"കൊഴപ്പമില്ല"

സദാചാരപരമായ ഒരു ജീവിതം
സമാധാനപരമായി ജീവിക്കുന്ന ഒരാൾ..
നാട്ടുകാരുടെ കണ്ണിൽ
അയാളൊരു പുണ്യാളൻ,
വീട്ടുകാരുടെ കണ്ണിൽ
സാക്ഷാൽ ദൈവം തന്നെ..

അയാളെക്കണ്ടാൽ എല്ലാവരേയുമ്പോലെയിരിക്കും,
അയാൾ എല്ലാവരോടും ചിരിക്കും.
പരന്ന വായനയും
ആഴത്തിലുള്ള അറിവും
ഉയരത്തിൽ വിവേകവുമുള്ളവൻ....
സൗമ്യനാണയാൾ
വിനയാന്വിതൻ...
സത്യവാൻ
സദ്ഗുണസമ്പന്നൻ...
ആരെക്കുറിച്ചും ഒന്നിനെക്കുറിച്ചും
കുറ്റം പറയില്ല, അതാണയാളുടെ നയം...
അയാൾ ഒരു സിനിമ കാണാൻ പോയി എന്നിരിക്കട്ടെ..
എങ്ങനെയുണ്ട് സിനിമ എന്ന് നമ്മൾ ചോദിച്ചാൽ
അയാൾ പറയും "കൊഴപ്പമില്ല"
അയാൾ ഒരു പുസ്തകം വായിച്ചെന്നിരിക്കട്ടെ
എങ്ങനെയുണ്ട് പുസ്തകമെന്ന് ചോദിച്ചാൽ
അയാൾ പറയും "കൊഴപ്പമില്ല"
അയാൾ ഒരു സാധനം വാങ്ങിച്ചെന്നിരിക്കട്ടെ
നമ്മൾ ചോദിക്കും, എങ്ങനെയുണ്ട് സാധനം?
അയാൾ പറയും "കൊഴപ്പമില്ല"
അയാൾ ഒരു സദ്യയുണ്ടുവരുന്നു
എങ്ങനെയുണ്ട് സദ്യ
"കൊഴപ്പമില്ല"
അയാൾ ഒരു തെരെഞ്ഞെടുപ്പിലാണ്
എങ്ങനെയുണ്ട് ചേട്ടാ സ്ഥാനാർത്ഥികൾ?
ഉയർന്ന പൗരബോധത്തിന്റെ മഷിവിരലുയർത്തി
അയാൾ പറയും..
"കൊഴപ്പമില്ല"
അയാൾക്ക് ഒന്നിലും ഒരു കൊഴപ്പവുമില്ല
അയാളെക്കൊണ്ടും ആർക്കും ഒരു കൊഴപ്പവുമില്ല..
നാട്ടുകാരുടെ കണ്ണിലുണ്ണിയാണയാൾ
വീട്ടുകാർക്ക് ദൈവവും