31/10/08

അച്ചടക്കം

ഏറെ നാളായി ഒന്നൊച്ചവച്ചിട്ട്,
നാടറിയും വിധം കുലുങ്ങിച്ചിരിച്ചിട്ട്,
കാതടപ്പിക്കും മട്ടിൽ ഒന്നാക്രോശിച്ചിട്ട്.
എന്തിനേറെ പറയുന്നു,
പുറംകൈകൊണ്ട് വായപൊത്താതെ
ഞെളിഞ്ഞ് പിരിഞ്ഞ്
ഹാ..മ്മേ എന്നൊരുകോട്ടുവായിട്ടിട്ടുപോലും.....

ഇഞ്ചക്ഷൻ സൂചികണ്ടാൽ
ഏഴുവായിൽ നിലവിളിച്ചിരുന്നു
കൂട്ടാനിൽ ഉപ്പുകുറഞ്ഞാൽ
അയൽവീടറിയെ കലഹിച്ചിരുന്നു
ഉത്സവ ഘോഷയാത്രയിലെ
നെയ്യാണ്ടിമേളത്തിനൊപ്പം
അറഞ്ഞാടിയിരുന്നു..
ഇലക്ഷൻ പ്രചരണത്തിൽ
ഉച്ചഭാഷിണിതോൽക്കുമാറ്
ഹിയ്യാ ഹുയ്യാ എന്നലറിയിരുന്നു...

അതൊക്കെ പഴയ കഥ

പുഴക്കക്കരേയ്ക്ക്
എറിഞ്ഞുകൊള്ളിക്കുമ്പൊലെ
ഉന്നം പിഴക്കാതെ കൂക്കിയിരുന്ന
കാലം മറന്നു
നിറഞ്ഞ ബസിനുള്ളിൽ
ക്രിമിനൽ കോടതിപോലെ
ക്രോസു വിസ്തരിച്ചിരുന്ന
കാലവും മറന്നു
P.W.D.കലുങ്കിലുയർന്നിരുന്ന
രാഷ്ട്രീയത്തർക്കങ്ങളുടെ
ഒച്ചക്കുന്നുകളിടിഞ്ഞു....

അതൊക്കെ പഴയ കഥ

ഈയിടെയായി
ക്യൂവിൽ നിന്ന്,
യാത്രാരേഖകാട്ടി,
കസ്റ്റംസ് ചെക്കിങ്ങ് കഴിഞ്ഞ് ,
മറ്റൊരു രാജ്യത്തേക്കിറങ്ങുന്ന
വിമാനയാത്രികരെപ്പോലെയാണെന്റെ ശബ്ദം..
തൊണ്ടയിൽ തടഞ്ഞ് പരിശോധിക്കപ്പെടാതെ
ഒന്നും പുറത്തുവരാറേയില്ല.
അറിഞ്ഞവരറിഞ്ഞവർ പറയുന്നു
എനിക്ക് പക്വത വന്നത്രേ....

28/10/08

രണ്ടുതരം നായ്ക്കൾ

മുസ്ലീമല്ലെന്ന് കരുതി
ബോംബുവച്ച്
എന്നെ കൊല്ലാനിറങ്ങിയ നായകളേ
അറിയുക ഞാനുമൊരു മുസ്ലീം
നോക്കൂ നിങ്ങളുടേതുപോലെ
എന്റെ കൈ
നിങ്ങളുടേതുപോലെ
എന്റെ കാൽ
ചിതറിപ്പോയേക്കാവുന്ന എന്റെ തലയും
നിങ്ങളുടേതുപോലെ...

എന്നെ കൊല്ലരുത്
ഞാനുമൊരു മുസ്ലീമെന്നതിന്
എന്റെ കയ്യിലുള്ളത്
ഒരേയൊരു തെളിവ് ;
എല്ലാവരേയും പോലെ
ജീവിക്കാനുള്ള കൊതികാരണം
അതു വെളിപ്പെടുത്താൻ
നാണമെനിക്കില്ല
കാണണോ?

മുസ്ലീമല്ലെന്ന് കരുതി
വേട്ടയിൽ നിന്നും
എന്നെ ഒഴിവാക്കിയ നായകളേ
അറിയുക ഞാനുമൊരു മുസ്ലീം
നോക്കൂ അവരുടേതുപോലെ
എന്റെ കൈ
അവരുടേതുപോലെ
എന്റെ കാൽ
നിങ്ങളുടെ പല്ല് തുളച്ചേക്കാവുന്ന മുഖവും
അവരുടേതുപോലെ...

എന്നെയും ഒഴിവാക്കരുത്
ഞാനുമൊരു മുസ്ലീമാണെന്നതിന്
എന്റെ കയ്യിലുള്ളത്
ഒരേയൊരു തെളിവ്;
അവരുടെ തോൾചേർന്ന്
നിൽക്കാനുള്ള കൊതികാരണം
അതുവെളിപ്പെടുത്താൻ
നാണമെനിക്കില്ല
കാണണോ?

24/10/08

അതിർത്തിയിലെ മരങ്ങൾഅതിരിൽ മുളയ്ക്കുന്ന
മരങ്ങളെ വളരാനനുവദിക്കരുത്
അപ്പുറത്തേക്കും ഇപ്പുറത്തേക്കും
തണൽ പരത്തി
ആകാശത്തേക്ക് തലയുയർത്തി
അത് വളർന്നാലപകടം.
അതിരിൽ വരച്ചിട്ടുള്ള നിബന്ധന
അനുസരിക്കില്ല മാമരം
അപ്പുറത്തേക്കും ഇപ്പുറത്തേക്കും
നനവു തേടി
മണ്ണിലാഴത്തിൽ വിരലുതാഴ്ത്തി
വേർ പടർന്നാൽ അപകടം.
നിറഞ്ഞു പൂത്തേക്കാം
മലിഞ്ഞു കായ്ച്ചേക്കാം
ഉറച്ച കാതലായ്
ഉരുക്കായ് വളർന്നേക്കാം
അവരുടേതും നമ്മുടേതുമല്ലെങ്കിൽ
ആർക്കാണതിൻ പ്രയോജനം.
അതിരിൽ മുളയ്ക്കുന്ന
മരങ്ങളെ വളരാനനുവദിക്കരുത്
അതിരുവിട്ട വളർച്ചയാൽ
മാഞ്ഞുപോയേക്കാം അതിർത്തികൾ

23/10/08

മൈഥുനം

തുറന്ന ആകാശത്തിനും
നഗ്നമായ വൃക്ഷങ്ങൾക്കും കീഴെ
ചാറ്റൽ മഴപെയ്ത പുൽത്തട്ടിനും
പരാഗണം കഴിഞ്ഞടർന്ന
പൂക്കൾക്കും മേലെ
സ്വയം മറന്നിണചേരുക എന്നതായിരുന്നു
പ്രണയകാലത്തെ ഏറ്റവും വലിയ സ്വപ്നം

ഇരുട്ട് മുറ്റിയ മേൽക്കൂരക്കും
കാതുകളുള്ള ചുവരുകൾക്കും കീഴെ
പിറുപിറുക്കുന്ന കിടക്കയ്ക്കും
പൂപ്പൽ മണക്കുന്ന
വസ്ത്രങ്ങൾക്കും മേലെ
ശ്വാസം പിടിച്ചടങ്ങുക എന്നതാണ്
വിവാഹശേഷമുള്ള കടുത്ത യാഥാർത്ഥ്യം.

22/10/08

കൊല്ലുക അല്ലെങ്കിൽ കൊല്ലപ്പെടുക

ശാസ്ത്രീയമായി ചിന്തിച്ചാൽ
'കൊല്ലുക-കൊല്ലപ്പെടുക' എന്നതിന്
മനുഷ്യപുരോഗതിയിൽ
മഹത്തായ സ്ഥാനമുണ്ട്.

കൊല്ലപ്പെടുന്നവന്റെ വംശം
രക്ഷപ്പെടലിന്റെ നൂതനമായ മാർഗങ്ങൾ
ആരാഞ്ഞ് കണ്ടെത്തും.
അവരുടെ ജനിതകം,
കൊല്ലപ്പെടുക എന്ന
ആകസ്മികതയെ ചെറുക്കാനുള്ള റിഫ്ലെകുകൾക്ക്
ആവശ്യമായ ഹോർമോണുകൾ നിർമിക്കും.
കൊല്ലുന്നവനെ പ്രതിരോധിക്കാനുള്ള
വഴികൾക്കായി തല പുകഞ്ഞ്
അവർ നൂതനമായ കത്തികൾ,വാളുകൾ
തോക്കുകൾ,ബോംബുകൾ എന്നിവയും
പ്രയോഗത്തിന്റെ അനന്യമായ സാധ്യതകളും കണ്ടെത്തും
അങ്ങനെ ശാരീരികമായും ബൌദ്ധികമായും പുരോഗമിക്കും
അനന്തമായ പ്രതിരോധശക്തി കൈവരിച്ച
ഒരു മനുഷ്യകുലം ഉരുത്തിരിഞ്ഞുവരും

എന്നിരിക്കിലും കൊല്ലുന്നവന്റെ വംശം ഉണ്ടാക്കുന്ന
പുരോഗതിയാണ് ശരിയായ പുരോഗതി.
കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ
കൂടുതൽ പേരെ കൊല്ലാം
എന്ന ഗവേഷണങ്ങളിൽ അവർ മുഴുകും
അങ്ങനെ ലോകം ശാസ്ത്രീയമായി കുതിക്കും.
കൊല്ലൽ എന്ന ധാർമികപ്രശ്നത്തെ
എങ്ങനെ ന്യായീകരിക്കാം
എന്നതിനെക്കുറിച്ച് ചിന്തിച്ച് കൂടുതൽ കൂടുതൽ
പുരാണഗ്രന്ഥങ്ങൾ മനപ്പാഠമാക്കും,
പുതിയ വെളിപാട് പുസ്തകങ്ങൾ എഴുതും,
എഴുതപ്പെട്ടവയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കും,
അവയൊക്കെ കൊല്ലപ്പെടുന്നവന്റെ വംശത്തിൽ
പ്രചരിപ്പിച്ച് അവരെയും ആത്മീയമായി ഉദ്ധരിക്കും
അങ്ങനെ ലോകം ആത്മീയമായും മുന്നേറും.
കൊല്ലപ്പെടുന്നവനുണ്ടാകുന്ന
സുരക്ഷാ പ്രതിസന്ധികണക്കിലെടുത്ത്
കൂടുതൽ കൂടുതൽ നവീനമായ ആയുധങ്ങൾ ഉണ്ടാക്കും
അതൊക്കെ കൊല്ലപ്പെടുന്നവന്റെ വംശത്തിന് വിറ്റ്
സാമ്പത്തികമായും മുന്നേറും
സാമ്പത്തികവളർച്ചയുടെ തോതനുസരിച്ച്
കൊല്ലപ്പെടുന്നവന്റെ വംശത്തിന്
ഉദാരമായ വായ്പകൾ നൽകി
ലോകത്തിന്റെ തുലനം നിലനിർത്തും
അങ്ങനെ സമത്വസുന്ദരമായ ഒരു ലോകം വിടരും

ഇനി പറയൂ കൊല്ലലിനേക്കാൾ മഹത്തരമായ എന്താണ്
മനുഷ്യപുരോഗതിക്ക് നിദാനമായിട്ടുള്ളത്...
ഒന്നോർത്താൽ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും
തമ്മിലുള്ള പരസ്പരാശ്രിതത്വമല്ലേ
മനുഷ്യജീവിതത്തിന്റെ സൌന്ദര്യം.

19/10/08

ബുരി ഗൊങ്ങ

ഏറെ നാളായി ഗൂഗിൾഭൂമിയിൽ
വീടുകാട്ടിക്കൊടുക്കാമോ എന്നുചോദിക്കുന്നു
ടീ ബോയി, ആലം ബിസു മിയാ,
അറുനൂറു റിയാലിന് മുന്നൂറു മണിക്കൂർ എല്ലുമുറിക്കുന്നവൻ
മുന്നൂറിനും ഫോൺ കാർഡ് വാങ്ങി കാതുനിറക്കുന്നവൻ
ബാക്കിക്ക് മുടങ്ങാതെ വയറു മുറുക്കുന്നവൻ...

അവന് അവന്റെ “ബൊഡാ ഗാവ്” കാണണം
“ഛോട്ടാ ഗൊർ” കാണണം
നാലുവർഷങ്ങൾക്കപ്പുറം വിമാനം കയറാൻ
ആദ്യമായ് നഗരത്തിലെത്തുമ്പോൾ
ധാക്കയിലേക്കവനെ അനുഗമിച്ച
പ്രിയപ്പെട്ട “ബുരിഗൊങ്ങ” കാണണം...

അവന്റെ എല്ലുന്തിയ പുഞ്ചിരി
ഇല്ലാത്തിരക്കിൽ പൂഴ്ത്തി,
ഗൂഗിൾ ചാറ്റിൽ ഞാൻ മുങ്ങി ഏറെക്കാലം.
ഓരോ ചായക്കും മോണിറ്ററിലേക്ക് ഓരോ
എത്തിനോട്ടമെന്ന അവന്റെ ശല്യം
ശകാരിച്ചൊതുക്കിയ കുറ്റബോധം
കുത്തി നോവിച്ചപ്പോൾ, അവനായി ഞാൻ
പരതി “ബുരി ഗൊങ്ങ”.

ഗംഗയിൽ നിന്നറ്റുപോയ ചില്ല,ബുരിഗംഗ
തരം താണവരുടെ നദി
ബംഗാളി എന്ന് തലയുയർത്താത്ത
ബംഗാളികളുടെ ഗംഗ
അറ്റുപോയതിന്റെ മുറിവുണങ്ങാത്ത
നോവ് പേറുന്ന ഒഴുക്ക്

ബിസൂ,
യന്ത്രബോട്ടുകളെ വിഴുങ്ങിമരിച്ച
മലമ്പാമ്പിന്റെ എക്സ്രേചിത്രമാണോ
നിന്റെ ബൂരിഗംഗ,
അതോ ഇലപൊഴിഞ്ഞുണങ്ങിയ
കാട്ടുമരത്തിന്റെ മിഴിവുള്ള എണ്ണച്ഛായമോ
അഴുക്കുചാലുകളുടെ കരയിൽ വീടുവയ്ക്കുന്നവരുടെ
നഗരമാണോ ധാക്കയും?
പാപമൊക്കെ മുടങ്ങാതെ ഏറ്റുവാങ്ങുന്നുണ്ടോ,
പമ്പയെപ്പോലെ,ഗംഗയെപ്പോലെയിവളും...?

ഏതുതീരത്താണ് നിന്റെ കുടിൽ
ഏതുമരച്ചുവട്ടിൽ
ഏതുമലയടിവാരത്തിൽ?
വീതിയേറിയ പാതയോരത്തല്ലെങ്കിൽ,
കണ്ടെത്താനാവില്ല ഈ-വീട്

ബിസൂ,
നിന്റെ ഗംഗയിൽ എന്റെ പുഴയുടേയും
ശവമൊഴുകുന്നുണ്ടെന്നറിയാമോ
ഒരൊറ്റക്ലിക്കുകൊണ്ടെനിക്കെത്താം
ഗൂഗിൾ ഭൂമിയിൽ, നെയ്യാറിലും.
കണ്ണടച്ചാൽ കേൾക്കാം
ഹൈവേയിൽ ലോറികയറി മരിച്ച
നായയുടെ കുടൽ മാലപോലെ
ചതഞ്ഞുനീണ്ട രോദനം..
അതിന്റെ കരയിലെവിടെയോ
ഉണ്ടെനിക്കും
ഒരു “ചോട്ടാ ഗൊർ”

ഇത്രനാൾ തിരഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല
എന്റെയും വീടെനിക്കിതേവരെ
പേരറിയാവുന്ന മലകളെ
പേരറിയാവുന്ന പാറകളെ
പേരറിയാവുന്ന മരങ്ങളെ,
കാണാനാവില്ല ഈ - ഭൂമിയിൽ..

നിനക്കറിയാമോ,
ഗൂഗിൾ ഭൂമിയിൽ അധിവസിക്കുന്നവരുടെ
മക്കൾക്ക് കോഴിമുട്ടകണ്ടാലിനി
ഓർമവരില്ല ഭൂമിയെ......
ചിത്രം:ഗൂഗിൾ എർത്ത്

18/10/08

ഈ ജീവിതത്തിന്റെ ഒരു കാര്യം !

ബഹുരസമാണ് ഈ ജീവിതത്തിന്റെ
ഒരു കാര്യം....
അളന്നുതയ്പ്പിച്ച കുപ്പായങ്ങൾ
അപ്പപ്പോൾ തരും
കൃത്യമായി അണിഞ്ഞുനടക്കണം
മുൻപോട്ടും പാടില്ല പിന്നോട്ടും പാടില്ല
അത്ര കൃത്യമാണ് ടൈമിംഗ്.
ആറുമണിയുടെ പെരുക്കം വരെ
സാറേ എന്ന് വിളിച്ചിരുന്നവനെ
അലാറത്തിന്റെ വാതിൽ കടന്നാൽ
“ആ മൈരൻ” എന്ന് വിളിക്കുന്നത്ര കൃത്യം

ഇരുപത്തിരണ്ടാമത്തെ വയസിൽ
ഒരു പെണ്ണിനെക്കൊതിച്ചതിന്,
അവളില്ലാതെ ജീവിതമില്ലെന്ന്
ശഠിച്ചതിന്, എന്നെ “ഞരമ്പ്”
എന്ന് വിളിച്ച കൂട്ടുകാരൻ
മുപ്പത്തിമൂന്നാമത്തെ വയസിൽ
ഒരു പെണ്ണുകിട്ടുമോ എന്ന് കുഴഞ്ഞ്
പത്രത്തിൽ പരസ്യം കൊടുത്തിരിക്കുന്നു...
എന്റെ ഞരമ്പ് തളരാൻ തുടങ്ങുമ്പോൾ
അവന് മുളച്ചതാകുമോ!

ചുംബനവും കെട്ടിപ്പിടുത്തവുമൊക്കെ
നിരോധിച്ച ദൈവം....
ഗർഭത്തിനും പ്രസവത്തിനുമൊക്കെ
അവാർഡ് കൊടുക്കുന്നദൈവം.....
പുള്ളിയാകുമോ ഇതിനൊക്കെ പിന്നിൽ?

14/10/08

സമാശ്വാസം


നിന്റെ ശബ്ദം...
വെന്തുവിങ്ങിയ നിന്റെ ശബ്ദം
പതിച്ചെന്റെ കാതുപൊള്ളി കൂട്ടുകാരാ...
നിന്റെ ശബ്ദം....
നൊന്തുപൊട്ടിയൊരഗ്നികൂടം
ഒലിച്ചെന്നപോലെയീ രാത്രികത്തി
കൂട്ടുകാരാ..
നിനക്കന്യനല്ലഞാനെന്ന തോന്നലിൽ
നീയുതിർത്ത നിലവിളി കേട്ടുഞാൻ
നീറിനിൽക്കവേ നിസഹായത,
കുത്തിനിർത്തിയ കുന്തമായി,
ഞാനതിൽ കോർത്തുപോയി
കൂട്ടുകാരാ...

പരസ്പരം വച്ചുമാറാൻ കഴിയാത്ത വേദന
പേറുന്നവർ തമ്മിലെന്തു -
ചൊല്ലുവാനാശ്വാസവാക്കായി..?

നിന്റെ ജീവിതം, നിന്റെ മുറിവുകൾ
എന്റെ ജീവിതം, എന്റെ മുറിവുകൾ
നമ്മളന്യോന്യമാശ്വസിപ്പിക്കുവാൻ
കൈകൾ നീട്ടിയാൽ കൂട്ടിത്തൊടാത്തവർ....

10/10/08

അഭയരൂ‍പൻ

ഉന്നതങ്ങളിലൊരാളുണ്ട്
ഉലകം നിറഞ്ഞവൻ,
കരുണാമയൻ,
അഭയരൂപേണ
കൈവിടർത്തി നിൽക്കുന്നു.
അതിനാലെനിക്കപ്പുറം കാണുന്നില്ല.

6/10/08

എത്ര ദൂരം

സുദീർഘമായ ഈ മരണത്തിന്
ജീവിതമെന്ന് പേരിട്ടതാര് !

എല്ലാ ഉയരങ്ങൾക്ക് മേലെയും
എല്ലാ ആഴങ്ങൾക്ക് കീഴെയും
സദാ നിറഞ്ഞിരിക്കുന്ന നിശ്ചലതേ,
ദൂരങ്ങളെയെല്ലാം വെട്ടിച്ചുരുക്കി
ഈ നോവൽ ഒന്നു സംഗ്രഹിക്കാൻ
സമയപ്രമാണങ്ങളുടെ
എഴുത്തുകാരനെ ഉപദേശിക്കൂ..

ഒരൊറ്റത്തവണ മരിക്കാൻ ഒരു മനുഷ്യൻ
കാത്തിരിക്കേണ്ടുന്ന കാലം കൊണ്ട്
പുഴുക്കൾക്കെത്രവട്ടം ചിറകുമുളയ്ക്കുന്നു
പൂമ്പാറ്റകൾ എത്രവട്ടം ഇണചേർന്ന് മരിക്കുന്നു !

5/10/08

ഉപേക്ഷിക്കപ്പെട്ടപ്പോൾ

എന്നെക്കുറിച്ചുള്ള പ്രതീക്ഷകളസ്തമിച്ചപ്പോൾ
അവരെന്നെ ഉപേക്ഷിച്ചു
അങ്ങനെയെനിക്കെന്നെ കിട്ടി,
അവരെക്കുറിച്ചുള്ള പ്രതീക്ഷകളണഞ്ഞപ്പോൾ
ഞാനവരെയുമുപേക്ഷിച്ചു
അങ്ങനെ അവർക്കവരെയും കിട്ടി.