ഒരു കിഴവന്‍ മരം
പൂത്തു തുടങ്ങുന്നു എന്ന്
സങ്കല്‍പ്പിക്കുക..
തളിരിലേ കൊഴിഞ്ഞ
ഇലകളെക്കുറിച്ചും,
മലടായിപ്പൊഴിഞ്ഞ
വസന്തങ്ങളെക്കുറിച്ചും,
വരാതെപോയ കിളികളെക്കുറിച്ചും,
അത് മറന്നുപോകും.
മൊട്ടിട്ടുതുടങ്ങുന്ന,
പുതിയ പൂക്കാലത്തെമാത്രം ധ്യാനിക്കും.
കിഴക്കുനിന്നും പ്രകാശത്തിന്റെ
ഇളംവിരൽ നീളുന്നതും കാത്ത്-
സ്വപ്നം നിറഞ്ഞ രാത്രികളും,
പടിഞ്ഞാറുനിന്നും വെയിൽ
പഴുത്തുവീഴുന്നതിന്റെ മണം കാത്ത്-
ഉഷ്ണിച്ച പകലുകളും അത് കടക്കും..
സന്ധ്യകളിൽ മഞ്ഞുവന്ന് തഴുകുമ്പോൾ
അതിന്റെ വയസൻ പുറന്തോട്
കുതിർന്നിളന്താളിക്കും.
പെട്ടെന്ന്,
ഏകാന്തത മൂർച്ഛിച്ച്,
അത് സ്ഖലിക്കും...
അപ്പോൾ...
പൂക്കളേ എന്ന്,
കാണാക്കരങ്ങൾകൊണ്ട്,
തളർന്ന മേലാസകലം-
അത് തൊട്ടുനോക്കും..
അപ്പോഴാണ്...
ഒരു വെള്ളിടി വെട്ടി...
അത് പട്ടുപോകുന്നതെങ്കിലോ...?