30/3/10

അപ്പോള്‍ ആ മരം....

നൂറ്റാണ്ടുകള്‍ക്കു ശേഷം,
ഒരു കിഴവന്‍ മരം
പൂത്തു തുടങ്ങുന്നു എന്ന്
സങ്കല്‍പ്പിക്കുക..

തളിരിലേ കൊഴിഞ്ഞുപോയ
ഇലകളെക്കുറിച്ചും,
മലടായിപ്പൊഴിഞ്ഞുപോയ
വസന്തങ്ങളെക്കുറിച്ചും,
വരാതെപോയ കിളികളെക്കുറിച്ചും,
അത് മറന്നുപോകും.
മൊട്ടിട്ടുതുടങ്ങുന്ന,
പുതിയ പൂക്കാലത്തെമാത്രം ധ്യാനിക്കും.

കിഴക്കുനിന്നും പ്രകാശത്തിന്റെ
ഇളംവിരൽ നീളുന്നതും കാത്ത്-
സ്വപ്നം നിറഞ്ഞ രാത്രികളും,
പടിഞ്ഞാറുനിന്നും വെയിൽ
പഴുത്തുവീഴുന്നതിന്റെ മണം കാത്ത്-
ഉഷ്ണിച്ച പകലുകളും അത് കടക്കും..

സന്ധ്യകളിൽ മഞ്ഞുവന്ന് തഴുകുമ്പോൾ
അതിന്റെ വയസൻ പുറന്തോട്
കുതിർന്നിളന്താളിക്കും.
പെട്ടെന്ന്,
ഏകാന്തത മൂർച്ഛിച്ച്,
അത് സ്ഖലിക്കും...

അപ്പോൾ...
പൂക്കളേ പൂക്കളേ എന്ന്,
കാണാക്കരങ്ങൾകൊണ്ട്,
തളർന്ന മേലാസകലം-
അത് തൊട്ടുനോക്കും..

അപ്പോഴാണ്...
ഒരു വെള്ളിടി വെട്ടി...
അത് പട്ടുപോകുന്നതെങ്കിലോ...?

6 അഭിപ്രായങ്ങൾ:

 1. ഒരിക്കല്‍ നന്നായി പൂത്താല്‍ മതിയല്ലോ പിന്നീടുള്ള പട്ടു പോകും കാലത്തിനു!
  മനുഷ്യര്‍ക്കും അങ്ങനെയാവാം :)

  മുളകള്‍ ഒരിക്കല്‍ മാത്രമാണു പൂക്കുക.
  പിന്നെ പട്ടുപോകും.


  ** മലടായിപ്പൊഴിഞ്ഞ..മലരാണോ എന്ന് സംശയിക്കും. മലടിയെന്നാല്‍ പ്രസവിക്കാത്തവള്‍ എന്ന് നീ പറഞ്ഞാണ് മനസ്സിലായത്.

  മറുപടിഇല്ലാതാക്കൂ
 2. ഒരു വെള്ളിടി വെട്ടി...
  അത് പട്ടുപോകുന്നതെങ്കിലോ..

  അതോടെ തീര്‍ന്നു
  കൊതിച്ചതും,കാത്തിരുന്നതും

  മറുപടിഇല്ലാതാക്കൂ
 3. ഇത് ഞാനൊന്നുരുക്കഴിച്ചെടുക്കട്ടെ.
  .....

  മറുപടിഇല്ലാതാക്കൂ
 4. അവസാനം നീ ഒരു വെള്ളിടിയായ് വന്ന് പൂക്കാനൊരുങ്ങിയ മരത്തെ കരിച്ചു കളഞ്ഞല്ലൊ :(

  ആ വെള്ളിടി വേണ്ടായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 5. അതെ, പലപ്പോഴും വെള്ളിടികള്‍ വെട്ടുന്നത് പൂത്തു തുടങ്ങുമ്പോള്‍ തന്നെയാണ്..!

  മറുപടിഇല്ലാതാക്കൂ