29/11/09

എത്ര ലളിതംഎത്ര നിസാരമായും ഒരു കൊലപാതകം നടത്താം.
പക്ഷേ നിനക്കതറിയില്ല.
പെരുവിരലും ചൂണ്ടുവിരലും ചേർത്തമർത്തി
ഞാൻ പുഴുക്കളെ കൊല്ലുന്നത് കണ്ട് നീ ഛർദ്ദിച്ചു.
പുഴു ചത്തതിലല്ല, എന്റെ വിരലിൽ
അതിന്റെ ചലം പുരണ്ടതിലായിരുന്നു നിനക്ക് പ്രശ്നം.
ഒരു കല്ലെടുത്ത് പുഴുവിന്റെ തലയിൽ
ഇടിച്ചാൽ മതിയായിരുന്നു.
നീ പറഞ്ഞു.
കഴുത്ത് കയർ പോലെ പിരിച്ച് ഞാൻ
ഒരു കോഴിയെ കൊന്നത് കണ്ടും നീ ചുറ്റി വീണു.
കോഴി ചത്തതിലല്ല അതിന്റെ ആ പിടപിടപ്പ്
ഞാൻ കണ്ടു നിന്നതിലാണ് നിനക്ക് പ്രശ്നം.
ദൂരെയെവിടെയെങ്കിലും കൊണ്ട്പോയി
കെട്ടിത്തൂക്കിയിട്ടു പോന്നാൽ മതിയായിരുന്നു
നീ പറഞ്ഞു.
പാറ്റകളെ, ചിലന്തികളെ, കരിച്ചകളെ ഞാൻ
നഗ്നപാദം കൊണ്ട് ചവുട്ടിക്കൊന്നാൽ
നീ നിലവിളിക്കും,
ഒരു ചൂലെടുത്ത് തല്ലിക്കൊല്ലൂ എന്ന്.
ഉറുമ്പുകളെ ചുവരോട് ചേർത്ത് കൈപ്പത്തികൊണ്ട് ഞെരിച്ചാൽ
നിനക്കിഷ്ടമാവില്ല.
എന്തായാലും അവറ്റകൾ ചാവുകയല്ലേ,
എന്തായാലും ഞാൻ കൊല്ലുകയല്ലേ,
പിന്നെ എന്താണൊരു വ്യത്യാസം...?
നിനക്ക് എല്ലാം സങ്കീർണമാക്കണം.
നിനക്കറിയില്ലല്ലോ,
എത്ര എളുപ്പത്തിൽ ഒരുകൊലപാതകം നടത്താമെന്ന്.
ഒരുനാൾ അത് നീ പഠിക്കും,
ഞാൻ നിന്നെയോ നീ എന്നെയോ കൊല്ലുമ്പോൾ.
ലളിതമായി എത്രയും ലളിതമായി....

27/11/09

നീണാൾ വാഴട്ടെ മൌനം

പതിവുപോലെ ചീവിടുകളുടെ
പാതിരാ കവി സമ്മേളനം കേട്ടു കൊണ്ട്
പാതിയഴിഞ്ഞ മനസും മുറുക്കിയുടുത്ത്
വീട്ടിലേക്ക് ആന്തിയാന്തി നടക്കുക യായിരുന്നു ഞാന്‍.
ഒറ്റയ്ക്കാണെങ്കിലും ഒറ്റയ്ക്കാവാന്‍ പറ്റാത്തവണ്ണം
എനിക്ക് ചുറ്റും ഞാന്‍ നടന്ന്
ആലവട്ടം വീശുന്നു ണ്ടായിരുന്നു.
തത്സമയം ഒരു കഥയോ കവിതയോ
പെയ്തേക്കാം എന്ന മട്ടില്‍
വാക്കുകളുടെ തേനീച്ച ക്കൂട്ടില്‍ നിന്നും
ഒരു മൂളക്കം കേള്‍ക്കുന്നു ണ്ടായിരുന്നു.
എനിക്കു മുന്‍പേ നടന്നവരുടെ കാല്പാടുകളില്‍
ആരൊക്കെയോ കഴുകി മുത്തിയതിന്റെ നനവ്
വഴിയില്‍ ഉണങ്ങാന്‍ ബാക്കിയു ണ്ടായിരുന്നു.
പെട്ടെന്നാണു ഞാനതു കണ്ടത്
മലര്‍ന്ന് വീണു പോയ ആമയെ പ്പോലെ
വഴിയില്‍ ഒരു മൌനത്തിന്റെ കുഞ്ഞ്.

വളര്‍ന്നു വലുതായ മഹാ മൌനങ്ങളെ
ദിനവും കണ്ട് പരിചയിച്ചതിനാല്‍
ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് മനസിലായി.
ഞാന്‍ ഒന്ന് താണു തല കുമ്പിട്ടു.
വളര്‍ന്നു കഴിഞ്ഞാല്‍ തീയിലും മഞ്ഞിലും
ഒരുമിച്ചു മേയുന്ന ജന്തു
എന്റെ മുന്നില്‍
പാതി വളര്‍ച്ചയില്‍ പൊട്ടിപ്പോയ പാമ്പിന്‍‌ മുട്ട പോലെ,
തല തളര്‍ത്തി കിടക്കുന്നു.
‘മൌനം വിദ്വാനു ഭൂഷണം‘
ഞാന്‍ പാവനമായ മൌനത്തിന്റെ കുഞ്ഞിനെ
ഒക്കത്തെടുത്തു നടന്നു.

വന്ന നേരം മുതല്‍ ഇരട്ട നാവുള്ള വായ തുറന്ന്
മൌനം ‘ഭക്ഷണ ത്തിന്നപേ ക്ഷിച്ചു‘ കൊണ്ടിരുന്നു.
ഇതിന്റെ ആഹാരം എന്തായിരിക്കും !
പട്ടികള്‍ക്കുള്ള ബിസ്കറ്റ്,
കുട്ടികള്‍ക്കുള്ള പാല്,
പാല്‍‌പ്പൊടി, പഞ്ചസാര, ബൂസ്റ്റ്, ടുത് പേസ്റ്റ്...
ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള എല്ലാം പരീക്ഷിച്ചു
മൌനത്തിന്റെ കുഞ്ഞ് മണത്തു പോലും നോക്കിയില്ല.
ആഹാര മറിയാതെ ഒന്നിനേയും
വളര്‍ത്താ നാവില്ലല്ലോ
തുലയട്ടെ ശവം എന്ന് മനസില്‍ ശപിച്ച്
പിന്‍വാങ്ങു ന്നതിനു മുന്‍പ് ഞാന്‍ ചോദിച്ചു
“എന്തു നല്‍കട്ടെ ഞാനിനി കുഞ്ഞേ !“
വിശന്നു വലഞ്ഞ സിംഹം
മാന്‍ കുഞ്ഞിനെ ക്കണ്ടെന്ന പോലെ,
മൌനം കുടഞ്ഞെണീറ്റു.
ഒറ്റ നക്കിന് എന്റെ
ഒരു വരി ചോദ്യം അതു തിന്നു തീര്‍ത്തു.
ആര്‍ത്തിയോടെ വീണ്ടും എന്റെ നാവിലേക്ക് ഉറ്റു നോക്കി.
“യുറേക്ക...”
മൌനത്തിന്റെ ആഹാരം ഞാന്‍ കണ്ടെത്തി.
അത് “യുറേക്ക” യും വിഴുങ്ങി.

കുഞ്ഞു കുഞ്ഞു വാക്കുകള്‍ തിന്നു തിന്ന്
മൌനം വളര്‍ന്ന് വലുതായി
ഭീമന്‍ മൌനത്തെ പോറ്റാന്‍ എന്റെ വാക്കുകള്‍
തികയാ തെയായി.
ചിന്തകളില്‍ നിന്നു തന്നെ വാക്കുകളെ
അത് നക്കി യെടുക്കാന്‍ തുടങ്ങി.
നാവ്, കറവ വറ്റിയ പശുവിന്‍ മുല പോലെ
വാക്കൊഴിഞ്ഞ് ഞാന്ന് കിടന്നു.
ദിനവും കെട്ടു കണക്കിനു വാക്കുകളെ
കൊയ്തു കൊണ്ടു വന്ന് മൌനത്തെ തീറ്റി പ്പോറ്റേണ്ടി വന്നു.
മൌനം കാണെക്കാണെ വളര്‍ന്നു കൊണ്ടിരുന്നു.
വിശപ്പടങ്ങാതെ അത് വീടു വിട്ടിറങ്ങി മേയാന്‍ തുടങ്ങി.
നാക്കുകളില്‍ നിന്നും പുറത്തു വരും മുന്‍പ്
ഓരോ വാക്കും അതു തിന്നു തീര്‍ത്തു.
നാട്ടിലിപ്പോള്‍ എല്ലാവരും വിദ്വാന്മാരായി.
വാക്കുകള്‍ക്ക് ക്ഷാമമുള്ളതു കൊണ്ട് മൌനമിപ്പോള്‍
നാക്കുകളേയും കൂടി തിന്ന് തുടങ്ങിയിട്ടുണ്ട്.

ഈ പത്രത്തിൽ
Photograph:Will Simpson

26/11/09

സ്വസ്ഥൻ
അപ്പുറത്തേക്ക് നോക്കിയാൽ
ഒരു വീടിന്റെ ജനാലയാണ് കാണുന്നത്.
അതിലൂടെ ഒരാൾ ഇപ്പുറത്തേക്ക് നോക്കുന്നുണ്ട്.
അയാളുടെ കണ്ണിൽ ഒരു ജനാല,
അതിനുള്ളിൽ ഒരാൾ,
അയാളും ഇപ്പുറത്തേക്ക് നോക്കുന്നുണ്ട്.
അസ്വസ്ഥനാണയാൾ.
അയാളുടെ നോട്ടത്തിൽ ഇപ്പുറം അപ്പുറമായിരിക്കുമല്ലോ!
അപ്പോൾ അപ്പുറത്ത് ഒരാൾ,
കണ്ണിൽ മറ്റൊരാൾ,
അയാൾ ആരെയും നോക്കുന്നില്ല.
സ്വസ്ഥനാണയാൾ...!!!

23/11/09

ഇതേ ആനന്ദം

ഈ ഭൂമിയിൽ,
ഞാൻ ചവുട്ടി നിൽക്കുന്ന ഈ ഭൂമിയിൽ
അതിൽ തന്നെയാണല്ലോ നീയും ചവുട്ടി നിൽക്കുന്നത്
എന്നോർക്കുമ്പോൾ

ഈ വായുവിൽ,
ഞാൻ ഉച്ഛ്വസിക്കുന്ന ഇതേ വായുവിൽ
അതിൽ തന്നെയാണ് നീയും നിശ്വസിക്കുന്നത്
എന്നോർക്കുമ്പോൾ

ഈ കാലത്തിൽ,
ഞാനെന്നെ എഴുതി വെയ്ക്കുന്ന ഇതേ കാലത്തിൽ
അതിൽ തന്നെയാണല്ലോ നീയും നിന്നെ എഴുതുന്നത്
എന്നോർക്കുമ്പോൾ

ഇതേ അളവിൽ
എനിക്കുണ്ടാകുന്ന അതേ അളവിൽ
നിനക്കും ഉണ്ടാകുന്ന ആനന്ദമല്ലേ പ്രണയം.

20/11/09

മഴപെയ്യുംവരെ

ഏറെക്കാലങ്ങൾക്ക് ശേഷം
ഇന്നു പെയ്തമഴ
ഒരു ദിവസത്തേക്കുമാത്രമായി
ഈ പെരുവഴിയെ
ഒരു നദിയാക്കിമാറ്റി.
കുന്നിന്റെ ഉച്ചിയിൽ നിന്നും ജലം
തുള്ളിയോട് തുള്ളി ചേർന്ന്
പെരുവെള്ളമായി താഴേക്ക്
ആർത്തലച്ചൊഴുകി.
ഇക്കാലമത്രയും
കുന്നിൻ‌മുകളിലെ കൃഷിയിടങ്ങളിലേക്ക്,
വീടുകളിലേക്ക്,
ആകാശത്തിലേക്ക്
കയറിപ്പോയ എല്ലാ കാൽ‌പ്പാടുകളേയും
അത് കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോയി.
മഴകഴിഞ്ഞു.
ഒരു ദിവസമെങ്കിലും ആയുസുള്ള നദിയാവാൻ
കാത്തിരുന്നപോലെ
വഴി, ആഗ്രഹപൂർത്തിയിൽ അസ്തമിച്ചു.
ഇപ്പോളത്
കഴുകിവെടിപ്പായ ഉടഞ്ഞ മണ്ണ് ,
ഈർപ്പമുള്ള മണ്ണ്.
ഇന്നതിൽ ആദ്യം പതിയുന്ന കാൽ‌പ്പാട്
ഒരു പുതിയ ലക്ഷ്യം കുറിക്കും.
വീണ്ടും കുന്നിന്മുകളിലെ
കൃഷിയിടങ്ങളിലേക്ക്,
വീടുകളിലേക്ക്,
ആകാശത്തിലേക്ക്
കാലടയാളങ്ങളുടെ ഒരു വഴി രൂപം കൊള്ളും.
കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു മഴപെയ്യും.

18/11/09

പാവങ്ങൾ

ഞാനും എന്റെ കാമുകിയും..
എന്റെ കാമുകിയും അവളുടെ കാമുകനും..
അവളുടെ കാമുകനും അവന്റെ കാമുകിയും..
അവന്റെ കാമുകിയും അവളുടെ കാമുകനും..
എനിക്ക് ചിരിവരുന്നു.
രണ്ടുപേർ എത്രപേരാണ്?
അഥവാ എത്രപേരാണ് വെറും രണ്ടുപേർ!
അവർക്കിടയിലാണ് ഒരു ജീവിതം
വെറും ഒരേയൊരു ജീവിതം..
ഒരേയൊരു വെറും ജീവിതം...
പാവങ്ങൾ...

16/11/09

പരോളിനു പുരസ്കാ‍രം
ടെലിവിഷൻ ആർട്ടിസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും സംഘടനയായ കോണ്ടാക്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടുവരുന്ന വീഡിയോ ഫെസ്റ്റിവലിൽ (കോണ്ടാക്ട് വീഡിയോ ഫെസ്റ്റിവൽ 2009 ) പരോൾ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം നേടി. മത്സരത്തിനുണ്ടായിരുന്ന മുപ്പത്തിയഞ്ച് ടെലിഫിലിമുകളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് പരോളിന്റെ കാമറ കൈകാര്യം ചെയ്ത രെജിപ്രസാദിനാണ്. ഈ ചെറിയ സന്തോഷം പങ്കുവച്ചുകൊള്ളുന്നു.

11/11/09

ചരിത്രകാരൻഅവർ ചരിത്രം എഴുതുകയായിരുന്നു.
നാരായം കൊണ്ടല്ല,
പേനകൊണ്ടും പെൻസിൽകൊണ്ടുമല്ല.
താളിയോലയിലോ കടലാസിലോ,
ഗുഹാഭിത്തികളിലോ അല്ല.
അക്ഷരങ്ങൾകൊണ്ടോ ചിഹ്നങ്ങൾ കൊണ്ടോ,
ചിത്രങ്ങൾ കൊണ്ടോ
അവർക്ക് എഴുതാനറിയില്ല.
അവരുടെ കാതുകളിൽ ഈയം...
അവരുടെ കണ്ണിൽ കണ്ണീരുണങ്ങിയ കുന്തിരിക്കം...
വിത്ത് വിതയ്ക്കുമ്പോൾ അവർ പാടിയിരുന്നത്
കവിതകളല്ല.
അവരുടെ നാവുകൾ കടുത്ത മണ്ണ് ഉഴുത് മറിച്ച്
തളർന്ന് പോയിരുന്നു..

അവർ എഴുതിയ ചരിത്രം
തെങ്ങുകളായി നാടുമുഴുവൻ കുത്തനെ നിൽക്കുന്നു.
അവർ എഴുതിയ ചരിത്രം വയലുകളായി
വരമ്പിന് ഇരുവശവും വിരിഞ്ഞു കിടക്കുന്നു.
അവർ എഴുതിയ ചരിത്രം മലപിളർന്ന്
തോട്ടുവെള്ളമായി കലങ്ങി ഒഴുകുന്നു.
അവർ എഴുതിയ ചരിത്രം റോഡുകൾ, പാലങ്ങൾ,
റോഡിനിരുവശവും തണൽമരങ്ങൾ.
അവർ എഴുതിയ ചരിത്രം കാറ്റ്, വെയിൽ, മഴ,
തട്ടുതട്ടായ മലനിരകൾ.
ഇന്നിതാ ഞാനും എഴുതി അതിൽ ഒരു വാക്ക്...
നനഞ്ഞ മണ്ണിൽ കുഴിച്ചിട്ട വിത്ത്..
പുഴുക്കളേ, കിളികളേ, മേഘങ്ങളേ
ഇനിയിതിൻ ബാക്കി നിങ്ങൾ പൂരിപ്പിച്ചുകൊള്ളുക..

8/11/09

ഒന്നുമുതൽ ഒന്നേന്ന്

മഴപെയ്യുന്നു
ഓർമകൾ മണ്ണിരകളെപ്പോലെ വീടുവിട്ടിറങ്ങുന്നു
അത്താഴത്തിന് ഒരുപിടി മണ്ണുവാരിത്തിന്നുന്നു.
ചിരട്ടകൾക്കുള്ളിൽ വെന്തുപൊടിഞ്ഞത്,
മാന്തണൽ മണക്കുന്നത്,
ഉപ്പു രുചിക്കുന്നത്...

മഴയിൽ മുറ്റത്ത് നട്ട വഴുക്കലിന്റെ വിത്ത്
മുളച്ച് വളർന്നിരിക്കുന്നു,
ചില്ലകളായിരമുള്ള വഴിമരമായി പടർന്നിരിക്കുന്നു.
നടന്നതും മറന്നതും മാഞ്ഞുപോയതും
മുന്നിൽ മുറിഞ്ഞ് വീഴുന്നു,
വഴിമുടക്കുന്നു.

ഏതുചില്ലയിലാണ് വീടെന്നറിയാത്ത-
അണ്ണാൻ കുഞ്ഞിന് വഴിവരക്കുന്നു,
ഇരട്ടകളെ തിരിച്ചറിയുന്നു,
കുത്തുകൾ കൂട്ടിയോജിപ്പിച്ച്
കണ്ടെടുക്കുന്നു സ്വയം...

ഓർമകളിൽ എന്നെ കുടഞ്ഞിട്ട്
എണ്ണിനോക്കുന്നു
ഒന്നുമുതൽ ഒന്നേന്ന്...
ഹോ!