20/11/07

ഫോസില്‍

പറയാതിരുന്നാല്‍
ചില വാക്കുകള്‍,
ഉള്ളില്‍ കിടന്ന് മുളയ്ക്കും.
വലിച്ചുനീട്ടിയാല്‍
വന്‍‌കരകളെ പോലും
കൂട്ടിക്കെട്ടാവുന്ന
ചെറുകുടല്‍,വന്‍‌കുടല്‍
ഒക്കെക്കടന്ന്
അതിന്റെ വേരുകള്‍
മലദ്വാരം വഴി
പുറത്തുചാടും.
നമ്മളറിയാതെ
ഇരിക്കുന്നിടത്ത്
വേരുറയ്ക്കും.

പറയാതിരുന്നാല്‍
ചിലവാക്കുകള്‍
ഉള്ളില്‍ കിടന്ന് മുളയ്ക്കും.
ഊതിവീര്‍പ്പിച്ചാല്‍
ആകാശത്തോളം പെരുകുന്ന
ഭാവനയുടെ
വായുമണ്ഡലം ഭേദിച്ച്
അതിന്റെ തലപ്പ്
വായിലൂടെയും കാതിലൂടെയും
പുറത്തു ചാടും
നമുക്ക് എന്തെങ്കിലും
ചെയ്യാനാകും മുന്‍പേ
ഇലകളും പൂക്കളും
കായ്കളുമില്ലാത്ത,
ഇത്തിള്‍പിടിച്ചു പഴകിയ
ശിഖരങ്ങള്‍ വിരുത്തി
നമ്മെ ജുറാസിക് യുഗത്തിലെ
ഫോസില്‍ മരങ്ങളായി
പകര്‍ത്തിയെഴുതും.

പറയാനും കേള്‍ക്കാനും
അനങ്ങാനും
കഴിയാത്തവരായി
നാമെത്രനാള്‍,
ഒരേ നില്‍പ്പിലിങ്ങനെ....
പ്രാഗ്‌രൂപങ്ങളായി.....
ഹൊ.....!

9 അഭിപ്രായങ്ങൾ:

 1. നല്ല ആശയവും വരികളും.അപ്പോള്‍ പറയേണ്ടതൊക്കെ പറഞ്ഞ് കേള്‍ക്കേണ്ടതൊക്കെ കേട്ടാല്‍ തുവലു പോലെ പറന്നു നടക്കാമായിരിക്കും അല്ലേ.

  മറുപടിഇല്ലാതാക്കൂ
 2. അതേ, പലപ്പോഴും പറയാത്തവ നാമറിയാതെ ഉള്ളില്‍ നാമ്പെടുത്ത്, ഫലമില്ലാത്ത ശിഖരങ്ങള്‍ ഇത്തിളുകള്‍ക്കായ് നിരത്താറുണ്ട്.

  നല്ല കവിത!

  മറുപടിഇല്ലാതാക്കൂ
 3. ആദ്യ സന്ദര്‍ശനം. ബൂലോകത്തില്‍ വായിച്ചിട്ടുണ്ട്‌.മരങ്ങളൊടിത്തിരി പ്രതിപത്തികൂടുതലാണോ? നല്ല ആശയം. നന്നായി പറഞ്ഞിരിക്കുന്നു.'പകര'വും ഇഷ്ടമായി. പക്ഷേ 'ദോശ' എന്തൊ പറയാന്‍ വന്നു എന്തോ പറഞ്ഞു എന്നു തോന്നിച്ചു.

  മറുപടിഇല്ലാതാക്കൂ
 4. വളരെ കൃത്യമായ ചോദ്യം,ജ്യോതീ!
  മരങ്ങള്‍ ഒരു ക്ലീഷേയായി വളരുന്നുണ്ട്.:(
  ഭയങ്കര ഇഷ്ടം :)

  മറുപടിഇല്ലാതാക്കൂ
 5. നല്ല വരികള്‍. പക്ഷെ ഒരു മുറുക്കക്കുറവുണ്ട് കവിതയ്ക്ക്.

  മറുപടിഇല്ലാതാക്കൂ
 6. പറയേണ്ടത് പറയേണ്ടിടത്ത് പറയാനാകതാകുമ്പോള്‍ ഉണ്ടാകാവുന്ന അവസ്ഥയെ നന്നായി ചിത്രീകരിച്ചിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 7. പ്രിയ സുഹൃത്തേ,സനാതനന്‍,
  സ്നേഹാന്വേഷണത്തിന്‌ നന്ദി. ചില സ്വകാര്യ പ്രശ്നങ്ങളും കുറേ യാത്രകളും കാരണം കഴിഞ്ഞ മൂന്ന് മാസം ബൂലോഗമെന്നല്ല, വായനയുടെ ലോകം തന്നെ എനിക്കന്യമായിരുന്നു. ഏതായാലും ഇവിടെയെത്തിയപ്പോള്‍ ആസ്വദിക്കാന്‍ കുറേയധികം കവിതകള്‍ തന്നതിന്‌ നന്ദി.
  കവിതകള്‍ വായിക്കാന്‍ തുടങ്ങിയതേയുള്ളൂ, ഓരോന്നായി വായിച്ച് അഭിപ്രായം എഴുതാം കേട്ടോ.
  ശാസ്ത്രജ്ഞന്‍, കരയുന്ന കല്ലുകള്‍ ഈ കവിതകള്‍ക്ക് കമന്റീട്ടുണ്ടേ.....

  പിന്നെ, താങ്കളുടെ വായനക്കാരുടെ എണ്ണവും ബ്ലോഗുകളുടെ ഏണ്ണം തന്നേയും ഒത്തിരി കൂടിയല്ലോ, വളരെ സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 8. പറയാതിരുന്നാല്‍
  ചില വാക്കുകള്‍,
  ഉള്ളില്‍ കിടന്ന് മുളയ്ക്കും.

  അതെ, പറഞ്ഞുകഴിഞ്ഞാല്‍ സുഖം സ്വസ്തം

  നന്നായി..
  :)

  മറുപടിഇല്ലാതാക്കൂ
 9. ആപ്പിളേ താങ്കള്‍ തിരിച്ചുവന്നതില്‍ സന്തോഷം.വാത്മീകിക്കും ധ്വനിക്കും വല്യമ്മായിക്കും വി.പി മുരളീധരനും ഒക്കെ ആ സന്തോഷം പതിച്ചു നല്‍കുന്നു. :)

  മറുപടിഇല്ലാതാക്കൂ