങ്ങിയുയര്‍ന്നു
നിന്നൊരു മലയെ
ഒരു നൊടികൊണ്ടുഞാന്‍
അപ്രത്യക്ഷമാക്കി

കലങ്ങിക്കരഞ്ഞും
ഉരുള്‍പൊട്ടിയപോലെ
കുത്തിയൊലിച്ചും
ആളുകള്‍ കുതിച്ചുവന്നപ്പോള്‍
ഞാനവര്‍ക്കതിനെ
തിരണ്ട പെണ്ണുങ്ങളുടെ
നിറഞ്ഞ നെഞ്ചിന്മേല്‍
കാട്ടിക്കൊടുത്തു

ഇടിഞ്ഞതും ഇടിയാനുള്ളതും
ഉടഞ്ഞതും ഉടയാനുള്ളതുമായ
മുലകളുടെ ജനാവലി
കണ്ടുകണ്ടവരമ്പരന്നു

അറിയുന്നുണ്ടോ അവര്‍
ചുഴിഞ്ഞ കണ്ണുള്ളവര്‍
അറിയുന്നുണ്ടോയെന്റെ
അത്ഭുത സിദ്ധികള്‍
ഒരു കൊലക്കയറിന്റെ
ആകൃതിയുള്ളൊരു
വെറും ചുഴുപ്പിന്റെ
മാസ്മര വിദ്യകള്‍.

10 അഭിപ്രായങ്ങൾ:

 1. സനാതനന്‍...

  ഗംഭീരം അതിഗംഭീരം

  എല്ലാം ഒരു നിമിഷം കൊണ്ട്‌ അപ്രത്യക്ഷമാക്കി

  ഒടുവില്‍ നീ അപ്രത്യക്ഷമായത്‌ പോലും നീ അറിഞ്ഞില്ല

  (സനാതനന്‍ ജെസിബി മുതലാളിയാണോ )

  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 2. ചുഴുപ്പ് മാജിക്

  പുഴ+ചുഴുപ്പ്=പുഴു
  മല+ചുഴുപ്പ്=മുല

  മറുപടിഇല്ലാതാക്കൂ
 3. പല തലങ്ങളില്‍ വായിക്കാവുന്ന രചന. പ്രമോദിന്റെ കുസൃതികള്‍ ഓര്‍മവരുന്നു.

  സദാചാരവെളിപാടുകള്‍ ഇപ്പോള്‍ ഉറഞ്ഞുവരും.. ജാഗ്രതൈ

  മറുപടിഇല്ലാതാക്കൂ
 4. സദാചാരം ഇത്തിരി കുറവാണു ച്ചാലും കവിത നന്നായി ...

  മറുപടിഇല്ലാതാക്കൂ
 5. ഈ ചുഴിഞ്ഞ കണ്ണുള്ളവരുടെ കണ്ണുകള്‍ എങ്ങിനെ ചുഴിഞ്ഞു എന്നറിയോ??? നിക്കറിയാം.

  മറുപടിഇല്ലാതാക്കൂ
 6. പുഴയെ പുഴുവാക്കുന്ന, മലയെ മുലയാക്കുന്ന അത്ഭുതമേ നിന്നെ ഞാന്‍ കവിയെന്നുവിളിച്ചോട്ടെ. നിന്നിലെ ചുഴുപ്പിനെ കവിത്വമെന്നും. ആടിനെ പട്ടിയാക്കുന്ന സമൂഹമേ ഇത് വന്ന് കാണ്. പണമെന്ന(capital) ആ കൊലക്കയറുപോലത്തെ ചുഴുപ്പ് കൊണ്ട് 'ഞാനു’കള്‍ തീര്‍ക്കുന്ന ദുരിതത്തെ ചെറുപുഞ്ചിരിയോടെ നോക്കിനില്‍ക്കുന്ന ഞാന്.
  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതി. തലതിരിഞ്ഞ വികസനവും മുതലാളിത്വവും കമ്മ്യൂണിസത്തിന്റെ പോലും അടിസ്ഥന തത്വമാകുമ്പോള് നമുക്കും ‘ആനന്ദം’എവിടെയുണ്ടെന്ന് ദേ ഇങ്ങിനെ ചൂണ്ടികാണിച്ചുകൊടുക്കാം.

  കലങ്ങിക്കരഞ്ഞും
  ഉരുള്‍പൊട്ടിയപോലെ
  കുത്തിയൊലിച്ചും
  ആളുകള്‍ കുതിച്ചുവന്നപ്പോള്‍
  ഞാനവര്‍ക്കതിനെ
  തിരണ്ട പെണ്ണുങ്ങളുടെ
  നിറഞ്ഞ നെഞ്ചിന്മേല്‍
  കാട്ടിക്കൊടുത്തു

  ഓ.ടോ മനുവേ ഇതില്‍ സദാചാര വാളെടുക്കാന്‍ എന്തോന്നാ ഒള്ളേ...? കവിത നല്‍കുന്ന അനുഭൂതിക്കപ്പുറം എന്ത് സദാചാരം? കവിതയുണ്ടാക്കിയ തരംഗം അതിലെ വാക്കര്‍ത്ഥങ്ങളേക്കാള്‍ എത്രയോ മേലെയാണ്. No pun intended എന്ന് ഗുപ്ത വാക്യം.

  മറുപടിഇല്ലാതാക്കൂ
 7. കിനാവേ നിനക്കു ഞാനെന്തു തരും.എന്തു തന്നാലിതിനു പകരമാവും.
  ഞാനൊരു പരമദരിദ്രനായിപ്പോയപോലെ തോന്നുന്നു സുഹൃത്തേ.നിറകണ്ണുകളോടെ.

  മറുപടിഇല്ലാതാക്കൂ
 8. നിങ്ങള് സമ്പന്നനാ‍ണ് മാഷേ, ദാ‍നം സ്വീകരിക്കുമ്പോള്‍ നന്ദിയെന്ന് പറയുന്നത് പുറംചൊറിച്ചിലും മണ്ണാംകട്ടയുമായി വിലയിരുത്തപ്പെടും. എന്നാലും...

  മറുപടിഇല്ലാതാക്കൂ
 9. പുഴയ്ക്കും മലയ്ക്കുമിടയില്‍ക്കിടക്കുന്ന നമ്മുടെകൊച്ചുനാടും
  ഇങ്ങിനെയൊക്കെയായിത്തീരുമോ സനാതനാ?

  മറുപടിഇല്ലാതാക്കൂ