27/7/08

തീവ്രം

സുഹൃത്തുക്കളേ, അവര്‍ നമ്മളെ
തീവ്രമായി സ്നേഹിക്കുകയാണ്
അവര്‍ക്ക് നമ്മളോട് ചെയ്യാവുന്നതില്‍
മഹത്തായത് അതുതന്നെയല്ലേ..

കെട്ടിക്കിടക്കുന്ന നമ്മുടെ ചോരയ്ക്ക്,അവര്‍
ഒഴുകാന്‍ ഒരവസരം കൊടുക്കുകയല്ലേ
തീവ്രമായ സ്നേഹത്തില്‍
അവര്‍ നമ്മുടെയെല്ലാം തലച്ചോറ്
സ്വന്തം ടിഫിന്‍ ബോക്സില്‍*
കൊണ്ട് നടക്കുകയല്ലേ.

അവരുടെ ജീവിതം പോലും അവര്‍
നമ്മോടുള്ള തീവ്രസ്നേഹത്തിനായി
ഉഴിഞ്ഞ് വച്ചിരിക്കുകയല്ലേ
നഗരത്തിന്റെ ഞരമ്പുകളില്‍
സൈക്കിളുകളില്‍* വരുന്ന
പോസ്റ്റുമാന്മാരെപ്പോലെ ‍അവര്‍
നമുക്കുള്ള സന്ദേശം
വിതരണം ചെയ്യുകയല്ലേ..

സുഹൃത്തുക്കളേ നിശ്ചയമായും
അവര്‍ നമ്മളെ തീവ്രമായി സ്നേഹിക്കുകയാണ്.

**One device was left in a metal tiffin box, used to carry food, while another was apparently left on a bicycle

12 അഭിപ്രായങ്ങൾ:

 1. അതെ മാഷെ, ഇന്നു ഏറണാകുള‍ത്തു സിനിമ പോലുമില്ല

  മറുപടിഇല്ലാതാക്കൂ
 2. ഇതെന്തൊരു കവിത? സത്യായിട്ടും ഒന്നും മനസ്സിലായില്ല, എന്റെ അറിവ് കുറവായതുകൊണ്ടാകാം.
  ഒന്നൂ വിശദീക്കരിക്കാമോ?

  മറുപടിഇല്ലാതാക്കൂ
 3. ഒന്നും ദഹിക്കാത്ത ആത്മാവിനെ ദഹിപ്പിക്കാന്‍ കഴിവുള്ള തിരികള്‍ ടിഫ്ഫിന്‍ ബോക്സില്‍ കൊണ്ടുനടക്കുന്ന മോക്ഷദായകര്‍....

  മറുപടിഇല്ലാതാക്കൂ
 4. പ്രിയ, ഒരു ചെറിയ ലിങ്ക് കൊടുത്തിട്ടുണ്ട്.ഉപകരിച്ചേക്കും.
  അനിൽ,അയൽക്കാരൻ ടിഫിൻ ബോക്സിൽ നിറച്ച് നമ്മെ തിന്നാൻ അവർ തീരുമാനിച്ചിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 5. കെട്ടിക്കിടക്കുന്ന ചോര ചാലുകീറിയൊഴുക്കിത്തന്ന്‌ എല്ലാ ചോരയുടേയും നിറമൊന്നാണെന്നു കൂടി പഠിപ്പിച്ചു തരുന്നുണ്ടോ?

  മറുപടിഇല്ലാതാക്കൂ
 6. അവരുടെ ജീവിതം പോലും അവര്‍
  നമ്മോടുള്ള തീവ്രസ്നേഹത്തിനായി
  ഉഴിഞ്ഞ് വച്ചിരിക്കുകയല്ലേ......

  നമ്മളെത്ര ഭാഗ്യവാന്‍‌മാരല്ലേ....

  മറുപടിഇല്ലാതാക്കൂ
 7. തീവ്രമായ ഈ സ്നേഹം നമുക്കും സഹിക്കാന്‍ വയ്യല്ലോ‍.

  മറുപടിഇല്ലാതാക്കൂ
 8. അതെ ഈ തീവ്ര സ്നേഹം,

  ആൾതിർക്കുള്ള സ്ഥലങ്ങളിലും, ആതുരശാലകളിലും, ബോംബു കളിപ്പാട്ടം പൊട്ടിച്ചു നമ്മുടെ തലച്ചോറും, ഹ്രുദയവും ആർത്തിയോടെ പച്ചക്കു തിന്നുന്ന പിശാചിന്റെ - ആസ്നേഹം!..... ഹഹാ.... ഹഹ, ആ ഹ്ഹാ.....
  നന്ദി, സനാതനൻ, നന്ദി.....

  മറുപടിഇല്ലാതാക്കൂ
 9. ചിലതിനോടുള്ള തീവ്രമായ സ്നേഹം, നമ്മോടല്ല. അതു സ്വയംഭൂവല്ല... മറവിലിരുന്ന് റിമോട്ട് ചെയ്യപ്പെടുന്നവന്റെ സൃഷ്ടി, ഇര...  വര്‍ണ്ണമൊന്നുംകണ്ടില്ലല്ലോ...? വര്‍ണ്ണ്യത്തിലാശങ്ക...!!!

  മറുപടിഇല്ലാതാക്കൂ
 10. എന്റമ്മച്ചീ ഇതാരുന്നല്ലേ...

  ലിങ്കിനു നന്ദി സനാതന്‍

  മറുപടിഇല്ലാതാക്കൂ
 11. സ്നേഹം ....
  പ്രതിഫലമായി സ്വര്‍ഗ്ഗരാജ്യമല്ലെ കാത്തിരിക്കുന്നത്?
  സ്വന്തം ഉടല്‍ തന്നെ ചിന്നിച്ചിതറിയാ‍ലെന്താ
  ഏതുടല്‍ വേണമെങ്കിലും നല്‍കാന്‍
  ദൈവത്തിനുണ്ടോ പ്രയാസം?

  മറുപടിഇല്ലാതാക്കൂ
 12. ഞാന്‍ ജോലി ചെയ്യുന്നിടത്ത്‌ നിന്ന്‌ 5 കിലൊമീറ്റെര്‍ അകലെയായിരുന്നു ബാംഗ്ലൂരില്‍ നടന്ന സ്ഫോടനം എന്തു കൊണ്ടൊ അവര്‍ക്ക്‌ എന്നോട്‌ സ്നേഹം തോന്നിയില്ല

  മറുപടിഇല്ലാതാക്കൂ