30/7/09

അടുത്താരുപാമ്പേ

പത്രത്താളുകളിലൂടെ ഒരു പാമ്പ്
ഇഴഞ്ഞ്പോകുന്നു
ഇന്നലെ
ഇന്ന്
നാളെ എന്ന്
അത് ഏത് മാളത്തിലേക്കാണോ?
മാധവിക്കുട്ടിയെ വിഴുങ്ങി
ലോഹിതദാസിനെ വിഴുങ്ങി
രാജൻ പി ദേവിനെ വിഴുങ്ങി
അതിന്റെ വിശപ്പടങ്ങുന്നില്ല.

ആടുപാമ്പേ
ആടാടുപാമ്പേ
ആരുപാമ്പേ
അടുത്താരുപാമ്പേ!

28/7/09

പഴംബാക്കികൾ

മൊബൈൽ ഫോൺ
ലാപ്ടോപ്പ്
മെമ്മറിസ്റ്റിക്ക്
ബ്ലൂടൂത്ത്
വൈ ഫൈ
ഞാനിങ്ങനെ പുരോഗമിക്കുന്നു.

വെയിൽ
കാറ്റ്
മഴ
മഞ്ഞ്
രാത്രി
പകൽ
ഭൂമി ഇപ്പോഴും പഴഞ്ചൻ തന്നെ.

ദാഹം
വിശപ്പ്
പ്രേമം
കാമം
ഉളുപ്പ്
ഉറക്കം
കുറേ പഴംബാക്കികൾ.

27/7/09

?

ഒരു ചോദ്യത്തിന്റെ തലയിൽ
എത്ര ഉത്തരങ്ങളുടെ ചുമടുണ്ടാവും?
തെറ്റും ശരിയുമായി
വലുതും ചെറുതുമായി
സുന്ദരവും വിരൂപവുമായി
ഗുരുവും ലഘുവുമായി
കുഴഞ്ഞുമറിഞ്ഞ്
കെട്ടുപിണഞ്ഞ്
കുത്തിമറിഞ്ഞ്
ഒരുകുട്ട ഉത്തരങ്ങളുടെ
തലച്ചുമടുമായി
ഇതാ ഒരു ചോദ്യം.
?
ചുമടുതാങ്ങിച്ചുമടുതാങ്ങി
തലകുത്തിവീണുപോയി പാവം.

24/7/09

അമ്മയോട്

അമ്മയെ തെറിവിളിക്കുമ്പോഴാണ്
ഞാനെന്റെ ശക്തി
അതിന്റെ പാരമ്മ്യത്തിൽ
തിരിച്ചറിയുന്നത്.
അച്ഛനെ തല്ലുമ്പോൾ പോലും
ഇത്രമാത്രം
കരുത്തെനിക്കുണ്ടായിരുന്നതായി
അറിഞ്ഞിരുന്നില്ല.
വേട്ടക്കാർക്കുനടുവിൽ
ഏറ്റവും ഒറ്റപ്പെടുമ്പോഴും
ചീറുന്ന കടുവയെപ്പോലെ
എനിക്കെന്നെ അനുഭവപ്പെട്ടു.
അമ്മയോട്
അതിനും നന്ദിപറയേണ്ടിയിരിക്കുന്നു.

21/7/09

ഒഴുക്കിൽ ഒരു പാറത്തം.

മുറിവിൻ മൂർത്തിഞാൻ.
അറിവിൻ പൂർത്തിയിൽ നി-
ന്നടർന്ന്പോകയാൽ
ഒഴുക്കിലേക്ക്
തെറിച്ചുവീണു.

ഉണ്ടെനിക്ക്
മുറിവുകൾ തീർത്തൊരായിരം
മുനകൾ, മുഖങ്ങൾ
മുർച്ച,മൂപ്പുകൾ..
പുഴയിൽ വീണൊരു
വെറും കരിങ്കൽക്കഷണമായ്
കരുതരുതെന്നെ.

മുറിവുകളായിരുന്നെന്റെ സ്വത്വം
ജനിച്ചുവീഴവേ തന്നെ
ഒഴുക്കിന്മേനിയിൽ
മുറിവേൽ‌പ്പിച്ചു ഞാ-
നെന്റെ വരവറിയിച്ചു.
മുറിഞ്ഞില്ലെങ്കിൽ,
ഞാനുണ്ടാകുമോ!
മുറിച്ചില്ലെങ്കിൽ,
ഞാനുണ്ടെന്നറിയുമോ!

കൂർപ്പു മൂർപ്പുകൾ
മെരുങ്ങാത്ത തൃഷ്ണകൾ..
മരുവുകയായിഞാൻ,
ഒഴുക്കിൻമടിത്തട്ടിൽ,
പരുക്കൻ പാറത്തം.
പുഴക്കവിളിൽ
ഒഴുക്കിൻ മിനുസങ്ങളിൽ
എന്റെ മുനയെടുപ്പുകൾ
മുദ്രകളായി.

എന്തൊരത്ഭുതം
പുഴയിൽ
ഒരൊറ്റമുറിവും,
ഒരുനിമിഷത്തിൽ
കൂടുതൽ നിൽക്കുന്നില്ല,
മുറിവുകളെല്ലാമറിവുകളാക്കി
ഒഴുകുന്നൂ
പുഴ-
യോരോമുറിവിലു
മെന്നെത്തഴുകി
ചെറുതാക്കീടുന്നു!

അറവുകൾ കൊണ്ടെ-
ന്നടയാളം പുഴയിൽ
ഞാൻ തീർക്കുമ്പോൾ തന്നെ,
തലോടൽ കൊണ്ടെന്നിൽ
ചാർത്തുന്നു,
സൌ‌മ്യം,
പുഴ തന്നെത്തന്നെ.
അറവുകൾ തീർക്കും
മുറിവുകളേക്കാൾ
ശാശ്വതമാണെന്നോ,
കുളിരുകൾ തീർക്കും
മുദ്രകളെന്നോർ-
ത്തുലഞ്ഞുപോയി
ഞാൻ!

അറിവിൻ മൂർഛയിൽ നിന്നും
കുടഞ്ഞു-
ണർന്നെണീൽക്കുമ്പോൾ
അറിഞ്ഞുഞാൻ
പുഴയെന്നെപിഴു-
തെടുത്തുപോകുന്നു!
പിടിച്ചുനിൽക്കാൻ
ആവതു ഞാനും
ശ്രമിച്ചുനോക്കി, പക്ഷേ
ഒഴുക്കിനെതിരെ
നിൽക്കുമ്പോൾ
ഞാനറിഞ്ഞു
ദൌർബല്യം!

ബലിഷ്ഠമാമെൻ വേരുകളെല്ലാം
പറിച്ചെടുത്തുംകൊണ്ട്
കുതിച്ചുചാടും വെള്ളപ്പാച്ചിൽ
കാതങ്ങൾ താണ്ടീ.
ഒഴുക്കിനൊപ്പം
ഒലിച്ചു ഞാനുമൊരുരുളൻ കല്ലായി,
വക്കും മുനയും ഉരഞ്ഞുതീർന്നൂ
മേനിമിനുപ്പായി.
മുറിവേൽ‌പ്പിക്കും മൂർച്ചകളെല്ലാം
അലിഞ്ഞു പൊയ്പ്പോയി,
അഴുക്ക് ലേശം തീണ്ടാതായെൻ
പളുങ്ക് ദേഹത്തിൽ.

ഒടുക്കമുണ്ടാമല്ലോ എല്ലാ
ഒഴുക്കിനുമൊരുനാൾ.
പഴുത്തുസൂര്യൻ വീണുകഴിഞ്ഞൊരു
സന്ധ്യാനേരത്തിൽ
അടിഞ്ഞുഞാനൊരു വശ്യവിശാല
സരസിൻ തീരത്തിൽ.
പൊഴിഞ്ഞുവീഴും ആകാശത്തിൻ
ശതപത്രങ്ങൾക്കിടയിൽ
അറിഞ്ഞുഞാനെൻ വാഴ്വിനെ
ആയിരമുരുളൻ കല്ലുകളായ്,
മുറിവുകളില്ലാമുഖങ്ങളില്ലാ
ഒരൊറ്റയൊന്നായ് ഞാൻ.
അവനവനില്ല അന്യവുമില്ലാ
അനേകമൊന്നായ് ഞാൻ.

18/7/09

ദാരിദ്ര്യം

എഴുത്തുകാരനാണേ
വല്ലതും തരണേ
ദാരിദ്ര്യമാണേ
പട്ടിണിയാണേ
വല്ലതും തരണേ
അരിയായാലും
അവാർഡായിട്ടുതരണേ
പഴിയായാലും
പാരിതോഷികമായിട്ടു തരണേ
ചെറുതായാലും
ഫോട്ടോയോടെവരണേ
പാവമാണേ
അപ്പാവിയാണേ
കവിയാണേ
കഥാകാരനാണേ
കാമുകനാണേ
ഒരുറുമ്പിനെപ്പോലും
നോവിച്ചിട്ടില്ലാത്തോനാണേ
കനിവുണ്ടാകണേ
ദയവുണ്ടാകണേ
വല്ലതും തരണേ
ദാരിദ്ര്യമാണേ
കൊടിയദാരിദ്ര്യമാണേ
വിഷയ ദാരിദ്ര്യമാണേ

17/7/09

മഴയിരമ്പം

മഴപെയ്യും മുൻപ്
മാ‍നം മുട്ടെ ഉയരുന്ന
ഒരാരവമുണ്ട്...
അത് കേൾക്കുമ്പോൾ തുടങ്ങും
മഴക്കുളിരുണർത്തുന്ന
രോമഹർഷം.
ഏറെ മഴകൾ നനഞ്ഞിട്ടും
മഴയുടെ സംഗീതമാണതെന്നായിരുന്നു
ധരിച്ചിരുന്നത്.
അതുതന്നെയായിരുന്നു മഴകളുടെ നാട്യവും.
ശക്തിസ്വരൂപനായ മഴ.
സൌന്ദര്യധാമമായ മഴ.
ശക്തിസ്വരൂപിണിയായ മഴ.
ഉഗ്രമൂർത്തിയായ മഴ.
ഈയിടെയായി
മഴയിരമ്പത്തിനുപിന്നാലെ
മഴവന്ന് പോകും;
മണ്ണ് നനയാതെ,
മനസു നിറയാതെ.
അങ്ങനെ
എത്രയെങ്കിലും മഴപ്പത്രാസുകൾക്ക്
കാതോർത്തിരുന്നിട്ടാണ് അറിയുന്നത്,
മഴയുടെതല്ല
മഴവരുന്നേ എന്ന് ആർത്തലക്കുന്ന
ഇലത്തലപ്പുകളുടേതാണതെന്ന്;
ഭ്രമിപ്പിക്കുന്ന ആ സംഗീതം.
മഴയിരമ്പം.

മഴയിരമ്പമേ
നീ
മഴയിരമ്പമല്ല
ഇലയിരമ്പമാകുന്നു
ദുർബലമായ ഇലകളുടെ മുറവിളി
അതുകൂടിയില്ലായിരുന്നെങ്കിൽ
മഴയെത്ര ദുർബലമാണെന്ന്
ഓരോ മഴയും
ഇപ്പോൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

16/7/09

മുഷിവ്

സഖാവ് അച്യുതാനന്ദനിലായിരുന്നു
എന്റെ ഏക പ്രതീക്ഷ
സഖാവ് പിണറായി
പ്രതീക്ഷ തെറ്റിച്ചതുകൊണ്ടല്ല കേട്ടോ
സഖാവ് കെ.കരുണാകരൻ
എന്റെ പ്രതീക്ഷകളെ
തകിടം മറിച്ചതുകൊണ്ടാണ്..
സഖാവ് ഉമ്മൻ ചാണ്ടിയും
സഖാവ് ചെന്നിത്തലയുമൊന്നും
സഖാവ് അച്യുതാനന്ദനും
സഖാവ് കരുണാകരനും
ഒപ്പമെത്തില്ലല്ലോ ഒരിക്കലും..
സഖാവ് വാജ്പേയിയിലായിരുന്നു
കുറച്ചുകാലം മുൻപുവരെ എന്റെ പ്രതീക്ഷകൾ
സഖാവ് അധ്വാനിജി കാരണം അതും
തകിടം മറിഞ്ഞു.
സഖാവ് മന്മോഹൻ സാർ
പ്രതീക്ഷക്കു വകനൽകുന്ന ആളല്ല
ഇത്രകാലം ടെലിവിഷന്റെ മുന്നിലിരുന്നിട്ടും
വിപ്ലവമുണ്ടാക്കുന്ന ഒന്നും
അങ്ങേരുടെ വായിൽ നിന്ന് വീണ്കണ്ടിട്ടില്ല.
വല്ലപ്പോഴും
സഖാവ് നരേന്ദ്രമോഡിയോ
സഖാവ് വരുൺ ഗാന്ധിയോ
പ്രതീക്ഷക്ക് വക നൽകുന്നതാണ് ആശ്വാസം.
എന്തു തന്നെയായാലും സഖാവ് ഞാൻ
കാത്തിരുന്ന് മുഷിഞ്ഞു എന്ന് പറഞ്ഞാൽ മതി.
ചരിത്രം ഇത്ര വരണ്ട ഒരു കാലമുണ്ടായിട്ടുണ്ടോ ഇങ്ങനെ!

11/7/09

എഴുത്ത് മുറി

എഴുത്തുമുറിയില്ല
മേശയില്ല
പേനയില്ല
കടലാസില്ല
എഴുത്ത് മാത്രമുണ്ട്.
എഴുതിയെഴുതി
ഞാനൊരെഴുത്തുകാരനായി

എഴുത്തുമുറി പണിഞ്ഞു
മേശപണിഞ്ഞു
പേന വാങ്ങി
കടലാസു വാങ്ങി
എഴുത്ത് മുറിഞ്ഞു.
മുറിഞ്ഞ് മുറിഞ്ഞ്
ഞാനൊരു മുരിങ്ങക്കായായി.

4/7/09

റേഷൻ കട

ചിലർക്ക്
റേഷൻ കടയെന്ന് കേൾക്കുമ്പോൾ
മണ്ണെണ്ണവിളക്കിനെ ഓർമ്മവരും
മണ്ണെണ്ണവിളക്കെന്ന് കേൾക്കുമ്പോൾ
അബ്രഹാം ലിങ്കനെ ഓർമ്മവരും
അബ്രഹാം ലിങ്കനെക്കുറിച്ചോർത്താൽ
അമേരിക്കയെ ഓർമ്മവരും
അമേരിക്കയെക്കുറിച്ചോർത്താൽ
അധിനിവേശത്തെക്കുറിച്ചോർമ്മവരും
റേഷൻ കട അങ്ങനെ തന്ത്രപൂർവം
സാമ്രാജ്യത്തത്തിലേക്കുള്ള ലിങ്ക്
ഒളിപ്പിച്ചുവയ്ക്കുന്നു...!
അതോർത്ത് അവർക്ക്
ഉറക്കം നഷ്ടപ്പെടും...

മറ്റുചിലർക്ക്
റേഷൻ കടയെന്ന് കേട്ടാൽ
സബ്സിഡി അരിയെ ഓർമ്മവരും
സബ്സിഡി എന്ന് കേട്ടാൽ
ഐ.ആർ.ഡി.പി യെ ഓർമ്മവരും
ഐ.ആർ.ഡി.പി എന്നു കേൾക്കുമ്പോൾ
കാതിൽ കമ്മലിട്ട പശുവിനെ ഓർമ്മവരും
പശുവിനെക്കുറിച്ചോർത്താൽ
ചാണകം മെഴുകിയ തറ ഓർമ്മവരും.
ചാണകത്തറയെക്കുറിച്ചോർക്കുമ്പോൾ
‘ഒളിവിലെ ഓർമ്മകൾ‘ ഓർക്കുമത്രേ
റേഷൻ കട എത്ര കരുതലോടെ
കമ്മ്യൂണിസത്തിലേക്കുള്ള ലിങ്ക്
കാത്ത് സൂക്ഷിക്കുന്നു !
അതോർത്ത് അവർക്കും
ഉറക്കം നഷ്ടപ്പെടും....

തുഷാരത്തിൽ വന്നത്.