11/1/10

മുറ്റം വൃത്തിയായി

വീടിനു പിന്നാമ്പുറത്ത് ചാരം കൊണ്ട് പാത്രം കഴുകിയിരുന്ന മുത്തശ്ശി
ചുവരിൽ ചില്ലിട്ട ചിരിയായി.
പിന്നാമ്പുറത്തെ ചാരം കലങ്ങിയ വെള്ളം വറ്റി,
മുറ്റം വൃത്തിയായി.
കരിവെള്ളത്തിലേക്ക് വേരുവിരുത്തി
മക്കളും ചെറുമക്കളുമായി കുലയൊഴിയാതെനിന്ന പടത്തിവാഴ പട്ടു,
വാഴച്ചോട്ടിൽ മുളച്ചുപൊന്തുന്ന മണ്ണിരക്കുരുപ്പും പട്ടു.
എച്ചിൽ വറ്റിലേക്ക് കണ്ണ് കുറുക്കി,
വാഴക്കൈമേൽ തലചെരിച്ചിരുന്ന മുതുമുത്തശി
കർക്കിടകവാവിവിന് ചോറുവിളമ്പി കൊട്ടിവിളിച്ചാൽ പോലും വരാതായി.
കാലം മാറി
കുട്ടികൾ ഞങ്ങൾ മുതിർന്നുപോയി
മുറ്റം വൃത്തിയായി.
മുറ്റം വൃത്തിയായി.

10 അഭിപ്രായങ്ങൾ:

 1. ഹോ എത്രകാലത്തിനു ശേഷമാണ് ചാരം കലങ്ങിയ വെള്ളമൊഴുകുന്ന പിന്നാമ്പുറത്തെക്കുറിച്ചോര്‍ക്കുന്നത്! മണ്ണിരക്കുരിപ്പില്‍ നിന്നു കാലില്‍ പടര്‍ന്ന ചെളി കഴിഞ്ഞ ജന്മത്തിലെന്ന പോല്‍ ഓര്‍മ്മകളില്‍ മങ്ങിപ്പോയിരിക്കുന്നു.
  എല്ലാം മറഞ്ഞ് മുറ്റം വൃത്തിയായി, എല്ലാം മാഞ്ഞ് എന്റെ മനസ്സ് പക്ഷെ വൃത്തിയായില്ല.

  മറുപടിഇല്ലാതാക്കൂ
 2. തുടച്ചുമിനുക്കിയ പുത്തന്‍ ജീവിതത്തിന്‌ നഷ്ടമായ ചാരമണത്തിന്‍റെ നിലവിളി

  മറുപടിഇല്ലാതാക്കൂ
 3. പാവുകള്‍ പാകിയ മുറ്റത്തൂന്ന്‌ ഇടതിക്കി ചില പുല്‍കൊടി ഉയര്‍ന്ന്‌ വരും പുറം കാണാന്‍. കണ്ണില്‍ കണ്ടാല്‍ അപ്പൊ പറിച്ച്‌ മാറ്റി കളയും. മുറ്റം വ്ര്‌ത്തികേടാക്കാന്‍....

  മറുപടിഇല്ലാതാക്കൂ
 4. ഇപ്പോള്‍ ചോദ്യം മറ്റൊന്നാവും..
  എന്താ ഈ `മുറ്റ' മെന്നു പറഞ്ഞാല്‍... ?

  നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. മുറ്റം വൃത്തികേടായില്ലെങ്കിലെ അതിശയിക്കേണ്ടതുള്ളൂ
  ആശംസകള്

  മറുപടിഇല്ലാതാക്കൂ
 6. മുറ്റം വൃത്തിയായി...കുട്ടികൾ വളർന്നു പോയി..എല്ലാവരും തനിച്ചുമായി...

  മറുപടിഇല്ലാതാക്കൂ
 7. കാലത്തിന്റെ മാറ്റം സ്വാശീകരിച്ചിട്ടുണ്ട് .

  :)

  മറുപടിഇല്ലാതാക്കൂ