3/10/07

വിശാല മനസ്കന്‍

പൊതുവേ എന്റെ വേദനകള്‍
വിശാലമാണ്...
ഒറ്റപ്പെട്ട ഒന്നും തന്നെ
എന്നെ നോവിക്കാറില്ല.

ഒറ്റപ്പെട്ട മരണങ്ങള്‍
-അതെന്റെ അച്ചന്റെയോ
അമ്മയുടേയോ സഹോദരന്റേയോ
അല്ലെങ്കില്‍ പ്രത്യേകിച്ചും-
ഞാന്‍ അറിയുകപോലും
ചെയ്തെന്നു വരില്ല.

കൂട്ടമരണങ്ങള്‍
കൂട്ട ആത്മഹത്യകള്‍
കൂട്ട കൊലപാതകങ്ങള്‍...
അതാണെങ്കില്‍
ഒരു കൂട്ട മണിയടിപോലെ
ആഴ്ചകള്‍ എന്നെ ഉറങ്ങാന്‍
വിടാതെ പിന്തുടരും......
ഞാനതേക്കുറിച്ചെഴുതും
പ്രസം‌ഗിക്കും ചര്‍ച്ചകള്‍
സം‌ഘടിപ്പിക്കും.
എന്റെ കണ്ണീര്‍
ഒലിച്ചു കൊണ്ടേയിരിക്കും.

അതുപോലെ
ഒറ്റപ്പെട്ട ബലാത്സം‌ഗങ്ങള്‍
-അതിലെന്റെ ഭാര്യയോ
മകളോ ഇരയല്ലെങ്കില്‍
പ്രത്യേകിച്ചും-
ഞാനറിയാറില്ല.

കൂട്ട ബലാത്സം‌ഗങ്ങളാണെങ്കില്‍
ലോകെത്തെവിടെയായാലും
ഞാനറിഞ്ഞിരിക്കും
പ്രതിഷേധിച്ചിരിക്കും
കവിതകള്‍ പോലും
എഴുതിയെന്നിരിക്കും.

ഒറ്റപ്പെട്ട മുറിവുകള്‍
ഒറ്റപ്പെട്ട സമരങ്ങള്‍
ഒറ്റപ്പെട്ട നിലവിളികള്‍
ഒറ്റപ്പെട്ട അഭയാര്‍ഥികള്‍
ഒറ്റപ്പെട്ട പട്ടിണികള്‍
-അതെന്റെ അയല്‍ വീട്ടിലായാലും-
ഞാനറിയാതെ പോകുന്നത്
എന്റെ കുറ്റമല്ല കേട്ടോ

ഞാന്‍ വിശാല മനസ്കനാണ്
കേവലം ഒരു മനുഷ്യനെ കുറിച്ചല്ലല്ലോ
വിശാലമായ മനുഷ്യ രാശിയെക്കുറിച്ചല്ലേ
എന്റെ ഉത്കണ്ഠകള്‍ മുഴുവന്‍....

12 അഭിപ്രായങ്ങൾ:

 1. "ഞാന്‍ വിശാല മനസ്കനാണ്
  കേവലം ഒരു മനുഷ്യനെ കുറിച്ചല്ലല്ലോ
  വിശാലമായ മനുഷ്യ രാശിയെക്കുറിച്ചല്ലേ
  എന്റെ ഉത്ഖണ്ഠകള്‍ മുഴുവന്‍...."


  അങ്ങനെയാണത്രേ വേണ്ടത്. ആ മനുഷ്യരാശിയില്‍, ഒറ്റപ്പെട്ടവരും പെടണമെന്ന് മാത്രം.

  മറുപടിഇല്ലാതാക്കൂ
 2. ആ വിശാല മാനസനില്‍ ഒരു പൊള്ളത്തരം ഒളിഞ്ഞിരിക്കുന്നില്ലേ?

  തന്റെ മരണം അടുത്തെത്തുമ്പോള്‍ വിശാല മനസ്കന്‍ ദു:ഖിക്കുമോ? അതും ഒരു ഒറ്റയായ മരണം ആണെന്ന്

  കവിത നന്നായിട്ടുണ്ട്.

  ഓ.ടോ: വിശാല മനസ്കനു ദിവസവും മനോരമ പത്രം വായിക്കാന്‍ കൊടുക്കുക. പത്തുദിവസം അടുപ്പിച്ച് കൂട്ട ആത്മഹത്യകള്‍, കൂട്ട മരണങ്ങള്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ വായിച്ച് പിന്നെ ഒരു വികാരങ്ങളും തോന്നാതാവും. ഒരു പത്തുമരണം എന്ന് പത്രത്തില്‍ വായിച്ചില്ലേല്‍ ദിവസം കൊളം ആവും.

  മറുപടിഇല്ലാതാക്കൂ
 3. വന്നുവന്ന് ഇറാക്കിലെ കൂട്ടക്കൊല കേള്‍ക്കുമ്പോള്‍ ഒരു വികാരവും തോന്നുന്നില്ല, പിന്നെയാണ് പത്തും പതിഞ്ചും മരണങ്ങള്‍..!

  മറുപടിഇല്ലാതാക്കൂ
 4. ശരിയാണ് ഒറ്റപ്പെട്ടവന്റെ രോദനം ഒരിക്കലും കേള്‍ക്കപ്പെടാതെ പോകുന്നു..

  മറുപടിഇല്ലാതാക്കൂ
 5. ന‌ന്നായി എഴുതി. പ്രായോഗിക‌മായ ചിന്ത.

  മറുപടിഇല്ലാതാക്കൂ
 6. Sanathana, Oru mahathbhutham parayatte.
  1997 il samanamaya oru bengali kavitha njan kettittund. Avasanam kurach vyathyasthamanenn mathram.
  Kaviyudeyum kavithayudeyum peru ormayilla.
  Ethayalum ithenikk vallatha oru athbhutham thanneyayi.

  മറുപടിഇല്ലാതാക്കൂ
 7. പ്രിയപ്പെട്ട അനിയന്‍സ്
  ആ കവിതയേതാണെന്നറിയാന്‍ ആഗ്രഹമുണ്ട്.എനിക്കത്ഭുതമില്ല.സംഭവിച്ചേക്കാം.എന്തായാലും മോഷണമല്ല്ല.നന്ദി

  മറുപടിഇല്ലാതാക്കൂ