21/1/12

സംവാദം


ഒരാളും അയാളുടെ നിഴലും ഒരു സദ്യയുണ്ട് വരികയായിരുന്നു.
ആള്‍ നിഴലിനോട്: അഹഹ എന്താ ആ പായസത്തിന്റെ സ്വാദ്!
നിഴല്‍ : ഓ എനിക്കിഷ്ടപ്പെട്ടില്ല...ഒരുവക പായസം അത്രതന്നെ.
ആള്‍ : ഹെയ്..എന്താദ് ഇത്ര മനോഹരമായ പായസം കഴിച്ചിട്ടും നിനക്ക് വിശേഷിച്ചൊന്നും തോന്നീല്ല!!.അതെന്താ കാര്യം?
നിഴല്‍‍ :എനിക്കൊന്നും തോന്നില്ല..അത്രതന്നെ..ഇയാള്‍ക്കതിത്ര ഇഷ്ടപ്പെടാനെന്താ കാര്യം അതാദ്യം പറ..
ആള്‍ : അത് പാചകം ചെയ്തിരിക്കുന്ന ആ രീതി..അതൊന്നു വേറെയാ.. (അയാള്‍ പാചകരീതി പറയുന്നു)
നിഴല്‍ ഓ! എന്ന മട്ടില്‍ നെറ്റി ചുളിക്കുന്നു
ആള്‍ : എന്താ ഇപ്പോഴും നിനക്ക് പായസം ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ?
നിഴല്‍ : ഇപ്പോ എനിക്ക് പായസം മാത്രമല്ല പാചകോം ഇഷ്ടപ്പെട്ടില്ല.
ആള്‍ : ഹെയ്..താനിതെന്താടോ ഇങ്ങനെ...ആരാ പാചകക്കാരനെന്നറിയാമോ തനിക്ക്..?
നിഴല്‍ : ആരാ?
ആള്‍ :പാചകക്കാരന്റെ പേരു പറയുന്നു)
നിഴല്‍ ഹും! എന്ന മട്ടില്‍ പുരികം വളയ്ക്കുന്നു.
ആള്‍ : എന്താ ഇനീം നെനക്ക് പായസം ഇഷ്ടമായില്ല?
നിഴല്‍ :ഇപ്പോ പായസോം പാചകോം മാത്രമല്ല പാചകക്കാരനേം ഇഷ്ടമായില്ലെനിക്ക്.
ആള്‍ വീണ്ടും വിശദീകരിക്കാന്‍ വായ തുറക്കുന്നു.
അയാളെ തടഞ്ഞു കൊണ്ട് നിഴല്‍ : ഇനിയാ പായസത്തെപ്പറ്റി എന്തെങ്കിലും മിണ്ടിപ്പോയാല്‍ പായസത്തേം പാചകത്തേം പാചകക്കാരനേം മാത്രമല്ല തന്നേം എനിക്കിഷ്ടപ്പെടാതെ വരും.
അതും പറഞ്ഞ് നിഴല്‍ നടന്നുപോയി
ആള്‍ അന്തംവിട്ട് നില്പായി

17/1/12

തെളിവുജീവിതം

ലോകമേ എനിക്ക് വല്ലാത്ത സങ്കടം വരുന്നു
എന്റെകാര്യമോര്‍ത്തല്ല
എന്റെ കാര്യമൊട്ടുമോര്‍ക്കാത്ത നിന്റെകാര്യമോര്‍ത്ത്
'നിന്നെക്കുറിച്ചോര്‍ക്കാന്‍ നീയാര്'
എന്നൊരു ചിരി നിന്റെ ചുണ്ടിന്റെ ചുവരില്‍
വരച്ചുപിടിപ്പിക്കുന്നവനെ ഇപ്പോള്‍ ഞാന്‍ കാണുന്നുണ്ട്
അവന്റെ ചുണ്ടില്‍ നിന്നുയരുന്ന പുകക്കുഴല്‍കൊണ്ട്
അവന്‍ നിന്നെ ചുംബിക്കുന്നതും
എന്റെകാര്യം വീണ്ടും നീ മറന്നുപോകുന്നതും കാണുന്നു
അവന്റെ പെയിന്റുതൊട്ടിയില്‍ നിന്നും
മരങ്ങളില്‍ , പച്ചയും മഞ്ഞയും ചുവപ്പും പറന്നൊട്ടുന്നു
അവനെന്റെ നിഴലില്‍ ചവുട്ടി ഉള്ളിലേക്ക് നടന്നുമറയുന്നു.
വജ്രം ഖനിക്കുന്നവര്‍ തീര്‍ത്ത തുരംഗങ്ങള്‍ നീ കണ്ടിട്ടുണ്ടോ
മണ്ണിലൊരു വന്‍മരത്തിന്റെ കുഴിശില്പം പോലെയാണത്
അതുപോലൊന്നവന്‍ എന്റെ ഉള്ളില്‍ തുരന്നു തീര്‍ക്കുന്നു
അറവുശാലയുടെ പിന്നാമ്പുറം പോലെ
വര്‍ണാഭമായ ആകാശം നീ കണ്ടിട്ടുണ്ടോ
അവിടെ നിന്നും ബാറ്ററിതീര്‍ന്ന തന്റെ ടോര്‍ച്ചു ലൈറ്റ്
എന്റെ മുഖത്തേക്കടിച്ചൊരുവന്‍ കുടുകുടെ ചിരിക്കുന്നു
മരച്ചില്ലയില്‍ വന്നിരുന്ന് എന്നെനോക്കി
കൊഞ്ഞനം കുത്തുന്ന കാക്കപ്പക്ഷികളെ കണ്ടോ
അവയുടെ ഭാഷയുടെ തോടുപൊട്ടിച്ച്
ബസുകാത്തു നില്‍ക്കുന്നവര്‍ കൊറിക്കുന്നു
തിരതീര്‍ന്നുപോയ ഒരു കടല്‍
കാലും ചിറകുകളും പിഴുതെടുത്ത കൊതുകിനെപ്പോലെ
പിടയ്ക്കാനാവാതെ എന്നെനോക്കി കിടക്കുന്ന കണ്ടോ
എന്റെ മേല്‍ ഒരു കണ്‍പോളപോലെ വന്നടയുന്ന രാത്രിയെക്കണ്ടോ
എല്ലാത്തിനുമിപ്പുറം ഞാനാണ്
ഞാനീയിരുപ്പു തുടങ്ങിയിട്ട് ഏറെക്കാലമായി ദൈവമേ
ഇനിയിപ്പോള്‍ ചന്ദ്രന്‍ വരും
അതിന്റെ വെളിച്ചവും എന്റെ മേല്‍ വന്നു വീഴും
ഞാനിനി എന്നെയെങ്ങനെ നിനക്ക് കാണിച്ചുതരണം ലോകമേ
എനിക്ക് വല്ലാത്ത സങ്കടം വരുന്നു,
എന്നെമാത്രം വിട്ടുപോകുന്ന നിന്നെയോര്‍ത്ത്..
അലഞ്ഞു തളര്‍ന്ന് ഉറക്കം തൂങ്ങുന്ന പാവം ലോകമേ
നിന്റെ കണ്ണില്‍ പെട്ടുപോകാതെ ഞാനീ രാത്രിയും കടക്കും..

12/1/12

അവള്‍ക്ക്

എന്റെ മരണത്തിന് ഉത്തരവാദിയായവന്‍
ഇതാ എന്നെന്നെച്ചൂണ്ടി
ഒരുവളിപ്പോഴും ജീവിച്ചിരിക്കുന്നു
അവളുടെ ചൂണ്ടുവിരലിലെ എന്റെ ചുംബനം
കഴുകന്‍ തിന്നുന്നു
ഏതുമരുഭൂമിയെക്കാളും ദാഹമുള്ള
മണല്‍ത്തരിയായി
നിമിഷങ്ങള്‍ എന്റെമേല്‍ വന്നുമൂടുന്നു.
ഞാനോ
ഞാന്‍ ചിലപ്പോള്‍ പാറയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ
ഒരു ജലകണം പോലെ
നൂറ്റാണ്ടുകള്‍ പഴക്കമുള്ള
ശ്വാസം മുട്ടലായി
ഞെരുങ്ങി ഞെരുങ്ങി
അടുത്ത പെണ്ണിനെക്കുറിച്ച്
അവളുടെ വിരലുകളെക്കുറിച്ച്
സ്വപ്നം കാണുന്നു.

10/1/12

ഫ്രിഡ്ജിനുള്ളിലെ ഇറച്ചി

.
നിശബ്ദതയുടെ ഒരു വിത്ത്
ഞാന്‍ വീട്ടുമുറ്റത്തു നട്ടു
ഊമകളായ കിളിന്തു വേരുകളെ
വീടിനുള്ളിലേക്ക് ഉന്നം വെച്ച്
വിത്തു മുളച്ചു
ശബ്ദങ്ങളെ വിഴുങ്ങുന്ന
കൂറ്റന്‍ മൃഗത്തിന്റെ വലിയ വായ പോലെ
വീടിന്റെ വാതിലുകള്‍
തുറന്നും അടഞ്ഞും കൊണ്ടിരുന്നു.
മരം വളര്‍ന്ന് വലുതായി
രാത്രികളും പകലുകളും നിശബ്ദമായിത്തുടങ്ങി
ഇപ്പോള്‍ വീടിനെക്കണ്ടാല്‍
പടര്‍ന്നു പന്തലിച്ച മരത്തിനു ചുവട്ടില്‍
തളര്‍ന്നിരിക്കുന്ന വൃദ്ധയെപ്പോലെ തോന്നും
മരത്തിന്റെ വേരുകള്‍ കിടപ്പുമുറിയില്‍ പോലും
നിശബ്ദത സൃഷ്ടിച്ചുകൊണ്ട്
വീടിനുള്ളിലാകെ വലകെട്ടി.
ഒരു ചിലന്തിയുടെ നിശബ്ദത..
ഞാന്‍ നിശ്ബ്ദതയ്ക്കുള്ളില്‍ ചുരുണ്ടുകൂടി
വര്‍ഷങ്ങളും യുഗങ്ങളും കടന്നുപോയി
പ്രപഞ്ചങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടാവുകയും
പൊട്ടിത്തെറിച്ചില്ലാതാവുകയും ചെയ്യുമ്പോഴും
ഞാന്‍ മരിച്ചതേയില്ല
നിശബ്ദത, ജീവിതത്തെ ഫ്രിഡ്ജിനുള്ളിലെ
ഇറച്ചിപോലെ കേടാകാതെ സൂക്ഷിച്ചു വെച്ചിരുന്നു.

6/1/12

ശാരി മരിച്ചുപോയി

കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന ശാരി മരിച്ചുപോയി. ഇന്നുച്ചയ്ക്ക് തിരുവനന്തപുരം RCC യിലായിരുന്നു അന്ത്യം. ശവദാഹം ഇന്നു തന്നെ നടക്കുമെന്ന് അറിയുന്നു. ക്രോസ് മാച്ചിംഗ് നടക്കാതെ വന്നതുകൊണ്ട് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്താന്‍ കഴിയാതെ വരികയും ആശുപത്രിയില്‍ ചികിത്സ തുടരുകയുമായിരുന്നു.മറ്റുവിവരങ്ങള്‍ വിശദമായി അറിയുന്ന മുറയ്ക്ക് എഴുതാം.
http://www.sanathanan.blogspot.com/2011/06/blog-post_21.html