Showing posts with label പഴയത്. Show all posts
Showing posts with label പഴയത്. Show all posts

താരാട്ട്

ഞാനാരോ ഞാനാരോ
ഞാനാരോ ഞാനാരോ
ഞാനാരീരാരാരോ
ഞാനാരീരാരാരോ
ഞാനാരോ ഞാനാരോ
ഞാനാരീരാരീരോ
ഞാനാരീരാരീരോ
താനാരോ താനാരോ
താനാരീരാരീരോ
താനാരീരാരീരോ..
താനാരീരാരീരോ..

നിറവിലുള്ളപ്പോഴും
ഞാന്‍ വെറും റ
കുറവിലുള്ളപ്പോഴും
ഞാന്‍ വെറും റ

മുറിവുകള്‍

മുറിച്ചു മുറിച്ചു നോക്കിയാല്‍
ഒന്നുമില്ല ഒന്നിലും.

അഞ്ചു വിരലുകളും
ഇത്തിരിപ്പോന്നൊരു
പപ്പടപ്പരപ്പുമാണോ
ഒരു കൈ !

രണ്ടു ചെവി,
രണ്ടു കണ്ണ്,
ഒറ്റ മൂക്ക്,
ഒറ്റ വായ
ഇത്രയേ ഉള്ളോ
ഒരു മുഖം !

നാലു ചുവര്,
ഒരു വാതില്‍,
ഒരു ജനാല,
ഒരു മേല്‍ക്കൂര
ഇത്രയുമാണോ
ഒരു മുറി !

ഒരു ആശുപത്രി,
ഒരു സ്കൂള്‍,
ഒരു ജയില്‍,
ഒരു ചിത
ഇത്രമാത്രമോ
ഒരു ജീവിതം !

മുറിച്ചു മുറിച്ചു നോക്കിയാല്‍
മുറിവുകള്‍ മാത്രം മിച്ചം.

കുഴി കുഴി

ചത്തവരെ
കുഴിച്ചിട്ടു കുഴിച്ചിട്ടു
വിളഞ്ഞ മണ്ണായതു കൊണ്ടാണ്
ഭൂമിയില്‍ എന്തിനെക്കുറിച്ചറിയാനും
നമ്മള്‍ കുഴിച്ചുനോക്കുന്നത്.

ചരിത്രം കുഴിയിലാണ്
സാഹിത്യം കുഴിയിലാണ്
രാഷ്ട്രീയം കുഴിയിലാണ്
കുഴിച്ചു കുഴിച്ച് ഏറെ താഴെ
പോയതു കൊണ്ടാണ് ഇപ്പോള്‍
മുകളില്‍ നടക്കുന്നതൊന്നും
കാണാന്‍ കഴിയാത്തത്.

എന്റെ വീട്

ഒരു വീടായാല്‍
ഒരോരുത്തര്‍ക്കും
ഓരോ കിടപ്പുമുറി വേണം
അവനവന്റെ
സ്വപ്നങ്ങള്‍ കാ‍ണാന്‍
ഓരോ‍ അടുക്കള വേണം
അവനവനെ
പാചകം ചെയ്യാന്‍

ഓരോ ജനാല വേണം
അവനവന്റെ
കാഴ്ച്കകള്‍ കാണാന്‍
ഓരോരോ വാതിലു വേണം
അവനവനെ
കയറ്റിയും ഇറക്കിയും
കതകടക്കാന്‍

എല്ലാം ഓരോന്നു
വേണമെങ്കിലും
എല്ലാരും ഒറ്റ ശ്വാസത്തില്‍
എന്റെ വീട് എന്റെ വീട്
എന്നു പറയുകയും വേണം
ഇന്ത്യ എന്റെ രാജ്യം എന്റെ രാജ്യം
എന്ന് പറയുന്നതുപോലെ