മുറിവുകള്‍

മുറിച്ചു മുറിച്ചു നോക്കിയാല്‍
ഒന്നുമില്ല ഒന്നിലും.

അഞ്ചു വിരലുകളും
ഇത്തിരിപ്പോന്നൊരു
പപ്പടപ്പരപ്പുമാണോ
ഒരു കൈ !

രണ്ടു ചെവി,
രണ്ടു കണ്ണ്,
ഒറ്റ മൂക്ക്,
ഒറ്റ വായ
ഇത്രയേ ഉള്ളോ
ഒരു മുഖം !

നാലു ചുവര്,
ഒരു വാതില്‍,
ഒരു ജനാല,
ഒരു മേല്‍ക്കൂര
ഇത്രയുമാണോ
ഒരു മുറി !

ഒരു ആശുപത്രി,
ഒരു സ്കൂള്‍,
ഒരു ജയില്‍,
ഒരു ചിത
ഇത്രമാത്രമോ
ഒരു ജീവിതം !

മുറിച്ചു മുറിച്ചു നോക്കിയാല്‍
മുറിവുകള്‍ മാത്രം മിച്ചം.