ദൈവശാസ്ത്രം

ഞാനൊരു തികഞ്ഞ
ദൈവഭക്തനാണ്
ഭക്തികൊണ്ട്,
എന്നെക്കുറിച്ചുള്ള
എല്ലാ ആധികളില്‍ നിന്നും
എനിക്ക് മുക്തികിട്ടി
എന്നെക്കുറിച്ചിപ്പോള്‍
എനിക്ക് ആധികളേയില്ല
എല്ലാ ആധികളും
ദൈവത്തെക്കുറിച്ചോര്‍ത്താണ് !

സമാധാനമാണ്
എന്റെ മതം
സമാധാനമാണത്രെ
അവന്റെ മതവും
ഒരേ സ്ഥലത്ത്
ഒരേ സമയം
രണ്ട് സമാധാനങ്ങളെന്തിന്?
അതാണിപ്പോള്‍ ആകെ
ഒരസമാധാനം !

ശാന്തി ശാന്തി എന്നാണ്
അവരുടെ മന്ത്രം
ശാന്തി ശാന്തി എന്നുതന്നെ
ഞങ്ങളുടെ മന്ത്രവും
അവരുടെ ഭാഷയില്‍
അവരും
ഞങ്ങളുടെ ഭാഷയില്‍
ഞങ്ങളും
ശാന്തി ശാന്തി എന്ന്
പറയുമ്പോഴാണ്
എല്ലാം അശാന്തമാകുന്നത്!