അവളെക്കുറിച്ച്



അവളുടെ പേരു ഞാൻ മറന്നുപോയി
മുഖവും മറന്നു
മുലക്കണ്ണിൽ ചോരയിറ്റുന്നതുമാത്രം ഓർമയുണ്ട്
അവൾ നടന്നുപോയ വഴി മറന്നു
കാറ്റിൽ പറക്കുന്ന മുടി പറഞ്ഞതും മറന്നു
കാലിൽ തറച്ച മുള്ളിൽ
അവൾ പമ്പരം പോലെ ചുറ്റിയത് ഓർമയുണ്ട്

വിഷവരം

വിഷം കായ്ക്കുന്ന മരത്തിനു
ചുവട്ടിൽ തപസുചെയ്യുന്ന സന്യാസിക്ക്
വിഷം തന്നെയാണ്
വരം വേണ്ടത്
തിന്നു നോക്കിയിട്ടില്ലാത്തതിനാൽ
വിഷം തലയ്ക്കുമുകളിൽ
ഒരു വമ്പൻ ചക്കപോലെ
തൂങ്ങി നിൽക്കുന്നത്
അയാളറിഞ്ഞില്ല
ദൈവം പ്രത്യക്ഷപ്പെട്ടെന്നാൽ
അയാൾ വരം ചോദിക്കും
വിഷം തലയിൽ വീണ്
മരിക്കുകയും ചെയ്യും

ഭൂഖണ്ഡാന്തരം


ആൾക്കൂട്ടത്തിന്റെ ഒരു കടലിൽ
പൊന്തിക്കിടക്കുന്ന ഭൂഖണ്ഡം പോലെയുള്ള
മേശയ്ക്കിരുപുറം,
പരസ്പരം നോക്കാനോ മിണ്ടാനോപറ്റാത്ത രണ്ടു മണൽത്തിട്ടുകൾപോലെ 
അവർ ഇരുന്നു...