10/9/09

ഇന്നലെ മുഴുവൻ
നീ
ഇന്നലെ തൊടുത്ത അമ്പ്
എന്റെ ഹൃദയത്തിൽ തറച്ചു.
ഞാൻ അതുമായി ഇന്നലെ മുഴുവൻ
പറക്കുകയായിരുന്നു.
കടലുപോലെ തോന്നിക്കുന്ന
ഒരു നദി കടന്നു.
കണ്ണീർച്ചാലുപോലെ
മെലിഞ്ഞുപോയ ഒരു കടലും.
മേഘങ്ങൾ ഒഴിഞ്ഞുപോയ ആകാശത്ത്
ഞാൻ പ്രണയത്തിന്റെ സിംബലായി..
എന്നെ നോക്കി ഭൂമിയിലെ കുട്ടികൾ
കൂക്കിവിളിച്ചു.
എനിക്ക് സമാന്തരമായി
വേദനയുടെ ചൂളംവിളി മുഴക്കി
ഒരുതീവണ്ടി കടന്നുപോയി.
അതിന്റെ ജാലകസീറ്റുകളിലിരുന്ന്
ഉറങ്ങുകയായിരുന്ന ആണുങ്ങളും പെണ്ണുങ്ങളും
എന്നെ നോക്കി പരിഹാസച്ചിരിമുഴക്കി.
എനിക്കറിയാം, നീ എയ്തുവിട്ട അമ്പുമായി
ഞാൻ പറന്നു തളരുമ്പോൾ
താഴെ വീഴുന്നതും പ്രതീക്ഷിച്ച്
നീ
എന്റെ പിന്നാലെ ഓടുന്നുണ്ടായിരുന്നിരിക്കും,
താഴെ ഭൂമിയിലൂടെ മരങ്ങൾക്ക് മറവിൽ
പൂക്കളുടേയും ഇലകളുടേയും തണലിൽ.
ആകാശത്തിൽ ഞാൻ
പറന്നുകൊണ്ടേയിരുന്നു,
എനിക്ക് മുകളിൽ
ഏകാകിയായ സൂര്യന്റെ കീഴെ
നഗ്നമായ ഒരു പ്രണയ ചിഹ്നം.
ഇന്നലെ മുഴുവൻ..
ഇന്നലെ മുഴുവൻ..

12 അഭിപ്രായങ്ങൾ:

 1. മനോഹരമായ ഒരു കാഴ്ച്ചയായി തോന്നി. പൊട്ടനില്‍ വായിച്ചതിനെ വീണ്ടും വായിച്ചു.

  മറുപടിഇല്ലാതാക്കൂ
 2. ജ്യോനവന്‍ പറഞ്ഞപോലെ പൊട്ടനെ കൂട്ടിവായിച്ചു.

  മറുപടിഇല്ലാതാക്കൂ
 3. പൊട്ടനെക്കൂട്ടാതെ വായിക്കൂ ജ്യോനവാ,കിനാവേ :)

  മറുപടിഇല്ലാതാക്കൂ
 4. വെറും ഇന്നലെയുടെ പ്രശ്നമല്ലേയുള്ളു..

  മറുപടിഇല്ലാതാക്കൂ
 5. എന്തിനാണ് പ്രണയത്തെക്കുറിച്ച് 100 കവിതകള്‍...
  ഇങ്ങനത്തെ ഒറ്റക്കവിത പോ‍രേ...?

  മറുപടിഇല്ലാതാക്കൂ
 6. "എനിക്കറിയാം, നീ എയ്തുവിട്ട അമ്പുമായി
  ഞാൻ പറന്നു തളരുമ്പോൾ
  താഴെ വീഴുന്നതും പ്രതീക്ഷിച്ച്
  നീ
  എന്റെ പിന്നാലെ ഓടുന്നുണ്ടായിരുന്നിരിക്കും,"


  ക്രൂരത എല്ലാറ്റിലും ഉണ്ട്‌ അല്ലേ...? പ്രണയത്തിലും സ്നേഹത്തിലും ഒക്കെ...?


  മേഘങ്ങൾ ഒഴിഞ്ഞുപോയ ആകാശത്ത്
  ഞാൻ പ്രണയത്തിന്റെ "സിംബലാ"യി..

  ഇതിനു പകരം ചിഹ്നം എന്നു പോരായിരുന്നോ..? അല്ലെങ്കിൽ "പ്രതീകം"..?

  മറുപടിഇല്ലാതാക്കൂ
 7. നല്ല ഇമേജറി. കവിത വളരെ നന്നായി സനലേ.

  മറുപടിഇല്ലാതാക്കൂ
 8. നീ
  ഇന്നലെ തൊടുത്ത അമ്പ്
  എന്റെ ഹൃദയത്തിൽ തറച്ചു.
  Ithu hridayathil thanne kollunnu.

  Manoharam, Ashamsakal...!!!

  മറുപടിഇല്ലാതാക്കൂ
 9. നീട്ടിപ്പിടിച്ച കൈകളോടെ ഇന്നലെകളിലൂടെ അറിയാതോടിപ്പോകുന്നു....സുന്ദരം

  മറുപടിഇല്ലാതാക്കൂ