നാവുകള്‍

"അതെയതെ...അതെയതെ"
ഞങ്ങള്‍ പരസ്പരം ശരിവച്ചു
ഊഴം വച്ചെന്നപോലെ
ഓരോരുത്തരും പറയുകയും
ഉറച്ച സത്യമെന്നവണ്ണം
എല്ലാവരും തലകുലുക്കുകയും
ചെയ്തുകൊണ്ടേയിരുന്നു
അതെയതെ..അതെയതെ...

അതെയതെ..അതെയതെ
എന്നവാക്കുകള്‍ കൂടിച്ചേര്‍ന്ന്
ഒരു വലിയമരത്തിന്റെ
ചില്ലകള്‍ പോലെ പടര്‍ന്നു

ഇലകള്‍ കാറ്റിലെന്നപോലെ
നാവുകള്‍ താളത്തില്‍
ആടിക്കൊണ്ടേയിരുന്നു
അതെയതെ..അതെയതെ..

പറഞ്ഞും കേട്ടും മടുത്തപ്പോള്‍,
ഉറക്കം വന്നുവിളിച്ചപ്പോള്‍
എല്ലാവരും കിടക്കമുറികളിലേക്ക്
പിരിഞ്ഞുപോയി

അപ്പോഴാണതു കാണുന്നത്

അല്ലയല്ല..അല്ലയല്ല
എന്ന് ആഴത്തില്‍
എഴുതിയിരുന്ന ചിലനാവുകള്‍
തളിരിലകളെന്നപോലെ
മണ്ണില്‍ ചവിട്ടേറ്റ് കിടക്കുന്നത്....