30/12/11

കാക്കകളുടെ നിലവിളി

കാക്കകളാണ് കാറിയുണര്‍ത്തിയത്..
പാതി തുറന്നിട്ട ജനാലയിലൂടെ
ആറുമണി സമയം
ഉള്ളിലേക്ക് എത്തിനോക്കുന്നു,
എണീറ്റില്ലടാ ! എന്നു ചോദിക്കുന്നു..
വിറകുകൂനയ്ക്കുമുകളില്‍
ഉറങ്ങിയെണീറ്റ പൂച്ചയെപ്പോലെ വെളിച്ചം,
നഖം ഉള്ളിലേക്ക് വലിച്ചുവെച്ച്
മുഖം വൃത്തിയാക്കുന്നു..
മരക്കൊമ്പുകളില്‍ നിന്നുയരുന്നു
നെഞ്ചത്തലച്ച നിലവിളി.
അക്കരെനിന്നും
കറുത്ത പൊട്ടുകള്‍
ആകാശം തുഴഞ്ഞെത്തി
മരച്ചില്ലകളില്‍ നങ്കൂരമിടുന്നു.
ചില്ലകളിലുറങ്ങുന്ന കാറ്റുകള്‍
അലോസരത്തോടെ ഉണര്‍ന്ന്
മറ്റൊന്നിലേക്ക് മാറിയിരിക്കുന്നു.
കലുഷമാണല്ലോ പ്രഭാതമെന്നോര്‍ത്ത്
കണ്‍തിരുമ്മി ഞാനെണീറ്റു
കാക്കകളുടെ ഗ്രാമസഭയിലേക്ക് നടന്നു.
തെങ്ങിന്‍ ചുവട്ടിലെ
കറുത്തൊരു തൂവലിനെച്ചൊല്ലിയാണ്
ഇത്ര വലിയ മേളം
കാക്കത്തൂവലാണതെന്ന് ഉറപ്പൊന്നുമില്ല
കോഴിയുടേതാവാം
കുയിലേന്റേതാവാം
കറുത്ത മറ്റേതെങ്കിലും പക്ഷിയുടെതാവാം..
ഒരു തൂവലിനുചുറ്റും
ഒരു വെറും തൂവലിനു ചുറ്റും
കാക്കകളുടെ പട്ടാളം, പടയൊരുക്കം നടത്തുന്നു
ഇരതേടാന്‍ പോകുന്നവര്‍
ഇണതേടാന്‍ പോകുന്നവര്‍
ആകാശങ്ങള്‍ താണ്ടി
വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു..
ഒരു തൂവലിനെച്ചൊല്ലിയുള്ള
അമ്പരപ്പും അഭ്യൂഹങ്ങളും
കായെന്ന ഒറ്റയക്ഷരം കൊണ്ടും
ദിഗന്തം മുഴക്കുന്ന വര്‍ത്തമാനമാകുന്നു..
കാക്കകള്‍ മനുഷ്യരുടെ ആത്മാക്കള്‍ തന്നെ..

29/12/11

അടുപ്പില്‍ വേകുന്നത്

തോട്ടില്‍ ഒരോലമടല്‍ വീഴുന്നതുകണ്ട്
അതില്‍ ഒരു കവിതയുണ്ടല്ലോയെന്നോര്‍ത്ത്
ഞാന്‍ ചാരുകസേരയില്‍ ഒന്നാഞ്ഞിരിക്കുന്നു
തോട്ടില്‍ ഓലമടല്‍ ഓളങ്ങളുണ്ടാക്കുന്നു
ഒച്ചയുണ്ടാക്കുന്നു
മാനത്തുകണ്ണികളെ ഭയപ്പെടുത്തുന്നു
അമ്പരപ്പിക്കുന്നു
ഒന്നുരണ്ട് കൊറ്റികള്‍
പറന്നുയരുന്നു
അവയുടെ കൂര്‍ത്ത ചുണ്ടു തട്ടി
ആകാശം തകര്‍ന്ന് തോട്ടില്‍ വീഴുന്നു
ഓലയിതളുകളില്‍ വെള്ളം ഉമ്മവെയ്ക്കുന്നു
അവയില്‍ ഉന്മാദം ചിറകടിക്കുന്നു
വെള്ളം ഉയരുന്നു, താഴുന്നു..
നിശ്ചലമാകുന്നു..
തോട്ടില്‍ , ഓലമടലില്‍ , ഒച്ചയില്‍
അനക്കത്തില്‍
നിശ്ചലതയില്‍
തകര്‍ന്ന ആകാശം കിടന്നു തിളങ്ങുന്നു.

ഓലമടല്‍ വിഴുന്ന ശബ്ദം കേട്ട്
അയല്‍ വീട്ടില്‍ നിന്നൊരു കാറ്റുപുറപ്പെടുന്നു
അത് വാതില്‍ തള്ളിത്തുറന്ന്
തോട്ടിലേക്കാഞ്ഞു വീശുന്നു
ഒരു പെണ്ണുലയുന്നതിന്‍ മണം
വഴിയില്‍ വരയിടുന്നു
വെയിലില്‍ പരക്കുന്നു
തോട്ടില്‍ വീണ്ടും ഒച്ചയുണ്ടാവുന്നു
ഓലമടല്‍ വീണ്ടും മീനുകളെ
ഭയപ്പെടുത്തുന്നു
അമ്പരപ്പിക്കുന്നു
പച്ചോലത്തുമ്പിലിരുന്ന കൊറ്റികള്‍
ഉയര്‍ന്നു പറക്കുന്നു
അവയുടെ കൂര്‍ത്ത ചുണ്ടുകള്‍ നീട്ടി
ഉടഞ്ഞ ആകാശത്തിലൂടെ പുറത്തേക്ക് കടക്കുന്നു
എന്റെ കവിത
തോട്ടുവരമ്പേ ഇഴഞ്ഞ്
അയല്‍ വീട്ടിലെ അടുപ്പിലേക്കെത്തുന്നു
അതിന്റെ രരരരരരരരരരര
ശബ്ദത്തില്‍ എന്റെ കാതു മൂര്‍ച്ഛിക്കുന്നു
ഞാന്‍ കണ്ണടച്ചിരിക്കുന്നു
കാതുപൊത്തുന്നു
അടുപ്പില്‍ നിന്നുയരുന്നു
നനഞ്ഞ ഓല കത്തുന്നതിന്‍ മണം
മീന്‍ കരുവാടു വേവുന്നതിന്‍ മണം
പുകയില്‍ അവള്‍ വാടുന്നതിന്‍ മണം
എനിക്ക് നന്നായി വിശപ്പു തോന്നുന്നു.

28/12/11

ക്ഷമാപൂര്‍വം

കാത്തിരിപ്പിന്റെ കല ഞാന്‍ പഠിച്ചത്
വക്കീല്‍ക്കാലത്താണ്.
ഒരു മനുഷ്യന്‍
ഒരു കക്ഷിയും,
അയാളുടെ ജീവിതം
ഒരു കേസുകെട്ടും,
ഒരു കേസുകെട്ട്
ഒരുപാടുകാലത്തെ മാറ്റിവെയ്പ്പും ,
ഓരോ മാറ്റിവെയ്പ്പും
ക്ഷമാപൂര്‍വമുള്ള കാത്തിരുപ്പുമാണെന്ന്
ഞാന്‍ പഠിച്ചു..

കാത്തിരുപ്പിനൊടുവില്‍
ഒരു തീര്‍പ്പുവരും.
തീര്‍പ്പിനെത്തുടര്‍ന്ന്
തര്‍ക്കം വരും.
തര്‍ക്കത്തെത്തുടര്‍ന്ന്
വീണ്ടും കാത്തിരിപ്പുവരും.
കക്ഷി ഒരു നെടുവീര്‍പ്പിടും,
അയാള്‍
മരിച്ചുപോകും.
കാത്തിരുപ്പിനൊടുവില്‍
മനുഷ്യന്‍
മരിച്ചുപോകും..

മനുഷ്യന്‍ മരിച്ചുപോയാലും
കാത്തിരുപ്പ് മരിച്ചുപോകില്ല
കാത്തിരുപ്പ് ക്ഷമാപൂര്‍വം കാത്തിരിക്കും
കാത്തിരുപ്പിന്റെ കാത്തിരുപ്പാണ് സത്യം
സത്യമാണ് ശാശ്വതം
കാത്തിരുപ്പാണ് ശാശ്വതം

വക്കീല്‍ പണിവിട്ട്
ഞാനിറങ്ങിത്തിരിച്ചു.
ബോധിവൃക്ഷത്തണല്‍ വിട്ട
ബുദ്ധനെപ്പോലെ.
കാത്തിരുപ്പിന്റെ പാഠങ്ങള്‍
പലേടത്തും പ്രയോഗിച്ചു.
ചൂണ്ടലിടുമ്പോള്‍ മുതല്‍
തൂറാനിരിക്കുമ്പോള്‍ വരെ.
കാത്തിരുപ്പിന്റെ സുഖം
കാത്തിരുപ്പിന്റെ ശോധന.
കാത്തിരുപ്പുകൊണ്ട് ഞാന്‍
കാത്തിരുപ്പിനെ കൊത്തിയെടുത്തു.
ഞാന്‍ സ്വയം കാത്തിരുപ്പായി പരിണമിച്ചു..

കാത്തിരുപ്പിന്റെ മൂര്‍ത്തരൂപം ഞാന്‍,
ഒടുവിലൊരാശുപത്രിക്കട്ടിലിലെത്തി..
രോഗിയെന്ന് പേര് സ്വീകരിച്ചു..
ആശുപത്രിയാണെന്റെ നവലോകം,
ലോകമേ തറവാട്,
തറവാടിയാണ് ഞാന്‍..
കാത്തിരിക്കുന്നു ക്ഷമാപൂര്‍വം,
ഡോക്ടറെ,
നഴ്സിനെ,
അറ്റന്‍ഡറെ,
ചികിത്സയെ,
മരുന്നിനെ,
സിറിഞ്ചിനെ,
മരണത്തെ..

കാത്തിരുപ്പു തന്നെയാണ്
സത്യം.
സത്യമാണ് ശാശ്വതം.
കാത്തിരുപ്പ് ഒരത്യാഹിതവാര്‍ഡാണ്...
അല്ലല്ല, അതൊരു തീവ്രപരിചരണവിഭാഗമാണ്..
കാത്തുകിടപ്പാണ് ഞാനുള്ളില്‍ ,
കാത്തിരിക്കുന്നു-
ക്ഷമാപൂര്‍വം പുറത്തും;
ഞാന്‍ തന്നെ..

26/12/11

കാശിത്തുമ്പില്‍

മുറ്റത്തെ തുടുത്ത
കാശിത്തുമ്പകള്‍ക്ക്
എന്റെ പ്രായമുണ്ട്.
എനിക്ക് പ്രമേഹമുണ്ട്
ക്ഷീണമുണ്ട്
പുച്ഛം പുഞ്ചിരിയില്‍ പുരട്ടി
വിവേകിയാണെന്ന ഭാവവുമായി
വടക്കേപ്പുറത്തെ വേലിയിലെ
ചെരിഞ്ഞ മുരിങ്ങപോലെ
ഇന്നോ നാളെയോ എന്നമട്ടില്‍
പരാജയപ്പെട്ട്
മണ്ണിലേക്ക് ഉത്കണ്ഠപ്പെട്ട്
കായ്ച്ച്, കയ്ച്ച് മുറ്റി
കിടന്നപോലെ പടര്‍ന്നും
പടര്‍ന്നപോലെ കിടന്നും
ഇതാ ഇങ്ങനെ...

കാശിത്തുമ്പകള്‍ക്കറിയില്ല
വിത്തുകള്‍ പൊട്ടിച്ച് ഇവിടേയ്ക്ക്
കൊണ്ടുവന്നതും
മണ്ണുകുത്തിയിളക്കി
പാകി മുളപ്പിച്ച്
നനച്ച് വളര്‍ത്തിയതും
ഓര്‍മയില്‍ നിന്നും പൂക്കള്‍ക്ക്
ചുവന്ന നിറം കൊടുത്തതും
പൂക്കളില്‍ നിന്നും ഓര്‍മകളെ പറിച്ചെടുത്ത്
ഉള്ളം കയ്യില്‍ കശക്കി മണപ്പിച്ചതും
മണത്തില്‍
ചെറുതായി ചെറുതായി
വിത്തുപോലെ കടുകായി
കടുകിനുള്ളില്‍ കയറി
ഒരു നിമിഷത്തെ സുഖമായി
പൊട്ടിസ്ഖലിച്ചില്ലാതായതും..

തുടുത്ത തണ്ടുകളില്‍
മുപ്പതു മുപ്പത്തിരണ്ടുവര്‍ഷങ്ങളുടെ
തിളക്കം കണ്ട്,
അരമുള്ള ഇലകളില്‍
പരല്‍മീന്‍ പിടച്ചില്‍ കണ്ട്,
കണങ്കാലിലെ പുണ്ണില്‍
മീങ്കൊത്തലറിഞ്ഞ്,
കാലില്‍ ഉണങ്ങാത്ത മുറിവായി
മുറിവിലെ സുഖമുള്ള നീറ്റലായി,
കാശിത്തുമ്പകള്‍ക്കറിയാത്ത
അറിവായി മാറിയതും

വിത്തുകള്‍ വരുന്നുണ്ട്,
വിരല്‍ തൊടുമ്പോള്‍ പൊട്ടുന്ന
പെരുപ്പുകള്‍ ഉള്ളില്‍ വീര്‍പ്പുമുട്ടുന്നുണ്ട്
നിക്കറിട്ട ഒരു പയ്യന്‍ ഒക്കെയും
തൊട്ടു പൊട്ടിക്കുന്നുണ്ട്
അവന്റെ തൊടീലുകള്‍ പൊട്ടിമുളച്ച്
മുറ്റമാകെ തുടുത്ത തണ്ടുകളുള്ള
കാശിത്തുമ്പക്കാടുകള്‍
സ്വപ്നം കണ്ടു നില്‍ക്കുന്നുണ്ട്
അവയ്ക്കിടയില്‍ തുള്ളി നടക്കുന്ന
പച്ചത്തുള്ളനായി ഞാന്‍ മാറുന്നുണ്ട്

കാശിത്തുമ്പകള്‍ക്കറിയില്ല.
എന്റെ പ്രായമാണെങ്കിലും
അവ, എത്ര തവണ
ജനിച്ചു പുതുതായി..
പൂക്കള്‍ക്ക് ചുവപ്പ് ചുവപ്പായി..
ഇലകളില്‍ പച്ച പച്ചയായി ..
തണ്ടുകളില്‍ തുടുപ്പ് തുടുപ്പായി ..
അവ, മരിച്ച് പുതുതായി
ഒരുതവണപോലും മരിക്കാനവസരം കിട്ടാതെ
ഞാന്‍ മുതിര്‍ന്ന് പഴഞ്ചനായി
മുറ്റി മുതുക്കനായി
കണ്ടാല്‍ തിരിച്ചറിയാതെയായി.