10/1/08

പൊങ്ങുതടി

ഒരു കണക്കിന്
എല്ലാ ജീവിതങ്ങളും
നീട്ടിവയ്ക്കപ്പെടുന്ന,
തീരുമാനിച്ചുറപ്പിച്ച
വധശിക്ഷകളാണ്.

ഏകതാനമായ
സമയത്തിന്റെ
ശീതീകരണപ്പെട്ടിയില്‍
മരവിപ്പിച്ചു സൂക്ഷിച്ചിട്ടുള്ള
മരണത്തിന്റെ
വിത്തുകോശങ്ങള്‍.

കട്ടിലിന്റെ ആകൃതിയുള്ള
ഈ നിശ്ചലതടാകത്തില്‍
ആരോ എറിഞ്ഞുകളഞ്ഞ
ഒരു പൊങ്ങുതടിക്ക്
അങ്ങനെയൊക്കെയാണ്
അതേക്കുറിച്ച് തോന്നുന്നത്.

9 അഭിപ്രായങ്ങൾ:

 1. ശീതീകരണപ്പെട്ടിയ്ക്കുള്ളിലിരുന്ന്
  ആരാ ചിരിക്കുന്നെ
  ആരാ കലഹിക്കുന്നെ
  ആരാ പ്രേമിക്കുന്നെ
  ആരാ ഒരു പൂ മണക്കുന്നെ
  ആരാ നനഞ്ഞ ഒരു ചുംബനം കവിളില്‍ തന്ന്
  ചുവന്ന കവിളിനെ തണുപ്പിക്കുന്നെ
  ആരാ കെട്ടിപ്പിടിക്കുമ്പൊ ശ്വാസം അമര്‍ത്തി വലിച്ച് മുടിയിലൂടെ വിരലോടിക്കുന്നെ
  ആരാ ചീത്തവിളിച്ച് പൊട്ടിത്തെറിക്കുന്നെ
  ആരാ രണ്ടുതുള്ളി കണ്ണീര്‍
  ആരും കാണാതെ തുടച്ചുകളഞ്ഞ്
  സാരമില്ല എന്നു പറയുന്നെ
  ആരാ പുലരിയുടെ നറുമണം നുകര്‍ന്ന് മുറ്റത്ത് കൈകള്‍ വിടര്‍ത്തി നില്‍ക്കുന്നെ
  ആരാ ഒന്നു നാണിക്കുന്നെ
  ഒന്നു ശപിക്കുന്നെ
  ഒന്നുറക്കെ കരയുന്നെ

  എന്തൊരു ശീതീകരണപ്പെട്ടിയാ അല്ലേ
  ഇതെന്തൊരു പൊങ്ങുതടി :-)

  മറുപടിഇല്ലാതാക്കൂ
 2. പൊള്ളുന്നു..
  ഈ ശീതീകരണപ്പെട്ടിയില്‍.

  മറുപടിഇല്ലാതാക്കൂ
 3. കുറ്റമറ്റ ആശയത്തിന്റെ ആത്മനിറവുള്ള അവതരണം!

  മറുപടിഇല്ലാതാക്കൂ
 4. സനാതനന്‍....
  പുതുവര്‍ഷം......എഴുത്തില്‍ മികവുറ്റ രചനകള്‍
  അഭിനന്ദനങ്ങള്‍


  അറിയുന്നു ഞാന്‍
  ചുറ്റിലായ്‌ നിറഞ്ഞു കവിഞ്ഞ
  ഒരാള്‍കൂട്ടം
  ശ്രദ്ധിക്കപ്പെടാന്‍...തേങ്ങലുകള്‍
  ഉത്തരവാദിത്വം മുതിര്‍ന്നവരില്‍
  മുഴച്ചു നില്‍ക്കുന്നു
  തിന്‍മയില്ല ചൊല്ല്‌വാന്‍
  നന്‍മമാത്രമായ്‌ പുലമ്പുന്നു
  ഇനിയുമേറെ വൈകിയെന്നാല്‍
  മൂക്കത്തും വിരല്‍ വെക്കുമിവര്‍
  എടുത്തുയര്‍ത്തുക...എന്നെ
  താഴ്‌ത്തുക എന്നെ
  ഒരു നിശ്വാസവുമിട്ട്‌ മടങ്ങുക
  ഉറപ്പിക്കാം ഇനി ഞാന്‍
  തിരിക്കെ വരില്ലെന്ന്‌

  നന്‍മകള്‍ നെരുന്നു

  മറുപടിഇല്ലാതാക്കൂ
 5. പോസ്‌റ്റു കവിതയും
  കമന്റു കവിതകളും
  അടിച്ചു പോളിക്കുകയാണല്ലോ
  നന്മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 6. അനിവാര്യമായ എന്തിനെയും ന്യായീകരിച്ച്‌ ത്രപ്തിയടയാനുള്ള മനുഷ്യവ്യഗ്രത.

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍2008, ജനുവരി 11 3:32 AM

  ജീവന്‍ എന്ന വാക്കില്‍ ആരും കാണാത്ത ഒരു ചുഴുപ്പുണ്ടല്ലേ ?

  മറുപടിഇല്ലാതാക്കൂ
 8. ജീവകോശങ്ങള്‍
  ശീതീകരിച്ചുസൂക്ഷിയ്ക്കുന്നതുപോലെ
  മരണകോശങ്ങളും...
  ഓര്‍മ്മപ്പെടുത്തിയതിനു സന്തോഷം!

  മറുപടിഇല്ലാതാക്കൂ