29/7/07

തൂവലുകള്‍

അച്ചനെന്നോട്
പറഞ്ഞാല്‍തീരാത്ത സ്നേഹമാണ്
കള്ളുകുടിക്കാതെ
പെണ്ണുപിടിക്കാതെ
ചൂതുകളിക്കാതെ
അച്ചന്‍ നേടിയ കൊച്ചു സമ്പാദ്യം
മുഴുവന്‍ അനുജത്തിക്കു കോടുത്തപ്പോള്‍
എനിക്കോ...
ആ സ്നേഹമയന്‍
ഒരാകാശം തന്നെ തീറെഴുതിത്തന്നു.

അമ്മയും അങ്ങനെ തന്നെ......
കുഞ്ഞുന്നാള്‍മുതല്‍
അമ്പിളിയമ്മാവനേയും
പൊന്‍‌താരകങ്ങളേയും
മിന്നാമ്മിനുങ്ങുകളേയും
മാത്രമേ എനിക്കു തന്നുള്ളു അമ്മ.

പ്രണയത്തിന്റെ കലഹരാത്രികളില്‍
കാമുകിയോടൊത്തുഞാന്‍
പട്ടിണിതിന്നുറങ്ങുമ്പോള്‍
മിച്ചമുള്ള ചോറും മീന്‍‌തലയും
പട്ടിക്കു കൊടുത്തിരിക്കണം അമ്മ....

വീട്.....
എനിക്കിപ്പോള്‍
ആകാശം തന്നെയാണ്.
ചിറകൊതുക്കാന്‍ ഒരു ചില്ലപോലും
നിര്‍ത്താതെ വെട്ടിവെളുപ്പിച്ച ആകാശം....

പൊഴിഞ്ഞുപോയ തൂവലുകളേ
നിങ്ങളെന്തിനെന്നെ തേടിവരുന്നു.

26/7/07

കായിക്കുടുക്ക

മണ്ണു കൊണ്ടാണത്രേ
മനുഷ്യനെ ഉണ്ടാക്കിയത്.
ശരിയായിരിക്കും...
മണ്ണുകൊണ്ടുള്ള
ഒരു കായിക്കുടുക്ക.....!

രൂപം മാത്രമേ മാറ്റമുള്ളു.
അതേ സ്വഭാവം
അതേ വിധി.

കണ്ണും മൂക്കുമില്ലാതെ
വായും തുറന്ന് ഒറ്റയിരിപ്പാണ്..
കൊണ്ടുവാ പണം...!

അടുത്തുവരുന്നവര്‍
അടുത്തുവരുന്നവര്‍
കുലുക്കി നോക്കും
കിലുക്കമുണ്ടോ...?

ഉണ്ടെങ്കിലും
ഇല്ലെങ്കിലും
ഉടഞ്ഞുപോകാനാണു
വിധി.....

25/7/07

ക്ഷുദ്ര ജന്തുക്കള്‍

വെയിലിന്റെ പൂട പറിച്ച്
ചുവക്കെപൊരിച്ചെടുത്ത പക്ഷിയെ
ഒരു പകല്‍ മുഴുവന്‍ പട്ടിണികിടന്ന ഇരുട്ട്
ഒറ്റയടിക്കു വിഴുങ്ങി......

ഈ മുറിയില്‍ എലികളൊന്നും
ഇല്ലെന്നറിഞ്ഞിട്ടും,കൂര്‍ത്ത നഖമുള്ള
ഒരു പൂച്ച, രാത്രിതോറും വരുന്നു.
ആത്മാവിന്റെ പൂച്ചുകളൂരിവച്ച
നഗ്നനശ്വരശരീരത്തില്‍
മാന്തി മാന്തിയുണര്‍ത്തുന്നു.

പാപങ്ങളുടെ പാശങ്ങളോരോന്നായി
അഴിച്ചഴിച്ച് അനശ്വരമായ ആകാശത്തിലേക്ക്
കെട്ടുപൊട്ടാന്‍ കൊതിക്കുമ്പോഴാണ്,
പ്രവാചകന്മാരുടെ അടക്കോഴികള്‍
ദൈവങ്ങളുടെ ഭ്രൂണങ്ങളെ കൊത്തിക്കുടിക്കുന്നത്.

21/7/07

മുപ്പതുവര്‍ഷങ്ങള്‍
മുപ്പതുവര്‍ഷങ്ങള്‍;
ഒരുനദിയുടെ പേരാണോ?
എത്രപിന്നോട്ടു തുഴഞ്ഞിട്ടും
പ്രഭവസ്ഥാനം കണ്ടെത്താന്‍ കഴിയാത്ത,
ഇത്രകാലം ഒഴുകിയിട്ടും
കടലിലേക്കഴിഞ്ഞുപോകാത്ത,
ഇല്ലെങ്കിലും ഉണ്ടെന്നു തോന്നുന്ന,
ഉണ്ടെങ്കിലും ഇല്ലാത്തതായ
ഒരു സ്വപ്നസ്ഖലനത്തിന്റെ.....!

മുപ്പതു വര്‍ഷങ്ങള്‍;
ഒരു തോണിയുടെ പേരാണോ?
ഏതു നിലക്കാത്ത ആഴത്തിലും
പൊള്ളയായ ഉള്ളുള്ളതുകൊണ്ട്
പൊങ്ങിത്തന്നെ കിടക്കുന്ന,
ഏതു തിരയിലും മലര്‍ന്നുമാത്രം
കിടക്കാന്‍ വിധിയുള്ള,
കമിഴ്ന്നുചേര്‍ന്ന് നെഞ്ച്പൊട്ടി-
ക്കരയാന്‍ അതിയായ് കൊതിയുള്ള
ഒരു പൊങ്ങച്ചത്തിന്റെ.......!

മുപ്പതുവര്‍ഷങ്ങള്‍;
ഒരു വൃക്ഷത്തിന്റെ പേരാണോ?
എത്ര ശിഖരങ്ങളാണ്,
എത്ര ഇലകളാണ്,
എത്ര മൊട്ടുകളാണ്
തനിക്കുള്ളതെന്നറിയാത്ത,
ഒഴിഞ്ഞുപോകുന്ന മണല്‍ത്തരികളെ
വിലാപം പോലുള്ളവേരുകള്‍ കൊണ്ട്
അള്ളിപ്പിടിച്ചു നില്‍ക്കുന്ന
ഒരു തളര്‍വാതത്തിന്റെ......!

മുപ്പതുവര്‍ഷങ്ങള്‍;
എന്തായാലും
ഒരുജീവിതത്തിന്റെ പേരാകുമോ?
ജനിക്കുന്നതുകൊണ്ട് തുടങ്ങുകയും,
മരിക്കാത്തതുകൊണ്ട്തുടരുകയും
ചെയ്യുന്ന ഒരു ചന്തവഴക്കിന്റെ.....!

മുപ്പതുവര്‍ഷങ്ങള്‍.......
ഏതു മജീഷ്യന്റെ തൊപ്പിയിലെ
മുയല്‍ക്കുഞ്ഞുങ്ങളാണ് ദൈവമേ......?

18/7/07

വെളിപാടുകള്‍

ചിരിയില്‍ വെളിപ്പെടുന്നത്
പല്ലുകളുടെ നാട്യമാണ്
പിറവികൊള്ളും മുമ്പുതന്നെ
മുലക്കണ്ണുകള്‍ കടിച്ചുമുറിക്കുന്നപല്ലുകളുടെ,
കടിച്ചുകീറാനും
ചവച്ചരക്കാനും
പിഴിഞ്ഞുതുപ്പാനുമുള്ള
കൊതിയൊളിപ്പിച്ച നടനവൈഭവം.....

ഒരിക്കലെന്നോടൊരുത്തിപറഞ്ഞു:-
നിന്റെ പല്ലുകള്‍ക്കെന്തഴക് !
നീ ചിരിക്കുമ്പോള്‍ ഞാനലിഞ്ഞുപോകും...

താമസിയാതെ ഞാനവളെചവച്ചുതിന്നു.
പല്ലുകള്‍ക്കിടയില്‍ക്കുടുങ്ങിയ ശാപങ്ങളുടെ
മുള്ളുകള്‍ മാത്രംതുപ്പിക്കളഞ്ഞു.

കരയുമ്പോള്‍ വെളിപ്പെടുന്നത്
കരളിലും ശ്വാസകോശത്തിലുമൊന്നുമുള്ള
ദുഖ:ങ്ങളുടെ തിരമാലകളല്ല.
ആമാശയത്തില്‍ ദഹിക്കാതെകിടക്കുന്ന
ചതിയുടെ ഉപ്പുപാറകളാണ്.....

കരച്ചിലിന്റെ കടലില്‍
സ്ഥിരമായെന്നെപ്രണയസ്നാനം ചെയ്യിച്ചിരുന്ന
ഒരുത്തിയൊരുദിനം
സദാചാരത്തിന്റെകൊയ്ത്തുപാട്ടില്‍ വറ്റിപ്പോയി
പൊടുന്നനെ......!

അന്തമില്ലാത്ത ഉപ്പളങ്ങള്‍ക്കു നടുവില്‍
യുഗങ്ങളോളം ഞാനൊറ്റപ്പെട്ടു.

16/7/07

കഥകളുടെ മുത്തശ്ശി

ഓര്‍മകള്‍തുടങ്ങുന്നതുതന്നെ വയസ്സറിഞ്ഞുകൂടാത്ത എന്റെ മുത്തശ്ശിയില്‍ നിന്നാ‍ണ്.ഒരിക്കലും റവുക്ക ഇടാത്ത,ഞാന്നുകിടന്ന് കാറ്റിലാടുന്ന മുലകളുള്ള,മുഖത്തും ശരീരത്തിലാകെയും ചുളിവുകളുള്ള അവസാനിക്കാത്ത കഥകളുടെ മുത്തശ്ശി.ഞാന്‍ ആ വൃദ്ധസ്വരൂപത്തെ
അമ്മച്ചി എന്നു വിളിച്ചു.ആകെ ഒറ്റമുണ്ടുമാത്രം ഉടുത്ത് നഗ്നതയെ ഭയപ്പെടാതെ അവര്‍ എന്നെ മടിയില്‍ കിടത്തി കഥകളും പാട്ടുകളും പ്രാര്‍ത്ഥനകളുമായി ഉറവപൊട്ടി.മണ്ണെണ്ണവിളക്കിന്റെ
പുകപിടിച്ചപ്രകാശത്തില്‍ അമ്മച്ചി കഥപറയുമ്പോള്‍ മുഖത്തു കഥകളിക്കുന്ന ഭാവങ്ങള്‍കണ്ട് ഞാന്‍ അമ്പരന്നു.അമ്മച്ചി ഒരത്ഭുതമാണ് എനിക്കിപ്പോഴും.എന്റെ ഓര്‍മകളുടെ പിറവികാലം മുതല്‍ ഒടുവില്‍
സ്വയം തീരുമാനിച്ചുറപ്പിച്ചപോലെ പട്ടിണികിടന്നു മരണത്തിലേക്കുമാഞ്ഞു പോകുന്നതുവരെ ഒരേമുഖവും ഒരേ രൂപഭാവങ്ങളും മാത്രമായി ജീവിച്ച അത്ഭുതം.ഏനിക്ക് എന്റെയീ മുപ്പതുവര്‍ഷത്തെ കൊച്ചു ജീവിതത്തിനിടയില്‍ അണിയേണ്ടിവന്നിട്ടുള്ള വേഷങ്ങളും ആടേണ്ടിവന്നിട്ടുള്ള ഭാവപ്പകര്‍ച്ചകളും ആലോചിച്ചുപോകുന്നു ഞാന്‍.ചിലപ്പോഴൊക്കെ എന്റെ പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളും ഇപ്പോഴത്തെ മുഖവും കണ്ണാടിയിലൂടെ നോക്കി ഞാന്‍ അമ്പരന്നിരിക്കാറുണ്ട് . ഞാന്‍ തന്നെയാണ് ഞാനെന്ന് എങ്ങനെ പറയാന്‍ കഴിയും!
ഒരുപക്ഷേ അമ്മയുടെതിനേക്കാള്‍ ഞാന്‍ നുണഞിട്ടുള്ള മുലകള്‍ അമ്മച്ചിയുടേതാണ് .ഓര്‍മയുള്ളതും. “അമ്മിഞ്ഞയില്ലല്ലോ”എന്നു ഞാന്‍ പരിഭവപ്പെടുമ്പോള്‍ അമ്മച്ചിപറയുമായിരുന്നു “ഞാനെന്തു ചെയ്യാനാ ഉള്ളതൊക്കെ നിന്റെ തന്തയും അവന്റെ തള്ളയും കൂടി കുടിച്ചു തീര്‍ത്തില്ലിയൊ”.വാടിയ ചെമ്പരത്തിപൂവുപോലെ ഞരമ്പുകള്‍ തെളിഞ്ഞുതൂങ്ങിയ മുലകളായിരുന്നു അമ്മച്ചിക്ക് മുലപ്പാലിനുപകരം എനിക്കു കിട്ടിയിരുന്നത് കഥകളാണെന്നു മാത്രം.അമ്മച്ചിക്ക് എത്ര
വയസ്സായിരുന്നു എന്നെനിക്കറിയില്ല എനിക്കുമാത്രമല്ല ആര്‍ക്കും.അമ്മച്ചി അതൊരിക്കലും പറഞ്ഞുമില്ല. ഇടക്കു വെറുതെ ചോദിക്കുമ്പോള്‍ അമ്മച്ചി നാണം കലര്‍ന്ന ഒരുചിരിയില്‍ ചോദ്യങ്ങളെ നാണം കെടുത്തി. നൂറിനുമേലുണ്ടെന്നാ‍ണ് മരിച്ചശേഷം ആളുകള്‍പറഞ്ഞിരുന്നത്. പക്ഷേ
എനിക്കു വിശ്വാസം പോരാ ആയിരംവര്‍ഷങ്ങളുടെ കഥകളായിരുന്നു അമ്മച്ചിയുടെ സമ്പാദ്യം. തകര്‍ന്നു പോയ ഒരു തറവാടിന്റെ അവസാനത്തെ ആണ്‍പിറപ്പായിരുന്നു ഞാന്‍. ചൂതുകളിച്ചും
നാടുതെണ്ടിനടന്നു ഭോഗിച്ചും മുത്തച്ഛന്മാര്‍ നശിപ്പിച്ചതിന്റെ ബാക്കി,കഴിവും കുതന്ത്രവും ഉള്ളവര്‍ കൊണ്ടുപോയി.ഞങ്ങള്‍ക്ക് ആകെയുണ്ടായിരുന്നത് മണ്ണുകൊണ്ടുള്ള ചുവരുകളും
പഴയോലകൊണ്ടുള്ള ഒരു മേല്‍ക്കൂരയുമായിരുന്നു. പഴയോലക്കിടയിലൂടെ കോഴിമുട്ടപോലെ ചാണകത്തറയിലേക്കു ചാടുന്നആകാശം കണ്ടാണ് ഞാന്‍ വളര്‍ന്നത്.എല്ലാപേരില്‍ നിന്നും ഒറ്റക്കാകുമ്പോള്‍എന്റെ ഏറ്റവും വലിയവിനോദമായിരുന്നു ഈ മുട്ടപിടിക്കല്‍, അമ്മച്ചിയുള്ളപ്പോള്‍
മുലകുടിയും കഥകേള്‍ക്കലും.മുരടനായ അപ്പൂപ്പന്റെ വീട്ടില്‍ നിന്നും മരച്ചീനിമാവില്‍ ചുട്ടെടുത്ത അപ്പവും പറഞ്ഞാലും കേട്ടാലും മതിവരാത്ത കഥകളുമായി അമ്മച്ചിവരുന്നതും കാത്തുഞാനിരിക്കും. ചിലപ്പോഴൊക്കെ അമ്മച്ചിയുടെ മടിക്കുത്ത് തള്ളിനില്‍ക്കുന്നുണ്ടാവും. അന്ന് വയറിനുള്ളില്‍
എനിക്കൊരു കുഞ്ഞനുജത്തിയേയും ചുമന്നു നടന്നിരുന്ന എന്റെ അമ്മയുടെ പുറത്തേക്കു തള്ളിനില്‍ക്കുന്ന വയര്‍ പോലെ.ചോദ്യം ചിരിക്കുന്ന എന്റെ മുഖത്തുനോക്കി അമ്മച്ചി പറയും “ഗര്‍ഭം”.
അമ്മച്ചിയുടെ ഗര്‍ഭം ഒഴിയുന്നത്കുറേ നെന്മണികളായിട്ടായിരുന്നു.അപ്പൂപ്പന്‍ കാണാതെ പത്തായം തുറന്ന് മോഷ്ടിച്ചു കൊണ്ടുവന്നിരുന്ന നെന്മണികള്‍.ശരിക്കും അതൊരു മോഷണമായിരുന്നില്ല. എല്ലാം അമ്മച്ചിയുടേതായിരുന്നു.അമ്മച്ചിയെ കൂടെനിര്‍ത്തിയിരുന്നത് അപ്പൂപ്പനായിരുന്നതുകൊണ്ട് എല്ലാം
നോക്കിനടത്തിയിരുന്നതും അപ്പൂപ്പനായിരുന്നു.അപ്പൂപ്പനറിയാതെ ഒന്നും അ മ്മച്ചിക്ക്‌ എടുക്കാനാകുമായിരുന്നില്ല.അറിഞ്ഞുകൊണ്ട് അപ്പൂപ്പന്‍ ആര്‍ക്കും ഒന്നും കൊടുക്കുകയുമില്ലായിരുന്നു. അപ്പൂപ്പന്റെ കഴുത്തില്‍ തുറിച്ചു നിന്നിരുന്ന ഗോയിറ്ററുണ്ടായിരുന്നു.കഥകള്‍മതിയാവാതെ ശാഠ്യം പിടിക്കുമ്പോള്‍ അമ്മച്ചി അപ്പൂപ്പന്റെ പേരുപറഞ്ഞായിരുന്നു എന്നെ ഭയപ്പെടുത്തിയിരുന്നത്.കഴുത്തില്‍ തുറിച്ചുനില്‍ക്കുന്നത് ഒരു കണ്ണാണത്രേ ആരെയും നോക്കി ഭസ്മമാക്കാന്‍ കെല്‍പ്പുള്ള ഒരു മൂന്നാം
കണ്ണ്.കുട്ടിക്കാലത്ത് ഒരിക്കലും അപ്പൂപ്പന്റെ മൂന്നാം കണ്ണ് ഞാന്‍ കണ്ടിട്ടില്ല,എപ്പോഴും അതിനെ ചുറ്റി ഒരു തോര്‍ത്തുമുണ്ടുമിട്ടാണ് അപ്പൂപ്പന്‍ നടക്കുക. എനിക്കിപ്പോഴും അറിയില്ല അപ്പൂപ്പനെ,
(അമ്മച്ചിയുടെ മുതിര്‍ന്ന മകനാണ് അപ്പൂപ്പന്‍) അമ്മച്ചി എന്തിനായിരുന്നു ഭയപ്പെട്ടിരുന്നതെന്ന് എന്തുചെയ്തിരുന്നതും അപ്പൂപ്പന്‍ കാണാതെയായിരുന്നു.അമ്മച്ചിയുടെ തറവാട്ടുസ്വത്തില്‍നിന്നും
മുറ്റം നിറയെ തേങ്ങാവെട്ടികൂട്ടുമ്പോള്‍ ആരും കാണാതെ ഒന്നെടുത്തു “പാത്തുവയ്ക്കും” മിക്കവാറും അതും ഞങ്ങള്‍ക്കായിരിക്കും അല്ലെങ്കില്‍ നിത്യദൌര്‍ബല്യമായിരുന്ന കരുപട്ടിചക്കര വാങ്ങിക്കാന്‍ ചന്തയില്‍ പോകുന്ന പെണ്ണുങ്ങളുടെ കയ്യില്‍ വില്‍ക്കാന്‍ കൊടുത്തയക്കും.അച്ചന് സര്‍ക്കാര്‍ജോലികിട്ടിയതോടെ കുറച്ചു ദൂരെയായി ഞങ്ങള്‍ വീടുവെച്ചു മാറി. എനിക്ക് പത്തുവയസ്സുള്ളപ്പോള്‍.അതിനുശേഷം
അമ്മച്ചിയെ കാണുന്നത് ഒന്നുകില്‍ ഏതെങ്കിലും അവധികളില്‍ അപ്പച്ചിയോടൊപ്പം അപ്പൂപ്പന്റെ വീട്ടിലേക്കു പോകുമ്പോഴോ രണ്ടുകിലോമീറ്ററോളം കാല്‍നടയായി അമ്മച്ചി ഞങ്ങളുടെ വീട്ടിലേക്കു
തനിച്ച് വരുമ്പോഴോ ആണ്. കുറച്ചു നാള്‍ ഞങ്ങളുടെകൂടെ നിന്നശേഷം പൊടുന്നനെ ഒരു ദിവസം അമ്മച്ചിപറയും “പോണം മക്കളേ” .അതുപിന്നെ അവസാന വാക്കാണ്.പക്ഷേ വന്നതുപോലെ
ഒറ്റക്കൊരിക്കലും തിരിച്ചുപോകില്ല ഞങ്ങള്‍ ആരെങ്കിലും കൊണ്ടുവിടണം.വഴിയില്‍ ഒരു നൂറെടുത്തെങ്കിലും ഇരിക്കും എന്നുള്ളതുകൊണ്ട് അമ്മച്ചിയെ കൊണ്ടുവിടുന്നത് ഒരു ദിവസത്തെ
അധ്വാനമാണ്.അത് എല്ലാവര്‍ക്കും വലിയ വിമുഖതയായിരുന്നു,എനിക്കും അങ്ങനെ തന്നെ.സ്കൂള്‍ കഴിഞ്ഞതോടെ ഞാന്‍ അമ്മച്ചിയെ കാണുന്നതുതന്നെ അപൂര്‍വമായിട്ടായിരുന്നു.അര്‍ഥമില്ലാത്ത
എന്തിലൊക്കെയോ മുഴുകി ഒഴുകിനടക്കുകയായിരുന്നു ഞാന്‍.അപ്പൂപ്പന്റെ വീട്ടിലേക്കു പോകാന്‍ എനിക്കെല്ലായ്പ്പോഴും ഒരു താല്പര്യക്കുറവുംഉണ്ടായിരുന്നു.വല്ലപ്പോഴും പോകുമ്പോള്‍ അമ്മച്ചിക്ക്
ആകെ കൊണ്ടുപോയിരുന്നത് കുട്ടികള്‍ക്കു കൊടുക്കാറുള്ള നാരങ്ങാമിഠായി .നാണം കലര്‍ന്ന, പല്ലില്ലാത്ത ചിരിയോടെ അമ്മച്ചി അതു വാങ്ങി നുണയും.

മരണം തന്നെ വിളിക്കുന്നില്ല എന്നതായിരുന്നു ഒരോ തവണ കാണുമ്പോഴും അമ്മച്ചിക്കു പറയാനുണ്ടായിരുന്ന ഏറ്റവും വലിയ ദുഖം.അപ്പോഴൊക്കെ ഒരുപരാതികൊണ്ട് ഞാന്‍ അമ്മച്ചിയുടെ വായടക്കും. “അമ്മച്ചിക്ക് എന്റെ പിള്ളേരെ കാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ്
അങ്ങനെ പറയുന്നത്”.എന്റെ കൈ പിടിച്ച് മുഖത്തു ചേര്‍ത്തുകൊണ്ട് അമ്മച്ചിപറയും.“നിന്റെ പിള്ളയും കണ്ടിട്ടേ അമ്മച്ചിപോകൂ..എന്നാലും ഇനിയങ്ങു പോകണ്ടേ മക്കളെ”.അമ്മച്ചിയെ അവസാനമായി കാണുമ്പോള്‍ മരണശയ്യയിലിലായിരുന്നു ആ മെലിഞ്ഞശരീരവും അബോധമായിത്തീര്‍ന്ന മനസും.ഞാനും ശ്രീജയും പ്രണയാനന്തരമുള്ള കലഹങ്ങളെ തുടര്‍ന്ന്
വീട്ടില്‍ നിന്നും പിരിഞ്ഞു വാടകവീട്ടിലേക്ക്‌ മാറിതാമസിക്കുകയായിരുന്നു.പരിഭവങ്ങള്‍ കുത്തിനിറച്ച
സ്വരത്തില്‍ അച്ചന്റെ ഒരു ഫോണ്‍‌വിളി വന്നു.അമ്മച്ചിക്ക് ഒട്ടും സുഖമില്ല,ഒന്നും കഴിക്കുന്നില്ല, ആരെയുംതിരിച്ചറിയുന്നില്ല,മരിച്ചുപോകും.വളരെ ചമ്മലോടെയായിരുന്നു ആ സന്ദര്‍ശനം. എല്ലാവര്‍ക്കും ചോദിക്കാനും അറിയാനും ഉണ്ടായിരുന്നത് എന്റെപ്രണയത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെ കുറിച്ചുമായിരുന്നു. വീടുമാറിയതെന്തിന് ?ഇപ്പോള്‍ എങ്ങനെ നന്നായി ജീവിക്കുന്നുവോ?അവള്‍ വന്നതിനെക്കാള്‍ മെലിഞ്ഞുപോയല്ലോടാ....അങ്ങനെ കൂര്‍ത്തുമൂര്‍ത്തചോദ്യങ്ങള്‍ ഓരോ
വേലിക്കരികില്‍നിന്നും ഓരോ വാതില്‍ മറവില്‍നിന്നും ഞങ്ങള്‍ക്കു നേരേ. അമ്മച്ചി നനച്ചുവിരിച്ച കരിയിലപോലെ തടിക്കട്ടിലില്‍ കിടക്കുകയായിരുന്നു.ഞാന്‍ അടുത്തുപോയി. ആളുകള്‍പറഞ്ഞു മനസിലാവില്ലാ॥ആരെയും തിരിച്ചറിയുന്നില്ല.ഞാന്‍ അമ്മച്ചിയുടെ കൈപിടിച്ചു. അമ്മച്ചി ഒന്നനങ്ങി എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.ഞാന്‍ പറഞ്ഞു....സനല്‍. പരിചയത്തിന്റെ ആഴമുള്ള
ഒരുപുഞ്ചിരി വരണ്ടുപോയ ആ ചുണ്ടുകളില്‍ ഒന്ന് തലോടി മടങ്ങിപ്പോയി.ശ്രീജയെ അടുത്തേക്കു നീക്കിനിര്‍ത്തി ഞാന്‍ പറഞ്ഞു...എന്റെ പെണ്ണ്..അമ്മച്ചിയുടെ കൈകള്‍ ചലിക്കുന്നതിന്റെ
തരം‌ഗങ്ങള്‍ എനിക്കറിയാമായിരുന്നു.പറയാത്തവാക്കുകളുടെ തള്ളലില്‍ ആ വെളുത്ത കണ്ണുകളുടെ കടല്‍ ഇളകുന്നുണ്ടായിരുന്നു.അമ്മച്ചി എന്റെ കൈപ്പത്തിക്കുള്ളില്‍ പരതുന്നതുപോലെ തോന്നി. അപ്പോള്‍ എന്തോ ഒരു കുറ്റബോധവും എന്നിലേക്കുവീശിയെത്തി..ഒരു നാരങ്ങാമിഠായിപോലും
ഇല്ലാതെ........
അമ്മച്ചി ഒന്നും കഴിക്കുന്നില്ല എന്നതായിരുന്നു രോഗം.ഞാന്‍ പറഞ്ഞു ആശുപത്രിയില്‍ കൊണ്ടുപോകാം. വയസ്സായില്ലേ ഇനിയെന്താശുപത്രി? ആള്‍ക്കാര്‍ ചോദിച്ചു.ഞാന്‍ പറഞ്ഞു എന്നാലും കൊണ്ടുപോകാം....കഴുത്തില്‍ വിഷത്തിന്റെ മൂന്നാം കണ്ണുള്ള അപ്പൂപ്പന്‍ കടന്നു വന്നു. താക്കീതിന്റെ സ്വരത്തില്‍ ഗര്‍ജ്ജിച്ചു ‘നീയവരെ കൊല്ലാതെ കൊല്ലണ്ട‘ .ഞാന്‍ പത്തിമടക്കി മൌനത്തിന്റെ ഗുഹക്കുള്ളില്‍ കയറി ഒളിച്ചു.ആര്‍ത്തിയോടെ പായുന്ന ചോദ്യങ്ങളില്‍ നിന്നും കൊത്തിവലിക്കുന്ന നോട്ടങ്ങളില്‍ നിന്നും എത്രയും പെട്ടെന്ന് ഓടിയൊളിക്കാന്‍ കൊതിക്കുന്നുണ്ടായിരുന്നു മനസ്സ്.നാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മച്ചി മരിച്ചു.അപ്പൂപ്പന്‍ കരയുന്നതു കണ്ട ആദ്യത്തെ ദിവസം. ഇപ്പോഴും ചില രാത്രികളില്‍ അമ്മച്ചിയുടെ തളര്‍ന്ന സ്വരം അടുത്തിരുന്ന് ചിലമ്പും “കഥ കഥ കാരണംകോട്ടമ്പലത്തിലെ തേങ്ങമൂത്തിളതായതെന്തു കഥ.”

ഒരുമരത്തിന്റെ കഥ

ദൈവം ഉവാച:
ആ വഴി നടക്കരുത്.
ആ പൂ മണക്കരുത്.
ആ പഴം തിന്നരുത്.
അങ്ങോട്ടു നോക്കരുത്.
എങ്കിലുണ്ടാമമരത്വം!

ഞാന്‍ ഉവാച:
നടന്നുണ്ടായ വഴികളൊക്കെ
നടക്കും ഞാന്‍.
മണക്കുന്ന പൂക്കളെല്ലാം
മണക്കും ഞാന്‍.
പഴങ്ങള്‍ നീ സൃഷ്ടിച്ചതെങ്കില്‍
‍രുചിക്കും ഞാന്‍.
കണ്ണുകാണും കാഴ്ചയെല്ലാം
കാണും ഞാന്‍.
എനിക്കു വേണ്ടമരത്തം.

മരത്വം ഭവന്തു!!
ദൈവം ശപിച്ചു.....
ഞാനൊരു മരമായി!
കണ്ണില്ല,മൂക്കില്ല,നാക്കില്ല,നടക്കില്ല....

ദൈവം ഒരു കാണിക്കയായ്
എന്റെ ചുവട്ടില്‍ കുടിയിരുന്നു.
പകല്‍,നേര്‍വഴി നടക്കുന്നവര്‍
ചില്ലറകള്‍ ഭിക്ഷ കൊടുത്തു.
സന്ധ്യകളില്‍,പരേതാത്മാക്കള്‍
‍ദൈവശിരസില്‍ കാഷ്ടിച്ചു.
രാത്രി,ഏതോ കള്ളന്‍ ദൈവത്തിന്റെ
പള്ളകുത്തിത്തുറന്ന്ചില്ലറയെല്ലാം മോഷ്ടിച്ചു.

ദൈവത്തിന്റെ നിസ്സഹായത കണ്ട്
ഞാനും നിസ്സഹായനായി....

12/7/07

ഓര്‍മകള്‍ക്കൊരാമുഖം

ഓര്‍മകള്‍ ചിലപ്പൊള്‍ സ്വപ്നങ്ങളുടെ ഉടയാടകളുമണിഞ്ഞ് സുഷുപ്തിയിലേക്കും. നിശബ്ദമായ ചില നിമിഷങ്ങളില്‍ ജീവിതത്തിലേക്കും കടന്നു വരും.ഏതൊക്കെയാണ് ഓര്‍മ്മകള്‍ ഏതൊക്കെയാണ് സ്വപ്നങ്ങള്‍ എന്നു തിരിച്ചറിയാന്‍ പോലും പറ്റിയെന്നിരിക്കില്ല. അത്രത്തോളം മറവിയുടെ ഇരുട്ട് കടന്നുകൂടിയിട്ടുണ്ടാകാം.എല്ലാ നൊംബരങ്ങളും എന്തോ ഒരനുഭൂതിയായി പരിണമിച്ചിരിക്കുന്നു, എന്ന തിരിച്ചറിവിലേക്ക് മെല്ലെ ചാഞ്ഞിരിക്കും ഞാന്‍.എല്ലാ അബദ്ധങ്ങളും ചിരിയുണര്‍ത്തുന്ന ഒരു കുട്ടിക്കളിയായി മുന്നില്‍ നിന്ന് നൃത്തം ചെയ്യും.എല്ലാ സംതൃപ്തനിമിഷങ്ങളും അതൃപ്തമായി പകുതിയിലവസാനിച്ച സുരതം പോലെ അസ്വസ്ഥമാകും.ഞാന്‍ നടന്നുപോയ ഏകാന്തവും അല്ലാത്തതുമായ ഊടുവഴികള്‍ മുന്നിലേക്കു തെളിഞ്ഞുവരും.അറിയാത്ത ഒരു റിഫ്ലെക്സ് ആക്ഷനിലെന്നപോലെ എന്റെ കാലുകള്‍ നീളും,ഒരുവട്ടം കൂടി അതുവഴിയൊക്കെ നടക്കാന്‍.പക്ഷേ ഒരു നിസഹായമായ പുഞ്ചിരിയോടെ ബോധം എന്നെ ഓര്‍മിപ്പിക്കും,നടക്കുന്തോറും മാഞ്ഞുപൊയ്ക്കൊണ്ടേയിരിക്കുന്ന പിന്‍‌വഴികളാണ് ജീവിതമെന്ന്. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ എത്ര ശരിയാണതെന്നെനിക്കു മനസിലാകും.പിന്നില്‍ എന്റെ നിഴലുപോലുമില്ല.എങ്കിലും ഓര്‍മകള്‍.. സ്വപ്നങ്ങളുടെ ഉടയാടകളണിഞ്ഞ് ആള്‍മാറാട്ടം നടത്തിയെത്തുന്ന ഓര്‍മ്മകള്‍.. എല്ലാ നിമിഷ ശകലങ്ങളിലും തിരശീലക്കുള്ളില്‍ നിന്നും നാടകവേദിയിലേക്കുളിഞ്ഞു നോക്കുന്ന കുസൃതിക്കുട്ടിയെപ്പോലെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.

10/7/07

കണ്ണാടി

കണ്ണാടിയ്ക്കകത്തുഞാനെത്ര സുന്ദരന്‍!
ഒരുപുഞ്ചിരിമാത്രം വിടര്‍ന്നു നില്‍ക്കുന്ന
പൂന്തോട്ടം!
കോപത്തിന്റെ കുറ്റിതെറിച്ച കാളയല്ല
പുരികം..
വ്യഥയുടെ കരിമഷിയെഴുതിയ വിലാപമല്ല
കണ്ണുകള്‍..
വെറുപ്പിന്റെ വാളോങ്ങിനില്‍ക്കുന്നില്ല മീശ..

ഒരുവേദന മാത്രമേ ആകെയുള്ളു.....
കണ്ണാടിയിലെ എന്നെ എനിക്കു മാത്രമേ
സ്പര്‍ശിക്കാനാകുന്നുള്ളു.
എന്റെ മാത്രം ചുംബനങ്ങള്‍കൊണ്ട്
മടുത്തുപോയി ചുണ്ടുകള്‍......

പുറത്തോ, ഞാനൊരു കണ്ണാടിയായി !
സമരം ചെയ്ത ജീവിതം എറിഞ്ഞുടച്ച
കണ്ണാടി!
ഓരോ ചില്ലിലും ഓരോ മുഖം...
മരണക്കിടക്കയിലും കാല്‍കവയ്ക്കുന്ന
കാമം,ഉലയിലുയിര്‍ ചുട്ടുതിന്നുന്ന ക്രോധം,
അസ്ഥികളും വിറ്റു ഭോഗിച്ച ലോഭം,
ഉറയിട്ടു സുരക്ഷിതമാക്കിയ പ്രേമം......

ശിഷ്ടം അവസാനിക്കാത്ത
ഭാഗക്കണക്കുപോലെ അതങ്ങനെ
മുറിഞ്ഞു കിടക്കുന്നു....

അശ്രുപൊട്ടിയ ചുംബനങ്ങള്‍ക്കൊരു
വിപ്ലവസ്മാരകം......

7/7/07

ആക്രമണം

വായനക്കാരാ,
നിന്റെ കത്തിക്കു മൂര്‍ച്ചകൂട്ടുക.
വാക്കുകളുടെ വയല്‍ക്കളയെല്ലാം
അരിഞ്ഞരിഞ്ഞെത്തുക.

പാര്‍ത്തിരിക്കുക..
കവിതതന്നേകാന്ത പാതയില്‍..

ഒഴുക്കുതെറ്റിയ പുഴപോലെ
ചിറപൊട്ടിച്ചവരികളെത്തുമ്പോള്‍
നെഞ്ചിലേക്കാഞ്ഞുകുത്തുക..

കവിതയുടെ പുറന്തോടുപൊട്ടി
കവിയുടെ ഹൃദയത്തിലേക്കതു
താണിറങ്ങട്ടെ....

പതഞ്ഞുചാടുന്ന വീഞ്ഞ്..!
ജീവിതം പുളിപ്പിച്ചെടുത്ത
ചുവന്ന വീഞ്ഞ്....
അതല്ലേ നിനക്കു പഥ്യം?
അതുനിനക്കുതന്നെയാണ്.

5/7/07

മരണവീട്ടില്‍

സത്യത്തിന്റെ മരണവീട്ടില്‍
നുണകളെല്ലാം പോയിരുന്നു
കല്ലുവച്ചവരും,കണ്ണടവച്ചവരും..

എല്ലാവരും അച്ചടക്കത്തോടെ
വരിവച്ചുനിന്ന് വായ്ക്കരിയിട്ടു.
ശവദാഹവും പുലകുളിയുമൊക്കെ
കഴിഞ്ഞപ്പോള്‍
സത്യം മരിച്ചൊഴിഞ്ഞ ചാരുകസേരക്കു
ചുറ്റും അവരെല്ലാം യോഗം ചേര്‍ന്നു
“എന്താണ് അടുത്തകര്‍മ്മം?”
ഒരുവയറന്‍ നുണ- ചോദിച്ചു.
നാട്ടുനടപ്പനുസരിച്ചുനടക്കട്ടെ”
ഒരുവയസന്‍ നുണ- പറഞ്ഞു.
മരണവീട്ടില്‍നിന്നും പിരിഞ്ഞ്
ജീവിതത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക്
എത്തിച്ചേരേണ്ടതിന്റെ തിടുക്കത്തില്‍
എല്ലാനുണകളും സമ്മതം കുലുക്കി.
അവരെല്ലാം ചേര്‍ന്ന്
ഏറ്റവും തലമൂത്ത നുണയെ
ക്ഷൌരം ചെയ്യിച്ച് കുളിപ്പിച്ചൊരുക്കി
അനാദിയായ ചാരുകസേരയിലേക്ക്
മെല്ലെ പ്രതിഷ്ഠിച്ചു.
വിപ്ലവകാരികളായ നുണകള്‍
ലാല്‍‌സലാം മുഴക്കി
ജനാധിപത്യക്കാരായവര്‍
ചൂണ്ടുവിരലില്‍ കുറിയിട്ടു.
പെണ്‍നുണകള്‍
പുതിയ സ്ഥാനാരോഹണം ഘോഷിച്ച്
കുരവയിട്ടു.
നിത്യവിശ്രമത്തിന്റെ ചാരുകസേരയിലേക്ക്
ചാഞ്ഞുകൊണ്ട് കാരണവന്‍ നുണ,
പ്രസ്താവിച്ചു .
“അഹം ബ്രഹ്മാസ്മി”
സംസ്ക്രിതം അറിയാത്ത അല്പഞ്ജാനികളായ
കുട്ടിനുണകള്‍കായി ഒരുപണ്ഡിതന്‍ നുണ
തര്‍ജ്ജമചെയ്തു.
“ഞാന്‍ സത്യമാകുന്നു”

3/7/07

മഴ..പെരുമഴ

മഴ
കടലാസുവഞ്ചി തുഴയുന്ന
ഇറമ്പുവെള്ളമാണെനിക്ക്.

കാലൊടിഞ്ഞ ഒരു കുടയും
അതു നിവര്‍ത്താതെ നനഞ്ഞു
പനിക്കുന്ന ബാല്യവുമാണ്.

മഴ
തെങ്ങിന്‍തടത്തില്‍ തളം കെട്ടിയ
അകാശം നീന്തിയുടക്കുന്ന
മീന്‍‌മാക്രികളാണെനിക്ക്.

മുതുകൊടിഞ്ഞ ചെമ്പരത്തിയുടെ
സ്ഫടികക്കണ്ണുകളില്‍
‍പ്രപഞ്ചം ധ്വനിക്കുന്ന വിസ്മയമാണ്.

ആര്‍ത്തുപെയ്തിട്ടും ഒലിച്ചുപോകാത്ത
ചില ഓര്‍മകളുടെ വിഷമവിസ്താരമാണ്
മഴയെനിക്ക്.

പ്രണയത്തിന്റെ ജനാലയിലൂടെ
ഹൃദയത്തിലേക്ക് തേങ്ങുന്ന
ഇടിവീണ മരമാണത്.

മറ്റൊരു പ്രണയത്തെ
പാതിരാത്രി വിളിച്ചുണര്‍ത്തി,
കുടചൂടിച്ച്, കിടപ്പുമുറിയില്‍
കുന്തിച്ചിരുത്തിയ വാടകവീടാണ്..

1/7/07

ധ്യാനത്തില്‍

പ്രശാന്തത
എനിക്കവകാശമല്ല
ഉറഞ്ഞുപോയ പ്രാണവായുപോലെ
അതെന്നെ ഞെരുക്കിക്കൊല്ലുന്നു

പിറക്കാന്‍ അഭയംകൊടുക്കാതെ
ഞാന്‍ ഛിദ്രിച്ചുകളഞ്ഞ
പുത്രപി‍ണ്ഡത്തിന്‍ മുഖമാണത്

അശാന്തമാകട്ടെഞാന്‍.

ഉടഞ്ഞുപോകുന്നൊരാദിനക്ഷത്രമായ്
പൊറുതിയില്ലാതലയും പ്രകാശമായ്
തുടിക്കുമോരോ അണുവിലു-
മിരക്കട്ടെയഭയം

അശാന്തമാകട്ടെയീ
ഗുഹാവീഥികള്‍.