17/10/11

"കൊഴപ്പമില്ല"

സദാചാരപരമായ ഒരു ജീവിതം
സമാധാനപരമായി ജീവിക്കുന്ന ഒരാൾ..
നാട്ടുകാരുടെ കണ്ണിൽ അയാളൊരു പുണ്യാളൻ,
വീട്ടുകാരുടെ കണ്ണിൽ സാക്ഷാൽ ദൈവം തന്നെ..
അയാളെക്കണ്ടാൽ എല്ലാവരേയുമ്പോലെ ഇരിക്കും,
അയാൾ എല്ലാവരോടും ചിരിക്കും.
പരന്ന വായനയും
ആഴത്തിലുള്ള അറിവും
ഉയരത്തിൽ വിവേകവുമുള്ളവൻ....
സൗമ്യനാണയാൾ
വിനയാന്വിതൻ...
സത്യവാൻ
സദ്ഗുണസമ്പന്നൻ...
ആരെക്കുറിച്ചും ഒന്നിനെക്കുറിച്ചും
കുറ്റം പറയില്ല, അതാണയാളുടെ നയം...
അയാൾ ഒരു സിനിമ കാണാൻ പോയി എന്നിരിക്കട്ടെ..
എങ്ങനെയുണ്ട് സിനിമ എന്ന് നമ്മൾ ചോദിച്ചാൽ
അയാൾ പറയും "കൊഴപ്പമില്ല"
അയാൾ ഒരു പുസ്തകം വായിച്ചെന്നിരിക്കട്ടെ
എങ്ങനെയുണ്ട് പുസ്തകമെന്ന് ചോദിച്ചാൽ
അയാൾ പറയും "കൊഴപ്പമില്ല"
അയാൾ ഒരു സാധനം വാങ്ങിച്ചെന്നിരിക്കട്ടെ
നമ്മൾ ചോദിക്കും, എങ്ങനെയുണ്ട് സാധനം?
അയാൾ പറയും "കൊഴപ്പമില്ല"
അയാൾ ഒരു സദ്യയുണ്ടുവരുന്നു
എങ്ങനെയുണ്ട് സദ്യ
"കൊഴപ്പമില്ല"
അയാൾ ഒരു തെരെഞ്ഞെടുപ്പിലാണ്
എങ്ങനെയുണ്ട് ചേട്ടാ സ്ഥാനാർത്ഥികൾ?
ഉയർന്ന പൗരബോധത്തിന്റെ മഷിവിരലുയർത്തി
അയാൾ പറയും..
"കൊഴപ്പമില്ല"
അയാൾക്ക് ഒന്നിലും ഒരു കൊഴപ്പവുമില്ല
അയാളെക്കൊണ്ടും ഒന്നിനും/ആർക്കും ഒരു കൊഴപ്പവുമില്ല..
നാട്ടുകാരുടെ കണ്ണിലുണ്ണിയാണയാൾ
വീട്ടുകാർക്ക് ദൈവവും

16/10/11

അനങ്ങാപ്പൈതങ്ങൾ

കന്നിവെറിയാണ്
കടലുവറ്റുമെന്നാണ് ചൊല്ല്ല്,
തുടുത്ത സൂര്യൻ കുടിച്ചുവറ്റിക്കുന്ന
തിളച്ച പാലാണ് പകൽ...
പകലിലങ്ങനെ നോക്കിയിരിക്കുമ്പോൾ,
പറമ്പിൽ മരങ്ങൾ,
സ്കൂൾമുറ്റത്തസംബ്ലി പോലെ
വെയിലത്തറ്റൻഷനായി നിൽക്കുന്നു..
പകൽ കുടിച്ചു പാത്രം കഴുകാൻ
കടലിൽ പോകുന്നു സൂര്യൻ.
ഇരതേടിപ്പോയിരുന്ന ഇരുട്ടുകൾ
ചേക്കേറാൻ മടങ്ങിയെത്തുന്നു.
ഇരുട്ടിന്റെ കലപില നോക്കിയിരിക്കുമ്പോൾ
നിലാവിൽ മരങ്ങളെക്കാണാം.
ഇരിക്കാനോ നടുനിവർത്താനോ
കഴിയാതെയിപ്പൊഴും,
അതേ നിൽപ്പാണു പാവങ്ങൾ.
മരങ്ങളേ, അനങ്ങാപ്പൈതങ്ങളേ
ഏതു ഹെഡ്മാഷാണ്
നിങ്ങളെയിങ്ങനെ ശിക്ഷിച്ചത്?
ഇതിനുംമാത്രം
എന്തു കുസൃതിയൊപ്പിച്ചുനിങ്ങൾ?

12/10/11

അൽക്ക - പത്തുവർഷങ്ങൾ - ഞാൻ

അൽക്കാ...
നിന്നെയെനിക്ക് മറക്കാനാവില്ല
നിന്റെ തടിച്ചുബലിഷ്ടമായ ശരീരം
ഇപ്പോഴും ഉള്ളം കയ്യിൽ തുടിക്കുന്നപോലെ..
നിന്റെ ഉറച്ച് ദൃഢമായ ശബ്ദം
ഇപ്പോഴും കാതിൽ മുഴങ്ങുന്നപോലെ...
കാലമേറെ കഴിഞ്ഞുപോയി..
അല്ല, പത്തുവർഷങ്ങൾ കഴിഞ്ഞുപോയി..
ഞാൻ വേഗം വൃദ്ധനാകാൻ തുടങ്ങുന്നുവെന്ന്
ഉപേക്ഷിച്ചുപോയ കാമുകിമാർ,
ഉറക്കം,
സ്വസ്ഥത,
സ്വപ്നങ്ങൾ,
വിശ്വാസങ്ങൾ,
ജീവിതം...ഒക്കെ പറയുന്നു..
പത്തുവർഷങ്ങൾകൊണ്ട് ഒരുമനുഷ്യൻ
ഇങ്ങനെയൊക്കെയാവുമെന്ന് ഞാൻ പഠിച്ചിരിക്കുന്നു...
(അടുത്ത പത്തുവർഷങ്ങൾ എന്തായിരിക്കുമെന്ന്
എനിക്കൂഹിക്കാനാവുന്നില്ല
അത്രയ്ക്ക് വേഗത്തിലാണ് എന്റെ കുഞ്ഞുങ്ങൾ വളരുന്നത്)
പക്ഷേ അൽക്കാ
ക്ഷമിക്കണം, അൽക്കാടെൽ..
നിന്നെ എനിക്ക് മറക്കാനാവില്ല
നീയായിരുന്നല്ലോ എന്റെ ആദ്യത്തെ സെൽഫോൺ..
ഒന്നാമത്തെ ഉടമസ്ഥൻ ഭോഗിച്ച് വശംകെടുത്തിയ നിന്നെ,
ആയിരത്തിയഞ്ഞൂറു രൂപയ്ക്ക്
ഔദാര്യമ്പോലെ സ്വീകരിക്കുകയായിരുന്നല്ലോ ഞാൻ..
എന്തൊരാവേശമായിരുന്നു നിന്നെക്കിട്ടിയ നാളെനിക്ക്
രാത്രിമുഴുവൻ നിന്നെ അറിയുകയായിരുന്നു..
അൽക്കാ നീയെന്നോട് പിണങ്ങിയദിവസവും
ഇന്നലെയെന്നപോലെ എനിക്കോർമയുണ്ട്..
ഒരു മൺസൂൺകാലം,
എത്ര നിർബന്ധിച്ചിട്ടും സംസാരിക്കാൻ കൂട്ടാക്കാത്ത നിന്നെ
ഞാൻ കുറേ തല്ലി, നിലത്തേക്ക് വലിച്ചെറിഞ്ഞു..
ധീരുഭായിയുടെ കാരുണ്യം കൊണ്ട്
മൺസൂൺ സമ്മാനമായി അദ്ദേഹം നീട്ടിയ
ഒരു രൂപ ഫോൺ കൊണ്ട്
നിന്റെ നഷ്ടം ഞാനറിഞ്ഞില്ല..
പിന്നീട് എത്രപേർ വന്നു
നിന്നെക്കാൾ സുന്ദരികൾ
നിന്നെക്കാൾ സാമർത്ഥ്യമുള്ളവർ
കുലമഹിമയും തലയെടുപ്പുമുള്ളവർ..
അൽക്കാ, നിന്നെഞാൻ എത്രപെട്ടെന്ന് മറന്നു..
പക്ഷേ എന്തിനെന്നറിയില്ല..
ഇതാ ഇപ്പോൾ രണ്ട് ഹൃദയങ്ങളുള്ള എന്റെ
കുഞ്ഞുയന്ത്രത്തിൽ സംതൃപ്തനായിരിക്കുമ്പോഴും
നിന്നെക്കുറിച്ചോർത്തുപോയി.
വെറുതെ ഇന്റർനെറ്റിൽ തിരഞ്ഞു നോക്കുമ്പോഴതാ
അൽക്ക..
നീ സുന്ദരിയായിരിക്കുന്നു...
ഞാൻ ഒരിളം വൃദ്ധനും..

4/10/11

ചൊറിയൻ

പരിണാമശാസ്ത്രത്തിന്റെ
കണക്കും കള്ളക്കളികളുമറിയാത്ത
തവളക്കുഞ്ഞിനെപ്പോലെ
വാലും ചിറകും ജലശരീരവും കണ്ട്,
മീനാണുഞാനെന്ന് കരുതി,
കടൽ നീന്താൻ കച്ചകെട്ടിയിറങ്ങി...
കടലിലേക്കുള്ള യാത്രാമധ്യേ
കാൽ മുളയ്ക്കാൻ തുടങ്ങി..
വാലും കാലും വലിയവായും കണ്ട്,
മുതലായാവുകയാണോ ഞാനെന്ന് ശങ്കിച്ച്,
കടൽ‌യാത്ര പാതിയിൽ നിർത്തി
കായൽ വക്കിലെ അത്തിച്ചോട്ടിൽ തങ്ങി...
അത്തിപ്പഴം തിന്നുതിന്നാവാമെന്റെ
ചിറക് ചുരുങ്ങാൻ തുടങ്ങി..
കരയും മരവും
മരക്കൊമ്പിലെ ഹൃദയവും
പുതിയവ്യാമോഹമായി..
കാലും വാലും കുരങ്ങിനോടുള്ള
പ്രണയവും കണ്ട്
കുരങ്ങിന്റെ വംശമോ ഞാനെന്ന്
ശങ്കയുണ്ടായി, തീരത്തിലേക്ക് കയറി..
കാറ്റും വെയിലും കൊണ്ടാണോയെന്തോ
എന്റെ വാലും ചുരുങ്ങിയില്ലാതായി.
ഇപ്പോൾ മരക്കൊമ്പിലെ ആകാശ-
മെന്നെ കൊതിപ്പിക്കുന്നു,
മേഘങ്ങളിൽ ചിത്രം വരയ്ക്കുന്ന പക്ഷികളും...
പരിണാമശാസ്ത്രത്തിന്റെ
കണക്കും കള്ളക്കളികളുമറിയാത്തതിനാൽ
ഒരു ചൊറിയൻ തവളമാത്രമാണ്
ഞാനെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...