26/4/10

മഴമുറിച്ചുകടക്കുന്നവരെക്കുറിച്ച്

നൂറ് സിസിയുടെ ഒരു പഴഞ്ചൻ ബൈക്കിൽ
ആയിരം സിസിയുടെ ഒരു പടുകൂറ്റൻ വേനൽമഴ-
മുറിച്ചുകടക്കുകയായിരുന്നു അവർ.
അപായരഹിതമെന്ന് ഉറപ്പിച്ച
സുഭിക്ഷമായ ഇടത്താവളം ഉപേക്ഷിച്ച്
ഉണ്ടോ എന്നുതന്നെ ഉറപ്പില്ലാത്ത
ഏതോ വൻ‌കര തേടി
കെട്ടുവള്ളത്തിൽ കടൽ കടക്കാൻ തുനിയുന്നപോലെ
സാഹസികമായ ഒരു കടത്ത്.
ആകാശം പിളർന്ന്പായുന്ന കൊള്ളിയാൻവേഗത്തിൽ
അവർ മഴതുഴഞ്ഞ അതേ നിമിഷങ്ങളെ
ക്ലോക്കുകൾ ചരിത്രമായി പണിതുയർത്തുന്ന
ടിക് ടിക് ശബ്ദത്തിൽ,
അവരുടെ ധമനികൾ മിടിച്ചുകൊണ്ടിരുന്നു.
അവരുടെ പാതയിൽ മരണം,
ദാക്ഷിണ്യമില്ലാത്ത ട്രാഫിക് പോലീസുകാരനെപ്പോലെ
ഏതുനിമിഷവും കൈകാണിച്ചു നിർത്താം എന്നമട്ടിൽ
മുട്ടിനുമുട്ടിനു കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അവരുടെ പാതയിൽ മഴവെള്ളം,
പഴയ ചോരക്കറകൾ കഴുകി വെടിപ്പാക്കുകയും
അടുത്ത പന്തിക്ക് ഇല വിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
അവരുടെ പാതയിൽ ജീവിതം,
ഒരു വേനൽക്കാലം വിഴുങ്ങിയുണങ്ങിയ
വിത്തുകൾപോലെ കുതിരുകയും, ഉണരുകയും,
മണ്ണിലേക്ക് തുളച്ചിറങ്ങാൻ വേരു രാകി-
കുതറുകയും ചെയ്യുന്നുണ്ടായിരുന്നു.
അവരുടെ പാതയിൽ ജനത, നനഞ്ഞുജനിക്കുകയും
നനഞ്ഞുമരിച്ചവർ പുനർജനിക്കാൻ
കൊതിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
മരണത്തിന്റേയും ജീവിതത്തിന്റേയും സാധ്യതയിലൂടെ
മഴമുറിച്ചുള്ള അവരുടെ സഞ്ചാരം
മിഴിച്ചകണ്ണുകളോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു,
പാതയോരത്തെ അറുപഴഞ്ചൻ നഗരം.
മഴക്കാലത്തെ വിളഞ്ഞുപഴുത്ത ചെറിപ്പഴങ്ങളേക്കാൾ
തുടുത്ത വിരലുകൾ കൊണ്ട് പ്രണയമവരെ തൊട്ടുനോക്കി-
തന്റെ തോട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നതുകണ്ട്,
നൂറ്റാണ്ടുകൾ മാറ്റമില്ലാതെ നിൽക്കുകയായിരുന്ന
വയസൻ ജീവിതത്തിന്റെ വിളംബരസ്തൂപങ്ങൾ
അവർക്ക് പിന്നിൽ ഇടിഞ്ഞ് വീഴുകയും
പേരറിയാത്ത ചെടികളായി മുളച്ചു പൂക്കുകയും ചെയ്തു....

22/4/10

ശവം+ശവം=ശവംകുഴിച്ചുകുഴിച്ചു പുറത്തെടുക്കുക
ഒരു ശവത്തിൽ നിന്നും
മറ്റേ ശവത്തെ..
മൂക്കും മുലയും മുറിഞ്ഞ
ഹാരപ്പൻ ശില്പങ്ങൾ പോലെ
അണിനിരത്തുക
ഓരോന്നിലും അടക്കം ചെയ്ത
മറ്റോരോന്നുകളെ..

കണ്ടെടുക്കുക,
ഒരു ശവത്തിന്റെ സ്വപ്നക്കൊടുമ്പിരി
മറ്റേ ശവത്തിന്റേതിൽ നിന്ന്,
ഒരുശവത്തിന്റെ വിശപ്പുകല്ല്
മറ്റേ ശവത്തിന്റേതിൽ നിന്ന്,
ഒരു ശവത്തിന്റെ കാമക്കഴപ്പ്
മറ്റേ ശവത്തിന്റേതിൽ നിന്ന്....

അങ്ങനെയങ്ങനെ-
കുഴിച്ചുകുഴിച്ചു പുറത്തെടുക്കുക,
പരസ്പരം വിഴുങ്ങിമരിച്ച
രണ്ടു കാളശവങ്ങളുടെ പൂതലിച്ച ജീവിതം,
ഒരു ശവം മറ്റേ ശവത്തെ ആർത്തിയോടെ
വിഴുങ്ങുന്നതിന്റെ ആവർത്തനചക്രം....
അപ്പോൾ തിരിച്ചറിയാം...
ഒരുശവം മറ്റേ ശവം തന്നെയല്ലേ
എന്ന് തോന്നിപ്പിക്കും വിധം ശവം!

17/4/10

ഒരു വൈകുന്നേരക്കാഴ്ച ...

ജലം ജലത്തോടെന്ന പോലെ,
കാറ്റ് കാറ്റിനോടെന്നപോലെ
പരസ്യമായെങ്കിലും
രഹസ്യമായി സന്ധിച്ചു,
രണ്ടു ജൈവപരാഗങ്ങൾ....
മരങ്ങളും,
വൈകുന്നേരവും കൂട്ടിപ്പിടിച്ച്
വൈദ്യുതിക്കമ്പികൾ കൊണ്ട് വലകെട്ടിയ
ബഹുനില നഗരം അവരെ കണ്ടില്ല...
ബസുകളിലും സ്കൂട്ടറുകളിലുമായി
വീടുകളിലേക്ക് തിരിച്ചുപോകുന്ന
തളർന്ന ഗ്രാമങ്ങൾ അവരെ കണ്ടില്ല....
ഇരുട്ടിൽ മിന്നാമ്മിന്നികൾ പോലെ,
ആൾത്തിരക്കിലൂടെ
അജ്ഞാതമായ ഊർജ്ജം
പ്രകാശിപ്പിച്ചുകൊണ്ട്
ആരും കാണാതെ
കൈകോർത്ത് അവർ നടന്നു.
മുറ്റി നിറഞ്ഞ ഒരുറവപോലെ
ഒറ്റക്കുത്തിന് പുറത്തുചാടാൻ പാകത്തിന്
അവർക്കുള്ളിൽ ആനന്ദം നിറഞ്ഞിട്ടുണ്ടായിരുന്നു.
പരസ്പരം നോക്കുമ്പോഴൊക്കെ
ഒരു ചിരിയുടെ കാറ്റിൽ അവർ ഉലയുന്നുണ്ടായിരുന്നു.
ജലം ജലത്തോടെന്നപോലെ
കാറ്റ് കാറ്റിനോടെന്നപോലെ
അത്ര സ്വാഭാവികമായി
അവർ പരസ്പരം അലിയുന്നുണ്ടായിരുന്നു.

പൊഴി*ഒരു മൊബൈൽ വീഡിയോ കവിത :)
എന്റെ കാർബൺ കെ550 ഉപയോഗിച്ചു പിടിച്ചത്..
അഭിനേതാക്കൾ കടൽ,പുഴ,തിരമാല, ഭാര്യ,മക്കൾ പിന്നെ കുറേ വായിനോക്കികൾ :)

14/4/10

ഒരുവിലാപം

താഴ്ചയേറെയുള്ളൊരാറ്റുവക്കത്തൂടെ
നടക്കുന്നു ഞാൻ.
ആകാശം കനം തൂങ്ങിനിൽക്കു-
മൊരാഴത്തുള്ളിയായ് മുകളിൽ.
കാറ്റിൽ മേഘങ്ങൾ പരസ്പരം
ഉരിയാടിയൊന്നായലിഞ്ഞും
പിഞ്ഞിപ്പിരിഞ്ഞുപലതായ്
പറിഞ്ഞും ,
അലയുന്നു.....
മിന്നൽ വാറ്റിയെടുത്തൊരു കുളിരു,
ചേമ്പിലക്കുമ്പിളിൽ
ലഹരിയുടെ മുത്തം പകരുന്നു.
ശാന്തമെന്നെ മുഖം നോക്കാൻ
ക്ഷണിക്കുന്നു,
നീ;
ആഴജലം...
ഞാൻ;
ദാഹം കുമിഞ്ഞ്
ഭ്രാന്തായ് ചമഞ്ഞ മാൻ‌കുട്ടി..

നിന്നിലെന്നെക്കണ്ടു ഭയന്നലറി
ചിതറിഞാനോടി
നീയോ, നിന്നെ തളച്ചൊരാഴം-
പിഴുതെന്റെ പിന്നാലെ..
നാം,ദാഹവും ശമനവും
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ
വെയിൽ പാളികൾക്കിടയിൽ
ഓട്ടത്തിന്റെ ഒരു ഫോസിലായി
ഉറഞ്ഞു.
നമുക്കുമുകളിൽ,
കാലഘട്ടങ്ങളിടിഞ്ഞുവീണുനാമടിഞ്ഞു..
ആരോ കുഴിച്ചെടുക്കുംവരെ
ഉറങ്ങിപ്പോകുന്നു പിൽക്കാല ജീവിതം..

മഴയിൽ മാമ്പൂക്കൾ പോലെ
ചരിത്രം ചാപിള്ളയായി
പെറ്റുവീഴുന്നു.
ഹാ!
നമ്മൾ, നമ്മളെന്നൊരു വിലാപം
പെയ്തുതോരുന്നു...

3/4/10

കടൽമഴ

കടലേ...
കരിമ്പാറക്കെട്ടിന്റെ നെഞ്ചിൽ
തലയറഞ്ഞലറിക്കരയുന്ന
കാട്ടുകടലേ...
നിന്റെ,
വ്യഥകളറിഞ്ഞ്
മേഘങ്ങൾ കെട്ടിയ
പായ്ക്കപ്പലോടിച്ചുവരുകയാണൊരുമഴ..

നിലാവിന്റെ നേർത്ത ജനൽശീല
രാത്രിക്കുമീതേ വലിച്ചിട്ട്
അവനിന്നു നിന്റെമേൽ പെയ്യും
നീലമാംനിന്റെ ജലശയ്യയിൽ
നൂറു നൂറായിരം ചുളിവുകൾ തീർക്കും..

1/4/10

നമോവാകം

കത്തുന്ന പ്രേമത്തിൽ
എന്നെ
കുത്തിച്ചുട്ടവൾക്ക്

അവൾക്കായി മൊട്ടിട്ട
ചുംബനങ്ങൾ
പൊഴിഞ്ഞു നിൽക്കുന്ന
കടന്നൽ മരത്തിന്

ഉരിഞ്ഞുപോയ എന്റെ
പുറന്തോലിന്നുമേൽ
നീറ്റിയുരുമ്മുന്ന കാറ്റിന്

നമോവാകം..
നമോവാകം...