തലയണ

ചാണകത്തറയുടേയും
തഴപ്പായയുടേയും കാലത്ത്‌
സാരിവെട്ടിത്തയ്ച്ച ഉറയില്‍
പഴന്തുണി തിരുകിവച്ച്‌
തലയണയുണ്ടാക്കിയിരുന്നു അമ്മ

കക്ഷം കീറിയ ബ്ലൗസുകള്‍
ബട്ടണ്‍ പോയ ഉടുപ്പുകള്‍
അരയ്ക്കു പാകമാകാത്ത പാന്റ്സുകള്‍
ഹുക്കുപോയ അടിവസ്ത്രങ്ങള്‍
നരച്ചുപോയ മഞ്ഞക്കോടികള്‍
കരിപുരണ്ട സാരിത്തുണ്ടുകള്‍
കറപിടിച്ച തൂവാലകള്‍
കുട്ടിയുടുപ്പുകള്‍
വള്ളിനിക്കറുകള്‍

പരുപരുത്ത തലയണയില്‍
ഉറക്കം അസ്വസ്ഥമായിരുന്നു
പൊട്ടിപ്പോയ ബട്ടണിലോ
നൂര്‍ന്ന് ധിക്കാരിയായ
ഹുക്കുകളിലോ
ഓര്‍മ്മയുടെ നൂലുകള്‍
കൊളുത്തിപ്പിടിച്ചിരുന്നു

അസ്വസ്ഥതയില്‍ ഭാരിച്ച
തല താങ്ങി താങ്ങി
പിഞ്ഞിപ്പോയാല്‍
തലയണയില്‍ നിന്നും
കാലം പുറത്തിറങ്ങി നടന്നിരുന്നു

അച്ചന്റെ പാന്റ്സും
അമ്മയുടെ ബ്ലൗസുമൊക്കെ
ദീര്‍ഘയാത്രക്കിടെ
ബസിലിരുന്ന് ഉറങ്ങിപ്പോയവര്‍
സ്ഥലമേതെന്ന്
വെളിയിലേക്ക്‌ വെപ്രാളപ്പെടുമ്പോലെ
വളര്‍ന്നുപോയ ഞങ്ങളെ നോക്കി
കൗതുകം കൊണ്ടിരുന്നു
അച്ചനായി ഞാന്‍ കരിമീശവച്ചു
അമ്മയായനുജത്തി ചിരട്ടവച്ചു
കുറഞ്ഞൊരിടവേളയില്‍
ചരിത്രം വര്‍ത്തമാനത്തിന്റെ
ഭാവിയായി അഭിനയിച്ചു

കട്ടിലിന്റേയും
പഞ്ഞിമെത്തയുടേയും
കാലം വന്നശേഷം
തലയണതയ്ച്ചിട്ടില്ല അമ്മ
വെള്ളപ്പൊക്കത്തിന്റെ
ദീനക്കാര്‍ഡുകള്‍ക്ക്‌
ദാനം കൊടുത്തു
പഴയ ഉടുപ്പുകള്‍,
സാരികളൊക്കെയും.
കൊടുക്കാന്‍ നാണമുണ്ടായെങ്കിലും
വാങ്ങാന്‍ നാണമില്ലാത്ത ദാരിദ്ര്യം
അടിവസ്ത്രങ്ങള്‍ വരെ
കൊണ്ടുപോയിരുന്നു

ഇന്‍സ്റ്റാള്‍മെന്റായി വീടുവന്നു
ഇന്‍സ്റ്റാള്‍മെന്റായിത്തന്നെ വന്നൂ
പഞ്ഞിമെത്തയും തലയണയും
ടി.വി.വന്നൂ
ടേപ്പുവന്നൂ
പ്രഷറുവന്നൂ
കൊളസ്ട്രോളുവന്നൂ
വെള്ളെഴുത്തിന്റെ കണ്ണടവച്ച്‌
അമ്മയും അച്ഛനും
ടിവികാണാനിരുന്നു

കനമില്ലെങ്കിലും
വീര്‍ത്തുതന്നെയിരിക്കുന്ന
പഞ്ഞിത്തലയണകളും
കട്ടിലില്‍ നിന്നിറങ്ങി
അവര്‍ക്കൊപ്പമിരുന്നു‍
ടി.വി കാണാന്‍ കസേരയില്‍
കൂടെയുണ്ടായി ഞാനും
സിക്സര്‍..ഫോര്‍
ഹൗ സാറ്റ്‌ എന്ന് ആരവമായി
എനിക്കൊപ്പം കൂടീ അച്ഛനും

പിന്നീടൊരിക്കലും
ഉറക്കത്തില്‍ വന്നസ്വസ്ഥപ്പെടുത്തിയില്ല
വക്കുപൊട്ടിയ കാലം
ഇരുന്നുറങ്ങുന്നവര്‍ ഇരുന്നുറങ്ങി
കിടന്നുറങ്ങുന്നവര്‍ കിടന്നുറങ്ങി
സദസില്ലാതെ കവലയില്‍
പ്രസംഗിക്കുന്ന നേതാവിനെപ്പോലെ
ടി.വി.തനിയേയിരുന്നു പാടി.

പഞ്ഞി നിറച്ച പതുപതുത്ത നിദ്രയില്‍
കാലം എത്രയൊഴുകി
ഓര്‍മ്മയില്ല സഖേ !