Showing posts with label പഴംകവിത. Show all posts
Showing posts with label പഴംകവിത. Show all posts

നാരായണൻ

ഒരു വെറുമീറത്തണ്ടു തരൂ
ഞാനതിന്റെ നാഭിച്ചുഴിയിലുറങ്ങിന
നാ‍ദം കുയിലായുണരും ജാലം കാട്ടാം.

ചുടുനിശ്വാസം പുകയും കരളിൽ
കനവുകളൂതിക്കാച്ചിയെടുത്തൊരു
കവിതയൊരുക്കിപ്പാടാം.

പാട്ടിൻ പൊറുതിയിൽ വറുതിക്കാട്ടിൽ
പശിതൻ പയ്ക്കളെ മേച്ചുനടക്കാം

ചെറുതൊരു പീലിത്തൂവൽ തരൂ
മാനം കാണാതുള്ളിലൊളിപ്പിച്ച-
വളെപ്പോറ്റി മെരുക്കി വളർത്താം

അവളുടെ ചിറകിൽ ഉലകം ചുറ്റി
പാറിനടക്കാം ഉയിരിന്നുണ്മകളാരായാം
ഉറവുകൾ തേടി മടുക്കുമ്പോളൊരു
ശയ്യയൊരുക്കി മൃതിയെക്കാത്തുകിടക്കാം.

-26/12/98-

പനി

പനിക്കിടക്കയിൽ
തനിച്ചിരുന്നു ഞാൻ
കൊലക്കുരുക്കുകൾ
അഴിച്ചെടുക്കുന്നു
മുഖം മിനുക്കുന്നു;
സുഖം നടിക്കുന്നു.

പനിപൊടുന്നനെ
നഖം വളർത്തിയാഞ്ഞു-
റഞ്ഞടുക്കുന്നു
കരൾ പിളർന്നെടു-
ത്തെറിഞ്ഞുടക്കുന്നു;
വിറതുടങ്ങി.

കനവിൻ കല്ലറ
തുരന്നെടുത്തവൻ
പകൽകിനാക്കളെ
കവർന്നു പോകുന്നു
ഇരുളിൻ പുസ്തകം
തുറന്നു താളുകൾ
ഇരുപുറങ്ങളും
വരഞ്ഞു കീറുന്നു;
പനിതുടങ്ങി.

പനിച്ചെരാതിൽ മെയ്
തിരി തെറുത്തിട്ടു
കഫം കുറുക്കി നെയ്
നിറച്ചൊഴിച്ചിട്ടു
നേർച്ചനാണയം
തലക്കുഴിഞ്ഞിട്ടു
ബലിയിതെന്നാണു
പറയുമോ നീ...?

-13/1/99-

ചില ക്ഷുദ്രജന്തുക്കളുടെ സ്വകാര്യഭാഷണത്തിൽ നിന്നും

1.
കണ്ണടച്ചുഞാൻ കുടിച്ചു
പൂച്ചയെപ്പോലെ
ഞാൻ ആരെയും കണ്ടില്ല
ആരും എന്നെയും കണ്ടില്ലെന്ന്...
കലക്കിത്തന്നത് വിഷമായിരുന്നു.

2.
അറിഞ്ഞപ്പോഴും ഞാൻ കുരച്ചു
പട്ടിയെപ്പോലെ
സ്നേഹത്തോടെയെങ്കിൽ
വിഷമായാലും അമൃതാണെന്ന്...
സ്നേഹത്തെക്കുറിച്ച്
എനിക്ക് ഭ്രാന്തായിരുന്നു.

3.
പാലുപോലെ നിന്നവൾ ചിരിച്ചു
വെളുക്കെ വെളുക്കെ
വെളുപ്പിൽ ഞാനെന്നെത്തിരഞ്ഞു
ഒരു കണികയായെങ്കിലും കണ്ടെക്കുമെന്ന്.
വെളുപ്പിൽ മറഞ്ഞിരുന്നത്
വെറുപ്പായിരുന്നു.

-26/1/99-

ഹിംസ്രം

എനിക്കുതന്നെ ഭയമാണെന്നെ..
ഇരുൾക്കയങ്ങൾ,കടലുകൾ,ചുടല-
ക്കാടുകൾ,ഘോരത നിറയുന്നെന്നിൽ
ഒളിച്ചിരിക്കും പച്ചക്കെന്നെ
കടിച്ചുതിന്നും വ്യാഘ്രം ഞാൻ

വിശന്നിരിക്കും ക്രൂരതമസ്സിൻ
കൂരപ്പല്ലുകളാഴുന്നെന്നിൽ,പറിഞ്ഞ
മാംസം കുടഞ്ഞെറിഞ്ഞിട്ടലറി-
ക്കൊണ്ടെൻ പിറകേ പായുന്നവന്റെ
കണ്ണിൽ തീപാറുന്നുണ്ടവന്റെ
നാവിൽ ചോരക്കൊതിയുണ്ടവന്നു
ഞാനിന്നിരയായ്‌ തീരും
ബലിക്കിടാവല്ലോ

തെളിഞ്ഞ നീരുറവുണ്ടെൻ കരളിൽ
കനവിൽ തേൻകുടമകിടിൽ നറുമ്പാൽ,
ഹൃദയത്തിന്റെ തുരുത്തിൽ നിറയെ
കനികൾ കായ്കൾ,കനിവിൻ കൽപ്പക
വനികൾ,പൊലിവുകൾ അവനതു പോരാ...
പോരുവതെന്റെ കുടൽ നാര്‌,
അകിടിലെ ചോരച്ചൂര്‌,
ദുരയുടെ പിത്തച്ചീര്‌
പ്രേമത്തിന്റെ കൊലച്ചോറ്‌

അവനെൻ പിറകേ പായുന്നയ്യോ
അവന്നു ഞാനിന്നിരയായ്ത്തീരും
ബലിക്കിടാവല്ലോ...

ആരുടെ നിഴലിലൊളിക്കും
ഞാനിന്നാരുടെ തണലിലിളക്കും
ആരും കാണാക്കഥയുടെ(വ്യഥയുടെ)
പൊരുളുകൾ കാണാൻ
ആരുടെ കണ്ണു കടംകിട്ടും!



(15/12/1998 ൽ എഴുതിയത്‌. മനശാസ്ത്രം മാസികയിൽ അച്ചടിച്ചുവന്നു.അച്ചടിച്ച ഒരേ ഒരു കവിത.)