23/3/08

അച്ഛന്റെ ഉമ്മ

എത്ര ശ്രമിച്ചിട്ടും
അച്ഛന്‍ എന്നെ
ഏറ്റവും ഒടുവില്‍
ഉമ്മവച്ചതെന്നാണെന്ന്
ഓര്‍മ്മ കിട്ടുന്നില്ല.

ഒരുപക്ഷേ
എനിക്ക്‌ മീശരോമങ്ങള്‍
കിളിര്‍ത്തുതൂടങ്ങിയതില്‍ പിന്നെ
അദ്ദേഹം സാധാരണ
ചെയ്യാറുള്ള പോലെ,
ഞാന്‍ ഉറങ്ങിയെന്ന്
ഉറപ്പുവരുത്തിയശേഷമാവും
അത്‌ ചെയ്തിട്ടുണ്ടാവുക

പതിവുപോലെ
രാത്രിവൈകി
പുകയില മണമുള്ള ചുണ്ടുകള്‍
എന്റെ കവിളിലും നെറ്റിയിലും
പുരളുന്നതും
കുരുടന്‍ നഖമുള്ള
മുരട്ടു വിരലുകള്‍
എന്റെ മുടിയിഴ വകയുന്നതും കാത്ത്‌
ഉറക്കം നടിച്ച്‌
ശ്വാസം പിടിച്ച്‌ കിടന്നിരുന്ന ഞാന്‍
അപ്രതീക്ഷിതമായി
ഏതോ നശിച്ച ഉറക്കത്തിന്റെ
നീലച്ചുഴിയിലേക്ക്‌
പിരിഞ്ഞ്‌ പോയിട്ടുണ്ടാകാം

പിന്നീട് ഞാന്‍
വെണ്ടക്കപോലെ മുറ്റി
വിത്തിനും കൊള്ളാതാവുകയും
വയസ്സന്‍ കാഞ്ഞിരം പോലെ അദ്ദേഹം
വിറകിനും കൊള്ളാതാവുകയും ചെയ്തു.

അതുകൊണ്ടാവാം
ചരിത്രത്തില്‍ രേഖപ്പെടുത്താത്ത
വമ്പിച്ച പ്രളയങ്ങള്‍പോലെ
മുങ്ങിയ കൊട്ടാരങ്ങളെക്കുറിച്ചുള്ള
കെട്ടുകഥകളും
ഒലിച്ചുപോയ അടുക്കളപ്പാത്രങ്ങളുടെ
അഭ്യൂഹങ്ങളും മാത്രമായി
ഞാന്‍ അച്ഛന്റെ ഒടുവിലത്തെ
ഉമ്മയെ ഭാവന ചെയ്യുന്നത്‌.

25 അഭിപ്രായങ്ങൾ:

 1. ഓര്‍മ്മയില്ല.

  പക്ഷേ മടിയില്‍ കയറിയിരുന്ന് മീശപിരിച്ചതും വലംകാല്‍ വിറപ്പിക്കുന്ന താളത്തിലാടിയതും ഓര്‍മ്മയുണ്ട്.


  കവിതേ നിനക്കു നന്ദി, ഓര്‍മ്മകളിലേക്ക് കൈപിടിച്ചു നടത്തിയതിന്.

  മറുപടിഇല്ലാതാക്കൂ
 2. നല്ല കവിത.... ഓര്‍മ്മകളിലേക്ക് തിരികെ ചെന്ന പോലെ...നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. എത്ര ശ്രമിച്ചിട്ടും
  അച്ഛന്‍ എന്നെ
  ഏറ്റവും ഒടുവില്‍
  ഉമ്മവച്ചതെന്നാണെന്ന്
  ഓര്‍മ്മ കിട്ടുന്നില്ല.
  ..
  ഞാനും ഒന്ന് ഓര്‍ത്ത് നോക്കി. ഇല്ല ഒരു രക്ഷയുമില്ല.
  അടിപൊളി കവിത..
  സസ്നേഹം
  ചിതല്‍

  മറുപടിഇല്ലാതാക്കൂ
 4. എനിക്കു മുന്നെ നടന്ന ഞാനോ എനിക്കു പിന്നില്‍ നടക്കുന്നവന്റെ ഞാനോ അച്ഛന്‍....

  അച്ഛനെ ഞാന്‍ ഉമ്മവെച്ചിട്ടില്ല......

  മറുപടിഇല്ലാതാക്കൂ
 5. എനിക്കോര്‍മ്മയുണ്ട് അച്ഛന്റെ തോളില്‍ കയ്യിട്ട് വണ്ടിയിലേക്ക് കയറിയത്.
  :(

  നജൂസ് ലാപൂടയുമായി മിക്സുചെയ്തല്ലോ!

  മറുപടിഇല്ലാതാക്കൂ
 6. നന്നായിരിക്കുന്നു.
  ഓര്‍മ്മകളിലേക്കു കൂട്ടികൊണ്ടു പോയി...
  ഒന്നും ഓര്‍ക്കാന്‍ കഴിയാതെ പോയി :(
  -സുല്‍

  മറുപടിഇല്ലാതാക്കൂ
 7. ഓര്‍മ്മകളിലേക്കു തിരിച്ചു നടത്തിയ കവിത...
  ഓര്‍ത്തിരിക്കാത്തൊരാ ഉമ്മകളൊക്കെ-
  യെന്നിടനെഞ്ചിലെരിയാത്ത കനലായൊടുങ്ങിയേന്‍
  കത്താതെ അങ്ങനെ തന്നെയൊടുങ്ങണേ...
  കത്തിയെന്നാലോ ദഹിക്കുമതിനൊപ്പം,
  അച്ചനാണിന്നു ഞാനെന്നതു കാരണം.

  മറുപടിഇല്ലാതാക്കൂ
 8. 12-ആം വയസ്സില്‍ ഒരു ശനിയാഴ്ച ട്യൂഷന്‍ വേണ്ടി രാവിലെ ഇറങ്ങിയ വഴി ചൂണ്ടയിടാന്‍ പോയി, ഉച്ചയ്ക്കുണ്ണാന്‍ ചെല്ലാതെ, ഉച്ച കഴിഞ്ഞുള്ള കഥകളി ക്‍ളാസിന്‍ പോകാതെ വൈകുന്നേരം വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അച്ഛന്‌റെ കൈയില്‍ നിന്ന് പൊതിരെ കിട്ടി അടി. പൊട്ടിയ കാലുമായി ലോകത്തോട് തന്നെ പിണങ്ങിക്കിടന്നപ്പോള്‍ എല്ലാ പിണക്കവും ഒരു കുറ്‌റബോധത്തിലേക്ക് നനയിച്ചു കൊണ്ട് കവിളില്‍ കിട്ടിയ അച്ഛന്‍‌റെ ഉമ്മ... ഓര്‍മ്മ വച്ചതില്‍ പിന്നെ കര്‍ക്കശക്കാരനായ സ്നേഹനിധിയായ അച്ഛനില്‍ നിന്നും ആദ്യം കിട്ടിയ ഉമ്മ... ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം...

  മറുപടിഇല്ലാതാക്കൂ
 9. സനല്‍ നല്ല കവിതയായി ഇത്.വളര്‍ച്ചയുടെ ഏതു ഘട്ടത്തില്‍ ഏതു ദിവസം അച്ഛന്‍/അമ്മ മകന്/മകള്‍ക്ക് നല്‍കുന്ന ഉമ്മ മടിയോടെ വേണ്ടെന്നു വെക്കാന്‍ തുടങ്ങുന്നത്?മരിച്ചാലും കൊടുക്കാനാവില്ല ചില അച്ഛന്മാര്‍ക്ക് മകനൊരുമ്മ.അവരെ എന്തോ തടുക്കുന്നു.അടുത്ത നാള്‍ ഒരു കൂട്ടുകാരന്‍ മരിച്ചു. അമ്മയും സഹോദരിമാരും അവന്റെ ശരീരത്തിനടുത്തിരുന്ന് അലമുറയിട്ടു.അച്ഛന്‍ ദൂരെ മാറി നിന്നു.എല്ലാ സങ്കടങ്ങളും അകത്ത് വെച്ച് ഒന്ന് കരായാന്‍ പോലും പറ്റാതെ...

  മറുപടിഇല്ലാതാക്കൂ
 10. നിശബ്ദമായി കരയുന്ന അച്ഛനെ ഏതു വാക്കുകൊണ്ടു ഞാന്‍ എന്നെ തളച്ചിടും.....
  കരയാതെ വയ്യ....

  മറുപടിഇല്ലാതാക്കൂ
 11. കാര്യം അച്ഛനെന്നെ അടിച്ചതും വഴക്കു പറഞ്ഞതുമെല്ലാം ഓര്‍ക്കുന്നുണ്ട് പക്ഷെ ഉമ്മതന്നത് ഓര്‍ക്കുന്നില്ല.

  മനസ്സിലായ ഒരു കവിത..!

  മറുപടിഇല്ലാതാക്കൂ
 12. രേഖപ്പെടുത്താത്ത പ്രളയങ്ങള്‍!രേഖപ്പെടുത്തുന്ന ഉമ്മകള്‍..

  മറുപടിഇല്ലാതാക്കൂ
 13. കവിത കൈകാര്യം ചെയ്ത ഉമ്മയില്‍
  ഓര്‍മ്മ കണ്ടെടുത്ത ഉമ്മയുടെ ഉമ്മയില്ലായ്മ.
  (അനുജന്‍മാര്‍ക്കു വാരിക്കോരിയതില്‍ എനിക്കു കിട്ടാത്തൊരു‍ ഉമ്മ)

  മറുപടിഇല്ലാതാക്കൂ
 14. ഒര്‍മ്മകള്‍ കണ്ണു നിറച്ചു കളഞ്ഞു.. നന്നായി സംവദിക്കുന്ന ഒരു കവിത.. ആര്‍ക്കും മുഖം നോക്കാവുന്ന ഒരു കണ്ണാടി പോലെ.. നന്ദി..

  മറുപടിഇല്ലാതാക്കൂ
 15. എഴുപതാം വയസ്സില്‍ ഈയിടെ ആയി വര്‍ഷത്തില്‍ ഒരിക്കലോ മറ്റും കണ്ടു മടങ്ങുമ്പോള്‍ ഉമ്മ തരാന്‍ അച്ഛനും ഉമ്മ വാങ്ങാന്‍ എനിക്കും മടിയില്ല. കവിത ഇഷ്ടപ്പെട്ടു. ഓര്‍മ്മകളെ ഉണര്‍ത്തി....

  മറുപടിഇല്ലാതാക്കൂ
 16. കാണുമ്പോഴൊക്കെ ഉപ്പ എന്നെ ഇപ്പോഴും ഉമ്മവെക്കാറുണ്ട്.
  ഓര്‍മപ്പെടുത്തലിന്റെ വരികള്‍ക് നന്ദി

  “പിന്നീട് ഞാന്‍
  വെണ്ടക്കപോലെ മുറ്റി
  വിത്തിനും കൊള്ളാതാവുകയും
  വയസ്സന്‍ കാഞ്ഞിരം പോലെ അദ്ദേഹം
  വിറകിനും കൊള്ളാതാവുകയും ചെയ്തു“

  ഈ വരികള്‍ ആഴ്ന്നു കേറി നോവിക്കുന്നല്ലോ സനാ....

  മറുപടിഇല്ലാതാക്കൂ
 17. മകന്റെ ഉമ്മകിട്ടാതെ നിനക്കു മരിക്കേണ്ടി വരും എന്നാണ് വി പി ശിവകുമാര്‍, കവി അയ്യപ്പനോടു പറഞ്ഞത്.

  മറുപടിഇല്ലാതാക്കൂ
 18. വല്ലാതെ മനസ്സില്‍ തട്ടിയ കവിത...ഇതിനെ പറ്റി വര്‍ണ്ണിക്കാന്‍ ശ്രമിക്കുമ്പോള്‍ വാക്കുകള്‍ അപൂര്‍ണമാവുന്നു...

  മറുപടിഇല്ലാതാക്കൂ
 19. വല്ലാത്തെ ഉലച്ച കവിത. ശരണബോധങ്ങളെക്കുറിച്ച് ഉള്ളുതൊടുന്ന ചോദ്യം.

  - 2006 ലെ നവംബറില്‍ യാത്രപറഞ്ഞിറങ്ങുമ്പോഴും അച്ഛന്റെ ഉമ്മകിട്ടാന്‍ ഭാഗ്യമുണ്ടായ ഒരുത്തന്‍. ഇനിയും അടുത്തയാത്രക്കും അദ്ദേഹമുണ്ടെങ്കില്‍ അതുണ്ടാവും. കുഞ്ഞെന്ന ബോധ്യത്തോടെ ഞാന്‍ പിടിക്കുന്ന ഒരേ ഒരു കയ്യാണത്. അമ്മയുടെ മുന്നിലൊക്കെ ഞെളിഞ്ഞേ നില്‍ക്കാറുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 20. ചങ്ക് കലങ്ങുന്നല്ലോ സനാതനാ!

  മറുപടിഇല്ലാതാക്കൂ
 21. പന്ത്രണ്ടാം വയസ്സിലെ ‘പാര’ പെണ്മക്കളെയും അച്ഛന്റെ ഉമ്മകളില്‍ നിന്നും അകറ്റി നിര്‍ത്താറുണ്ട്.ഈ കവിതയുടെ ലിങ്ക് ഞാന്‍ എന്റെ അനിയന് അയച്ചു കൊടുക്കും.അവന്‍ അഛനെ മറന്നു തുടങ്ങിയെന്നു തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 22. കഴിഞ്ഞ വര്‍ഷം, ഒരവധിക്ക്, അച്‌ഛന്റെ കൈ‌യില്‍ തറഞ്ഞമുള്ളൊന്നെടുക്കുവാന്‍ ആ കൈ‌യില്‍ തൊട്ടു...വര്‍ഷങ്ങള്‍ക്കു ശേഷം. കറണ്ടടിക്കുന്നതു പോലെ തോന്നി..

  തീക്ഷ്ണതയുള്ള കവിത.

  മറുപടിഇല്ലാതാക്കൂ
 23. പാമരന്റെ ഒരു കമന്റ് ആണ്
  ഇന്നു എന്നെ ഇവിടെ എത്തിച്ചത്
  വളരെ നന്നായി പകര്‍‌ത്തിയിരിക്കുന്നു
  ഓര്‍മ്മ (അതൊ ഓര്‍മ്മയില്ലായ്മയൊ?)
  ആശ്മ്സകളോടെ മാണിക്യം

  മറുപടിഇല്ലാതാക്കൂ