30/8/09

എന്തതിശയമേ

ബഹിരാകാശത്തുവച്ച്
ഞാന്‍ ഭൂമിയുടെ
സൌന്ദര്യത്തെക്കുറിച്ചു
സംസാരിക്കും.
ഭൂമിയില്‍ വച്ച്
ഞാനെന്റെ രാജ്യത്തെക്കുറിച്ച്
സംസാരിക്കും.
രാജ്യത്തുവച്ച്
ഞാനെന്റെ സംസ്ഥാനത്തെക്കുറിച്ച്
സംസ്ഥാനത്തുവച്ച്
ഞാനെന്റെ പ്രദേശത്തെക്കുറിച്ച്
പ്രദേശത്തുവച്ച്
ഞാനെന്റെ മതത്തെക്കുറിച്ച്
മതത്തില്‍ വച്ച്
ജാതിയെക്കുറിച്ച്
ജാതിയില്‍ വച്ച്
കുലത്തെക്കുറിച്ച്
കുലത്തില്‍ വച്ച്
കുടുംബത്തെക്കുറിച്ച്....
കുടുംബത്തില്‍ വച്ച്
എന്നെക്കുറിച്ചുമാത്രം ...

എന്നെക്കുറിച്ച് മാത്രം
സംസാരിച്ച് സംസാരിച്ച്
എന്റെ കുടുംബം തകർന്നു...
കുടുംബത്തെക്കുറിച്ച് മാത്രം
സംസാരിച്ച് സംസാരിച്ച്
കുലം തകർന്നു
കുലത്തെക്കുറിച്ച്മാത്രം
സംസാരിച്ച് സംസാരിച്ച്
ജാതി തകർന്നു
ജാതിയെക്കുറിച്ച് മാത്രം
സംസാരിച്ച്
മതം തകർന്നു.....
...............
ഓരോന്നായി തകർത്തു തകർത്തുഞാൻ
പുറത്തേക്ക് പുറത്തേക്ക് കടന്നു
ഒടുവിൽ ഭൂമിയും തകർത്ത് ബഹിരാകാശത്തെത്തി
ബഹിരാകാശത്ത് വെച്ച് ഞാൻ
ഭൂമിയെക്കുറിച്ച് .................

29/8/09

പുതുവഴികൾ

ഞാൻ ചീത്തയാണ്‌.
ഒരു മനുഷ്യന്‌ എത്രത്തോളം
ചീത്തയാകാമോ അത്രത്തോളം.
ആധികമാർക്കും അറിയില്ല
ഈ സത്യം.
അറിഞ്ഞവർ ആരോടും പറഞ്ഞിട്ടുമില്ല.

ചീത്തയായിരിക്കുന്നത്‌
അത്ര നല്ലകാര്യമല്ല എന്നെനിക്കറിയാം.
"നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം"
എന്ന ഈണത്തിൽ
ചീത്തയാകാതിരിക്കുന്നതിനായി
സന്ധ്യപ്രാർത്ഥനകൾ ഞാൻ നടത്തിയിട്ടുണ്ട്‌.
പാപബോധങ്ങളുടെ പരുന്തു
റാഞ്ചിയ കോഴിക്കുഞ്ഞായി
കൽവിളക്കുകൾക്കു മുന്നിൽ
വിറകൊണ്ടിട്ടുണ്ട്‌.

ആദ്യമായി മുഷ്ടിമൈഥുനം
ചെയ്ത രാത്രി
ഏറ്റവും അടുപ്പമുള്ള ആരോ
മരിച്ചുപോയാൽ എന്നവണ്ണം.
കരഞ്ഞു വെളുപ്പിച്ചു.
വെളുത്ത രാത്രി
പകലിനെ ശവക്കച്ചപോലെ പുതപ്പിച്ചു.
ആദ്യമായി മദ്യപിച്ചപ്പോഴും
പടുകൂറ്റൻ ഒരു കരച്ചിൽ
എന്റെമീതേ ഉരുൾപൊട്ടി,
വേരുപോയ മരം പോലെ
ഉരുൾ എന്നെ കിടപ്പറകൾക്കും
കക്കൂസുകൾക്കും മീതെ
ഒലിപ്പിച്ചു.
കാമുകിയുടെയായിരുന്നെങ്കിലും
ആദ്യത്തെ സ്ത്രീലിംഗത്തിലേക്കുള്ള കടലിടുക്ക്‌
എന്നെ കരച്ചിലിന്റെ പായ്ക്കപ്പലാക്കിമാറ്റി
കാറ്റിനുപോലും വിട്ടുകൊടുക്കാതെ
അവൾ എന്നെ അവളുടെ തടവറയിലേക്ക്‌
തുഴഞ്ഞു.
ഏറ്റവും ഒടുവിൽ ജാരനായി
ഒളിവുജീവിതം നയിക്കുമ്പോഴാണ്‌
കരച്ചിലിന്റെ ഉപന്യാസമായി
എന്നെ ഒരു പെണ്ണ്‌ വായിച്ചുതീർത്തത്‌.

ഇതു കേൾക്കൂ
ഓരോ തവണ ചീത്തയാകുമ്പൊഴും
നന്നങ്ങാടികളിൽ നിന്നെന്നപോലെ
പഴക്കം ചെന്ന രോദനങ്ങൾ
എന്നിൽ ഉയരാറുണ്ട്‌.
തൊണ്ടയിൽ കുടുങ്ങിയ മീന്മുള്ളുപോലെ
അത്‌ എന്റെ ചിരികളേയും
വർത്തമാനങ്ങളേയും നിയന്ത്രിക്കാറുണ്ട്‌.
ഏനിക്കറിയാം
ചീത്തയായിരിക്കുന്നതൊരിക്കലും
സ്വസ്ഥതയുള്ള ഒന്നല്ലെന്ന്‌.

ഏന്നാൽ നല്ലവരായിരിക്കുന്നവരേ
നിങ്ങൾക്കറിയാമോ
ചീത്തയായിരിക്കുന്നതിൻ സുഖം?
അതിൻ ലഹരി ഒന്നുകൊണ്ടുമാത്രം
നന്നാവാനുള്ള എത അവസരങ്ങൾ
ഞാൻ നിരാകരിച്ചെന്ന്‌.
എന്റെ പ്രശ്നം ഇപ്പോൾ ഇതൊന്നുമല്ല
ആവർത്തിച്ചുള്ള ചീത്തയാകലുകൾ
എന്നെ ചീത്തയല്ലാതായിത്തീർത്തിരിക്കുന്നു.
എത്ര കുടിച്ചാലും മത്തുപിടിക്കാത്ത
മദ്യപനെപ്പോലെ,
എത്ര നീണ്ടാലും സ്ഖലിക്കാതെ
പാതിയിൽ ക്ഷയിക്കുന്ന സുരതമ്പോലെ,
എത്ര മാറ്റിക്കിടത്തിയാലും വിരസത
ശയിക്കുന്ന കട്ടിൽ പോലെ..

എങ്ങനെ ഞാൻ പരിചയപ്പെടുത്തട്ടെ
ചീത്തയാവുന്നതിനുള്ള പുതുവഴികൾ
തേടിക്കൊണ്ടിരിക്കുന്ന എന്നെ..!

27/8/09

പരോൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നു

പ്രിയസുഹൃത്തുക്കളെ,

കാഴ്ച ചലചിത്ര വേദിയുടെ ബാനറിൽ നമ്മൾ മലയാളം ബ്ലോഗർമാർ ചേർന്ന് സാക്ഷാത്കരിച്ച “പരോൾ” ബ്ലോഗ് വായനക്കാർക്കായി ബ്ലോഗിൽ പ്രദർശിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ബ്ലോഗിന്റെ എല്ലാ സാധ്യതകളേയും പ്രയോജനപ്പെടുത്തുന്ന തരത്തിൽ ബൂലോകകവിതയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഓണപ്പതിപ്പിലാണ് പരൊൾ പ്രസിദ്ധീകരിക്കുന്നത്.ഓണപ്പതിപ്പിന്റെ റിലീസിനു ശേഷം പരോളിലേക്കുള്ള ലിങ്ക് ഇവിടെ പ്രസിദ്ധീകരിക്കാം. അഭിപ്രായങ്ങളും വിമർശനങ്ങളുമായി ക്രിയാത്മക ഇടപെടലുകൾ പ്രതീക്ഷിച്ചുകൊണ്ട്...

പരോൾ ടീമിനുവേണ്ടി
സനാതനൻ

പരോള്‍കഥ,തിരക്കഥ,സംഭാഷണം:സങ്കുചിതൻ
ഛായാഗ്രഹണം:രെജിപ്രസാദ്
ചിത്രസംയോജനം:ബി.അജിത് കുമാർ
ശബ്ദമിശ്രണം:രെഞ്ജിത് രാജഗോപാൽ
സംഗീതം:പ്രവീൺ കൃഷ്ണൻ
സംവിധാനം:സനാതനൻ
നിർ‌മാണം:ദിലീപ് എസ്. നായർപ്രിയപ്പെട്ട വായനക്കാരേ ഇത് പരോൾ... പരിമിതികൾക്കുള്ളിൽ നിന്ന് കുറച്ച് മലയാളം ബ്ലോഗർമാർ നിർമിച്ച ആദ്യ മലയാള ബ്ലോഗ് ചലചിത്രം. കണ്ടറിയാനുള്ളത് പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ.അതിനാൽ കൂടുതൽ എഴുതുന്നില്ല,കൂടുതൽ വായനയ്ക്ക് ഇവിടെ പോകുക.തിരക്കഥ ഇവിടെ.പോരായ്മകൾ അനവധിയുണ്ടെങ്കിലും സാമ്പത്തികവും സാങ്കേതികവുമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പൂർത്തീകരിച്ചു എന്നുള്ളതുകൊണ്ട് തികഞ്ഞ അഭിമാനത്തോടെ ഞങ്ങൾ പരോൾ ഇവിടെ പ്രദർശിപ്പിച്ചുകൊള്ളുന്നു.മലയാളം ബ്ലോഗിൽ ആദ്യമായി ഒരു മുഴുനീളസിനിമാ പ്രദർശനം ആദ്യത്തെ ഓണപ്പതിപ്പിലൂടെ ആകുന്നതിൽ നിറസന്തോഷം.
ബ്ലോഗറിൽ 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഫയൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ എന്നതുകൊണ്ട് വീഡിയോ ക്വാളിറ്റി കുറച്ചിട്ടുണ്ട് ക്ഷമിക്കുക.

23/8/09

ദളിത കവി

പുന്നെല്ല് വേവുന്നതിന്റെ മണം
പിടിതരുന്നില്ലെങ്കിലും
വയൽത്തണ്ടിന്റെ ഊത്തും
കരഞണ്ടിന്റെ ഇറുക്കും
നനഞ്ഞ മണ്ണിളകുമ്പോൾ
കലപ്പനാവിൽ നിന്നുയരുന്ന
മന്ത്രവാദവും മറന്നിട്ടില്ല

കലപ്പയേന്തിയ കർഷകനെ
ചുവരിൽ വരച്ചിരുന്ന
കോശിയുടെ
മണ്ണുപൂശിയ വീട്
പൊളിഞ്ഞുപോയെങ്കിലും
വേലിയിലെ
ചെമ്പരത്തിപ്പൂവിന്റെ
ചുവപ്പു മാഞ്ഞിട്ടില്ല

മുറമ്പോലെ
വിരിഞ്ഞ്, ആകാശം നോക്കി
കിടക്കുന്ന മുറ്റത്ത്
കൊറ്റു പാറ്റിക്കൊഴിച്ചിരുന്ന്
സൊറപറയുന്ന
അമ്മായി മാർക്ക്
കൂട്ടിരിക്കാറുണ്ടായിരുന്ന
അമ്പിളിയമ്മാമനെ മറന്നിട്ടില്ല

പത്തായവും
പട്ടിണിയും ഒരുമിച്ചു വീതം കിട്ടിയ
ജന്മിയും
കുടിയാനുമായിരുന്നെങ്കിലും
ഓലവാരിയിൽ
അച്ഛൻ സൂക്ഷിച്ചിരുന്ന
കൊയ്ത്തരിവാൾ മൂർച്ച
ഇനിയും മറന്നിട്ടില്ല

പുന്നെല്ല് വേവുന്നതിന്റെ മണം
പിടിതരുന്നില്ലെങ്കിലും
പുഴുക്കലരി ചിക്കാനുള്ള
ഈറമ്പായയിൽ
ചാണകം കൊണ്ട്
അമ്മ വരച്ചിരുന്ന
ചിത്രങ്ങളൊന്നും മറന്നിട്ടില്ല

മറക്കാത്ത ചിത്രങ്ങൾ കൊണ്ട്
ഞാനൊരു കവിതയുണ്ടാക്കിയാൽ
ഓർക്കാത്ത ശിൽ‌പ്പങ്ങളിൽ നിന്ന്
ഇറങ്ങിവരുന്ന
നിങ്ങളെല്ലാം ചേർന്ന്
എന്നെ
ദളിത കവി
എന്ന് വിളിച്ചാലോ!

അല്ലെങ്കിൽത്തന്നെ
ഉറക്കത്തിലെപ്പോഴും മനപ്പാഠം
ചൊല്ലുന്ന ഒറ്റവരിക്കവിതയ്ക്ക്
കാള ർ‌ർ‌ർ‌ർ‌റ
എന്ന താളമാണെന്ന്
ഭാര്യ പറയാറുണ്ട്..

ഡിൽഡോ അഥവാ ആറുമരണങ്ങളുടെ ഒരു ജീവിതം

പത്രഭാഷയിൽ ഓരോ വാർത്തയും (ഫാക്റ്റ്‌) ഓരോ സ്റ്റോറിയായാണ്‌ (ഫിക്ഷൻ) അറിയപ്പെടുന്നത്‌. ആ അർത്ഥത്തിലാണെങ്കിൽ ഫാക്റ്റിനെ ഫിക്ഷണാക്കുന്ന കലയാണ്‌ പത്രങ്ങൾ നിർവഹിക്കുന്നത്‌ എന്നു പറയണം. പത്രങ്ങളിലൂടെ പുരോഗമിക്കുന്ന ഒരു ലോകത്തെ സംബന്ധിച്ചാണെങ്കിൽ ഫിക്ഷനിൽ നിന്നും ഫാക്റ്റിനെ വേർതിരിച്ചെടുക്കുക എന്ന ദിനചര്യയാണ്‌ ജീവിതം എന്നും . പത്രങ്ങൾ ആധികാരികഗ്രന്ഥമാകുന്ന ഒരു ലോകത്തിൽ അങ്ങനെ പൾപ്പ്‌ഫിക്ഷൻ ഒരു പാഠപുസ്തകമാകുന്നു. (ഇവിടെ പത്രം എന്ന വാക്ക്‌ എല്ലാ വാർത്താമാധ്യമങ്ങളേയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്‌).ഇങ്ങനെ പത്രങ്ങൾ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു ലോകത്തിനെ അഭിമുഖീകരിക്കുകയാണ്‌ വി.എം.ദേവദാസിന്റെ ഡിൽഡോ - ആറുമരണങ്ങളുടെ പൾപ്പ്ഫിക്ഷൻ പാഠപുസ്തകം എന്ന നോവൽ.

പരസ്പര ബന്ധമില്ലെന്ന്‌ ഒറ്റനോട്ടത്തിൽ തോന്നുന്ന ആറു മരണങ്ങളുടെയും അവയ്ക്ക്‌ നിദാനമായ ഒരു ജീവിതത്തിന്റേയും കഥയാണ്‌ ഈ നോവൽ എന്ന്‌ ഒറ്റവരിയിൽ പറയാം. യാന്ത്രികമായ ലൈംഗീകതയെ പ്രതിനിധീകരിച്ചുകൊണ്ട്‌ ഡിൽഡോകളും എന്തും വിൽപ്പനക്കു വെയ്ക്കുന്ന വിപണിയായ പുതിയലോകക്രമത്തെ പ്രതിനിധീകരിച്ചുകൊണ്ട്‌ പാലികാബസാറും ലക്ഷ്യം നഷ്ടപ്പെട്ട്‌ കാൽപ്പനികമായി മാറിക്കഴിഞ്ഞ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി മാവോയിസ്റ്റ്‌ തീവ്രവാദിയും വസ്തുതകളെ ഉപരിതലത്തിൽ മാത്രം സ്പർശിച്ചുപോകുന്ന വിവരവിനിമയമാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ പത്രവാർത്തകളും നോവലിൽ നിരക്കുന്നു. ഇങ്ങനെ നോവലിലെ കഥാപാത്രങ്ങളും,കാലവും, പ്രമേയവും,പശ്ചാത്തലവും ഒക്കെ പ്രാതിനിധ്യസ്വഭാവം ആർജിക്കുന്നത്‌ വായനക്കാരൻ തിരിച്ചറിയുമ്പോഴാണ്‌ വെറും ആറുമരണങ്ങളുടെ കഥ എന്ന നിലയിൽ നിന്ന്‌ അധുനാധുനികമായ സമകാലജീവിതത്തിന്റെ സമീപക്കാഴ്ചയായി നോവൽ മാറുന്നത്‌ .

നോവൽ ആമുഖത്തിൽത്തന്നെ പറയുന്നതുപോലെ പത്രവാർത്തകളിലൂടെയാണ്‌ നാം പാഠപുസ്തകത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. പാഠപുസ്തകത്തിന്റെ ഘടനയിൽ നോവലിന്റെ ഓരോ അധ്യായവും ഓരോ പത്രവാർത്തകൾക്കും, അവയിലൂടെ നാമറിയുന്ന കഥാപാത്രങ്ങളുടെ ആത്മകഥനത്തിനും ഒടുവിൽ ചോദ്യോത്തരങ്ങളുടെ ഒരു അഭ്യാസം പേറുന്നുണ്ട്‌ . അഭ്യാസം എന്ന വാക്ക്‌ എല്ലാ അർത്ഥത്തിലും പ്രയോഗസാധ്യതയുള്ള ഒന്നാണ്‌ ഇവിടെ. ഓരോ വായനക്കാരനും ഓരോ അഭ്യാസിയാണ്‌. കഥയ്ക്കുള്ളിൽ നിന്ന്‌ യഥാതഥത്തെ കുഴിച്ചെടുക്കുന്നതിന്‌ പാടവമുള്ള ഒരു അഭ്യാസിക്കുതന്നെയല്ലേ കഴിയുകയുള്ളു. ആറുമരണങ്ങൾ ആറ്‌ കഥകളാണ്‌, ആറ്‌ കഥകൾ ആറ്‌ വസ്തുതകളാണ്‌, ആറ്‌ വസ്തുതകൾ ആറ്‌ വഴികളാണ്‌. നോവലിലേക്ക്‌ പ്രവേശിക്കാൻ പാലികാബസാർ എന്ന അണ്ടർഗ്രൗണ്ട്‌ മാർക്കറ്റിലേക്ക്‌ പ്രവേശിക്കുന്നപോലെ ഈ ആറുവഴികളിൽ ഏതുവേണമെങ്കിലും വായനക്കാരന്‌ തിരഞ്ഞെടുക്കാം എന്ന സൗകര്യമുണ്ട്‌. പക്ഷേ ഒടുവിൽ നോവലിൽ നിന്നും പുറത്ത്‌ പോകാൻ ഏഴാമത്തെ വഴിമാത്രമേ ലഭ്യമായിട്ടുള്ളൂ. അത്‌ മരണത്തിൽ അവസാനിക്കുന്നതല്ലതാനും. ഇങ്ങനെ ഘടനാപരമായ പ്രത്യേകതകൾ കൊണ്ട്‌ ആവർത്തിച്ചുള്ള വായനകൾക്ക്‌ അനവധി മാർഗങ്ങൾ തുറന്നിടുന്നു എന്നതാണ്‌ ഈ നോവലിന്റെ ഏറ്റവും പ്രധാന സവിശേഷത.
പത്രങ്ങൾ ആറുമരണങ്ങളേയും പരസ്പരബന്ധമില്ലാത്ത ആറ്‌ വാർത്തകളായി അവതരിപ്പിച്ചിരിക്കുന്നു. നോവലിന്റെ കഥാശരീരത്തെ ശസ്ത്രക്രിയചെയ്തുകൊണ്ടാണ്‌ ഓരോ ആത്മകഥനത്തിനും ഒടുവിലെ അഭ്യാസങ്ങൾ നിലകൊള്ളുന്നത്‌. മുൻപ്‌ പറഞ്ഞപോലെ പത്രങ്ങൾ ഫാക്റ്റിനെ ഫിക്ഷണാക്കുന്ന ജോലിയിൽ ഏർപ്പെടുമ്പോൾ ഫിക്ഷനിൽ നിന്നും ഫാക്റ്റിനെ ചികഞ്ഞ്‌ കണ്ടെത്തേണ്ടുന്ന അനുവാചകന്റെ ബാധ്യതയെ ഓർമ്മിപ്പിക്കുന്നു ഈ അഭ്യാസങ്ങൾ. പക്ഷേ അഭ്യാസങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ വേണമെങ്കിൽ വായന മുഴുമുപ്പിക്കുകയും അങ്ങനെ ഒര്‌ (അ)പൂർണ്ണവായനക്ക്‌ ശേഷം അഭ്യാസങ്ങളിലേക്ക്‌ മടങ്ങിവരുകയും ചെയ്യാം എന്ന്‌ നോവൽ തുടക്കത്തിൽ തന്നെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ അഭ്യാസങ്ങൾ പാടേ ഒഴിവാക്കിക്കൊണ്ട്‌ വായന പൂർണമാക്കാം എന്ന സൗകര്യമൊട്ടില്ല താനും.ഓരോ അഭ്യാസവും ഒരു പബ്ലിക്‌ എക്സാമിനേഷൻ റാങ്ക്‌ ഫയൽ എന്നപോലെ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഓരോ മരണത്തേയും പുനരുത്പാദിപ്പിക്കുന്നുണ്ട്‌. വാർത്തകളെ വിവരങ്ങളും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ആക്കി റാങ്ക്ഫയലുകളിലേക്ക്‌ പരിപ്രേഷണം ചെയ്യുക എന്നത്‌ ഹൃദയത്തെക്കാൾ തലച്ചോറുകൊണ്ട്‌ ജീവിക്കുന്ന പുതിയലോകത്തിന്റെ പൊതു സ്വഭാവമാണല്ലോ. ഇതും കൂടി കൂട്ടിവായിക്കുമ്പോഴാണ്‌ ഘടനാപരമായ പരീക്ഷണം എന്നതിലുപരി ഈ അഭ്യാസങ്ങൾക്ക്‌ നോവലിന്റെ നിലപാട്തറയിൽ ഉള്ള സാംഗത്യം നമുക്ക്‌ മനസിലാക്കാൻ കഴിയുന്നത്‌.

നോവൽ പ്രതിപാദിക്കുന്ന ആറുമരണങ്ങളിൽ ആദ്യത്തേത്‌ കൊച്ചിയിലെ ഒരു മാവോയിസ്റ്റ്‌ തീവ്രവാദിയുടെ ഏറ്റുമുട്ടൽ മരണമാണ്‌. പത്രവാർത്തകൾക്ക്‌ വിരുദ്ധമായി മരണപ്പെട്ടയാൾ സ്വന്തം ജീവിതത്തെ അഥവാ മരണത്തെ വിവരിക്കുമ്പോൾമാത്രമാണ്‌ നാം മാവോയിസ്റ്റ്‌ തീവ്രവാദി യഥാർത്ഥത്തിൽ മാവോയിസ്റ്റ്‌ തീവ്രവാദിയല്ലെന്നും ഏറ്റുമുട്ടൽ യഥാർത്ഥത്തിൽ ഏറ്റുമുട്ടൽ അല്ലെന്നും മരണം മാത്രമാണ്‌ വാർത്തയിൽ സത്യമായുള്ളതെന്നും തിരിച്ചറിയുന്നത്‌.മാവോയിസ്റ്റ്‌ തീവ്രവാദിയെന്ന്‌ വിശേഷിപ്പിക്കപ്പെട്ടവൻ വിപ്ലവത്തെക്കുറിച്ചല്ല സെക്സ്‌ ഡോളുകളെക്കുറിച്ചാണ്‌ വാചാലനാകുന്നത്‌. ലൈംഗീകപ്പാവകളുടെയും ഡിൽഡോകളുടേയും കാര്യത്തിലെന്നപോലെ മാവോയിസ്റ്റ്‌ ലഘുലേഖകളും ഗോ‍ൂഡമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതല്ലാതെ പത്രവാർത്തകളിലെ കഥയും അഭ്യാസങ്ങളിലെ വസ്തുതകളും പരസ്പരം യോജിച്ചുപോകുന്നില്ല.

നോവലിലെ മറ്റെല്ലാ മരണങ്ങളും കൊലപാതകങ്ങളോ ആത്മഹത്യകളോ ആണ്‌. ലൈംഗീകതയും വിപ്ലവവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടാകാൻ തരമില്ലാത്തത്‌ കൊണ്ട്‌ മാവോയിസ്റ്റ്‌ തീവ്രവാദിയേയോ അയാളുടെ രാഷ്ട്രീയത്തെയോ നാം എവിടെയും പ്രതീക്ഷിക്കുന്നില്ല.മുൻപ്‌ പറഞ്ഞപോലെ ഗോ‍ൂഡമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതല്ലാതെ വിപ്ലവകരമായ ഈ രണ്ട്‌ പ്രത്യയശാസ്ത്രങ്ങളും തമ്മിൽ പ്രത്യക്ഷമായ ബന്ധങ്ങളൊന്നും ഇല്ല എന്ന്‌ പത്രവാർത്തകളെ മുഖവിലക്കെടുത്തുകൊണ്ട്‌ നാം വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ വാർത്തകളിലെ വ്യക്തികൾ സംസാരിച്ചുതുടങ്ങുന്നതോടെ കഥമാറുകയായി. പാരസ്പര്യത്തിന്റെ വിദൂരസാധ്യതകൾ പോലും ഇല്ലെന്ന മുൻവിധികൾ തകിടം മറിച്ചുകൊണ്ട്‌ യാന്ത്രികമായ രതിയും കാൽപ്പനികമായ രാഷ്ട്രീയവും നേർ രേഖയിൽ നിലയുറപ്പിക്കുന്നു.

പരസ്പരം ബന്ധുക്കളോ ശത്രുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ അല്ലെങ്കിൽപ്പോലും നോവലിലെ ഓരോ കഥാപാത്രവും മറ്റൊരു കഥാപാത്രത്തിന്റെ മരണത്തിന്‌ ഏതുവിധത്തിൽ കാരണമായിരിക്കുന്നു എന്ന അന്വേഷണം ഈ പൾപ്പ്‌ ഫിക്ഷനെ ഒരു ഡിറ്റക്റ്റീവ്‌ നോവൽ എന്ന നിലയിലുള്ള പുനർവായനക്ക്‌ സാധ്യത നൽകുന്നുണ്ട്‌ . അത്തരം ഒരു വായനയിൽ വായനക്കാരൻ എത്തിച്ചേരുന്ന 'കുറ്റാന്വേഷകൻ തന്നെ കുറ്റവാളിയാകുന്നു' എന്ന കാഴ്ചയാണ്‌ ഈ നോവൽ നൽകുന്ന ഏറ്റവും മിഴിവുറ്റ വായനാനുഭവം എന്ന്‌ തോന്നുന്നു. നോവലിലെ കസ്റ്റംസ്‌ ഉദ്യോഗസ്ഥൻ ഡിൽഡോ വിൽക്കുന്ന പെൺകുട്ടിയെ സ്പോൺസർ ചെയ്യുന്നതിന്‌ വേണ്ടി വരുന്ന അധിക ചെലവ്‌ കണ്ടെത്തുന്നത്‌ പരിശോധനക്കിടെ പിടിക്കപ്പെടുന്ന ഡിൽഡോകളും സെക്സ്‌ ഡോളുകളും കരിഞ്ചന്തയിലെ ഏജന്റിന്‌ കൈമാറ്റം ചെയ്തുകൊണ്ടാണ്‌. ഇങ്ങനെ പാലികാബസാറിൽ എത്തിച്ചേരുന്ന ഡിൽഡോകൾ തന്നെയാണ്‌ വിൽപ്പന നടത്താനായി പെൺകുട്ടിക്ക്‌ ഏൽപ്പിക്കപ്പെടുന്നതും അങ്ങനെ അന്തിമമായി അവളുടെ മരണത്തിന്‌ ഹേതുവാകുന്നതും.ഇങ്ങനെ പ്രത്യേകതകളൊന്നുമില്ലാത്ത ആറു മരണങ്ങളുടെ കഥയായി വെവ്വേറേ റിപ്പോർട്ട്‌ ചെയ്യപ്പെട്ട പത്രവാർത്തകളിലൂടെ നോവലിലേക്ക്‌ പ്രവേശിച്ച വായനക്കാരൻ എത്തിച്ചേരുന്നത്‌ ചോരനൂലുകൾ പോലെ ഇടകലരുന്ന പ്രണയത്തിന്റേയും,രതിയുടേയും, കാൽപ്പനിക രാഷ്ട്രീയത്തിന്റേയും അധോലോക ബന്ധത്തിന്റെ നടുത്തളത്തിലാണ്‌.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പ്രണയത്തിലും കവിതകളിലും മുഴുകി കാൽപ്പനികമായൊരു ജീവിതം നയിക്കുന്ന സ്വപ്നജീവിയാണ്‌ ഞാൻ എന്ന്‌ ഒറ്റവരിയിൽ ജീവിതത്തെ വിവരിക്കുന്ന മാവോയിസ്റ്റ്‌ തീവ്രവാദിയാണ്‌ നോവലിൽ മരണത്തെ അതിജീവിക്കുകയും മരിച്ചവർക്കൊപ്പം സ്വന്തം കഥ പറയുകയും ചെയ്യുന്ന ഒരേയൊരു കഥാപാത്രം. അയാൾ തന്നെയാണ്‌ നോവലിലെ നായകനും വില്ലനും എന്ന്‌ വിശേഷിപ്പിക്കാം. നോവലിലെ ആറുപേരുടെയും (അതെ, ഒരു സാധാരണ മരണം എന്ന്‌ നോവൽ വിശേഷിപ്പിക്കുന്ന തുണിമിൽ തൊഴിലാളി ഉൾപ്പെടെ ആറുപേരുടേയും) മരണത്തിന്‌ അറിഞ്ഞോ അറിയാതെയോ ഉത്തരവാദിയാകുന്നത്‌ അയാൾ തന്നെയാണ്‌. തിരസ്കൃത പ്രണയത്തിന്റെ വേദനയിൽ നിന്ന്‌ രക്ഷപ്പെടുന്നതിനു വേണ്ടിയാണ്‌ അയാൾ തീവ്രവാദത്തിന്റെ കാൽപ്പനിക രാഷ്ട്രീയത്തിലേക്ക്‌ ഒളിച്ചോടുന്നത്‌. കാൽപ്പനികത അയാളുടെ സന്തത്ത സഹചാരിയാണ്‌. മറ്റൊരു പുരുഷനുമായുള്ള കാമുകിയുടെ വിവാഹ ശേഷവും അവളുടെ ഫോട്ടോ പഴ്സിൽ തിരുകി നടക്കുകയും ആ ഫോട്ടോ കീറിക്കളയാൻ നിർബന്ധിക്കുന്ന കസ്റ്റംസ്‌ ഉദ്യോഗസ്ഥനോട്‌ ബാലിശമായ പ്രതികാരം ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്‌ അയാൾ.

നോവലിൽ മരണപ്പെടുന്ന മറ്റു രണ്ടുപേർ സ്ത്രീകഥാപാത്രങ്ങളാണ്‌ . ഒരാൾ അനാഥാലയത്തിലെ പെൺകുട്ടിയാണ്‌, പിങ്ക്‌ ചിത്രശലഭത്തിന്റെ ആകൃതിയുള്ള ഡിൽഡോ സ്വന്തമാക്കാൻ മാത്രമായി ഡിൽഡോ വിൽപ്പനയ്ക്ക്‌ ഏജന്റാകുന്നവൾ, വിരലുകൾ കൊണ്ട്‌ രതിയുടെ ശലഭച്ചിറകുകൾ വരച്ചുകൊണ്ട്‌ മരണത്തിലേക്ക്‌ നടക്കുന്നവൾ. മറ്റേയാൾ കാമുകൻ ചുംബിച്ച ഇടതുമുല വേദന പൊറാഞ്ഞ്‌ മുറിച്ചുകളഞ്ഞവൾ, 31 അടി ഉയരമുള്ള കെട്ടിടമായി സ്വന്തം ജീവിതത്തെ സങ്കൽപ്പിച്ചുകൊണ്ട്‌ ഗ്രൗണ്ട്‌ സീറോയിലെ പ്രശാന്തിയിലേക്ക്‌ കുതിക്കുന്നവൾ. രണ്ടുപേരും കാൽപ്പനികമായ സ്വപ്നജീവിതം തന്നെയാണ്‌ നയിക്കുന്നത്‌, തീവ്രവാദികൾ അല്ല എങ്കിലും.

മരണപ്പെടുന്നതിൽ അവസാനത്തെയാൾ ഒരു തുണിമിൽ തൊഴിലാളിയാണ്‌. സംഭവബഹുലമൊന്നുമല്ലാത്ത ഒരു മരണം. തുണിമില്ലിൽ ജോലിക്കിടെ കുഴഞ്ഞുവീണ്‌ മരിക്കുകമാത്രമാണയാൾ. നോവലിൽ കാര്യമായി ഇടപെടലുകൾ ഒന്നും ഇല്ലെന്ന്‌ നോവൽ തന്നെ ഒഴിവാക്കുന്ന അയാളുടെ സാധാരണമരണത്തെ എന്തിന്‌ ആറാമത്തെ മരണമായി ഉൾപ്പെടുത്തിയിരിക്കുന്നു എന്ന്‌ നമുക്ക്‌ അത്ഭുതം തോന്നിയേക്കാം. പൾപ്പ്‌ ഫിക്ഷൻ എന്ന നിലയിലോ, കുറ്റാന്വേഷണം എന്ന നിലയിലോ നോവൽ വായിച്ച്‌ തീർക്കുമ്പോൾ നമുക്ക്‌ ഒരിക്കലും അയാളുടെ സാധാരണത്തിൽ സാധാരണമായ മരണത്തിന്‌ പ്രത്യേകതകളൊന്നും തോന്നുകയുമില്ല. ഇവിടെയാണ്‌ നോവലിന്റെ മറ്റൊരു വായനാ സാധ്യത ആരായുന്നതിന്‌ നാം നിർബന്ധിതരാകുന്നത്‌. അതാണ്‌ പൾപ്പ്‌ ഫിക്ഷൻ എന്ന്‌ മുഖക്കുറിപ്പോടെ അവതരിച്ചിരിക്കുന്ന നോവലിന്റെ ഏറ്റവും തീവ്രവും പരുക്കനുമായ വായന. അതൊരു രാഷ്ട്രീയവായനയാണ്‌. അത്തരം ഒരു വായനയിലാണ്‌ അഞ്ചുമരണങ്ങൾക്കു കാരണക്കാരനെന്ന്‌ പ്രത്യക്ഷത്തിൽ തന്നെ നാം വിലയിരുത്തുന്നുണ്ടെങ്കിലും രക്ഷപ്പെട്ടുപോകാൻ അലസമായി അനുവദിച്ച കാൽപ്പനികനായ സ്വപ്നജീവിയെ കയ്യോടെ പിടികൂടി ആറാമത്തെ മരണത്തിന്റെ പേരിൽ നാം വിചാരണക്കൂട്ടിൽ നിർത്തുന്നത്‌.

ഡിൽഡോ എന്നവാക്കിന്‌ പുരുഷലിംഗാകൃതിയുള്ള രതിയുപകരണം എന്നാണ്‌ അർത്ഥം. പക്ഷേ ഇത്‌ ഒരു ലൈംഗീകനോവൽ അല്ല. വായനയുടെ ഒരു ഘട്ടത്തിൽപ്പോലും ലൈംഗീകമായ ഉത്തേജനമോ ഊർജ്ജമോ പകർന്നു തരില്ലെന്ന്‌ മാത്രമല്ല ലൈംഗീകതയെ യാന്ത്രികമായ ഒന്നായി അവതരിപ്പിച്ചിരിക്കുകകൂടി ചെയ്തിരിക്കുന്നു ഇവിടെ. നോവൽ ആവിഷ്കരിക്കുന്ന ലോകത്തിൽ രതി നൈസർഗികമായ ഒന്നല്ല . ഉപകരണജന്യമായ ഒരു വിനോദമെന്നോ, ആകാംക്ഷയെന്നോ വിളിക്കാവുന്ന ഒന്ന്‌ മാത്രമാണത്‌. സ്വാഭാവികമായ രതി നോവലിലെ കഥാപാത്രങ്ങൾക്കിടയിൽ ഒട്ടും തന്നെയില്ല. എന്നാൽ നോവൽ ഒഴുകുന്നത്‌ പ്രണയത്തിന്റേയും, പ്രണയ നൈരാശ്യത്തിന്റേയും രതിരാഹിത്യത്തിന്റേയും, അതിൽ നിന്നുടലെടുക്കുന്ന മരണങ്ങളുടേയും കഥാവഴിയിലൂടെയാണ്‌. കാൽപ്പനികമല്ലാത്ത ലൈംഗീകതയുടെ അശ്ലീലമായ യാന്ത്രികതയേയും കാൽപ്പനികമായ രാഷ്ട്രീയത്തിന്റെ ആഭാസകരമായ ന്യായീകരണങ്ങളേയും വരികൾക്കിടയിൽ നമുക്ക്‌ വായിക്കാം. നവീനമായൊരു വായനാനുഭൂതി പകർന്നുതരുന്ന പുസ്തകം എന്ന നിലയ്ക്കും 2007 ൽ പുറത്ത്‌ വന്ന ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതങ്ങൾ മുന്നോട്ട്‌ വെച്ച രചനാപരീക്ഷണങ്ങളുടെ തുടർച്ച എന്ന നിലയ്ക്കും ചർച്ചചെയ്യപ്പെടുന്ന ഒന്നാകും ഈ നോവൽ.

വി.എം.ദേവദാസിന്റെ ആദ്യനോവലായ ഡിൽഡോ - ആറു മരണങ്ങളുടെ പൾപ്പ്‌ ഫിക്ഷൻ പാഠപുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ മലയാളം ബ്ലോഗിൽ നിന്നുള്ള പുസ്തകപ്രസാധന-വിതരണ സംരംഭമായ ബുക്ക്‌ റിപ്പബ്ലിക്ക്‌ ആണ്‌. സമാന്തരമായ ഒരു പുസ്തക പ്രസാധന സംരംഭം എന്ന നിലയിൽ ബ്ലോഗ്‌ മുഖാന്തിരം രൂപം കൊണ്ട ബുക്ക്‌ റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകമാണ്‌ ഡിൽഡോ. ആദ്യ പുസ്തകമായ ടി.പി. വിനോദിന്റെ "നിലവിളിയുടെ കടങ്കഥകൾ" എന്ന കവിതാ സമാഹാരം നിരൂപക ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്‌. നോവലിന്‌ (അന) അവതാരിക എഴുതിയിട്ടുള്ളത്‌ മേതിൽ രാധാകൃഷ്ണനും കവർ ഡിസൈൻ ചെയ്തിരിക്കുന്നത്‌ ഉ​‍േ?ഷ്‌ ദസ്തക്കിറും.പുസ്തകം നെറ്റിലൂടെ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ബുക്ക്‌ റിപബ്ലിക്കിന്റെ വെബ്സൈറ്റായ http://bookrepublic.in/ ൽ ഏർപ്പെടുത്തിയിട്ടുണ്ട്‌. ബുക്ക്‌ റിപ്പബ്ലിക്കിനെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾക്ക്‌ http://book-republic.blogspot.com/ സന്ദർശിക്കാം.

20/8/09

സർക്കുലർ

ഓണച്ചന്തയിൽ
ഒരു തമിഴൻ വാഴയ്ക്കാ
നാടൻ വെള്ളരിപ്പിഞ്ചിനെ
തുണിപൊക്കിക്കാണിച്ചു.
അന്തിച്ചുപോയ
വെള്ളരിപ്പിഞ്ച്
വെള്ളരിക്കാപ്പട്ടണം പോലീസ് സ്റ്റേഷനിൽ
സ്ത്രീപീഢനത്തിന്
കേസ്കൊടുത്തു.
പ്രായപൂർത്തിയാകാത്ത വെള്ളരിപ്പെണ്ണിനോട്
അസഭ്യമായി പെരുമാറിയതിന്
വെള്ളരിക്കാപ്പട്ടണം
പോലീസ്
തമിഴൻ വാഴയ്ക്കായെ
അറസ്റ്റ് ചെയ്ത്
ലോക്കപ്പിലിട്ട്
കുനിച്ച് നിർത്തി
കൂമ്പിനിടിച്ചു.
ഇടിയൊരു സംഭവമായി
സംഭവം വാർത്തയായി,
വാർത്ത വഴക്കായി
വഴക്ക് വക്കാണമായി
ആകെ കുഴപ്പമായി
തമിഴൻ വാഴക്കകൾ
പ്രതിഷേധപ്രകടനം നടത്തി
വർഗസ്നേഹികളായ
വാഴക്കാ അസോസിയേഷൻ
അടിയന്തിരയോഗം കൂടി
ഓണച്ചന്തകൾ ബഹിഷ്കരിക്കാൻ
ആഹ്വാനമായി
ചന്തകൾ സ്വാഹയായി.
നഷ്ടം കൊണ്ട് കഷ്ടപ്പെട്ട
ഓണച്ചന്ത ഭാരവാഹികൾ
വെള്ളരിക്കാ പിഞ്ചിനെയങ്ങ്
പിരിച്ചുവിട്ടു.
പ്രശ്നം പരിഹാരമായി..
ഓണം കഴിയുന്നതുവരെയെങ്കിലും
അടങ്ങി ഒതുങ്ങിക്കഴിഞ്ഞോണമെന്ന്
വെള്ളരിക്കാപ്പിഞ്ചുകൾക്ക്
സർക്കുലറുണ്ടായി...

18/8/09

മുന്നറിയിപ്പ്

കവിതയെഴുതിയെഴുതിയെഴുതി
ഞാൻ മരിക്കുന്ന നാൾ
കവിതവിഴുങ്ങിവിഴുങ്ങിവിഴുങ്ങി
നിങ്ങളും മരിക്കും

11/8/09

കയ്യെഴുത്ത് പ്രതി

കോടതി മുറിയിൽ
ഒരു കവി
വക്കീൽ വേഷത്തിൽ
കള്ളനെപ്പോലെ
ആരും കാണാതെ
കവിതയുടെ പൂട്ടു പൊളിക്കുന്നു

കോടതി കൂടുന്നു
കേസു വിളിക്കുന്നു
വിചാരണ തുടങ്ങുന്നു
കവി അറിയുന്നില്ലൊന്നും
കവിതയുടെ പൂട്ട് തുറക്കുന്നില്ലൊട്ടും

കോടതി ക്രുദ്ധമാവുന്നു
കയ്യെഴുത്ത് പ്രതി
കയ്യെഴുത്ത് പ്രതി
കയ്യെഴുത്ത് പ്രതി
പ്രതിയുടെ പേര് നീട്ടി വിളിക്കുന്നു
ജാമ്യമില്ലാത്ത വാറന്റിട്ട്
കേസ് അനിശ്ചിതകാലത്തേക്ക്
വലിച്ചെറിയുന്നു.

എന്നിട്ടും
കവി അറിയുന്നില്ലൊന്നും
പൊടുന്നനെ മിന്നൽ പോലെ
ആൾക്കൂട്ടത്തിൽ നിന്നൊരു പ്രതി
ചാടിയെത്തുന്നു.
കവിയെ തട്ടി വിളിക്കുന്നു
കരണത്ത് കയ്യൊപ്പ് വെയ്ക്കുന്നു
ഓർമ്മയുണ്ടോടാ കവീ
ഈ മുഖം എന്ന് ഒച്ച വെയ്ക്കുന്നു.

കവിതയുടെ പൂട്ടുപേക്ഷിച്ച്
കവി എണീൽക്കുന്നു
മറന്നുപോയല്ലോ
സ്വന്തം കയ്യെഴുത്ത് പ്രതിയെ
എന്ന് വിലപിക്കുന്നു.
കോടതി
പിരിഞ്ഞ് പോകുന്നു
പാലുപോലെ
പിരിഞ്ഞുപോകുന്നു
നൂലുപോലെ
പിരിഞ്ഞുപോകുന്നു.

1/8/09

എലിഅന്നാകരേനീനയും
ഓൾഡ്മാൻ ആൻഡ് ദി സീയും
മുഴുവനായും വായിച്ചുതീർത്ത
ഒരു എലി
എന്റെ അലമാരയിൽ
താമസമുണ്ടായിരുന്നു.
എലിയാണെങ്കിലും ആൾ പുലിയായിരുന്നു.
ചുള്ളിക്കാടിന്റെ ഗസൽ
പകുതി വായിച്ചപ്പോൾത്തന്നെ
ദുര
നരകരാത്രി
സത്രം
കരൾ, കറ എന്നിങ്ങനെ
ആവർത്തിക്കുന്ന വാക്കുകൾ
കാണാപ്പാഠം പഠിച്ച്
മധുസൂദനൻ നായരെപ്പോലെ
കച്ചേരിക്ക് ശ്രമിക്കുന്നത് കേട്ടു.
അങ്ങനെയാണ്
കാരാഗ്രഹത്തിന്റേതെന്നപോലെ
പണ്ടെന്നോ അടഞ്ഞ
പുസ്തക അലമാരയുടെ
തുരുമ്പിച്ച വാതിൽ ഞാൻ തുറക്കുന്നത്.

രണ്ടായ്‌മുറിഞ്ഞ പി.പി.രാമചന്ദ്രനും
കോമയിൽ കിടക്കുന്ന കുറൂരും
കുളത്തിലെ വിഷ്ണുപ്രസാദും
പൾപ്പായ ലതീഷും
നിലവിളിക്കുന്ന വിനോദും
നെഞ്ചും വിരിച്ചു തലകുനിച്ചുനിൽക്കുന്ന
എം.എസ്.ബനേഷും എന്നുവേണ്ട
പുറംചട്ടപോയ എഴുത്തച്ഛൻ മുതൽ
പുതിയചട്ടയുമായി കടത്തനാട്ട്
മാധവിയമ്മവരെ..
പഴയപുസ്തകങ്ങൾ വലിയ പാർക്കിലെ
മരങ്ങളെപ്പോലെ
‘വേരുകൊണ്ടും ഇലകൾകൊണ്ടും
പരസ്പരം കെട്ടിപ്പിടിച്ചും‘
കുഴഞ്ഞുമറിഞ്ഞും
ചിലചിലച്ചും
പുതിയപുസ്തകങ്ങൾ
പബ്ലിക് ലൈബ്രറിയിലെ
വായനക്കാരെപ്പോലെ
വലിയ സ്വപ്നങ്ങൾ തുറന്നുപിടിച്ച്
അവനവനെത്തന്നെ വായിച്ചുംകൊണ്ട്
പ്രതിമകൾ പോലെ
പരസ്പരം നോക്കുകപോലും
ചെയ്യാതെ മൌനമായും

ആദ്യമായ് കടക്കുമ്പോൾ
കള്ളൻ പവിത്രനെപ്പോലെ
അന്തിച്ചു നിൽക്കുന്ന എലിയുടെ
ചിത്രം ഞാൻ മനസിലോർത്തു.

അമ്പലമണികൾ
ഭൈരവന്റെ തുടി
കന്നിക്കൊയ്ത്ത്
ഒക്കെയും വായിച്ചുകഴിഞ്ഞിരിക്കുന്നു
എലി
വായനയുടെ വാർഷികവലയങ്ങൾ
ഓരോ പുസ്തകത്തിലും
കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ആൾ പുലിതന്നെന്നുറപ്പായെങ്കിലും
പൂച്ചയെ പേടിയാണെന്ന് തോന്നുന്നു.
പണിക്കരേയും
പിള്ളയേയും
ശ്രദ്ധയോടെ
രുചിനോക്കിയിട്ടുണ്ടെങ്കിലും
പവിത്രൻ തീക്കുനിയുടെ
മീന്മുള്ളിന്റെ പടമുള്ള പുസ്തകം
തൊട്ടുനോക്കിയിട്ടില്ല.
ഉറ്റുനോക്കുന്ന
ഒരു പൂച്ചയുടെ ചിത്രം
കവറിൽ ഉള്ളതുകൊണ്ടാവാം.

മണത്തുപോലും നോക്കിയിട്ടില്ല,
കെ.ആർ.ടോണിയെ.
എൻ.ജി.ഉണ്ണിക്കൃഷ്ണനും
ടി.പി.അനിൽകുമാറും ഭദ്രം
രണ്ടധ്യായങ്ങളുള്ള നഗരത്തിന്റെ
ഓടയിൽ നിന്നുവന്നതാണോ
ഈ എലി!

ജിജ്ഞാസയുടെ കെട്ടുപൊട്ടിയ
ഒരു അവധിദിനത്തിൽ
ആഴത്തിൽ വായിക്കുന്ന
ഈ വായനക്കാരനായുള്ള
അന്വേഷണാർത്ഥം
അലമാര ഖനനം ചെയ്തു
മുക്കിലും മൂലയിലും കുഴിച്ചു
എങ്ങും
എലിയുമില്ല പുലിയുമില്ല
കവിതമുശിടുള്ള കുറേഎലിക്കാട്ടവും
മൂഷികരോമവും മാത്രം
പിന്നെ ഈ എലിവായനയുടെ
ബഹളങ്ങളെവിടുന്നുവന്നു..!
വീണ്ടും
താളുകൾക്കിടയിൽ
കുഴിച്ചു
വാക്കിലും വരിയിലും
കുഴിച്ചു
കുത്തിലും കോമയിലും
കുഴിച്ചു
ദീർഘദീർഘമായ അന്വേഷണത്തിനൊടുവിൽ
ചുരുട്ടിക്കെട്ടിയ കവിതകളുടെ
കയ്യെഴുത്ത് പെട്ടിക്കുള്ളിൽ
പൊടിഞ്ഞുതുടങ്ങിയ ഒരു
അസ്ഥികൂടം കണ്ടുകിട്ടി

‘wow
skeleton of a mouse‘
സന്തോഷംകൊണ്ട്
മകൻ ഇംഗ്ലീഷിൽ തുള്ളിച്ചാടി.

ഏതുപുസ്തകം വായിച്ചിട്ടാണോ
പാവത്തിന്റെ അസ്ഥിത്വം
ഇത്രമാത്രം വെളിപ്പെട്ടത്!
അബദ്ധത്തിനെങ്ങാനും
എന്റെ കവിതകൾ കൂടി
വായിച്ചിട്ടുണ്ടാകുമോ നിഷ്കളങ്കൻ.