പണ്ടു ഞങ്ങള്‍
കുറേ ഗുണ്ടു പിള്ളേര്‍
അണ്ടിയും പുന്നക്കായും
പെറുക്കാന്‍ പോകുമായിരുന്നു.
കോഴികൂവിയാലെണീറ്റ്
തലയിലൊരു തോര്‍ത്തും കെട്ടി
ചുണ്ടിലൊരു പാട്ടും ചുറ്റി
കുട്ടിപ്പട്ടാളം ഒത്തു കൂടും.
അയല്‍പക്കങ്ങളിലെ
തെങ്ങിന്‍തടങ്ങളില്‍
വവ്വാലാടിയിട്ട അണ്ടിയും
പുന്നയ്ക്കയുമാണ് ലക്ഷ്യം.
ഒറ്റയ്ക്കുപോകില്ല ഒരുത്തനും,
തോപ്പില്‍ ഊളന്‍ കാണുമോ
എന്നാണു പേടി.
ഒറ്റക്കില്ലാത്ത ധൈര്യം
ഒത്തുചേര്‍ന്നു വരുത്തി
തോപ്പിലേക്കൊരുമിച്ച്
മാര്‍ച്ചു ചെയ്യും ഞങ്ങള്‍.
എല്ലാത്തിനും ഉണ്ടാകും
ഓരോ വ്യവസ്ഥകള്‍.
ഓരോരുത്തര്‍ക്കും
പെറുക്കാന്‍ ഓരോ തടം.
ഒരു തടം തീര്‍ന്നാലേ
പാടുള്ളു അടുത്ത തടം.
വെളിച്ചം വീഴുമ്പോള്‍
ചുണ്ടിലെ പാട്ടുറയ്ക്കും
തോര്‍ത്തില്‍ നിറയും
അണ്ടിയും പുന്നയ്ക്കായും.
അണ്ടിവേട്ട തീര്‍ത്തും
സമ്പൂര്‍ണ്ണം സമാധാനപരം .
എങ്കിലുമുണ്ടെല്ലായിടത്തും
വ്യവസ്ഥ തെറ്റിക്കുന്ന
മൂരാച്ചികള്‍, തടം തെറ്റിച്ചു
കയറി അണ്ടി മോഷ്ടിക്കുന്ന
ചില ‘അണ്ടിക്കണ്ണന്മാര്‍'.
അതറിഞ്ഞാല്‍ വഴക്കാവും
വക്കാണമാവും
ഒന്നു പറയും
രണ്ടു പറയും
മൂന്നാമതണ്ടിക്കു പറയും
“നിന്റപ്പന്റണ്ടി”.
അണ്ടിക്കുമുന്നേ
“അപ്പന്റണ്ടി”
കാട്ടുതീപോലെ
വീട്ടിലുമെത്തും
തമ്പുരാനേ,
വെളിച്ചം വരുന്നതുവരെ
കണ്ണിനു കണിയും
കാതിനു ഗീതവുമായിരുന്ന
ഒരു പദം എങ്ങനെയാണിങ്ങനെ
വെളിച്ചം വീണപ്പോള്‍
ചീത്തയായതെന്ന്
അമ്മ ചുണ്ടില്‍ തേച്ചുതരുന്ന
കാന്താരിമരുന്ന് നീറുമ്പൊള്‍
ഏങ്ങിയേങ്ങിയാലോചിക്കും.