11/9/09

പാചകം

പ്രണയത്തിന്റെ പാചകപ്പുരയിൽ
അവനെയും അവളെയും നുറുക്കിവെച്ചിട്ടുണ്ട്
ഉപ്പുചേർത്തിട്ടുണ്ട്
മുളകുചേർത്തിട്ടുണ്ട്
പാചകത്തിനു പാകമായിട്ടുണ്ട്..

അടുപ്പുകത്തുന്നുണ്ട്
എണ്ണതിളയ്ക്കുന്നുണ്ട്
ഫ്ലേവർ ലോക്ക് പൊട്ടിച്ച്
മസാലമണങ്ങൾ
അന്തരീക്ഷത്തിലേക്ക് ഒളിച്ചോടിയിട്ടുണ്ട്...

തിക്കിത്തിരക്കുന്നുണ്ട്
രുചിയുടെ ഉത്പ്രേക്ഷകൾ
ഊട്ടുപുരയിൽ

പാചകക്കാരാ
പാചകക്കാരാ
നീ എവിടെപ്പോയിക്കിടക്കുന്നു
ബീഡിവലിക്കാനോ
പട്ടയടിക്കാനോ
അതോ കാമുകിയുടെ മിസ്കോളുവന്നോ?

6 അഭിപ്രായങ്ങൾ:

 1. അവസാന ഒറ്റ വരികൊണ്ട് കവിതയെ അട്ടിമറിക്കാനുള്ള ശ്രമം ബോധപൂര്‍‌‌വ്വമാണോ? അതോ കവിതയില്‍ പാചകം (അല്ല പ്രണയം) ചെയ്യപ്പെടാനിരിക്കുന്നത് മറ്റൊരു അവനും അവളും ആണെന്നിരിക്കെ ക്രിയേറ്റിവിറ്റിക്കിപ്പുറം (അല്ല അപ്പുറം) സ്വന്തം പ്രണയമെന്നൊരു തലത്തിലേയ്ക്ക് (അല്ല ലഹരിയിലേയ്ക്ക്) കീഴ്വഴങ്ങിപ്പോകുന്നൊരു ജൈവികതയുടെ സ്വാഭാവിക പരിണതിയോ, അവസാന വരി. അതൊക്കെ പോട്ടേ, അവനെയും അവളെയും പാചകക്കാരനെയും അവന്റെ കാമുകിയെയും ഉല്‍‌പ്രേക്ഷകളെയും കൂട്ടിവച്ചിട്ട് കവി മാറിയിരുന്ന് ചിരിക്കുന്നുണ്ട്.പ്രണയത്തിന്റെ (അല്ല പാചകത്തിന്റെ) ഒരു കള്ളച്ചിരി:)

  മറുപടിഇല്ലാതാക്കൂ
 2. പ്രണയം പാചകം ചെയ്യുന്നവനല്ലേ... കാമുകിയെ തട്ടിക്കൊണ്ട് പോരണോ അതോ അവളുടെ മൊബൈല്‍ വീഡിയോ ക്ലിപ്പ് ഫോര്‍വേര്‍ഡ് ചെയ്യണോ എന്ന്‍ വര്‍ണ്യത്തിലാശങ്കപ്പെട്ട് പാചകപ്പുരയ്ക്കു തീ വച്ചിട്ട് വാഴ വെട്ടണോ വീണ വായിക്കണോ എന്ന സന്ദേഹത്തില്‍ ബീഡി വലിച്ച് പട്ടയടിച്ച് ഓഫായി ധ്യാനനിരതനായി കാണപ്പെടാ‍നാണ് സാധ്യത. :-)
  കവിത അടി മറിഞ്ഞതോ അട്ടി മറിച്ചതോ? :-)

  മറുപടിഇല്ലാതാക്കൂ
 3. അവസാനത്തെത്തിയപ്പോഴാ പിടികിട്ടിയത്‌,ഉപ്പു കുറഞ്ഞതിനുള്ള കാരണം.

  മറുപടിഇല്ലാതാക്കൂ
 4. പ്രണയത്തിന്റെ പാചകപുരയില്‍ പാചകത്തിനായി നില്‍ക്കുമ്പോള്‍ കാമുകിയുടെ മിസ്കോള്‍ വന്നുവെന്നോ?ഉഗ്രന്‍!

  മറുപടിഇല്ലാതാക്കൂ