അച്ഛന്റെ ഉമ്മ

എത്ര ശ്രമിച്ചിട്ടും
അച്ഛന്‍ എന്നെ
ഏറ്റവും ഒടുവില്‍
ഉമ്മവച്ചതെന്നാണെന്ന്
ഓര്‍മ്മ കിട്ടുന്നില്ല.

ഒരുപക്ഷേ
എനിക്ക്‌ മീശരോമങ്ങള്‍
കിളിര്‍ത്തുതൂടങ്ങിയതില്‍ പിന്നെ
അദ്ദേഹം സാധാരണ
ചെയ്യാറുള്ള പോലെ,
ഞാന്‍ ഉറങ്ങിയെന്ന്
ഉറപ്പുവരുത്തിയശേഷമാവും
അത്‌ ചെയ്തിട്ടുണ്ടാവുക

പതിവുപോലെ
രാത്രിവൈകി
പുകയില മണമുള്ള ചുണ്ടുകള്‍
എന്റെ കവിളിലും നെറ്റിയിലും
പുരളുന്നതും
കുരുടന്‍ നഖമുള്ള
മുരട്ടു വിരലുകള്‍
എന്റെ മുടിയിഴ വകയുന്നതും കാത്ത്‌
ഉറക്കം നടിച്ച്‌
ശ്വാസം പിടിച്ച്‌ കിടന്നിരുന്ന ഞാന്‍
അപ്രതീക്ഷിതമായി
ഏതോ നശിച്ച ഉറക്കത്തിന്റെ
നീലച്ചുഴിയിലേക്ക്‌
പിരിഞ്ഞ്‌ പോയിട്ടുണ്ടാകാം

പിന്നീട് ഞാന്‍
വെണ്ടക്കപോലെ മുറ്റി
വിത്തിനും കൊള്ളാതാവുകയും
വയസ്സന്‍ കാഞ്ഞിരം പോലെ അദ്ദേഹം
വിറകിനും കൊള്ളാതാവുകയും ചെയ്തു.

അതുകൊണ്ടാവാം
ചരിത്രത്തില്‍ രേഖപ്പെടുത്താത്ത
വമ്പിച്ച പ്രളയങ്ങള്‍പോലെ
മുങ്ങിയ കൊട്ടാരങ്ങളെക്കുറിച്ചുള്ള
കെട്ടുകഥകളും
ഒലിച്ചുപോയ അടുക്കളപ്പാത്രങ്ങളുടെ
അഭ്യൂഹങ്ങളും മാത്രമായി
ഞാന്‍ അച്ഛന്റെ ഒടുവിലത്തെ
ഉമ്മയെ ഭാവന ചെയ്യുന്നത്‌.