27/12/07

വിരസതക്ക് വിശക്കുമ്പോള്‍


ഇന്നലെ സംഭവിച്ചതു മാത്രമേ ഇന്നും സംഭവിക്കുകയുള്ളു എന്ന ബോധം ജീവിതത്തെ ട്രാഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ വര്‍ഷങ്ങളായി തുരുമ്പിച്ചു കിടക്കുന്ന വിലപിടിപ്പുള്ള വാഹനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാക്കി വെളുപ്പിച്ചുകളയുന്നു.ഇന്നലെയുടെ തനിയാവര്‍ത്തനമാണ് ഇന്നും എങ്കില്‍പ്പിന്നെ നമുക്ക് പ്രത്യേകിച്ച് ഒരു “ഇന്ന് “എന്തിനാണ് ?
നാളെ എന്ന ആവര്‍ത്തനത്തിന്റെ വിരസതാബോധം ഉളവാക്കുന്ന ശക്തവും നിഷേധാത്മകവുമായ പിടിവലിയെ ശാന്തമായി അതിജീവിച്ചുകൊണ്ട് നാം നാളെയിലേക്ക് കാത്തിരിക്കുന്നതെന്തിനാണ്?
"എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍” ‍
എന്ന ഒരു വരികൊണ്ട് ലാപുടയുടെ വിരസത എന്ന കവിത പ്രസക്തമായ ഇത്തരം ചോദ്യങ്ങളുടെ കൂര്‍ത്ത ഒരു പ്രതലത്തിലാണ് വായനക്കാരനെ എടുത്തുപൊക്കി നിര്‍ത്തുന്നത് .അരിയും ഉഴുന്നും ചേര്‍ത്ത് അരിദോശ എന്നു പറയുന്നതും ഉഴുന്നും അരിയും ചേര്‍ത്ത് ഉഴുന്നുദോശ എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസമല്ലാതെ,എഴുത്തച്ഛന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്നപേരുമാറ്റംകൊണ്ട് എന്തുവ്യത്യാസമാണ് സംഭവിക്കുന്നത്?എഴുത്തച്ഛന്‍ മെമ്മോറിയലായാലും ഷേക്സ്പിയര്‍ മിഷന്‍ ആയാലും എന്താണു വ്യത്യാസം?ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ ഇരുട്ടായി തിലോത്തമയിലേക്ക് നുഴഞ്ഞുകയറുന്ന കുട്ടികള്‍ എന്തു മേന്മയാണ് തരുക?ചോദ്യങ്ങള്‍ നീളുന്നു
“എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍“
എന്ന വരിക്കു ശേഷം വരുന്ന പരസ്പരബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന
“തിലോത്തമ തിയേറ്ററിനകത്ത്
നൂണ്‍ ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം“
എന്ന വരി, ഇടഞ്ഞു നില്‍ക്കുന്ന വാളുകള്‍ സൃഷ്ടിക്കുന്ന സീല്‍ക്കാരം പോലെ സൌന്ദര്യത്തിന്റെ ശക്തമായ മിന്നല്‍ പിണരുകള്‍ ഉണര്‍ത്തുന്നുണ്ട്.അചലിതമായ ജീവിതം കവിയിലും ഒപ്പം കവിത വഴി വായനക്കാരനിലും ഉത്പാദിപ്പിക്കുന്ന നിരാശയെ പ്രതീകവല്‍ക്കരിക്കുകകൂടി ചെയ്യുന്നു ഇങ്ങനെ നട്ടുച്ചക്ക് നുഴഞ്ഞുകയറുന്ന ഈ ഇരുട്ട്.പരസ്പര വിരുദ്ധമായ രണ്ടുദൃശ്യഖണ്ഡങ്ങള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങള്‍ ജനിപ്പിക്കുന്ന ചില വിഖ്യാത ചലച്ചിത്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അടുത്ത ദൃശ്യത്തിലേക്ക് കവി നമ്മെ കട്ടുചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്. “താലൂക്കാപ്പീസില്‍
പി.പി.ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവച്ച മാത്രയില്‍”
എന്തുകൊണ്ടാണ് തീരുമാനമാകാന്‍ ഫയലുകള്‍ ഉച്ചഭക്ഷണസമയം വരെ കാത്തിരിക്കുന്നതും,തീരുമാനത്തിലേക്ക് എന്ന് വ്യാമോഹിപ്പിച്ചുകൊണ്ട് ഉച്ചഭക്ഷണ ഇടവേള എന്ന, ഒരുനിമിഷം പോലും മാറ്റിവയ്ക്കാനാവാത്ത അലിഖിതമായ‘പ്രൊസീജിയര്‍’ ലേക്ക് തുറന്ന് നിരാശയില്‍ അടയുകയും ചെയ്യുന്നത്?

എന്തുകൊണ്ടാണ് മോഷണക്കേസുകള്‍ മുതല്‍ കൊലപാതകക്കേസുകള്‍ വരെ ഇങ്ങനെ ഉച്ചഭക്ഷണ
ഇടവേളകളില്‍ അനുഷ്ഠാനം പോലെ നിരന്തരം തുറന്നടഞ്ഞുകൊണ്ട് തീരുമാനമാകാതെ നീളുന്നത്?
കഴിഞ്ഞ സര്‍ക്കാരുകള്‍ തുറന്നടച്ച ഫയലുകള്‍ എല്ലാം ഈ സര്‍ക്കാരും വരാന്‍ പോകുന്ന സര്‍ക്കാരുകളും ഉച്ചഭക്ഷണം എന്ന കോട്ടുവായയുടെ അകമ്പടിയോടെ തുറക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?

ചോദ്യങ്ങള്‍...ഉത്തരമില്ലാത്ത നൂറു നൂറുചോദ്യങ്ങള്‍....
ചോദ്യങ്ങള്‍ക്ക് ഒരേയൊരു പ്രത്യേകതയേ ഉള്ളു
ഉത്തരമില്ലാതാകുമ്പോള്‍ മാത്രമാണ് അവ പ്രസക്തമാകുന്നത്.!

ലാപുട അവിടെയും നമ്മെ നിര്‍ത്തുന്നില്ല പൊടുന്നനെയുള്ള ഒരു കട്ടിങ്ങിലൂടെ നമ്മെ മുറിച്ചെടുത്ത്,
പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
(ഇതുവരെ പുറപ്പെടാത്ത)
ജെ.കെ ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡ് വിടണം എന്ന്
ഉച്ചഭാഷിണി
കര്‍ക്കശപ്പെടുന്ന ബസ്റ്റാന്‍ഡിലാണ് കൊണ്ടിടുന്നത്.അപ്പോള്‍ നാം സ്വാഭാവികമായും കാണുന്നത് നമുക്കുമുന്നില്‍ കാലം ചത്തുചീഞ്ഞുകിടക്കുന്നതായും സമൂഹ്യവവസ്ഥിതി എന്ന കൃമികള്‍ ആ ജഡശരീരത്തില്‍ മുങ്ങാംകുഴി കളിക്കുന്നതായുമാണ്. എഴുത്തച്ഛന്‍ മെമ്മോറിയല്‍ എന്ന സ്കൂള്‍ മലയാളം മീഡിയം ആവാം എന്ന സാധ്യതയെ,ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ തിലോത്തമ തിയേറ്ററില്‍ തുണ്ടുപടം കാണിക്കാതിരിക്കാം എന്ന സാധ്യതയെ,പി.പി.ഹരിദാസിന്റെ അപേക്ഷയില്‍ ഒരു തീരുമാനം എടുത്തശേഷം ക്ലാരാ വര്‍ഗ്ഗീസിന് ഉച്ചഭക്ഷണത്തിനുപോകാം എന്ന സാധ്യതയെ,പന്ത്രണ്ട് അമ്പതിനുപുറപ്പെടേണ്ടിയിരുന്ന ബസ് കൃത്യസമയം പാലിക്കാം എന്ന സാധ്യതയെ നിര്‍ണ്ണായകമായ ഒരു അട്ടിമറിയിലൂടെ നിഷ്കരുണം വിരസതയുടെ അവസാനിക്കാത്ത വിശപ്പിന് മുന്നില്‍ എറിഞ്ഞുകൊടുക്കുന്ന ദുഖകരമായ സത്യം വായനക്കാരന്‍ കണ്ടറിയുന്നു.
നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി
എന്ന വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ചരിത്രത്തെയും അതിന്റെ പ്രസക്തിയെയും അല്ല മറിച്ച് ചരിത്രപ്രസക്തി എന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെയാണ്. ജുറാസിക് പാര്‍ക്കിലെ വിശന്നുവലഞ്ഞ് തലകുലുക്കി നില്‍ക്കുന്ന ദിനോസറിന് മുന്നില്‍ പെട്ടുപോയ കാഴ്ചക്കാരുടെ വാഹനം നിന്നിടത്തു നിന്ന് നീങ്ങുന്നില്ല എന്ന തിരിച്ചറിവുണ്ടാക്കുന്ന ഞെട്ടല്‍ പോലെ,എല്ലാ ദിവസവും എനിക്കു വിശപ്പടക്കാന്‍ നിങ്ങളില്‍ നിന്നും ഒരാള്‍ വന്നുകൊള്ളണം എന്ന് പ്രഖ്യാപിച്ച് കിടന്നുറങ്ങുന്ന പുരാണ കഥയിലെ രാക്ഷസന്‍ വിശപ്പുകൊണ്ട് ഉണരാന്‍ തുടങ്ങുമ്പോള്‍ ഇരയായ മനുഷ്യനുണ്ടാകുന്ന ഞെട്ടല്‍പോലെ ഭീകരമായ ഒരു ഞെട്ടല്‍ നമ്മെ അനുഭവിപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.


തിരഞ്ഞെടുക്കപ്പെട്ട വാക്കുകളുടെ പളുങ്കുകള്‍ കൊണ്ട് കരകൌശല വിദഗ്ദ്ധനെപ്പോലെ മനോഹരമായ കവിതകള്‍ സൃഷ്ടിക്കുന്ന ലാപുട തന്റെ പതിവുശൈലിയില്‍ നിന്നുവിട്ട് സമൂഹത്തിന്റെ കെട്ടചോരയും ചലവും വമിക്കുന്ന കട്ടമാംസം കൊണ്ട് വിരുന്നൊരുക്കിയിരിക്കുകയാണ് ഈ കവിതയില്‍.പതിവില്ലാത്ത വിരുന്നായതിനാല്‍ ദഹനക്കേട് തോന്നിയേക്കാമെങ്കിലും പളുങ്കുമാലയുടെ സൌന്ദര്യത്തില്‍ സ്വയം മറക്കുന്നതിനെക്കാള്‍ നല്ലത് ഈ ദഹനക്കേടില്‍ ഒരല്‍പ്പം ഓക്കാനിച്ച് ശുദ്ധമാകുന്നതായിരിക്കും എന്നെനിക്കു തോന്നുന്നു.

10 അഭിപ്രായങ്ങൾ:

 1. വിരസത വിരാജിക്കുന്ന വ്യത്യസ്തമായ ഇടങ്ങളാണല്ലോ ലാപുട വിവരിക്കുന്നത്. അത്തരം ഇടങ്ങള്‍ക്ക് പരസ്പരബന്ധത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നുവോ?
  എന്താണ് ‘കെട്ടചോരയും ചലവും വമിക്കുന്ന കട്ടമാംസം ’?

  മറുപടിഇല്ലാതാക്കൂ
 2. വായന കാര്യക്ഷമം ആവുന്നതു് എഴുത്തുകാരന്‍ കാണാന്‍ മറന്നവയെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരിക്കണമെന്നു് നിര്‍ബന്ധമില്ലാ‍ത്തതു്, വായനക്കാരന്റെ ഹാലൂസിനേഷനുകള്‍ക്കു് എഴുത്തുകാരന്‍ ബാധ്യസ്ഥനല്ല എന്നതു കൊണ്ടായിരിക്കണം.

  ലാപുട എഴുതിയതും സനാതനന്‍ വായിച്ചതും എന്ന ടൈറ്റിലല്ലാതെ മറ്റൊന്നിതിനു പാകമല്ല എന്നെനിക്കു തോന്നുവാന്‍ കാരണം, ലാപുടയെ തുടക്കം മുതല്‍ക്കുതന്നെ വായിച്ചിരുന്ന എനിക്കു്, ചുറ്റും അക്രമങ്ങള്‍ നടക്കുമ്പോഴും ഉണ്ടുറങ്ങിക്കഴിയുന്ന ആരെയോ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ എന്നതാണു്.സനാതനന്‍ ക്ഷമിക്കുക.

  മറുപടിഇല്ലാതാക്കൂ
 3. പ്രമോദിനേയും ലാപുടയേയും ഉറക്കെ വായിക്കാന്‍ ശ്രമിക്കുന്നവര്‍ മോഹന‌കൃഷ്ണന്‍ കാലടിയുടെ ‘പാലൈസ്’നു വി.സി.ഹാരിസ് എഴുതിയ ആമുഖം/പഠനം ഒരാവര്‍ത്തിയെങ്കിലും വായിക്കേണ്ടതാണ്.

  മറുപടിഇല്ലാതാക്കൂ
 4. പ്രമോദ്,
  വിരസത വിരാജിക്കുന്ന വ്യത്യസ്ത ഇടങ്ങള്‍ വിവരിക്കുമ്പൊഴും സമയത്തിന്റെ ഒരു കാണാച്ചരടുകൊണ്ട് ഈ ഇടങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കാണാന്‍ കഴിയും.
  ഉച്ചഭക്ഷണം സമയവും,നൂണ്‍ ഷോയും,12.50 ഉം എന്റെ ഈ ധാരണയെ സാധൂകരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത് ഇത് കവി ബോധപൂര്‍വ്വം ചെയ്തതാണോ അല്ലയോ എന്നതൊന്നും എന്നെ സംബന്ധിച്ച് ഒരു പ്രശ്നമല്ല.
  (കെട്ട ചോര-ദുഷിച്ച രക്തമാണ്:ശരിയാണ് ആ ക്ലീഷേ വേന്റായിരുന്നു.ക്ഷമിക്കുക)

  സിദ്ധാര്‍ത്ഥന്‍,
  വായനക്കാരന്റെ ഹാലൂസിനേഷനു എഴുത്തുകാരന്‍ ബാധ്യസ്ഥനല്ല എന്നു പറയുന്നതുപോലെ തന്നെ വായനക്കാരനില്‍ ഹാലൂസിനേഷന്‍ ഉണ്ടാക്കുന്ന ഒരു സ്പേസ് അവശേഷിപ്പിക്കുന്നയാള്‍ ആണ് എല്ലായ്പ്പോഴും നല്ല എഴുത്തുകാരന്‍ എന്നുകൂടി പറയാം എന്നു തോന്നുന്നു.വായന എന്നത് എല്ലായ്പ്പോഴും എഴുതിയതിന്റെ പാതിയെ വായിച്ചവന്‍ എഴുതിപ്പൂര്‍ത്തിയാക്കുന്ന പ്രക്രിയയാഇട്ടാണ് എന്റെ തോന്നല്‍.അതുകൊണ്ടുതന്നെ ഒരേ കൃതിക്കുതന്നെ വ്യത്യസ്തമായ നിരവധിവായനകള്‍ ഉണ്ടാകുന്നത്.ലാപുട എഴുതിയതും സനാതനന്‍ വായിച്ചതും എന്ന വ്യക്തമായി തിരിക്കാവുന്ന ഇടങ്ങളായി വായനയും കൃതിയും മുറിഞ്ഞുകിടക്കുന്നു എങ്കില്‍ തീര്‍ച്ചയായും വായനക്കാരന്റെ കുഴപ്പമാണ്.അത് തുറന്നു പറയുമ്പോള്‍ ക്ഷമാപണത്തിന്റേതായ കാര്യമൊന്നുമില്ല പക്ഷേ അതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞാല്‍ എന്റെ വായന മെച്ചപ്പെടുകയൊന്നുമില്ലെങ്കിലും കുറച്ചുകൂടി അടുത്തുനില്ക്കുന്ന ഒരു വായനക്ക് അത് കളമൊരുക്കിയേക്കാം.അതുകൊണ്ട് ക്ഷമാപണം എന്ന വാക്കിനുപകരം കൃത്യമായ ഒരാക്രമണം ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.

  പെരിങ്ങോടന്‍,
  മോഹന‌കൃഷ്ണന്‍ കാലടിയുടെ ‘പാലൈസ്’നു വി.സി.ഹാരിസ് എഴുതിയ ആമുഖം/പഠനം ഞാന്‍ കണ്ടിട്ടില്ല.അത് ഉറക്കെയുള്ളവായനക്കുമുന്‍പുള്ള നടപടിക്രമമായി അം‌ഗീകരിക്കുന്നുമില്ല ഞാന്‍.എന്റെ വായന ഒരു കൃതിയെ ഞാന്‍ ആസ്വദിച്ച വഴിയാണ് അതിന് സാഹിത്യതത്വചിന്തകളുടെയും സിദ്ധാന്തങ്ങളുടെയും അകമ്പടിയുണ്ടാവരുതെന്നാണ് എന്റെ ആഗ്രഹം.എന്റെ വായന മികച്ച ഒന്നാണെന്നോ വി സി ഹാരിസ് എന്നെക്കാള്‍ മികച്ച വായനക്കു കഴിവുള്ള ആളല്ലെന്നോ എന്നൊന്നും പറയാന്‍ എനിക്ക് ഭ്രാന്തൊന്നുമില്ല.പക്ഷേ വി സി ഹാരിസിന്റെ ഹൃദയം കൊണ്ടല്ല എന്റെ സിരകളില്‍ ചോരയോട്ടം ഉണ്ടാകുന്നത് അങ്ങനെ ആവരുതെന്നും എനിക്ക് ആഗ്രഹമുണ്ട്.അതുകൊണ്ട് എന്റെ വായനയുടെ പോരായ്മയെ കൃത്യമായി ചൂണ്ടിക്കാണിച്ചുതരാന്‍ അഭ്യര്‍ത്ഥിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 5. ലളിതമായ കവിതയെ അതിലളിതമായി വായിക്കുവാന്‍ കഴിയണം എന്നേ ഉദ്ദേശിച്ചുള്ളൂ (ലാളിത്യം വായനയിലാണ് വേണ്ടത് ചിന്തയിലാണെന്നില്ല). ഹാരിസിന്റെ പഠനം ഞാന്‍ സ്കാന്‍ ചെയ്തു അയച്ചു തരാം.

  മറുപടിഇല്ലാതാക്കൂ
 6. വളരെ സന്തോഷം.എന്റെ ഭാഷയെ ആണോ ഉദ്ദേശിച്ചത്?അതോ വായനയില്‍ കവിതയുടെ സൌന്ദര്യനാവരണം തെറ്റായി നടക്കുന്നു എന്നാണോ?

  മറുപടിഇല്ലാതാക്കൂ
 7. ആസ്വാദനത്തിന്റെ ലാളിത്യത്തെ കുറിച്ചായിരുന്നു. ഭാ‍ഷയില്‍ അപാകതകളൊന്നും തോന്നിയില്ല.

  മറുപടിഇല്ലാതാക്കൂ
 8. നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
  സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc

  മറുപടിഇല്ലാതാക്കൂ
 9. യഥാര്‍ത്ഥത്തില്‍ ആദ്യ വായനയില്‍ എനിക്ക് വഴങ്ങാതെ പോയ ഒരു കവിതയാണിത്. അക്കാര്യം കവിതയ്ക്കുള്ള കമന്റില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

  കവിതയിലും ഇവിടെയും പിന്നീടുവന്ന ചില വായനാനിര്‍ദ്ദേശങ്ങള്‍ കാണുമ്പോള്‍ സനാതനന്‍ സൂചിപ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു വായനക്ക് വഴിയുണ്ട് എന്ന് എനിക്ക് തോന്നുന്നു.

  വിരസമായ , നമ്മുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ‘ഹോ എന്തൊരു കാറ്റ് !’എന്ന കമന്റ് കേട്ടിട്ടില്ലേ. അതിന്റെ മീനിംഗ് യൂ ആര്‍ റ്റോക്കിംഗ് റബ്ബിഷ് എന്നാണ്. ആ കമന്റിന്റെ റഫറന്റുകള്‍ മുഴുവന്‍ വാക്കുകളുടെ ഫ്രെയിമിനു പുറത്താണെന്ന് കാണാം.

  അത്തരത്തില്‍ ഒരു കമന്റ്റായി ഈ കവിതയെ വായിക്കാം എന്ന് തോന്നുന്നു. സാധാരണങ്ങളില്‍ സാധാരണമായ ജീവിത ചിത്രങ്ങളിലേക്ക് ഒരു കോട്ടുവായോടെ നോക്കുന്ന കവി മര്‍മസ്ഥാനത്ത് ഒരു “നിര്‍ണ്ണായകവും
  ചരിത്രപ്രസക്തവുമായ
  ഒരു അട്ടിമറി..” തിരുകിവച്ച് അതുവരെ ശ്രദ്ധയില്‍ പതിഞ്ഞതിനെ ഒക്കെ ചവറ്റുകൊട്ടയിലേക്ക് എറിയുകയല്ലേ?

  വേറേ വല്ല പണിയുമുണ്ടോ എന്ന് നോക്കെടാ മക്കളേ എന്ന് വായനക്കാരോട് പറയുന്ന ഈ പരിഹാസം സാധാരണതകളില്‍ അഭിരമിക്കുന്ന, പുരോഗതിയിലേക്ക് ഒരിക്കലുംകണ്ണോ മനസ്സോ എത്താത്ത നമ്മുടെ രാഷ്ട്രീയ നിഷ്ക്രിയതക്ക് നേരേയല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 10. അയ്യൊ,സനാതനന്റെ ഈ ‘വിരസതയുടെ വിശപ്പ്’ഞാനിപ്പോളാണ് കണ്ടത് കേട്ടൊ.
  നേരത്തേ കണ്ടിരുന്നെങ്കിൽ എന്റെ പോസ്റ്റിൽ മറ്റൊന്ന് എഴുതിയേനെ.

  മറുപടിഇല്ലാതാക്കൂ