പുഴകുളി

ഇരുട്ടുള്ള രാത്രിയില്‍
പുഴയില്‍ കുളിക്കുന്നത്‌
ശീലമായിരുന്നു.
ഇരുട്ടു കനത്താല്‍
ഈരിഴയന്‍ തോര്‍ത്തും ചുറ്റി
പുഴയിലേക്ക്‌ നടക്കും.

പുഴയിലേക്കുള്ള വഴിയില്‍
പകലുപോലെ ചില
പട്ടിണികള്‍
കക്കാനിറങ്ങുന്നുണ്ടാവും
പലവുരു പാടിയിട്ടും
തീരാത്ത പ്രണയം
ചില കാമുകന്മാര്‍
പതിയെപ്പാടുന്നുണ്ടാവും
കൂമനും കാട്ടുകോഴിയുമത്‌
മൂളിമുഴുമിപ്പിക്കുന്നുണ്ടാവും.
മിന്നാമ്മിന്നികള്‍ക്കൊപ്പം
ബീഡിവെളിച്ചങ്ങളും
പാറിനടക്കുന്നുണ്ടാവും
മുഖം കാണാത്ത പുഞ്ചിരികള്‍
കുശലം ചോദിക്കുന്നുണ്ടാവും
പുഴയിലേക്കുള്ളവഴിയില്‍
വെട്ടത്തിന്റെ പാല്‍പ്പാടയുണ്ടാവും.

പുഴക്കരയിലെത്തിയാല്‍
ചെരുപ്പുമുതല്‍
അടിയുടുപ്പുവരെ
മുഷിഞ്ഞുനാറുന്ന നഗ്നതകള്‍
ഊരിവച്ച്‌ വെള്ളത്തിലോട്ട്‌
ബ്ലും എന്നുചാടും
തമിഴത്തിപ്പെണ്ണുങ്ങള്‍
ചേലചുറ്റുന്നപോലെ
പുഴയെ കരയോട്‌ കരപിടിച്ച്‌
കുടഞ്ഞ്‌ ഞൊറിഞ്ഞുടുക്കും
തണുപ്പിന്റെ വരാലുകള്‍
ഉരുമ്മി നീന്താന്‍ തുടങ്ങും

പുഴയുടുത്തും കൊണ്ട്‌
വെളുക്കുവോളം
ഇരുട്ടില്‍ത്തന്നെ
നിന്നാലെന്തെന്ന് തോന്നും
വരാലുകള്‍ കൊത്തിപ്പറിക്കുമ്പൊള്‍
കരകയറി നടക്കും.

ഒരുനാള്‍ അബദ്ധത്തില്‍
പുഴയെ ഉടുത്ത്
പെരുവഴിയേ നടന്നു
ഏതോ വേട്ടക്കാരന്റെ
വെളിച്ചത്തിനു മുന്നില്‍പെട്ടു
എന്തുകൊണ്ടോ അവനെന്നെ
കൊല്ലാതെ വിട്ടു.

അവന്റെ കയ്യില്‍
തോക്കും നോക്കും ഉണ്ടായിരുന്നു
എനിക്കോ നാക്കില്ലാത്തൊരു
വാക്കുമാത്രവും.