ധൂർത്ത്

ഒരുകിലോ അരി,ഒരു തേങ്ങ
ഒരുലിറ്റർ പാൽ,അരക്കിലോ പഴം
പത്തു മുട്ട,പ്രാതലിന്റെ മാവ്
അൽ‌പ്പം പച്ചക്കറി
എന്നിവയാണ് നൂറുരൂപ

ചുമയ്ക്കുള്ള മരുന്ന്
പനിക്കുള്ള ഗുളിക
ചൊറിച്ചിലിന്റെ ഓയിന്മെന്റ്
ഒരു കവർ കോണ്ടം
എന്നിവ മറ്റൊരു നൂറു രൂപ

ഒരു സിനിമ
അല്ലെങ്കിൽ ഒരു സായാഹ്നനടത്തം
അതുമല്ലെങ്കിൽ ബന്ധുവീട്ടിലേക്കൊരു യാത്ര
അതിന്
മൂന്നാമതൊരു നൂറുരൂപകൂടി വേണം

നിൽക്കൂ...
അരക്കിലോ അരി
അരലിറ്റർ പാൽ
അഞ്ചുമുട്ട
അരക്കിലോ മൈദ
അൽ‌പ്പം പച്ചക്കറി ഇത്രയും മതി

ചുമയ്ക്കുള്ള മരുന്ന്
പനിക്കുള്ള ഗുളിക
ചൊറിച്ചിലിന്റെ ഓയിന്റ്മെന്റ്.....
കോണ്ടം ഓരോന്നായി കിട്ടുമോ..?

ഹൊ!
ഒരു സിനിമ!
ഒരു സായാഹ്നനടത്തം!!
ബന്ധുവീട്ടിലേക്കൊരു യാത്ര...!!!
ദൈവമേ എന്തൊരു ധൂർത്താണ് ജീവിതം...

അലമാരയിലെ കടൽ


ഒരു കടൽ എന്റെ അലമാരയിലുണ്ട്
ഈ വീട്ടിൽ നടക്കുന്ന ഏതെങ്കിലും ഒരു ഭൂകമ്പത്തിൽ
ഈ മുറിയും അലമാരയും ഞാനും
മേൽക്കൂരയിടിഞ്ഞ് മണ്ണടിഞ്ഞുപോകുന്നു എന്ന് കരുതുക
കാലങ്ങൾക്ക് ശേഷം നിങ്ങളിലെ ഗവേഷകരിലാരെങ്കിലും
അതു കണ്ടെത്തും

തീ


എന്റെ വീടിനു തീപിടിച്ചു
ഞാൻ മാത്രം കത്തിത്തീർന്നു

തിരിച്ചറിയപ്പെടുന്നതിന്റെ അടയാളങ്ങൾ



ഈ നിമിഷം നിങ്ങളെന്നെ തിരിച്ചറിഞ്ഞത്
പറന്ന മുടികണ്ടാണോ,
മൂക്കിലെ മറുകുകണ്ടാണോ
നടത്തയിലെ മുടന്തുകണ്ടാണോ,
വടിക്കാത്ത താടികണ്ടാണോ
എന്നൊന്നും എനിക്കറിയില്ല...

അറിയാമായിരുന്നെങ്കിൽ,
തിരിച്ചറിയപ്പെടുന്നതിന്റെ
അടയാളങ്ങൾ സ്ഥിരമായി സൂക്ഷിക്കാൻ
ഞാൻ ബദ്ധശ്രദ്ധനായേനെ..

അതൊന്നും സൂക്ഷിക്കാത്തതിനാലാണോ
അടുത്തനിമിഷം നിങ്ങളെന്നെ
തിരിച്ചറിയാതെ പോകുന്നത്?

നിങ്ങൾ തിരിച്ചറിയാതെ പോകുമ്പോഴും
എനിക്കു നിങ്ങളെ തിരിച്ചറിയാനാകുന്നു
എന്നതാണ് എന്റെ പ്രതിസന്ധി

ആനമുടിപോലെ,അറബിക്കടലുപോലെ
ദിനം പ്രതി രൂപഭാവങ്ങൾമാറിയാലും
എനിക്കറിയാനാകുന്നു നിങ്ങളെ....

ചിലനേരങ്ങളിൽ നിങ്ങൾ പെട്ടെന്ന്
അറബിക്കടലുകളോ ആനമുടികളോ
ആകുന്നതാണോ നിങ്ങളുടെ പ്രതിസന്ധി!

എന്തായാലും ശരി,
ഏറെ നാൾ തിരിച്ചറിയപ്പെടാതെ
മോർച്ചറിയിൽ കിടക്കുന്ന ശവത്തെയെന്നപോലെ
പൊടുന്നനെ ഒരുനാൾ നിങ്ങളെല്ലാം കൂടി
വന്ന് തിരിച്ചറിഞ്ഞുകളയുമോ
എന്നതാണെന്റെ ഇപ്പോഴത്തെ പേടി...