29/5/08

ബഹുമാന്യന്‍

ചവുട്ടി നില്‍ക്കാനൊരു
ശിരസ്സു കിട്ടണം.
വളച്ചുകുത്താനൊരു
നട്ടെല്ലു കിട്ടണം.
മനസു തുറന്നൊന്നു
സഹതപിക്കാനൊരുത്തന്റെ
മുഴുത്ത രോദനം മുഴുവന്‍ കിട്ടണം.
തലയുയര്‍ത്തി നോക്കുവാന്‍
ഒരു മുഴുനീളന്‍ കുമ്പിടല്‍.
ഞെളിഞ്ഞു നടക്കുമ്പോള്‍
അടക്കം പറയണം
വഴിനീളെയാളുകള്‍,
മടക്കു കുത്തഴിച്ചു നടപ്പാത
മിഴിച്ചുനോക്കിക്കൊണ്ടെണീറ്റു
നില്‍ക്കണം.

27/5/08

രണ്ടു നദികള്‍

എന്റെ നാട്ടിലൂടെ
രണ്ടു നദികളൊഴുകുന്നുണ്ട്‌
ഒന്ന്, കന്യാകുമാരിത്തിര പുരണ്ട്‌
വടക്കോട്ട്‌
മറ്റേത്‌, അഗസ്ത്യവനം തിരണ്ട്‌
പടിഞ്ഞാട്ട്‌..

ഒന്ന്, ഒളിച്ചും പാത്തും
കാടിനും പടലിനും ഇടയിലൂടെ
കള്ളിക്കാട്‌,പൂഴനാട്‌
പൂവാർ,പൊഴിയൂർ എന്ന്
നാട്ടുമലയാളം മൊഴിഞ്ഞ്‌
അറബിക്കടലിലേക്ക്‌.

മറ്റേത്‌ കറുത്ത ഉടലിൽ
കാളകൂടം കലക്കി
വേഗത്തിന്റെ കാഹളം മുഴക്കി
മാർത്താണ്ഡം,തിരുവനന്തപുരം
കൊല്ലം,കോട്ടയം,എറണാകുളം
തൃശൂർ,പാലക്കാട്‌,കോയമ്പത്ത
ൂർ
എന്നിങ്ങനെ സേലത്തേക്ക്.

ഒന്നിന്റെ പേര്‌ കേട്ടാൽ
ഒരു പക്ഷേ നിങ്ങളറിയില്ല.
നിളയെപ്പോലെ നീളമോ
പെരിയാറിനെപ്പോലെ പരപ്പോ ഇല്ലതിന്‌
തീരത്ത്‌ മാമാങ്കവും മല്ലയുദ്ധവും
നടന്നതിന്റെ ഐതീഹ്യങ്ങളില്ല
കവിസംഗമങ്ങളില്ല
കെട്ടുകാഴ്ചകളില്ല
മലയാളത്തെയോ
തമിഴിനെയോ എന്നല്ല
ഒരുഭാഷയേയും നനച്ചുവളർത്തിയിട്ടില്ല
കുറുകേ കുറ്റിപ്പുറം പാലമില്ല.
പേര്‌ നെയ്യാർ..

മറ്റേതിന്റെ പേര്‌ നിങ്ങൾക്ക്
സുപരിചിതമായിരിക്കും
മഴയിലും വെയിലിലും
കുത്തൊഴുക്കൊഴിയാത്ത
കൈവഴികളേറെയുള്ളൊരു
മഹാ കാളിന്ദി
തീരത്ത്‌ പെരുമപെറ്റൊരു നദീതടസംസ്കൃതി
തലയെടുത്തു നിൽക്കുന്നു,
ഇളം തമിഴ്‌മുതൽ കൊടും തെറിവരെ
വിളയുന്ന മലയാളമെന്ന നാഗരികത.
പേര്‌ എൻ.എച്ച്‌47.

അരികുകകൾ കുഴിച്ചുനോക്കി
സംസ്കാരം പഠിക്കുന്നവർ
പടർന്നു പന്തലിച്ചൊരു
നദീതട സംസ്കൃതിയും
ശാസ്ത്രീയമായൊരഴുക്കുചാലും കൂടി
കണ്ടെടുക്കുമായിരിക്കും

19/5/08

നാരായണൻ

ഒരു വെറുമീറത്തണ്ടു തരൂ
ഞാനതിന്റെ നാഭിച്ചുഴിയിലുറങ്ങിന
നാ‍ദം കുയിലായുണരും ജാലം കാട്ടാം.

ചുടുനിശ്വാസം പുകയും കരളിൽ
കനവുകളൂതിക്കാച്ചിയെടുത്തൊരു
കവിതയൊരുക്കിപ്പാടാം.

പാട്ടിൻ പൊറുതിയിൽ വറുതിക്കാട്ടിൽ
പശിതൻ പയ്ക്കളെ മേച്ചുനടക്കാം

ചെറുതൊരു പീലിത്തൂവൽ തരൂ
മാനം കാണാതുള്ളിലൊളിപ്പിച്ച-
വളെപ്പോറ്റി മെരുക്കി വളർത്താം

അവളുടെ ചിറകിൽ ഉലകം ചുറ്റി
പാറിനടക്കാം ഉയിരിന്നുണ്മകളാരായാം
ഉറവുകൾ തേടി മടുക്കുമ്പോളൊരു
ശയ്യയൊരുക്കി മൃതിയെക്കാത്തുകിടക്കാം.

-26/12/98-

പനി

പനിക്കിടക്കയിൽ
തനിച്ചിരുന്നു ഞാൻ
കൊലക്കുരുക്കുകൾ
അഴിച്ചെടുക്കുന്നു
മുഖം മിനുക്കുന്നു;
സുഖം നടിക്കുന്നു.

പനിപൊടുന്നനെ
നഖം വളർത്തിയാഞ്ഞു-
റഞ്ഞടുക്കുന്നു
കരൾ പിളർന്നെടു-
ത്തെറിഞ്ഞുടക്കുന്നു;
വിറതുടങ്ങി.

കനവിൻ കല്ലറ
തുരന്നെടുത്തവൻ
പകൽകിനാക്കളെ
കവർന്നു പോകുന്നു
ഇരുളിൻ പുസ്തകം
തുറന്നു താളുകൾ
ഇരുപുറങ്ങളും
വരഞ്ഞു കീറുന്നു;
പനിതുടങ്ങി.

പനിച്ചെരാതിൽ മെയ്
തിരി തെറുത്തിട്ടു
കഫം കുറുക്കി നെയ്
നിറച്ചൊഴിച്ചിട്ടു
നേർച്ചനാണയം
തലക്കുഴിഞ്ഞിട്ടു
ബലിയിതെന്നാണു
പറയുമോ നീ...?

-13/1/99-

ചില ക്ഷുദ്രജന്തുക്കളുടെ സ്വകാര്യഭാഷണത്തിൽ നിന്നും

1.
കണ്ണടച്ചുഞാൻ കുടിച്ചു
പൂച്ചയെപ്പോലെ
ഞാൻ ആരെയും കണ്ടില്ല
ആരും എന്നെയും കണ്ടില്ലെന്ന്...
കലക്കിത്തന്നത് വിഷമായിരുന്നു.

2.
അറിഞ്ഞപ്പോഴും ഞാൻ കുരച്ചു
പട്ടിയെപ്പോലെ
സ്നേഹത്തോടെയെങ്കിൽ
വിഷമായാലും അമൃതാണെന്ന്...
സ്നേഹത്തെക്കുറിച്ച്
എനിക്ക് ഭ്രാന്തായിരുന്നു.

3.
പാലുപോലെ നിന്നവൾ ചിരിച്ചു
വെളുക്കെ വെളുക്കെ
വെളുപ്പിൽ ഞാനെന്നെത്തിരഞ്ഞു
ഒരു കണികയായെങ്കിലും കണ്ടെക്കുമെന്ന്.
വെളുപ്പിൽ മറഞ്ഞിരുന്നത്
വെറുപ്പായിരുന്നു.

-26/1/99-

18/5/08

തോഴി

എന്റെ കൈപിടിച്ചിറങ്ങി
വന്നവൾ നീ, എനിക്കെന്നുമെൻ തോഴി
അമൃതമല്ലയോ നിന്മൊഴി,പ്രിയേ
മൃദുലമല്ലയീമുൾവഴി
ഞാൻ തുരുമ്പരിക്കും ഇരുമ്പഴി..
അറിയകനീയെന്നെ.

പകലിനക്കരെ വാച്ചുനിൽക്കുന്ന
രാത്രിയാണു ഞാൻ തോഴീ
തോരാതെ,രാത്രി നീളെ കരഞ്ഞുപെയ്യുന്ന
ചാറ്റലാണു ഞാൻ തോഴീ

ചാറ്റലൂടെ തുളഞ്ഞിറങ്ങുന്ന
ചൂളമാണു ഞാൻ തോഴീ
പാതയിൽ,കണ്ഠമിടറിയും,കാഴ്ചപതറിയും
വീണുപോയോരു പാന്ഥൻ

ആരുവന്നെൻ കരം പിടിക്കു-
മെന്നകം തെളിക്കുമെന്നോരെ
അലിവു നീ, തിരിച്ചറിവു നീ
ഉണ്മതൻ കണ,മണഞ്ഞെന്റെ ചാരെ

അഴലു നീറ്റുമെൻ
ജീവനിന്നു നീ,തണലു
നീർത്തുമെന്നോർത്തും
മരണമെത്തും വരേക്കുമെന്നു-
മെന്നരികിലുണ്ടെന്നു പാർത്തും
കടലുപോലെയീ കനവു നീന്തുവാൻ
കരളുറയ്ക്കുന്നു മെല്ലെ.


(പണ്ടെഴുതിയ ഒരു പൊട്ടക്കവിതകൂടി-31/10/98-)

ഹിംസ്രം

എനിക്കുതന്നെ ഭയമാണെന്നെ..
ഇരുൾക്കയങ്ങൾ,കടലുകൾ,ചുടല-
ക്കാടുകൾ,ഘോരത നിറയുന്നെന്നിൽ
ഒളിച്ചിരിക്കും പച്ചക്കെന്നെ
കടിച്ചുതിന്നും വ്യാഘ്രം ഞാൻ

വിശന്നിരിക്കും ക്രൂരതമസ്സിൻ
കൂരപ്പല്ലുകളാഴുന്നെന്നിൽ,പറിഞ്ഞ
മാംസം കുടഞ്ഞെറിഞ്ഞിട്ടലറി-
ക്കൊണ്ടെൻ പിറകേ പായുന്നവന്റെ
കണ്ണിൽ തീപാറുന്നുണ്ടവന്റെ
നാവിൽ ചോരക്കൊതിയുണ്ടവന്നു
ഞാനിന്നിരയായ്‌ തീരും
ബലിക്കിടാവല്ലോ

തെളിഞ്ഞ നീരുറവുണ്ടെൻ കരളിൽ
കനവിൽ തേൻകുടമകിടിൽ നറുമ്പാൽ,
ഹൃദയത്തിന്റെ തുരുത്തിൽ നിറയെ
കനികൾ കായ്കൾ,കനിവിൻ കൽപ്പക
വനികൾ,പൊലിവുകൾ അവനതു പോരാ...
പോരുവതെന്റെ കുടൽ നാര്‌,
അകിടിലെ ചോരച്ചൂര്‌,
ദുരയുടെ പിത്തച്ചീര്‌
പ്രേമത്തിന്റെ കൊലച്ചോറ്‌

അവനെൻ പിറകേ പായുന്നയ്യോ
അവന്നു ഞാനിന്നിരയായ്ത്തീരും
ബലിക്കിടാവല്ലോ...

ആരുടെ നിഴലിലൊളിക്കും
ഞാനിന്നാരുടെ തണലിലിളക്കും
ആരും കാണാക്കഥയുടെ(വ്യഥയുടെ)
പൊരുളുകൾ കാണാൻ
ആരുടെ കണ്ണു കടംകിട്ടും!(15/12/1998 ൽ എഴുതിയത്‌. മനശാസ്ത്രം മാസികയിൽ അച്ചടിച്ചുവന്നു.അച്ചടിച്ച ഒരേ ഒരു കവിത.)

14/5/08

കള്ളിയോട്‌

കള്ളിയുടെ പൂക്കളെക്കണ്ടാൽ
ആമ്പൽപ്പൂവെന്നേ പറയൂ;
മുള്ളുമില്ല മുരടുമില്ല.
വെളുത്ത വെളുത്ത നിറം,
പതുത്ത പതുത്ത ഇതൾ,
നിലാവിൽ മനസുറക്കും മണം.

ജനനം മുതൽ മരണംവരെ,
സർവ്വത്ര കുളിരിൽ നീരാടുന്ന
ആമ്പൽപോലെ പൂക്കാൻ,
നൂറ്റാണ്ട്‌ പൊരിഞ്ഞു നിന്നാലും
ദാഹം തീരാൻ കിട്ടാത്ത,
പട്ടിണിപ്പാവം കള്ളീ
നീയെന്തിനു ബദ്ധപ്പെടുന്നു?

മുള്ളും മുരടുമായി
നീ പൂക്കാത്തതെന്തേ;
മുറ്റിയ വെയിലിൽ
ഉള്ളുപൊള്ളി പണിയുന്നവരുടെ,
കക്ഷക്കുഴി നാറ്റം
കാറ്റിൽ കലക്കാത്തതെന്തേ?

13/5/08

അവൻ വരുന്നു

അവൻ വരുന്നു..അവൻ വരുന്നു...
നെറ്റിക്കുചൂണ്ടിയ കൈത്തോക്കുപോലെ
അവർ ഓർക്കുന്നുണ്ട്‌.
മഴനനഞ്ഞ കരിയിലകൾക്കടിയിൽ
പൂപ്പലോടിയപോലെ വെളുത്ത പുഞ്ചിരി
കരുതിവച്ചിട്ടുണ്ട്‌.
എന്നാ മടക്കയാത്ര എന്ന സ്നേഹം
അണകെട്ടിയപോലെ മുറുക്കിനിർത്തിയിട്ടുണ്ട്‌.
മരങ്ങളിൽ കെട്ടിത്തൂങ്ങിയ മറുപിള്ളകൾ
അവർക്കൊപ്പം പിറന്നവയെക്കുറിച്ചെന്നപോലെ
ആശ്ചര്യത്തോടെ പിറുപിറുക്കുന്നുണ്ട്‌.
അവൻ വരുന്നു..അവൻ വരുന്നു..
അവർ മറന്നുപോയിരിക്കുമോ, അവൻ ചവുട്ടിയ
തീട്ടംകണ്ട്‌ ആർത്തുചിരിച്ചകാലം!

4/5/08

അപക്വം

ഒരു വിത്തിന്‌ ചെയ്യാവുന്നതില്‍ ഏറ്റവും അപക്വമായ കൃത്യമാണ്‌ മുളയ്ക്കുക എന്നത്‌.കട്ടിയുള്ളതും സുരക്ഷിതവുമായ പുറന്തോട്‌ തകര്‍ത്ത്‌,വിശപ്പടങ്ങാത്ത പുഴുക്കളും പുല്‍ച്ചാടികളും നിറഞ്ഞ അരക്ഷിതമായ മണ്ണിലേക്ക്‌ നഗ്നവും മൃദുലവുമായ മുകുളവുമായി ഇറങ്ങിച്ചെല്ലുക എന്നതില്‍പ്പരം അപകടകരമായ അവിവേകം എന്താണുള്ളത്‌?

സര്‍വ്വാദരണീയമായ മൗനത്തിന്റെ തിളങ്ങുന്ന കവചമുപേക്ഷിച്ച്‌ അപഹാസ്യത്തിന്റെ മുനകൂര്‍ത്ത അമ്പുകളിലേക്ക്‌ തഴമ്പിക്കാത്ത വാക്കുകളുമായി നഗ്നരാകുന്ന വിഢികളെ ഓര്‍മ്മിപ്പിക്കുന്നില്ലേ അത്‌?

3/5/08

കാറ്റ്‌

ദുര്‍ബലരായ പച്ചിലകളുടെ
നിശ്വാസമാണ്‌
കൊടുങ്കാറ്റുകളെ
സൃഷ്ടിക്കുന്നത്‌

ശൂന്യതയുടെ പാരമ്യതയില്‍
ഉറുമ്പുകള്‍ക്ക്‌ പോലും
സ്പൃശ്യമല്ലാതെ
നിശ്വാസങ്ങള്‍ സംഘം ചേരും

പൊഴിഞ്ഞുവീണ
ഇലകളെയോര്‍ത്ത്‌
കാറ്റിന്റെ തന്മാത്രകള്‍
ഒരു നിമിഷം മൗനമാചരിക്കും

കൈകോര്‍ത്ത്‌
കൂറ്റന്‍ കെട്ടിടങ്ങളേയും
പടുകൂറ്റന്‍ മരങ്ങളേയും
ഉന്നംവച്ച്‌ അഞ്ഞുവീശും

മരങ്ങള്‍ക്ക്‌ ചുവട്ടില്‍
കാറ്റുകൊണ്ട്‌ കിടക്കുന്നവരും
മാളികയില്‍ ഉച്ചയുറങ്ങുന്നവരും
മരണഭയം അനുഭവിക്കും