10/4/13

നിദ്ര...


ഇലകളിൽ ഞാൻ ഉറങ്ങുന്നതായി
ആരോ വന്നു പറഞ്ഞപ്പോൾ ഉണർന്നു
അതു സത്യമായിരുന്നു
സൂര്യനൊപ്പം, ഒരു മഞ്ഞുതുള്ളിക്കൊപ്പം
ഒരു മരത്തിന്റെ ഏഴാമത്തെ നിലയിൽ
ഇലകളിൽ...
വെളുത്ത പഞ്ഞിമേഘങ്ങളിൽ
ഒഴുകി നടക്കുന്ന മരങ്ങളിലൊന്നിന്റെ
ഏഴാമത്തെ നിലയിൽ
ഇലകളിൽ, കാറ്റുകെട്ടിയ തൊട്ടിലിൽ
ഞാൻ ഉറങ്ങുന്നത് ഞാൻ കണ്ടു.
ആകാശത്തിൽ നക്ഷത്രങ്ങളുടെ രംഗോളിയിൽ
ചുവക്കുന്ന മേഘങ്ങളുടെ കവിളുകളിൽ
കവിളുരസിക്കൊണ്ട് ഒഴുകിനടക്കുന്ന
മരങ്ങളുടെ വേരുകളിൽ അള്ളിപ്പിടിച്ചു തൂങ്ങുന്ന
കുന്നുകളിൽ മേഞ്ഞു നടക്കുന്ന മാൻകൂട്ടങ്ങളിൽ
ഇണചേരുന്ന മാൻപേടയിൽ
ഞാനെന്നെ നിക്ഷേപിച്ചു.
പുഴകളിൽ പൂക്കൾ വീഴുന്ന ഒരു വസന്തത്തിൽ
വണ്ടുകൾ പാടുന്ന പാട്ടിന്റെ മെത്തയിൽ
അവളെന്നെ പെറ്റു
ഇലകളിൽ അവൾ മേഞ്ഞു
മഞ്ഞുതുള്ളിയിൽ ദാഹം തീർത്തു
ഇലകളിൽ ഉറക്കം മതിയാകാതെ
ഉണരാൻ മടിച്ച് ഞാൻ കിടന്നു..

എനിക്കു ചുറ്റും പുതുതായി മുളച്ച പുല്ലുകൾ
നൃത്തം വെയ്ച്ചു
ഇലകളിൽ ഞാനുറങ്ങുന്നതായി
ആരോ പറഞ്ഞെന്നെ ഉണർത്തി..

9/4/13

അവകാശ സംരക്ഷകർക്ക് ചില മുദ്രാവാക്യങ്ങൾ

പർദ സ്ത്രീകളുടെ വസ്ത്രമായതിനാൽ
അതു ധരിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം 
അവരുടെ അവകാശമായതിനാൽ
പർദയ്ക്കെതിരെ പുരുഷന്മാർ മിണ്ടരുത്..

ആത്മഹത്യ ആത്മാഹൂതിക്കാരുടെ രക്ഷാമാർഗമായതിനാൽ
അതു ചെയ്യണോ വേണ്ടയോ എന്നുള്ള തീരുമാനം
അവരുടെ അവകാശമായതിനാൽ
ആത്മഹത്യയ്ക്കെതിരെ ആത്മഹത്യചെയ്യാത്തവർ മിണ്ടരുത്

ചൂഷണം ചൂഷകരുടെ ഉപകരണമായതിനാൽ
അത് ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനം
അവരുടെ അവകാശമായതിനാൽ
ചൂഷണത്തിനെതിരായി ചൂഷകരല്ലാത്തവർ മിണ്ടരുത്

ബാലവേല ബാലന്മാരുടെ വേല ആയതിനാൽ
അതു ചെയ്യണോ വേണ്ടയോ എന്ന് തീരുമാനം
അവരുടെ അവകാശമായതിനാൽ
ബാലവേലയ്ക്കെതിരെ ബാലികാബാലന്മാരല്ലാത്തവർ മിണ്ടരുത്

അടിമത്തം അടിമകളുടെ മാനസികാവസ്ഥ ആയതിനാൽ 
അതു തള്ളണോ കൊള്ളണോ എന്ന തീരുമാനം
അവരുടെ അവകാശമായതിനാൽ
അടിമത്തത്തിനെതിരായി അടിമകളല്ലാത്തവർ മിണ്ടരുത്

വർഗീയത വർഗീയവാദികളുടെ മാത്രം രോഗമായതിനാൽ
അത് കൊണ്ടു നടക്കണോ ഉപേക്ഷിക്കണോ
എന്ന തീരുമാനം അവരുടെ അവകാശം ആയതിനാൽ
വർഗീയതയ്ക്കെതിരായി വർഗീയവാദികളല്ലാത്തവർ മിണ്ടരുത്

ഫാസിസം ഫാസിസ്റ്റുകളുടെ സ്വന്തം ഇസമായതിനാൽ
അത് പ്രചരിപ്പിക്കണോ വേണ്ടയോ
എന്ന തീരുമാനം അവരുടെ അവകാശമായതിനാൽ
ഫാസിസത്തിനെതിരെ ഫാസിസ്റ്റുകളല്ലാത്തവർ മിണ്ടരുത്

ഭ്രാന്ത് ഭ്രാന്ത്രന്മാരുടെ രോഗമായതിനാൽ
അത് ചികിൽസിക്കണോ വേണ്ടയോ 
എന്നതീരുമാനം അവരുടെ അവകാശമായതിനാൽ
ഭ്രാന്തിന്റെ ചികിൽസയെക്കുറിച്ച് ഭ്രാന്തന്മാരല്ലാത്തവർ മിണ്ടരുത്

ഇത് കവിതയും കഴുതയുമൊന്നുമല്ല.ഈ സമൂഹത്തെ സർവതന്ത്ര സ്വതന്ത്രമാക്കാൻ അവശ്യം വേണ്ട മുദ്രാവാക്യങ്ങൾ ഒന്നെഴുതി നോക്കിയതാണ്. ഇങ്ങനെ അവകാശം സംരക്ഷിക്കേണ്ട നിരവധി അനവധി വിഭാഗങ്ങൾ ഇനിയുമുണ്ട് സന്മനസും സമയവുമുള്ളവർ അവർക്കായി/അതിനായി മുദ്രാവാക്യങ്ങൾ ചമച്ചുകൊള്ളുമല്ലോ!

7/4/13

ഇനിയെങ്കിലും നിർത്തുമോ ഈ ഗാംഗ് റേപ്പ്..


ഇനിയും നമ്മൾ സൂര്യനെല്ലി പെൺകുട്ടിയെ റേപ്പ് ചെയ്ത് തീർന്നിട്ടില്ല്ല എന്ന് ഇന്ന് വീണ്ടും ബോധ്യമായി. ഓക്കാനമുണ്ടാക്കുന്ന ചളുപ്പ് സാഹിത്യം കൊണ്ട് പ്രിയ എ.സിന്റെ ഒരു മുഴുപ്പേജ് റേപ്പ് ഇന്ന് മാതൃഭൂമി വാരാന്തപ്പതിപ്പിൽ (വെളിച്ചം തേടുന്നവൾ - മാതൃഭൂമി വാരാന്തപ്പതിപ്പ് - 2013 ഏപ്രിൽ 7) വായിച്ചു. സാഹിത്യം സാമൂഹ്യദ്രോഹമാകുന്ന സന്ദർഭങ്ങൾ ഇതിനു മുൻപും കണ്ടിട്ടുണ്ട്. ഉള്ളിൽ തട്ടി ഒരു വാക്കുപോലും പറയാനില്ലാത്തപ്പോഴാണ് സവോളയും തക്കാളിക്കഷണങ്ങളും കൊണ്ടലങ്കരിച്ച് വിളമ്പുന്ന കോഴിയിറച്ചിപോലെ ഉപമയും ഉൽപ്രേക്ഷയും കൊണ്ട് അലങ്കരിച്ച് വികാരവിക്ഷുബ്ധത എഴുത്തുകാർ വായനക്കാർക്കു മുന്നിൽ വിളമ്പി വെയ്ക്കുന്നത്. ദോഷം പറയരുതല്ലോ ഇടയ്ക്കിടെ നാലുവരി ശ്ലോകങ്ങൾ കൂടി ചേർത്താൽ അമ്പലപ്പറമ്പുകളിൽ തകർപ്പൻ ബുക്കിംഗ് കിട്ടുന്ന കഥാപ്രസംഗമായി അവതരിപ്പിക്കാൻ പറ്റിയേക്കും ഈ 'നേർ സാക്ഷ്യം'.
കെ.ആർ.മീരയും പ്രിയ എ.എസും ഒന്നിച്ചാണത്രേ ഈ ഗാംഗ് റേപ്പ് നിർവഹിച്ചിരിക്കുന്നത്. പ്രിയ എ.എസിന്റെ ദൃക്സാക്ഷി വിവരണത്തിൽ നിന്നും ഒന്നു രണ്ട് സാമ്പിളുകൾ ഇതാ.
* രാവിലെ ഏഴുമണിക്ക് യാത്രപുറപ്പെടുമ്പോൾ, ചുവന്നുതുടുത്ത് സൂര്യനെത്തി നോക്കി കാറിലേക്ക്. ഇരുട്ടിലായിപ്പോയോൾ, സൂര്യനെത്തിനോക്കാത്തോൾ - അവളെ കാണാൻ പോകുന്നു. എന്ന് ഞാൻ സൂര്യനോട് പറഞ്ഞു. ഇനി നിങ്ങളും കൂടിയേ അവളെ കാണാൻ ബാക്കിയുള്ളു എന്ന് പറഞ്ഞ് സൂര്യൻ കളിയാക്കി (ആഹഹ എത്രമനോഹരമായ തുടക്കം. ചളുപ്പ് സാഹിത്യം കൊണ്ടലങ്കരിച്ച ഇറച്ചിക്കഷണം)
*വീടാകമാനം ഒന്നു കണ്ണോടിച്ചു നോക്കിയപ്പോൾ, 'അന്നയും റസൂലും' സിനിമയിലെ അന്നയുടെ വീടുപോലെ തോന്നി (പ്രിയ എ.എസ് നല്ലവണ്ണം സിനിമ കാണുമെന്ന് മനസിലായി)
*ഞാൻ മീരയോട് ചോദിച്ചു. "എന്താണ് പെൺകുട്ടിയുടെ പേര്". മീര ഒച്ച താഴ്ത്തി പേരു പറഞ്ഞു തന്നു. സ്വന്തം അമ്മയുടെ നാവിൽ പോലും പത്രക്കാരുടെ പ്രയോഗമായി കഴിയേണ്ടിവരുന്ന ഒരുവളുടെ ഗതികേടോർത്ത് ഞാൻ എ-രി-യു-ക-യോ പൊ-രി-യു-ക-യോ ചെയ്തു (വായിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ഞെരിയുകയും ചെയ്തു.)
*പേരില്ലാ ദുരന്ത നായിക അതിനിടെ മുകളിൽ നിന്ന് ഇറങ്ങി വന്നു. അസാമാന്യമായ തടിയുണ്ടവൾക്ക്. കടും നീല ചുരിദാർ. കെട്ട നിറത്തിൽ ഡിസൈനുകൾ. അവൾ നേരേ വന്ന് മീരയുടെ കൈപിടിച്ച് "മകളിപ്പോ എന്തു ചെയ്യുന്നു" എന്നു ചോദിച്ചു. ഓർമ, മണ്ണിൽ ചവുട്ടി നിൽക്കലാണ്, നന്മയുടേയും മനുഷ്യത്വത്തിന്റേയും അടയാളവുമാണ് അത് എന്ന വിശ്വാസപ്രമാണക്കാരിയായ ഞാൻ സത്യമായും ഞെട്ടി (ഞാനും ഞെട്ടി. സൂര്യനെല്ലിയിലെ പെൺകുട്ടിക്ക് തടിച്ച ശരീരം മാത്രമല്ലേ ഉണ്ടാവാൻ പാടുള്ളു നന്മയുടേയും മനുഷ്യത്വത്തിന്റേയും അടയാളമായ ഓർമകൾ ഉണ്ടാവാൻ പാടുണ്ടോ.. ഇല്ല.. പാടില്ല തന്നെ)
*'ഞാൻ അടുത്തിടെ ഓർത്തായിരുന്നു.'ആരാച്ചാര്' വായിച്ചപ്പോൾ' എന്ന് അവളടുത്ത വാചകം പറഞ്ഞപ്പോൾ ഞാനും മീരയും ഒന്നിച്ച് എട്ടു നിലയിൽ ഞെട്ടി ( ഞാനാണെങ്കിൽ പൊട്ടിത്തെറിച്ചുപോയി. സൂര്യനെല്ലി പെൺകുട്ടി പുസ്തകം വായിക്കുകയോ? ശിവ ശിവ!)
*"എന്താ പിന്നെ വിളിക്കാഞ്ഞത്" എന്നോ മറ്റോ ചോദിച്ചു മീര. ഈ ഇരുളൊന്നും പോരാഞ്ഞിട്ടാണോ കുഞ്ഞേ മറ്റൊരു ലോകത്തിന്റെ ഇരുളിലേക്ക് ഊളിയിട്ടിറങ്ങുന്നതെന്ന് ഞെഞ്ചുപിളരുന്നപോലെ തോന്നി ( കുഞ്ഞേ ഇരുളിലേക്ക് ഊളിയിട്ടിറങ്ങലും വെളിച്ചത്തിൽ അച്ചടിച്ച് വിറ്റ് കാശാക്കലുമൊക്കെ ഞങ്ങൾക്ക് മാത്രം അവകാശപ്പെട്ടതല്ലേ കുഞ്ഞേ... എഴുത്തും വായനയുമെല്ലാം ഞങ്ങളെപ്പോലുള്ള ഊളിയിട്ടിറങ്ങലുകാർക്ക് മാത്രമുള്ളതല്ലേ കുഞ്ഞേ.. ഇങ്ങനെ നെഞ്ചു പിളർത്താമോ കുഞ്ഞേ!)
*ആ നടുക്കത്തിനിടയിലൂടെ ഞാനവളുടെ മുഖത്തേക്കൊന്നു പാളി നോക്കി. കുട്ടിക്കാലത്ത്, കാലി ട്യൂബിൽ നിന്ന് വെറുതേ ഒരു രസത്തിന് കഷ്ടപ്പെട്ട് ഞെക്കിയെടുക്കാറുണ്ടായിരുന്ന പേസ്റ്റ്, അതാണപ്പോൾ ഓർമ വന്നത്. മിനുസമോ മയമോ ഇല്ലാതെ വരണ്ട ഒരു റബർ സമാന വസ്തു എന്നേ അതിനെ പറഞ്ഞു കൂടൂ. ഈ കുട്ടിയുടെ മുഖം. അത് മുഖമല്ല. മുഖം പോലത്തെ ഒരു വസ്തു മാത്രമാണ്. ( പീഡകരും രാഷ്ട്രീയക്കാരും പത്രക്കാരും ചാനലുകാരും എല്ലാം ചേർന്ന് ഞെക്കിഞെക്കി സ്വന്തം അണ്ണാക്കുവരെ തേച്ച് വെളുപ്പിച്ചില്ലേ. അവരുടെ അടഹാസങ്ങളുടെ തിളക്കം ഞാനീ വരികളിൽ കണ്ടു. ഇനിയും ബാക്കിയെന്തെങ്കിലും ഉണ്ടെങ്കിൽ അതുകൂടി ഒരു രസത്തിന് ഞെക്കാനായിരിക്കും സൂര്യനെല്ലിയിലേക്കിവർ പോയത്. )
*മീര ചോദിക്കുന്നു. "പ്രിയയ്ക്കറിയാമോ ചോന്ന ചുണ്ടൊക്കെയായിട്ട് എന്തു വെളുത്തു തുടുത്ത കുട്ടിയായിരുന്നു ഇവളെ ഞാൻ കാണുമ്പോഴെന്ന്"...

             കഷ്ടമെന്നേ പറയാനുള്ളു എഴുത്തുകാരേ. സ്വയം സ്ത്രീകളായിരുന്നിട്ടുകൂടി ആ പെൺകുട്ടിയെ ഇത്രത്തോളം ശരീരമാത്രമായി കാണാൻ കഴിഞ്ഞ മനസിനെ ക്രൂരമെന്നല്ല പറയേണ്ടത് വികൃതമെന്നാണ്. മലീമസമായ സാഹിത്യം ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുവായി സൂര്യനെല്ലിയിലെ പെൺകുട്ടിയെ കാണുന്നതും കച്ചവടം തന്നെയാണെന്ന് എന്നാണ് നിങ്ങൾ തിരിച്ചറിയുന്നത്! നിങ്ങളും നിങ്ങൾ വിമർശിക്കുന്ന ചാനലുകളും ചെയ്യുന്നത് തമ്മിൽ എന്ത് അന്തരമാണുള്ളത്! എഴുതാനാണെങ്കിൽ ഇനിയുമുണ്ട്. ഇത്രയും ചവറു സാഹിത്യം ഈയിടെയൊന്നും ഞാൻ വായിച്ചിട്ടില്ല.