ആ ഗാന്ധിയുടെ രാഷ്ട്രീയം ആർ. ഗാന്ധിയിലൂടെ വരട്ടെ!

രാഹുൽ ഗാന്ധി വയനാട്ടിലും അമേത്തിയിലും മത്സരിക്കുന്നതിനെ ബിജെപിയും സിപി‌എമ്മും ഒളിച്ചോടലായാണ് വിശേഷിപ്പിക്കുന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സ്മൃതി ഇറാനിയെപേടിച്ചോടാനുള്ള ആവശ്യമൊന്നും രാഹുൽ ഗാന്ധിക്കില്ല എന്ന് അവർക്കറിയാമെങ്കിലും അവരത് പ്രചരിപ്പിക്കും കുറ്റം പറയാനും പറ്റില്ല. പക്ഷെ രാഹുൽ വയനാടിലേക്ക് വന്നത് സ്മൃതി ഇറാനിയെപ്പേടിച്ചിട്ടാണ് എന്ന് സിപി‌എം പറയുന്നതിലെ രാഷ്ട്രീയ പാപ്പരത്തം പറയാതിരിക്കാൻ നിവൃത്തിയില്ല. അറിഞ്ഞോ അറിയാതെയോ അവർ ബിജെപിയുടെ ഏറ്റവും ജനാധിപത്യവിരുദ്ധയായ ഒരു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. അതെന്തോ ആവട്ടെ. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ ഞാൻ വായിക്കുന്നത് മറ്റൊരു രീതിയിലാണ്.
അദ്ദേഹം ഇക്കഴിഞ്ഞ കുറച്ചു കാലമായി സംസാരിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ തുടർച്ചയാണതെന്നാണ് എന്റെ നിരീക്ഷണം. ഒരുവശത്ത് രാജ്യത്തെ ശിഥിലീകരിക്കുന്ന ഹിന്ദുത്വശക്തിയെ (ബിജെപി യെ) ചെറുത്തുതോല്പിക്കുക എന്നതാണ് ഏറ്റവും അടിയന്തിര പ്രശ്നമെന്ന് അദ്ദേഹം പറയുന്നു. അതിന്റെ തുടർച്ചയായി തന്നെ രാജ്യത്തിന്റെ സമ്പത്ത് അദാനിയും അംബാനിയും മുതലുള്ള പത്തോ ഇരുപതോ വ്യവസായികളുടെ കയ്യിൽ കുന്നുകൂടുകയാണെന്നും അത് പാവപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണെന്നും താൻ അധികാരത്തിൽ വന്നാൽ രാജ്യത്തെ കുടുംബങ്ങളുടെ മിനിമം വരുമാനം പ്രതിമാസം 12000 രൂപയായി ഉയർത്തി സാമ്പത്തിക അസമത്വം കുറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പറയുന്നു. മോഡി ഇന്ത്യയെ
“ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും വഴിയില്ലാത്ത പാവപ്പെട്ടവരുടെ ഒരിന്ത്യയും , ബെൻസ് കാറുകളും കൊട്ടാരങ്ങളും സ്വന്തമായുള്ള പണക്കാരുടെ ഇന്ത്യയുമായി തിരിച്ച് രണ്ട് ഇന്ത്യകളെ “ സൃഷ്ടിക്കുന്നുവെന്നും. “രാജ്യം പാവങ്ങളോട് ചെയ്ത അനീതിക്ക് പ്രായശ്ചിത്തമായി “ന്യായ്” നടപ്പിലാക്കു“ മെന്നും പറയുന്നു. ഈ രണ്ട് രാഷ്ട്രീയ നയപരിപാടികളുടെ കൃത്യമായ പ്രാതിനിധ്യമാണ് അമേത്തിയിലും വയനാട്ടിലും മത്സരിക്കുന്നതിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നത് എന്നാണെന്റെ പക്ഷം.

വയനാടെന്നത് പാവപ്പെട്ടവനുവേണ്ടി സംസാരിക്കുന്ന പ്രത്യശാസ്ത്രത്തിന്റെ പേരിൽ അധികാരത്തിലിരിക്കുമ്പൊഴും അദാനി എന്ന ശതകോടീശ്വരന് തുറമുഖവും വിമാനത്താവളവും താലത്തിൽ വെച്ച് നീട്ടാൻ ഏറാൻ‌മൂളുകയും ഏറ്റവും പാവപ്പെട്ടവനു വേണ്ടി സംസാരിക്കുന്നവനെ കണ്ടാലുടൻ വെടിവെച്ചിടാൻ പൊലീസിന് അധികാരം നൽകുകയും ചെയ്യുന്ന സർക്കാർ നിലവിലിരിക്കുന്ന സംസ്ഥാനത്തിലെ മണ്ഡലം.

രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിന്റേയും പുരോഗമന ചിന്തയുടെയും നവനവോത്ഥാന നേതാക്കളുടേയും പേരിൽ ആത്മപുളകം കൊള്ളുമ്പൊഴും ആദിവാസികളുടെ വിഷയങ്ങൾ നേരാം വണ്ണം അഡ്രസ് ചെയ്യപ്പെടാത്തതിനാൽ ചെറുപ്പക്കാർക്ക് തോക്കെടുക്കേണ്ടിവരുന്ന സ്ഥലം. ഇക്കഴിഞ്ഞ സംസ്ഥാന ഇലക്ഷനിൽ കോൺഗ്രസിന്റെ പ്രധാനവാഗ്ദാനങ്ങളിലൊന്ന് ആദിവാസികളിൽ നിന്നും ഏറ്റെടുത്തിട്ട് വ്യവസായം തുടങ്ങാതെ വ്യവസായികൾ കൈവശം വെച്ചിരിക്കുന്ന ഭൂമി ആദിവാസികൾക്ക് തിരിച്ചുകൊടുക്കും എന്നതായിരുന്നു. കോൺഗ്രസ് ഭരണത്തിലേറി ആദ്യം ചെയ്ത കാര്യങ്ങൾ കാർഷികവായ്പ എഴുതിത്തള്ളുകയും ആദിവാസികളുടെ ഭൂമി തിരിച്ചുകൊടുക്കാൻ ഉത്തരവിടുകയുമായിരുന്നു.

രാജ്യത്തിന്റെ പണം ഏതാനും വ്യവസായികളുടെ കയ്യിലേക്ക് ചുരുങ്ങുന്നു എന്നും പാവപ്പെട്ടവന് അർഹമായ ഒന്നും കിട്ടുന്നില്ല എന്നുമുള്ള മുറവിളി വയനാടൻ കുന്നുകളിൽ മുഴക്കുന്നവരിൽ ഒരാളെ വെടിവെച്ചു കൊന്നിട്ട് അധികനാളായില്ല. എത്ര വിദ്യാഭ്യാസ പുരോഗതിയും പുരോഗമന ചിന്തകളുമുള്ള സംസ്ഥാനത്തായാലും പാവപ്പെട്ടവൻ പട്ടിക്ക് തുല്യമെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ വർഷം വിശപ്പടക്കാൻ അരി മോഷ്ടിച്ചു എന്നപേരിൽ പ്രബുദ്ധ മലയാളി തല്ലിക്കൊന്ന മധു എന്ന ആദിവാസി ചെറുപ്പക്കാരൻ.

അമേത്തിയാകട്ടെ ഇലക്ഷൻ കഴിഞ്ഞുള്ള ഇന്ത്യ എങ്ങനെയായിരിക്കണം എന്നതിന്റെ സജീവപരീക്ഷണ ശാലയും . പശുവിന് മനുഷ്യനെക്കാൾ വിലയുണ്ടെന്നും ഗോമൂത്രം അമൃതാണെന്നും റോക്കറ്റ് സയൻസ് പുരാണത്തിൽ പറഞ്ഞിട്ടുണ്ടെന്നും ഇന്ത്യയെ പഠിപ്പിക്കാൻ ശ്രമിക്കുന്ന യോഗി ആദിത്യനാഥ് ഭരിക്കുന്ന സംസ്ഥാനത്തിലുള്ള മണ്ഡലം.

മോഡി കഴിഞ്ഞാൽ ആരെന്നുള്ള ബിജെപിയിലെ ചോദ്യത്തെ രാജ്യത്തിനു തന്നെയുള്ള ഒരു ഉത്തരമായി സംഘപരിവാർ ഉയർത്തിക്കൊണ്ടുവരുന്ന, വാക്കിലും നോക്കിലും വെറുപ്പും ഭീഷണിയും പ്രകടിപ്പിക്കുന്ന സന്യാസവേഷം കെട്ടിയ ഒരു ക്രിമിനൽ ഭരിക്കുന്ന സംസ്ഥാനം. ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ തായ്‌വേര് കനപ്പിച്ച സ്ഥലം.

എന്റെ നോട്ടത്തിൽ രാഹുൽ പറയുന്ന രാഷ്ട്രീയത്തിന്റെ പ്രതീകാത്മക പോരാട്ടമാണിത്. അയാളുടെ നേതൃത്വത്തിൽ ഒരു സർക്കാർ അധികാരത്തിൽ വരുമെന്നും ഡെൽഹിയിൽ ആം ആദ്മി സർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി നടപ്പിലാക്കാൻ തുടങ്ങുമെന്നും ഞാൻ വിശ്വസിക്കുന്നു. രാഹുലിന്റെ രാഷ്ട്രീയം ഇപ്പോൾ ഏതാണ്ട് ആം ആദ്മി രാഷ്ട്രീയമാണ്. അതാണെങ്കിലോ ഗാന്ധിയൻ രാഷ്ടീയത്തിൽ നിന്നും ഉയിരെടുത്തിട്ടുള്ളതും. ഗാന്ധിയൻ രീതിയിൽ പറയുന്നത് ജീവിതത്തിൽ ചെയ്ത് കാണിക്കുക എന്ന ലളിതമായ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഒരു നെന്മണിയോളം പരീക്ഷിച്ചതാണ് ആം ആദ്മി ഡെൽഹിയിൽ വിജയിക്കാൻ കാരണം. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ മിക്കവാറും പ്രസംഗങ്ങളിൽ തുടർച്ചയായി കേൾക്കുന്ന പേരാണ് മഹാത്മാ ഗാന്ധിയുടെത്. “ഞാൻ അസത്യം പറയില്ല ഞാൻ പറയുന്നത് ചെയ്തു കാണിച്ചുതരും” എന്നുറക്കെപ്പറയുന്ന അയാൾ തന്റെ രാഷ്ട്രീയം എന്താണെന്നതിനു നൽ‌കുന്ന സൂചനകൂടിയായി വയനാടിനെ ഞാൻ കാണുന്നു. വയനാട് മത്സരിക്കാം എന്ന വാക്ക് പാലിക്കാനാവണം അയാൾ വളരെയധികം സമ്മർദ്ദങ്ങളുണ്ടായിട്ടും അവിടെ മത്സരിക്കും എന്ന അസാധാരണമായ തീരുമാനമെടുത്തത്. “സത്യത്തിനെ തോല്പിക്കാനാവില്ലെന്ന്” പ്രസംഗത്തിനിടെ ഇമ്പത്തിനുവേണ്ടിയാണെങ്കിൽ കൂടി പറയുന്ന അയാൾക്ക് അതിന്റെ ശക്തി പരീക്ഷിച്ചറിയാനുള്ള അവസരമായി കൂടി ഇതിനെ കാണുന്നുണ്ടാവും.

മഹാത്മാവുമായി രക്തബന്ധമൊന്നുമില്ലെങ്കിലും “ആ“ ഗാന്ധിയുടെ എല്ലാവരുടെയും സ്വന്തമായ ഇന്ത്യ എന്ന സ്വപ്നം “ആർ ഗാന്ധി“യിലൂടെ ഊർജ്ജം കൈവരിക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു.

ഫോട്ടോ

1. 2. ഉത്തരേന്ത്യയിൽ ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആൾക്കൂട്ട അക്രമം
3. കേരളത്തിലെ അട്ടപ്പാടിയിൽ പുരോഗമന മലയാളികൾ തല്ലിക്കൊന്ന മധു.
4. മാവോയിസ്റ്റാണെന്ന് സംശയിച്ച് വെടിവെച്ചുകൊന്ന സി.പി.ജലീൽ