2/8/08

അതിഥി

ചൊവ്വയിൽ നിന്നോ,ശനിയിൽ നിന്നോ
എന്നുറപ്പില്ല,ഒരന്യഗ്രഹ ജീവി
ഇന്നലെ രാത്രി പന്ത്രണ്ടിനും
പുലർച്ചെ അഞ്ചിനുമിടക്കെപ്പൊഴോ
വീട്ടിൽ വന്നു കയറി.

അലഞ്ഞ് തളർന്ന മട്ടിൽ
വാതിലിൽ ദുർബലമായി മുട്ടി
“വിശക്കുന്നു മനുഷ്യാ
വല്ലതും തരണേ” എന്ന് യാചിച്ചു.

വർഷങ്ങളുടെ വിയർപ്പ് നാറ്റം
സഹിക്കവയ്യാതെ
കുളിച്ച് ശുദ്ധമായിട്ട് വരൂ
എന്ന് ഞാനവന്/അവൾക്ക്/അതിന്
കുളിമുറിയുടെ വാതിൽ ചൂണ്ടിക്കൊടുത്തു.

പാചകം ചെയ്യാനാകുന്ന
എല്ലാസ്വപ്നങ്ങളും പെറുക്കിയിട്ട്
ചീഞ്ഞഭാഗങ്ങൾ മുറിച്ച് കളഞ്ഞ്,
ഞാൻ നല്ലൊരുറക്കം
കുറുക്കിയെടുത്തു.

വിളിച്ചിട്ടും വിളിച്ചിട്ടും വരാത്തതുകൊണ്ട്
കുളിച്ചിട്ടും കുളിച്ചിട്ടും തീർന്നില്ലേ
എന്ന് ശകാരിച്ച്
വാതിൽ തള്ളിത്തുറന്നപ്പോൾ
ഒലിച്ചുകൊണ്ടിരുന്ന നിലത്തൊക്കെ
അലിയാൻ ബാക്കിയായ
പരലുകൾ മാത്രം കണ്ടു.

വിയർപ്പിന്റെ മണമായിരുന്നു അതിന്
വിരൽ മുറിയുമ്പോൾ
നുണഞ്ഞാലുണ്ടാകുന്ന രുചിയും,
അവൻ,അല്ല അവൾ,അല്ല അത്
അലിഞ്ഞ് പോയിരുന്നു
വായനക്കാരേ.

10 അഭിപ്രായങ്ങൾ:

 1. അലിഞ്ഞു പോയി.. വിയര്‍പ്പു പരലുകള്‍ മാത്രം ബാക്കി.. :)

  മറുപടിഇല്ലാതാക്കൂ
 2. :) കുളിപ്പിച്ച് കുളിപ്പിച്ച് അന്യഗ്രഹജീവിയെ ഇല്ലാതാക്കി അല്ലേ :-)

  മറുപടിഇല്ലാതാക്കൂ
 3. അലിയാന്‍ ബാക്കിയായ പരലുകള്‍ക്ക് വിയര്‍പ്പിന്റെ ഗന്ധവും രക്തത്തിന്റെ രുചിയും..? ഒരു ക്ലൂ തന്ന് സഹായിക്കണേ മാഷേ..

  മറുപടിഇല്ലാതാക്കൂ
 4. കുളിപ്പിച്ച്,കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കി എന്ന് കേട്ടിട്ടേയുള്ളൂ..ഇതിപ്പോ കണ്ടു.

  മറുപടിഇല്ലാതാക്കൂ
 5. പ്രിയപ്പെട്ട എം.എം.ആർ,കവിത മനസിലാക്കാൻ ശ്രമിക്കാതിരുന്നാൽ മതി,ക്ലൂ തന്ന് ഉത്തരം പറയിക്കുന്ന കടങ്കഥയാവണ്ട,എന്റെ ഒരു പ്രാന്തെന്ന് കരുതിയാൽ മതി :)
  കുളിപ്പിച്ചില്ലാതാക്കിയതല്ല സിമീ കുളിച്ചില്ലാതായതാ
  യൂണിവേഴ്സൽ സോൾവന്റിൽ :)
  ഗുപ്താ,പാമരരേ,ഭൂമീ പുത്രീ,സജീ,സ്മിതാ ആദർശ് സന്തോഷം.

  മറുപടിഇല്ലാതാക്കൂ
 6. അയാഥാര്‍ത്ഥ്യത്തിന്റെ അന്യഗ്രഹത്തില്‍ നിന്നും വന്ന ഈ അതിഥിയെ ഇഷ്ടമായി.യുക്തിയുടെ നേര്‍രേഖ തെറ്റിക്കുന്ന കവിതയുടെ ഈ അലിയലും.കുറുക്കിയതില്‍ ബാക്കിയുണ്ടെങ്കില്‍ എടുത്തു വച്ചേക്കണേ ഞാന്‍ വരാം.കുറെ നാളായി ഇത്രയും രുചിയുള്ള ഉറക്കത്തെ അറിഞ്ഞിട്ട്‌

  മറുപടിഇല്ലാതാക്കൂ