ഭൂഖണ്ഡാന്തരം


ആൾക്കൂട്ടത്തിന്റെ ഒരു കടലിൽ
പൊന്തിക്കിടക്കുന്ന ഭൂഖണ്ഡം പോലെയുള്ള
മേശയ്ക്കിരുപുറം,
പരസ്പരം നോക്കാനോ മിണ്ടാനോപറ്റാത്ത രണ്ടു മണൽത്തിട്ടുകൾപോലെ 
അവർ ഇരുന്നു...

പറയാതെ വിമ്മിട്ടപ്പെടുന്ന വാക്കുകൾ
തിരമാലകൾ പോലെ
അവരെ അലിയിച്ചുകൊണ്ടിരുന്നു.
വായുവിൽ പുരണ്ട അവളുടെ
വിരൽ തുമ്പുകളുടെ സ്പർശനം
അവൻ ആരും കാണാതെ ശ്വസിച്ചു,
അവൾ ആ രഹസ്യം
അറിഞ്ഞിട്ടുണ്ടാവില്ലെന്ന്
വിശ്വസിച്ചു!
'നമുക്ക് എന്തെങ്കിലും
കുടിച്ചാലോ...?'
അവൾ പെട്ടെന്ന് മിണ്ടി!
'ഒരു കപ്പു ശൂന്യതകൂടി ..? '
പ്രപഞ്ചരഹസ്യം പോലെ പിടികൊടുക്കാത്ത
കണ്ണുകളിലെ ആഴം നോക്കി അവൻ ചോദിച്ചു..