29/11/11

ഓറഞ്ചു തിന്നാൻ പോകുന്നു

ഉറക്കത്തിന്റെ നഗരം
ഒരു സ്വപ്നത്തിന്റെ തിരയടിച്ചുണർന്നു..
മഴനനഞ്ഞ വെയിൽ
ഉച്ചമരക്കൊമ്പിൽ തൂവലുണക്കുന്ന ഒരുപകലിൽ
ഞാൻ നിന്നെ പ്രളയിക്കുന്നു എന്ന
പീരങ്കിവെടി ശബ്ദത്തിൽ
പച്ചനിറമുള്ള ഒരാഴം
പശിമരാശി മണ്ണിനെ ബലാൽസംഗം ചെയ്യുന്നു.
പെരിയാറേ എന്ന കൂട്ടനിലവിളി
റോഡുകളും പാലങ്ങളും
വീടുകളും കെട്ടിപ്പിടിച്ച്
അറബിക്കടലിലേക്ക് ഓടിപ്പോകുന്നു
പിന്നാലെ ഒരു രാക്ഷസൻ തണ്ണിമത്തനുരുളുന്നു..
മണ്ണടരുകൾക്കുള്ളിൽ
ചരിത്രവിദ്യാർത്ഥികൾക്കായി
മനുഷ്യരുടേയും മൃഗങ്ങളുടേയും
നഗരങ്ങളുടേയും ഫോസിലുകൾ
രൂപം കൊള്ളുന്നു
സർവം ശാന്തമാകുന്നു..
പുഴകളെ ബോൺസായിയാക്കി
അടുക്കളത്തോട്ടത്തിൽ
വളർത്തുന്നവരുടെ
രാജ്യം വരേണമേ എന്ന്
ഒരു ശവമഞ്ചം പാട്ടുപാടുന്നു..
നൂറ്റാണ്ടുകാലം വെള്ളത്തിൽ മുങ്ങിനിന്ന
കൂറ്റൻ മരങ്ങളുടെ ശവശരീരങ്ങൾ
ആകാശത്തേക്ക് കൈകളുയർത്തി മരിച്ച
രൂപത്തിൽ വെളിപ്പെടുന്നു..
സ്വപ്നം കഴിഞ്ഞു..
അല്ല ഉറക്കം കഴിഞ്ഞു..
ഞാൻ ഒരു ഡാം പൊളിക്കാൻ പോകുന്നു
ഓറഞ്ചിന്റെ അല്ലികൾ പൊളിക്കുന്നതുപോലെ
കല്ലുകൾ ഓരോന്നോരോന്നായിളക്കി
കടവായിൽ വെച്ച് നുണഞ്ഞ് നീരിറക്കി
ചണ്ടി, ത്ഫൂ എന്ന് തുപ്പണം..

25/11/11

ശബ്ദപ്രതിസന്ധി

ഒരു വലിയ പ്രതിസന്ധിയെ
പ്രസവിച്ചു
ഒരു പ്രഭാതം

പട്ടികള്‍ നിര്‍ത്താതെ
കുരയ്ക്കുന്നതുകേട്ടു
ഞെട്ടിയുണര്‍ന്നു..
ഒരു പട്ടിയുള്ള
വീട്ടിലെങ്ങനെ
ഒരു കൂട്ടക്കുര!

നോക്കുമ്പോള്‍ കൂട്ടില്‍ ,
തേങ്ങാവിഴുങ്ങിയപോലെ
മിഴിച്ചിരിക്കുന്നു
ടൈഗറെന്ന് പേരായ
നാടന്‍ പട്ടി.

കൂട്ടക്കുരയുടെ
പാതയൂടെ നടന്നെത്തി
കോഴിക്കൂട്ടില്‍ .
എന്തതിശയമേ
കോഴികളാണ് പട്ടികളെപ്പോലെ
കുരയ്ക്കുന്നത്
യേശുവേ!!

പെട്ടെന്നതാ വീട്ടിനുള്ളില്‍ നിന്നും
കൂവുന്നു ഒരു പൂവന്‍ കോഴി
വീട്ടിനുള്ളിലെവിടുന്നാണ്
പൂവന്‍ കോഴി
കൂട്ടിനുള്ളിലുണ്ടല്ലോ
എല്ലാ കോഴികളും
അല്ല, പട്ടികളും..

ജിജ്ഞാസ അടുക്കളവാതിലൂടെ
ഉള്ളിലേക്കോടി
എന്തതിശയമേ
അടുപ്പിന്‍ ചുവട്ടിലുറങ്ങിയുണര്‍ന്ന
ചിണ്ടന്‍ പൂച്ച
മൂരി നിവര്‍ത്തുന്നു
കൂവുന്നൂ
ഒന്നാന്തരമൊരു
കോഴിക്കൂവല്‍ ...

തൊഴുത്തില്‍ നിന്നുടനൊരു
പൂച്ചക്കരച്ചില്‍ കേട്ടാല്‍
ദൈവമേ!
പട്ടിക്കൂട്ടില്‍ നിന്നും
പശുവിന്നമറല്‍ കേട്ടാല്‍ ...

എന്റെ ദൈവമേ!
എന്റെ ശബ്ദം
ഏതെങ്കിലും പന്നികൊണ്ടു പോയാല്‍ ,
എന്റെ തൊണ്ടയില്‍ നിന്നും
ഒരു പന്നിമുക്ര വന്നാല്‍
അയ്യോ...

പട്ടി പട്ടിയും
പശു പശുവുമാണെന്ന്
കറവക്കാരനോട് ഞാനെങ്ങനെ
പറയും...

23/11/11

ഒരു വിഷജന്തു

പോലീസ് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ കൂട്ടിയിട്ട
തകര്‍ന്ന ഇരുചക്രവാഹനങ്ങളെപ്പോലെ
പിടിക്കപ്പെട്ടതും ഇടിച്ചുതകര്‍ന്നതും
തുരുമ്പെടുത്ത് ദ്രവിച്ചതുമായ
പഴയ ഓര്‍മകള്‍ക്കിടയില്‍
ഒരു പാമ്പ്!
അതിന്റെ പത്തിയിലെ
‘ഞാന്‍’ അടയാളം കണ്ട് ഓടിക്കൂടി,
മീന്‍ചന്തയിലേക്കും
വിശപ്പിലേക്കും
മൂത്രപ്പുരയിലേക്കും
സിനിമാപ്പരസ്യത്തിലേക്കും
മെഡിക്കല്‍ സ്റ്റോറിലേക്കും
പെട്രോള്‍ വിലയിലേക്കുമൊക്കെ
പാഞ്ഞുനടക്കുകയായിരുന്ന ചിന്തകള്‍ .
പാമ്പ് പാമ്പെന്ന നിലവിളി
ട്രാഫിക് ബ്ലോക്കിലെ വാഹനങ്ങളുടെ
ഹോണുകള്‍ പോലെ
സിംഫണി തുടങ്ങി..
തലയിലെ‘ഞാന്‍’ അടയാളം കണ്ട്
പാമ്പ്, പാമ്പ്തന്നെയെന്നുറപ്പിച്ചു
തലമുതിര്‍ന്ന ചിന്തകള്‍ ..
ആള്‍ക്കൂട്ടം കണ്ടിട്ടും കൂസലില്ലാതെ
പോക്കുവെയില്‍ കാഞ്ഞുകിടന്ന
വിഷജന്തുവിനെ കൊല്ലണോ
ജീവനോടെ പിടികൂടി
പത്രത്തിലേക്ക് വിടണോ എന്ന്
തര്‍ക്കമുണ്ടായി ..
കൊല്ലണമെന്ന് ചിലര്‍
കൊന്നാല്‍ സര്‍പ്പശാപമെന്ന് ചിലര്‍
കൊന്നില്ലെങ്കില്‍ സര്‍വനാശമെന്ന് ചിലര്‍
ജീവനോടെ പിടികൂടി പത്രത്തില്‍ വിട്ടാല്‍
കൊന്നതിനൊപ്പമെന്ന് മറ്റുചിലര്‍ ...
തര്‍ക്കം മുറുകവേ പോക്കുവെയില്‍ പോയി.
ഓര്‍മകള്‍ക്കിടയിലേക്ക് പാമ്പും പോയി.
ട്രാഫിക് ബ്ലോക്കഴിയുമ്പോള്‍ ഹോണുകള്‍ പോലെ,
ചിന്തകള്‍ നേര്‍ത്തുനേര്‍ത്തില്ലാതായി.
പഴയ ഓര്‍മകള്‍ ലേലം ചെയ്തുവില്‍ക്കണമെന്ന
പുതിയൊരു ചിന്തയെ പ്രസവിച്ചു
അടുത്തുള്ളൊരാശുപത്രി..

11/11/11

നൊസ്റ്റാൾജിയ

സ്വച്ഛസുന്ദരമായ രാത്രി..
തണുത്ത നിലാവിൽ
ഇരുട്ടിൻ തടാകം..
കരയിൽ, കാറ്റുമുത്തിയ
കരിയിലപോലെ ഞാൻ..

അക്കരെ നിന്നും
നീന്തിവരുന്നു
കെട്ട പന്തം പോലെ
ആരുടേയോ ചീത്തവിളി,
മുളച്ച കടലപോലെ
ഒരു കുതിർന്ന നിലവിളി,
തെറിച്ചു വീണ പാൽക്കുപ്പിപോലെ
ഒരു വെളുവെളുത്ത കരച്ചിൽ...

ശബ്ദങ്ങൾ
തളർന്നും തകർന്നും
പുഴയിൽ എച്ചിലിലത്തുമ്പായി
ദിക്കുതെറ്റിയലയുന്നു..

സ്വച്ഛസുന്ദരമായ രാത്രി
അക്കരെ ആരോ
ആരെയോ മരിക്കുന്നു
കത്തിതൻ മൂർച്ച മിന്നലാവുന്നു..
അവ്യക്തമായെത്തുന്നു,
റേഡിയോ ഗാനം പോലെ
പ്രാണന്റെ പതറിച്ച..

വല്ലാതെ ഗൃഹാതുരനാകുന്നു ഞാൻ
അക്കരെ നിന്നുള്ള അവ്യക്ത സംഗീതത്താൽ..

9/11/11

അരുംകൊല

ഭാര്യയെ വെട്ടിക്കൊന്ന്
ചോരക്കറ ആറ്റിൽക്കളഞ്ഞ്
പോലീസ് സ്റ്റേഷനിലേക്ക് പോയി
ഭർത്താവ്.
'ഞാനെന്റെ ഭാര്യയെക്കൊന്നു'
അയാൾ പറഞ്ഞു.

കാരണമില്ലാതൊരാൾ
ഭാര്യയെക്കൊല്ലുമോ?
ഭാര്യയെക്കൊന്നാൽ
പോലീസ് സ്റ്റേഷനിൽ പോകുമോ?
പോലീസ് സ്റ്റേഷനിൽ പോയാൽ
കുറ്റമേറ്റു പറയുമോ!

പോലീസുകാരിലെ ഭർത്താക്കന്മാർ
അന്തംവിട്ട് നിന്നു.
അവരോടൊപ്പം അന്തംവിട്ടു
പോലീസുകാരികളായ ഭാര്യമാരും.

ഭർത്താവിന്റെ വെട്ടേറ്റുമരിച്ചവൾക്ക്
അടുക്കളപ്പിന്നാമ്പുറത്ത്
അടക്കം നടന്നു.
നാട്ടിലെ ഭർത്താക്കന്മാരും
അവരുടെ ഭാര്യമാരും
എല്ലാം പങ്കെടുത്തു...

അയാളെന്തിനവളെക്കൊന്നു?

അവൾക്ക് കാണും ജാരൻ..
അയാളതറിഞ്ഞും കാണും..
ആരായാലും ചെയ്യാതിരിക്കുമോ?
നാട്ടിലെ ഭർത്താക്കന്മാർ
പരസ്പരം പറഞ്ഞു..

അവരുടെ ഭാര്യമാർ അതു
ശരിവച്ചു.

അവൻ ആളുകൊള്ളാമല്ലോ
ആരാണവൻ!
ആണുങ്ങൾ പരസ്പരം
കണ്ണിറുക്കിച്ചിരിച്ചു

ഇവൾ ആളു കൊള്ളാമല്ലോ
ആരാണവൻ!
പെണ്ണുങ്ങൾ പരസ്പരം
കുശുകുശുത്തു

ശേഷം,
വിവാഹമോചനങ്ങളെക്കുറിച്ചുള്ള
ചാനല്‍ ചര്‍ച്ചകാണാന്‍
അവരെല്ലാം വീടുകളിൽ പോയി..
മരിച്ചവള്‍ മണ്ണില്‍ അടങ്ങിക്കിടപ്പായി..