മഞ്ഞുപോലെ മാഞ്ഞും തെളിഞ്ഞും....

കൊടും കുന്നുകളിൽ നിന്നും
മഞ്ഞിറങ്ങിവരുമ്പോലെയാണ്
നിന്നെക്കുറിച്ചുള്ള ലഹരിവരുന്നത്
ഒരുനിമിഷം കൊണ്ട്
തെളിഞ്ഞതാഴ്‌‌‌‌വരയെ അത്
കാഴ്ചയിൽ നിന്നും മറയ്ക്കും.

എല്ലാ വെളിച്ചങ്ങളും നിറഞ്ഞുനിൽക്കുമ്പോഴും
എവിടെയാണ്
എപ്പോഴാണ്
എന്താണ്
എന്നൊന്നുമറിയാത്തതിന്റെ ഒരാധി
ഇരുട്ടുപോലെ
കൃഷ്ണമണിയിലേക്ക് അലിഞ്ഞുകയറും.
സ്വർഗത്തിലോ നരകത്തിലോ എന്ന് സംശയിക്കുന്ന
ഒരു നൊടിയിട
ഭൂമിയിൽ സൃഷ്ടിക്കപ്പെടും.
നെഞ്ചിലൂടെ തിരശ്ചീനമായി ഒരു കിണർ
ആരോ തുരക്കുന്നതായും
അതിലൂടെ മറ്റാരോ തീവണ്ടിപ്പാളങ്ങൾ
പണിയുന്നതായും അനുഭവപ്പെടും
ഞാൻ ലഹരി കഴിച്ചിട്ടില്ല എന്ന്
സ്വന്തം ശ്വാസം പലതവണ
ഉള്ളം കയ്യിലേക്ക് ഊതി ഉറപ്പുവരുത്തുമ്പോഴേക്കും
കാറ്റുവരും
മഞ്ഞുമാറും
കുന്നുകളെച്ചുറ്റി ആകാശത്തിലേക്ക് വലിഞ്ഞുകയറുന്ന
ഒറ്റയടിപ്പാതയിലൂടെ
ഒറ്റയ്ക്ക് നടക്കുന്ന ഞാൻ തെളിഞ്ഞുവരും.