ചെമ്പരത്തി
ജനിച്ചനാള്‍ മുതല്‍
തൊടിയിലെ ചെമ്പരത്തി
അവിടെത്തന്നെ നില്‍ക്കുന്നു
പൂക്കുന്നു പൊഴിയുന്നു,
കായ്ച്ചിട്ടില്ലിതേവരെ.

ആഴത്തിലുള്ളവേരില്ല
ആകാശത്തിലില്ല ചില്ലകള്‍
ആരും കൊതിക്കും മണമില്ല
അഞ്ചിതളില്‍ ഒരു പുഞ്ചിരി.

ഊരുചുറ്റി പടര്‍ന്നില്ല
ഉള്‍ക്കാമ്പില്‍ കരുത്തില്ല
മഴയില്‍ ചായ്ഞ്ഞതും
വെയിലില്‍ തളര്‍ന്നതുമല്ലാതെ
തീക്ഷ്ണമായൊരനുഭവത്തിന്റെ
കനവുമില്ലാത്ത കുറ്റിച്ചെടി.

ഇലയിലാരും തുഴഞ്ഞിട്ടില്ല
പ്രളയത്തിന്റെ വിസ്താരം
ചുവട്ടിലില്ല പ്രബുദ്ധമാകും
വിശ്വപ്രണയത്തിന്റെ തണല്‍,
പുലരിതോറും പൂക്കാലം
പോറ്റി നില്‍ക്കുന്നുവെന്നല്ലാതെ
പറയുവാനില്ല പെരുമകള്‍.

കായ്ക്കുകില്ല എന്നുകാലം
ആവര്‍ത്തിച്ചു തോല്‍പ്പിച്ചിട്ടും;
പേരിനെങ്കിലും ഒരു ഫലം
കാട്ടുവാനില്ല നിനക്കെങ്കിലും
ദിനം തോറുമിപ്പൊഴും
പൂക്കുന്നതെന്തേ ചെമ്പരത്തീ
ഏതു ദര്‍ശനത്തിന്റെ
അമ്ലമാനം വിളിച്ചോതും
ലിറ്റ്മസ്‌പേപ്പറാകുന്നു നീ....


*ജൂണ്‍ 2008 തര്‍ജ്ജനിയില്‍ വന്നത്