ദാമോദരന്‍ തീര്‍ത്തും ഒറ്റക്കായിരുന്നു.
ഒറ്റക്കായിരുന്നു എന്നാല്‍ തനിയേ സാരിയുടുക്കാന്‍ പോലും കഴിയാതെ
“ദാമോദരേട്ടാ ഈ പ്ലീറ്റൊന്നു പിടിക്കൂ” എന്ന് വിളിച്ചുകൂവുന്ന ഭാര്യയും ഇച്ചിയിട്ടാല്‍,
“അമ്മേ ഇച്ചിയിട്ടു“ എന്നു ഒച്ചവയ്ക്കുന്ന അയാളുടെ ചെറിയ കുട്ടിയും മാത്രമായിരുന്നു ദാമോദരന്‍ തുണയായി ഉണ്ടായിരുന്നത്.സ്വന്തം കാലില്‍ നില്ക്കാന് പോലും പ്രാപ്തിയില്ലാത്ത ഈ ശിഥില കഥാപാത്രങ്ങള്‍ എങ്ങനെയാണ് ധീരോദാത്തനതിപ്രതാപ ഗുണവാനായിരിക്കേണ്ട നായകന് തുണയാവുക എന്ന് ചോദിച്ചേക്കരുത്.അവരെ താങ്ങി നിര്‍ത്തേണ്ടുന്ന ബാധ്യത അയാള്‍ക്ക് ഉണ്ടായിരിക്കുമ്പോള്‍ പോലും തനിക്ക് അവര്‍ തുണയായിരുന്നു എന്നാണ് അയാള്‍ കരുതിയിരുന്നത്.അതെങ്ങനെ എന്ന് നാം ചിന്തിക്കേണ്ട കാര്യമില്ല അയാള്‍ അങ്ങനെ കരുതുന്നുവെങ്കില്‍ അയാളെ സംബന്ധിച്ച് അങ്ങനെയായിരിക്കും എന്ന് വകവച്ചുകൊടുക്കാം.
താന്തോന്നി എന്നാണ് ദാമോദരനെ നാട്ടുകാര്‍ വിശേഷിപ്പിച്ചിരുന്നത്.ആരെയും കൂസാത്ത സ്വഭാവം തന്നിഷ്ടം മാത്രം നടപ്പിലാക്കുന്ന ജീവിതം ഇറച്ചിവെട്ടുമ്പോലെയുള്ള തീരുമാനം. ഇതൊക്കെ കൊണ്ടാകും അവര്‍ അയാളെ അങ്ങനെ വിളിക്കുന്നത്.സുഹൃത്തുകള്‍ക്ക് അയാള്‍ ഒരു തമാശക്കഥാപാത്രമാണ് അനാവശ്യമായി സാഹസങ്ങളില്‍ ചെന്നു ചാടുന്നവന്.വേലിയില്‍ കിടക്കുന്ന പാമ്പുകളെ തഴുകാന്‍ ചെല്ലുന്നവന്.ഹരിശ്ചന്ദ്രനാകാന്‍ വെറുതേ ശ്രമിച്ച് എല്ലായ്പ്പോഴും അബദ്ധങ്ങളില്‍ മുങ്ങിപ്പൊങ്ങുന്നവന്‍.സ്വന്തം ദാരിദ്ര്യത്തെ കുറിച്ച് പോലും ചിന്തിക്കാതെ വീട്ടുകാരെ ധിക്കരിച്ച് ഒരു പെണ്‍കൊച്ചിനെ വിളിച്ചുകൊണ്ടുവന്നവന്‍.
ദാമോദരന്റെ ചെയ്തികളില്‍ രോഷാകുലനായ പിതാവ് വീടും പറമ്പും മറ്റുമക്കളുടെ പേരില്‍ എഴുതിക്കൊടുത്തു.വീട്ടില്‍ നില്ക്കുന്ന ഓരോ നിമിഷവും കുത്തുവാക്കുകള്‍ പറഞ്ഞ് അയാളെ മുറിവേല്‍പ്പിച്ചു.ദാമോദരന്‍ ഒന്നും കേട്ടില്ലെന്ന് നടിച്ച് പ്രണയത്തെക്കുറിച്ചും അത് ഉണ്ടാക്കുന്ന അഭൌമമായ ലഹരിയെക്കുറിച്ചും മാത്രം ചിന്തിച്ചുകൊണ്ട് ജീവിച്ചുപോന്നു.ഭാവിയെക്കുറിച്ച് പ്രായോഗികമായി ചിന്തിക്കാത്ത അയാളുടെ സ്വഭാവത്തില്‍ ഭാര്യക്കും വൈഷമ്യമുണ്ടായിരുന്നു എന്നാല്‍ കടലുപോലെ ഇരമ്പിവരുന്ന അയാളുടെ പ്രണയം കാരണം ദാമോദരന്റെ മുഖത്തുനോക്കി ഒന്നും തന്നെ പറയാന്‍ അവള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല.
അയാളുടെ പ്രണയം കുട്ടികളെ ഉണ്ടാക്കി.നിങ്ങള്‍ ഒരു പക്ഷേ ഞെട്ടിപ്പോയേക്കാം പ്രണയിച്ചാല്‍ കുട്ടികളുണ്ടാകും എന്നത് സിനിമകളില്‍ പോലും കണ്ടിട്ടൊ കേട്ടിട്ടോ ഇല്ലാത്ത ഒന്നാണ്.പക്ഷേ നേരത്തേ പറഞ്ഞില്ലേ ദാമോദരന്റെ കാര്യം അങ്ങനെയായിരുന്നു.കീടപ്പുമുറി പ്രണയത്തിന്റെ പരീക്ഷണങ്ങള്‍ കൊണ്ട് അലങ്കരിക്കുകയായിരുന്ന ഒരു രാത്രിയില്‍ ഭാര്യ അയാളോട് പറഞ്ഞു.
ഇത്തവണ “വിപ്ലവം വന്നില്ല”
വിപ്ലവം എന്നത് ഒരു കോഡ് വാക്കാണ്. മാസാമാസം സാനിട്ടറി നാപ്കിനുള്ള തുക അധികം കണ്ടെത്താന്‍ നിര്‍ബന്ധിക്കുന്നതും സ്ത്രീയില്‍ സംഭവിക്കുന്നതുമായ ഒരു പ്രതിഭാസം. ചെറിയ ഒരുമുറിയില്‍ ആയിരുന്നു അവര്‍ താമസിച്ചിരുന്നത് .അവരുടെ സ്വകാര്യസംഭാഷണങ്ങള്‍ ചുവരിനപ്പുറത്തുള്ളവര്‍ കേള്‍ക്കാതിരിക്കാനായിരുന്നു അവര്‍ അങ്ങനെ ചില കോഡുവാക്കുകള്‍ പ്രയോഗിച്ചിരുന്നത്.രാത്രിയുടെ നിശബ്ദതയില്‍ പ്രണയത്തിന്റെ നിശാഗന്ധികള്‍ വിരിയുമ്പോള്‍ ഭാര്യയുടെ വികാരവായ്പ്പ് ഒരു വെള്ളച്ചാട്ടം പോലെ ആരവമുണ്ടാക്കുമ്പോള്‍ അത് ചുവരിനപ്പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ അവളുടെ ചുണ്ടുകള്‍ ചുംബനം കൊണ്ട് മുദ്രണം ചെയ്യേണ്ടിവന്നിരുന്നു ദാമോദരന്‍.അത്രക്ക് ഇടുങ്ങിയതായിരുന്നു അവരുടെ കിടപ്പ് മുറി.
പൊതുവേ ദാമോദരന്‍ വിപ്ലവത്തോട് ആഭിമുഖ്യമുള്ളവനായിരുന്നില്ലെങ്കിലും വരാത്ത വിപ്ലവം അയാളെ തെല്ലൊന്ന് വിഷണ്ണനാക്കി.കാരണം അത് ജീവിതത്തിന്റെ സംതുലിതാവസ്ഥയെ അട്ടിമറിക്കും എന്നയാള്‍ ഭയന്നിരുന്നു.ഉത്തരവാദിത്തങ്ങള്‍ കൂടും !. താമസിയാതെ വരാത്ത വിപ്ലവം ഭാര്യയുടെ അടിവയര്‍ ഊതിവീര്പ്പിക്കാന് തുടങ്ങി.ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ നാട്ടുകാര്‍ അമ്മേ ഇച്ചിയിട്ടു എന്ന വിളിച്ചുകൂവല്‍ കേള്‍ക്കാനും തുടങ്ങി.ഇതൊന്നും കഥയല്ല പശ്ചാത്തലം മാത്രമാണ്.കഥ തുടങ്ങുന്നതേയുള്ളു.അത് ഇങ്ങനെയാണ്.
ദാമോദരന്‍ എന്തു ജോലിയാണ് ചെയ്തിരുന്നത് എന്നു നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും .ധിക്കരിച്ച് വിവാഹം കഴിച്ചവന് പ്രണയിച്ച് കുട്ടികളെ ജനിപ്പിച്ചവന് സാഹസത്തോടെ സ്വപ്നങ്ങള്‍ കണ്ട്ജീവിക്കുന്നവന്‍.അങ്ങനെയുള്ളവന് എന്തെങ്കിലും ചെയ്യാതെ ജീവിക്കാന്‍ കഴിയില്ലല്ലോ.സാധാരണ ഈ അവസ്ഥയിലുള്ള മിക്കവാറും ചെറുപ്പക്കാര്‍ ചെയ്യുന്നതൊക്കെ തന്നെ ദാമോദരനും ചെയ്തു. ട്യൂഷന് എടുത്തു.കുട്ടികളുടെ കലാമത്സരങ്ങളില്‍ മാര്‍ക്കിടാന്‍ പോയി.ജാഥകള്‍ക്കും സമരങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ എഴുതിക്കൊടുത്തു.പക്ഷേ അതുകൊണ്ടൊന്നും നിവര്‍ത്തിക്കാനാകാത്ത പ്രശ്നങ്ങളായിരുന്നു അയാളുടേത്.ഒരു തുണ്ട് ഭൂമി വാങ്ങണം ഒരു വീടുവയ്ക്കണം.വളര്‍ന്നു വരുന്ന മകളെ പഠിപ്പിക്കണം വിവാഹം കഴിച്ചയക്കണം ഇങ്ങനെ ഉത്തരാധുനികമെന്നോ ആധുനികമെന്നോ ക്ലാസിക്കലെന്നോ ഭേദങ്ങളില്ലാത്ത ജീവിതപ്രശ്നങ്ങളുടെ പിതാവായി ദാമോദരന്‍ നരച്ചു തുടങ്ങുകയായിരുന്നു.
“എന്തെങ്കിലും സംഭവിച്ചേ മതിയാകൂ.“
അയാള്‍ ഭാര്യയോടു പറഞ്ഞു.
“നമുക്ക് നമ്മുടെ വീട്ടുകാരോട് സഹായം ചോദിച്ചാലോ“
അവള് ചോദിച്ചു.
“ബ്ഭാ എന്റെ പട്ടി പോകും”അയാളുടെ മുഖം ചുവന്നു.അന്നത്തെ രാത്രി പ്രണയമുണ്ടായില്ല.എന്നും കലഹം മാത്രമുള്ള രാത്രികളില്‍ അന്യഗ്രഹങ്ങളെപ്പോലെ ആകര്‍ഷണമുള്ളപ്പോഴും വികര്‍ഷിതരായി ഉറങ്ങേണ്ടിവരും എന്നു ഭയന്ന് ഭാര്യ പിന്നീട് അയാളോട് ഒന്നും പറയാന്‍ നിന്നില്ല.കാലം കഴിയുന്തോറും അവള്‍ക്കും അയാളുടെ ഈ കടുമ്പിടിത്തത്തില്‍ അതൃപ്തി കൂടിക്കൂടിവരുന്നുണ്ടായിരുന്നു. അത് അയാള്‍ക്ക് മനസിലാകുന്നുമുണ്ടായിരുന്നു.
വീട്ടുകാരുടെ മുന്പില് ഒരല്‍പ്പം താണുകൊടുത്തിരുന്നെങ്കില്‍.അവരോട് ദയനീയമായ മുഖഭാവത്തോടെ ഒരല്‍പ്പം സഹായം യാചിച്ചിരുന്നെങ്കില്‍ അവര്‍ സഹായിക്കുമായിരുന്നു.തന്റെ സഹോദരിമാരുടെ കാര്യം അവള് ഓര്‍ത്തു.അവരൊക്കെ അല്ലലില്ലാതെ കഴിയുന്നു.അതാലോചിച്ചപ്പോള്‍ അവള്‍ക്ക് സങ്കടം വന്നു.പക്ഷേ ദാമോദരന്റെ മുന്നില്‍ അത് കാണിക്കാന്‍ അവള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല.ദാമോദരനും അവളുടെ ചിന്തകള്‍ അറിയുന്നുണ്ടായിരുന്നെങ്കിലും ഒന്നും കണ്ടില്ലെന്ന് നടിച്ചു.പക്ഷേ സാവധാനത്തില്‍ അയാള്‍ ഭാവിയെക്കുറിച്ചുള്ള ആകുലതകളില്‍ പെട്ടുപോയി. മറ്റുള്ളവര്‍ക്ക് മുന്നില്‍ കുനിക്കാത്ത തന്റെ തല സ്വകാര്യമായി കുനിച്ചുപിടിച്ച് ഉമ്മറത്ത് ഇരിപ്പായി.മൌനം അയാളുടെ ചുണ്ടില്‍ കൂടുകെട്ടി.
ചിതല്‍പ്പുറ്റും പ്രതീക്ഷിച്ചെന്നപോലെ അയാളുടെ ഇരിപ്പുകണ്ട് ഭാര്യ ഇടക്കിടെ എല്ലാം ശരിയാകും എല്ലാം ശരിയാകും എന്ന അയാളുടെ തന്നെ വചനങ്ങള്‍ തത്തമ്മേ പൂച്ച പൂച്ച എന്നമട്ടില്‍ ഉരുവിട്ടുകൊടുക്കുന്നുണ്ടായിരുന്നു.അങ്ങനെ എല്ലാം ശരിയാകും എന്ന അര്‍ഥശൂന്യമായ വാചകവും ഉരുവിട്ടുകൊണ്ട് ഉമ്മറത്ത് കുത്തിയിരിക്കുമ്പോഴാണ് ഒരുദിവസം അയാള്‍ അത് ശ്രദ്ധിച്ചത്.പറമ്പില്‍ പച്ചക്കുടവിടര്‍ത്തിയപോലെ നിറസൌന്ദര്യമായി നിന്നിരുന്ന ഒരു ചേനയെ കാണുന്നില്ല.ഉമ്മറത്തിരുന്നാല്‍ വ്യക്തമായി കാണാമായിരുന്ന അത് പൊടുന്നനെ എവിടെപ്പോയി.ആരെങ്കിലും കട്ടുപോയിരിക്കുമോ അയാള്‍ ചിന്തിച്ചു.ജിജ്ഞാസയോടെ അയാള്‍ പറമ്പിലേക്ക് ഇറങ്ങി നടന്നു.
ചേന നിന്നിടത്ത് അതിന്റെ തണ്ടുപോലും കാണുന്നില്ല. പകരം ഒരു നീണ്ട കുഴി താഴേക്ക് പോകുന്നു.അയാള്‍ക്ക് കൌതുകം തോന്നി ചേനക്ക് എന്തു സംഭവിച്ചു.ഒരു പക്ഷേ ആകസ്മികമായ ഒരു സംഭവഗതി ചേനയുടെ ജീവിതത്തെ മാറ്റി മറിച്ചിട്ടുണ്ടാകാം അയാള്‍ ചിന്തിച്ചു.ആകാംക്ഷ അടക്കാനാവാതെ അയാള്‍ ഒരു തൂമ്പയെടുത്ത് ചേന നിന്നിടം കുഴിക്കാന്‍ തുടങ്ങി.സാധാരണ ഗതിയില്‍ ഒരു ചേന കുഴിച്ചെടുക്കാന്‍ അത്ര പ്രയാസമുള്ള കാര്യമല്ല.പക്ഷേ ഇപ്പോള്‍ അയാള്‍ക്ക് എന്തോ ഒരു ആയാസം തോന്നി.മണ്ണിന് വല്ലാത്ത ഉറപ്പ്.കുഴിയും സാമാന്യം താഴ്ന്നു എന്നിട്ടും ചേന കാണുന്നില്ല.ദാമോദരന്‍ ആകെ അത്ഭുത സ്തബ്ധനായി.അയാള്‍ പതിയെ കുഴിയിലേക്കിറങ്ങി ശ്രദ്ധയോടെ കുഴിക്കാന്‍ തുടങ്ങി.ചേനയുടെ വേരുകള്‍ പോലും കാണാനില്ല.പക്ഷേ ഒരു ചേനത്തണ്ടിന്റെ വലിപ്പത്തിലുള്ള ചെറിയ കുഴി താഴേക്ക് നീണ്ടുപോകുന്നുണ്ട്.അയാള്‍ ആ കുഴിയെ ലക്ഷ്യമാക്കി കുഴിച്ചു തുടങ്ങി.കുഴി നീണ്ടു നീണ്ടു പോകുന്നു.ചേന എന്ന ഏകാഗ്രമായ ചിന്ത കാരണം അയാള്‍ അധ്വാനത്തിന്റെ ഭാരം അറിഞ്ഞില്ല.എത്രനേരം കുഴിച്ചു എന്നോ കുഴിക്ക് എത്ര താഴ്ചയായി എന്നോ അയാള്‍ അറിഞ്ഞില്ല. വളരെ നേരത്തെ ജോലിക്കു ശേഷം ചേനത്തണ്ടിന്റെ കുഴി അവസാനിച്ചിടത്ത് അയാള്‍ കണ്ടു.ഒരു ചെറിയ ചേന.ചേന എന്ന് പറയാനാകില്ല ചേനയുടെ ആകൃതിയുള്ള എന്തോ ഒന്ന് എന്നേ പറയാനാകൂ.കാരണം അതിന് ചേനയൂടെ വലിപ്പം ഇല്ല, വേരുകളില്ല.വെളിച്ചം നന്നേ കുറവായതുകൊണ്ട് അയാള്‍ ക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് അയാള്‍ അത് ശ്രദ്ധിക്കുന്നത്.കുഴിച്ചു കുഴിച്ച് താന്‍ വളരെ താഴെ എത്തിയിരിക്കുന്നു.അയാള്‍ മുകളിലേക്ക് നോക്കി.ഇരുട്ട് വീണിരിക്കുന്നു.താന്‍ ഒരു കിണറിനുള്ളിലെന്നപോലെയാണ് നില്‍ക്കുന്നത്.മുകളിലേക്ക് കയറാന്‍ നന്നേ വിഷമിക്കേണ്ടിവരും.അയാള്‍ ഭാര്യയെ വിളിച്ചു.വിളി കേള്‍ക്കുന്നുണ്ടാവില്ല.അയാള്‍ വീണ്ടും വിളിച്ചു.രണ്ടു നാലുതവണത്തെ വിളിക്ക് ശേഷം ഭാര്യ കുഞ്ഞുമായി കിണറിനു മുകളില്‍ പ്രത്യക്ഷയായി.അവള് ചോദിച്ചു
“എന്നെ വിളിച്ചോ”
അയാള്‍ അത്ഭുതപ്പെട്ടു.ഇത്രയും ആഴമുള്ള ഒരു കുഴിയിലാണ് താന്‍ നില്‍ക്കുന്നതെന്നതും ആരോടും പറയാതെ താന്‍ ഒറ്റക്കാണ് ഇതു കുഴിച്ചതെന്നതും ഒന്നും അവളെ അത്ഭുതപ്പെടുത്താത്തതെന്ത്.
“ഞാന്‍ ഒരു ചേന കുഴിക്കുകയായിരുന്നു.“
അവള് ചോദിക്കാതെ തന്നെ അയാള്‍ പറഞ്ഞു.
“എന്നിട്ട് കിട്ടിയോ“
അവളുടെ നിര്‍വ്വികാരമായ ചോദ്യം അയാളെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി.
“നന്നേ ചെറുതാണ്“
അയാള്‍ കയ്യിലുള്ള ചേന ഉയര്‍ത്തിക്കാണിച്ചു.അവള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ എന്തോ.അയാള്‍ സംശയിച്ചു.തനിക്കവളെ കഷ്ടിച്ച് കാണാന്‍ കഴിയുന്നേയുള്ളു ഒരു നിഴലുപോലെ.കുഞ്ഞിന്റെ മുഖം കാണുന്നില്ല.അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.അയാള്‍ അത് മറന്നുപോയതുപോലെ തോന്നി.
“എത്ര പവനുണ്ട്”
ഭാര്യയുടെ ചോദ്യം അയാളെ ഞെട്ടിച്ചുകളഞ്ഞു.ചേനക്ക് എത്ര പവനുണ്ടെന്ന് ചോദിക്കുന്നൊ.അടുത്തായിരുന്നെങ്കില്‍.....അയാള്‍ കൈ ഞെരടി അപ്പോഴാണ് അയാളത് ശ്രദ്ധിക്കുന്നത്.ചേനക്ക് ഒരു ചെറിയ തിളക്കം.അയാള്‍ നഖം കൊണ്ട് ചേനയുടെ പുറത്തിരുന്ന മണ്ണ് തുടച്ചുമാറ്റി.ചേന സ്വര്‍ണ്ണംപോലെ തിളങ്ങുന്നു.
“ഇങ്ങോട്ടിട്ടുതാ...“
അവള് പറയുന്നു.ഒക്കത്തിരുന്ന് കുട്ടിയും കൈനീട്ടുകയാണ്.അയാള്‍ക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു.എല്ലാം സത്യം തന്നെയോ.അയാള്‍ കുഴിയുടെ ചുവരില്‍ തടഞ്ഞുനോക്കി.സത്യം തന്നെയാണ്.താനിപ്പോള്‍ കുഴിയിലാണ്.മുകളില്‍ തന്റെ ഭാര്യയും കുഞ്ഞുമാണ് നില്‍ക്കുന്നത്. അയാള്‍ സംയമനത്തോടെ ചേന ഇരുകൈകളിലെടുത്ത് ആയത്തില്‍ മുകളിലേക്കെറിഞ്ഞു.ഒരു ക്രിക്കറ്റ് കളിക്കാരന്റെ കൈവഴക്കത്തോടെ ഭാര്യ അത് പിടിച്ചെടുത്തു.
അയാള്‍ പറഞ്ഞു
“ഒരു കയറുകിട്ടിയാല്‍ നന്നായിരുന്നു.എനിക്ക് കയറിവരാന്‍.“
ഭാര്യ അത് ശ്രദ്ധിക്കുന്നുണ്ടോ എന്ന് അയാള്‍ സംശയിച്ചു.അവള് ചേനയെ തിരിച്ചും മറിച്ചും നോക്കുകയാണ്.അസ്തമയസൂര്യന്റെ ഒരു കിരണം ചേനയുടെ വശത്ത് തട്ടി തിളങ്ങുന്നത് അയാള്‍ കണ്ടു.
“തനിത്തങ്കം തന്നെയോ എന്തോ“ അവള് പിറുപിറുത്തു.
അയാള്‍ നിസ്സഹായതയോടെ മേല്‍പ്പോട്ടു നോക്കി നില്‍ക്കുകയാണ്.
“ഒരു കയറ് കിട്ടിയിരുന്നെങ്കില്‍ കയറിവരാമായിരുന്നു.“
അയാള്‍ വീണ്ടും ശബ്ദമുയര്‍ത്തി പറഞ്ഞു.അപ്പോഴാണ് അവള് അത് കേട്ടതെന്ന് തോന്നുന്നു.അവള് കുഴിയുടെ കരയില്‍ നിന്നും അപ്രത്യക്ഷയായി.കയറെടുക്കാന്‍ പോയതാവുമെന്ന് അയാള്‍ പ്രതീക്ഷിച്ചു.മിനുട്ടുകള്‍ക്കകം കയറുമായി അവള് കരയില്‍ പ്രത്യക്ഷപ്പെട്ടു.കൂടെ ഇത്തിരി പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു.അവള് കയര്‍ ഇടാനായി തുടങ്ങുകയായിരുന്നു.അപ്പോഴാണ് അയാള്‍ ചോദിച്ചത്.
“എവിടെ നമ്മുടെ മോള്“.
ഭാര്യ കറുത്ത കണ്തടങ്ങള് കൊണ്ട് ഒന്നു ചിരിച്ചു.
“ദാ നില്ക്കുന്നു.അവള്‍ക്കിനി എന്തെങ്കിലും ഉണ്ടാക്കണ്ടേ....പെണ്ണ് കാണക്കാണെ വളരുകയാണ്”
കയര്‍ അപ്പോഴും അവള് താഴേക്ക് ഇടുന്നുണ്ടായിരുന്നില്ല.
“വേണം..സമയമുണ്ടല്ലോ...കയര്‍ ഇടൂ..“
അയാള്‍ പറഞ്ഞു.അപ്പോഴേക്കും കുഴിയുടെ കരയില്‍ മറ്റൊരു രൂപം കൂടി പ്രത്യക്ഷപ്പെട്ടു.നിഴല്‍ രൂപമായിരുന്നു അതെങ്കിലും അത് തന്റെ അച്ഛനാണെന്ന് ദാമോദരന്‍ മനസിലായി.
“നിനക്ക് സുഖമാണോ ദാമോദരാ “
വൃദ്ധരൂപം ചോദിച്ചു.
“എനിക്കിവിടെ സുഖം തന്നെ.... അച്ഛനും സുഖം തന്നെന്ന് വിശ്വസിക്കുന്നു...“
ദാമോദരന്‍ യാന്ത്രികമായി പറഞ്ഞു.ഏറെ കാലത്തിനു ശേഷമാണ് അച്ഛന് തന്നോട് സുഖാന്വേഷണം നടത്തുന്നതെന്നതില്‍ ദാമോദരന്‍ അതിയായ സന്തോഷം തോന്നി.
“അച്ഛന് വന്നത് കുറച്ച് കടമുള്ള കാര്യം പറയാനാണ്“ ഭാര്യ പറഞ്ഞു.
“അച്ചന് നമുക്ക് ഒരു ചേന കൊടുത്താലോ...”
അയാള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
അച്ഛന് പറഞ്ഞു “മോനേ നിന്റെ അമ്മക്ക് സുഖമില്ല.നീ ഒരു ചേന തരും എന്നു കരുതിയാണ് ഞാന്‍ വന്നത്.“
അച്ഛന് വല്ലാതെ ചുമക്കുന്നുണ്ടായിരുന്നു.പഴയ സിനിമകളിലെ രംഗം അച്ഛന് അവതരിപ്പിക്കുകയാണെന്ന് ദാമോദരന്‍ സംശയം തോന്നി.എന്നിരുന്നാലും അയാള്‍ക്ക് ദയതോന്നുന്നുണ്ടായിരുന്നു.അയാള്‍ കുഴിയുടെ ചുവര് ചാരി നിന്നുകൊണ്ട് മണ്ണിളക്കാന്‍ തുടങ്ങി.ഏറെ നേരത്തിനു ശേഷം അയാള്‍ക്ക് ഒരു ചെറിയ ചേനകൂടി കയ്യില്‍തടഞ്ഞു.അച്ചന്റെ മുഖത്ത് പുഞ്ചിരി വിരിയുന്നത് അയാള്‍ക്ക് ഇരുട്ടിലും കാണാന്‍ കഴിയുമായിരുന്നു.
“ഇങ്ങോട്ട് ഇട്ടുതരൂ...“
അച്ഛന് ആവേശത്തോടെ പറഞ്ഞു.ദാമോദരന്‍ തളര്‍ച്ച പുറത്തുകാണീക്കാതെ ചേന രണ്ടുകൈകൊണ്ടും ആയത്തില്‍ മുകളിലേക്ക് എറിഞ്ഞുകൊടുത്തു.അച്ചന് യാതൊരു വൈഷമ്യവുമില്ലാതെ അത് ചാടിപ്പിടിച്ചു.അച്ഛന്റെ വാര്‍ദ്ധക്യം എവിടെ പോയി മറഞ്ഞു എന്നയാള്‍ അതിശയിച്ചു.
“ആ കയര്‍ നീട്ടൂ ഞാന്‍ കയറിവരട്ടെ “
ദാമോദരന്‍ പറഞ്ഞു.ഭാര്യ കയര്‍ ചുരുളുകളഴിച്ച് കുഴിയിലേക്കിറക്കാന്‍ തുടങ്ങുകയായിരുന്നു.പെട്ടെന്ന് അമ്മ കുഴിയുടെ കരയില്‍ പ്രത്യക്ഷയായി.അമ്മ ഭാര്യയുടെ കൈകള്‍ തടഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങി.
“മോനേ നിനക്കൊരു പെണ്കുട്ടിയല്ലേ,നീയിങ്ങനെ വെറും കയ്യോടെ കയറിവന്നാല്‍ അവളുടെ കാര്യങ്ങള്‍ എങ്ങനെ നടക്കാനാണ്.നീ കുറച്ച് ചേനയെങ്കിലും കൊണ്ടുവരൂ.കുറച്ചുകാലം കൂടി ക്ഷമിക്കൂ....“
ദാമോദരന്‍ എന്ത് മറുപടിപറയണമെന്ന് അറിയില്ലായിരുന്നു.അയാള്‍ കുറേ ക്കൂടി കുഴിച്ച് ഉള്ളിലേക്കുപോയി.ചേനകള്‍ ഓരോന്നായി കിട്ടുമ്പോഴേക്കും അയാള്‍ ഒന്നോ രണ്ടൊ കിലോമീറ്ററുകള്‍ താഴേക്ക് പോകുന്നുണ്ട് എന്നയാള്‍ക്ക് തോന്നി.പക്ഷേ എത്രതാഴെനിന്നാണെങ്കിലും.ചേന കിട്ടുന്ന സമയം മുകളില്‍ നില്ക്കുന്നവര് അത് അറിയുന്നുണ്ടെന്നത് അയാളെ അതിശയിപ്പിച്ചു.
മുകളില്‍ ആരവം കൂടിക്കൂടി വരുന്നുണ്ടായിരുന്നു.എല്ലാവരും ചേനയുടെ ഒരു കഷണമെങ്കിലും തരൂ ദാമോദരാ എന്ന് അപേക്ഷിക്കുകയാണ്.ഇത്രയുംകാലം തിരിഞ്ഞുനോക്കാത്ത ഭാര്യയുടെയും തന്റേയും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം കുഴിക്കു ചുറ്റും കാവലിരിക്കുകയാണ്.ഓരോ പ്രാവശ്യം ഭാര്യ കയര്‍ താഴേക്ക് നീട്ടാന്‍ തുടങ്ങുമ്പോഴേക്ക് ആരെങ്കിലും അവളുടെ കൈ തടയുന്നുണ്ടായിരുന്നു.ഒന്നുകില്‍ അച്ഛന്,അല്ലെങ്കില്‍ അമ്മ,അതുമല്ലെങ്കില്‍ സഹോദരി,പിന്നെ പ്പിന്നെ ഇതിനിടെ വളര്‍ന്ന് വലുതായ മകള്‍...ഏറ്റവും ഒടുവില്‍ നാട്ടുകാര്‍ പോലും ചോദിക്കുന്നു.
“നീയെന്തിനാ ദാമോദരാ ഇത്ര ധൃതിപിടിച്ച് കയറിവരുന്നേ“
ദാമോദരന്‍ കുഴിച്ച് കുഴിച്ച് താഴേക്ക് താഴേക്ക് പോകുന്നുണ്ടായിരുന്നു.ഇടക്കിടെ മുകളിലേക്ക് നോക്കിയിരുന്ന അയാള്‍ ഇപ്പോള്‍ മുകളിലേക്കും നോക്കാതായി.മുകളില്‍ നില്ക്കുന്നവരുടെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ കഴിയുന്നുള്ളു ഇപ്പോള്‍.
“ചേന ചേന.....” എന്ന് അല്ലാവരും അലമുറയിടുകയാണ്.
ചേന ചേന ചേന....
ദാമോദരന്‍ ജീവിതത്തിന്റെ ആകെ അര്‍ഥം ചേനയാണെന്ന് തോന്നിപ്പോയി.ചേന ചേന ചേന എന്ന് താളത്തില്‍ മൂളിക്കൊണ്ട് അയാള്‍ കുഴിച്ചുകൊണ്ടേയിരുന്നു.
വീടു വയ്ക്കണ്ടേ ഒരു ചേന
പെണ്ണ് തിരണ്ടു ഒരു ചേന
അച്ചന്റെ ഷഷ്ഠിപൂര്‍ത്തി ഒരു ചേന
നാത്തൂന്റെ മോളുടെ കല്യാണം വല്ലതും കൊടുക്കണ്ടേ ഒരു ചേന
അമ്പലത്തില്‍ ആനയൂട്ടാണ് നമുക്ക് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നാണക്കേടല്ലേ ഒരു ചേന..
നമ്മുടെ മോള്‍ക്ക് നല്ലോര് കല്യാണാലോചന വന്നിരിക്കുന്നു..ചേന...ചേന....
ചേന ചേന ചേന.......ചേനയുടെ ആവശ്യം കൂടിക്കൂടി വരുന്നതല്ലാതെ ഒരിക്കലും മതിയാകുന്നില്ല.
കുഴിച്ചു കുഴിച്ചു ദാമോദരന്‍ താഴേക്ക് താഴേക്ക് പൊയ്ക്കൊണ്ടേയിരുന്നു.താന്‍ പൂര്‍ണമായും ഇരുട്ടിലാണെന്നും ചേന ചേന എന്ന ശബ്ദങ്ങള്‍ മാത്രമാണ് കേള്‍ക്കാനാകുന്നതെന്നും ദാമോദരന്‍ മനസിലാക്കി.അയാള്‍ക്ക് സൂര്യപ്രകാശം കാണണമെന്നും പുഴയില്‍ മുങ്ങിക്കുളിക്കണമെന്നും കടുത്ത ആഗ്രഹം തോന്നി.സര്‍വ്വശക്തിയുമെടുത്ത് അയാള്‍ കുഴിച്ചുകൊണ്ടിരുന്നു.ചേനയുടെ ആവശ്യം തീര്‍ന്നു കഴിയുമ്പോള്‍ ആരെങ്കിലും ഒരു കയറ് താഴേക്കിടുമെന്നും തനിക്ക് തിരിച്ചുകയറാമെന്നും അയാള്‍ മോഹിച്ചു.പൊടുന്നനെ.അണപൊട്ടിയപോലെ പ്രകാശത്തിന്റെ ഒരു പ്രളയം അയാളുടെ കണ്ണുകളിലേക്ക് ഇടിച്ചെത്തി.അല്‍പ്പനേരത്തെ അന്ധാളിപ്പിനു ശേഷം അയാള്‍ മനസിലാക്കി താന്‍ ഭൂമിയുടെ മറുവശത്തെത്തിക്കഴിഞ്ഞിരിക്കുന്നു.ഏറെ കാലം കാണാതിരുന്ന സൂര്യപ്രകാശം അയാള്‍ കണ്ണുകള്‍ തുറന്ന് ആസ്വദിച്ചു.അയാള്‍ മറ്റുശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്തവണ്ണം അകലെ എത്തിക്കഴിഞ്ഞിരുന്നു.ചേന ചേന എന്ന അലമുറകള്‍ ഇപ്പോള്‍ കേള്‍ക്കാനില്ല. അയാള്‍ക്ക് ഒന്ന് ഉറങ്ങണം എന്നു തോന്നി.അയാള്‍ ഭൂമിയുടെ മറുവശത്ത് മലര്‍ന്നു കിടന്നു.ഒരു വലിയ പന്തിന്റെ അടിവശത്ത് ഒട്ടിച്ചുവച്ച തുകല്‍പ്പാവയെപ്പോലെ അയാള്‍ കൈകള്‍ വിരുത്തി കിടക്കുകയായിരുന്നു.താഴെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചലിച്ചുകൊണ്ടിരുന്നു. ദാമോദരന്‍ സംതൃപ്തിയോടെ കണ്ണുകള്‍ അടച്ചു.അപ്പോഴേക്കും സാരിയുടുക്കാന്‍ സഹായം തേടിക്കൊണ്ട് അയാളുടെ ഭാര്യ
“ദാമോദരേട്ടാ...ഈ പ്ലീറ്റൊന്നു പിടിക്കൂ..” എന്ന് നീട്ടി വിളിക്കുകയും
ഫ്രില്ലുകളുള്ള ഫ്രോക്ക് പൊക്കിളിനുമുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അയാളുടെ മകള്‍
“അമ്മേ ഇച്ചിയിട്ടു.....” എന്ന് ഒച്ചവയ്ക്കുകയും ചെയ്തു. ആ ശബ്ദങ്ങളിലേക്ക് ഉണര്‍ന്നെണീല്‍ക്കാനായി കണ്ണുകളെ വലിച്ചു തുറക്കാന്‍ ആവേശത്തോടെ ദാമോദരന്‍ ശ്രമിച്ചു.പക്ഷേ അത് സാധ്യമായിരുന്നില്ല. ചേതനയുടെ വിഹ്വലതകളെ സൂചിപ്പിക്കുന്ന വായുപ്രവാഹങ്ങള്‍ നിലച്ചുകഴിഞ്ഞിരുന്ന അയാളെയും വഹിച്ച് നിര്‍വ്വികാരയായ ഭൂമി ആനാദികാലത്തിലേക്ക് കറങ്ങിക്കൊണ്ടേയിരിക്കുന്നു.നിശ്ശബ്ദം