അയൽ‌വീട്ടിലേക്കുള്ള വഴികൾ


എല്ലാവഴികളും ഉള്ളിലേക്ക് വലിച്ചു ചുരുട്ടി
ഞങ്ങൾ വാതിലടച്ചു.
ഇനിയിങ്ങോട്ടാരും വരണ്ട
ഞങ്ങളെങ്ങോട്ടും പോകുന്നുമില്ല.
ഉള്ളിലിപ്പോൾ ഞങ്ങൾ,
ഞാനും എന്റെ ഭാര്യയും
ഞങ്ങളുടെ മക്കളും
ഓരോരുത്തരുടെ വഴികളും മാത്രമായി.

മുറ്റം വൃത്തിയായി

വീടിനു പിന്നാമ്പുറത്ത് ചാരം കൊണ്ട് പാത്രം കഴുകിയിരുന്ന മുത്തശ്ശി
ചുവരിൽ ചില്ലിട്ട ചിരിയായി.
പിന്നാമ്പുറത്തെ ചാരം കലങ്ങിയ വെള്ളം വറ്റി,
മുറ്റം വൃത്തിയായി.
കരിവെള്ളത്തിലേക്ക് വേരുവിരുത്തി
മക്കളും ചെറുമക്കളുമായി കുലയൊഴിയാതെനിന്ന പടത്തിവാഴ പട്ടു,
വാഴച്ചോട്ടിൽ മുളച്ചുപൊന്തുന്ന മണ്ണിരക്കുരുപ്പും പട്ടു.
എച്ചിൽ വറ്റിലേക്ക് കണ്ണ് കുറുക്കി,
വാഴക്കൈമേൽ തലചെരിച്ചിരുന്ന മുതുമുത്തശി
കർക്കിടകവാവിവിന് ചോറുവിളമ്പി കൊട്ടിവിളിച്ചാൽ പോലും വരാതായി.
കാലം മാറി
കുട്ടികൾ ഞങ്ങൾ മുതിർന്നുപോയി
മുറ്റം വൃത്തിയായി.
മുറ്റം വൃത്തിയായി.

നങ്കൂരം

നിശബ്ദതകൊണ്ട് തുഴഞ്ഞ്
കരയിലൂടെ കപ്പലോടിക്കുകയാണ് ഞാൻ
മുന്നിൽ വെയിലുതട്ടിത്തിളങ്ങുന്നു
പഴയ തകർച്ചയുടെ സ്മാരകങ്ങൾ.

മണൽ വഞ്ചിയിൽ ഊറിനിറയുന്ന കലക്കവെള്ളം പോലെ
ശൂന്യതകളിൽ വന്നുനിറയുന്ന ശബ്ദങ്ങളെ
ഊറ്റിക്കളഞ്ഞ്
കപ്പലോടിക്കുകയാണ് ഞാൻ
മുറ്റത്തൂടെ
മുറികൾക്കുള്ളിലൂടെ
അടുക്കളയിലൂടെ
അടുപ്പുകല്ലുകൾക്കിടയിലൂടെ

ചില്ലകളിൽ നിന്നും കാറ്റ് പോയ വഴിയേ ഇലകൾ
ദുർബലമായി കണ്ണെറിയുമ്പോലെ എന്റെ പായ്മരം
താറാവുകളെന്ന് തടാകത്തെ പറ്റിക്കുന്ന
തൂവലുകൾപോലെ എന്റെയമരം.
കപ്പലോടിക്കുകയാണ് സ്റ്റേജിൽ
ഒരിടത്തും നീങ്ങാതെ
ഉലഞ്ഞുലഞ്ഞ്
കപ്പലായി നടിക്കുന്ന നങ്കൂരം.