27/9/07

ചൊരുക്ക്

ജീവനില്ലാത്തത്
എന്നു നാമെഴുതിത്തള്ളിയവയ്ക്ക്
നമ്മളോടുള്ള വികാരം
സഹതാപമായിരിക്കും.

ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന
ലഹരിയുടെ വിദ്യുത്പ്രവാഹം
മുറിയാതിരിക്കാന്‍ നമ്മള്‍
ചവച്ചിറക്കുന്ന മുള്ളുകളും
കുടിച്ചുവറ്റിക്കുന്ന വേദനയുടെ
വീപ്പകളും കാണുമ്പോള്‍
സഹതപിക്കുകയല്ലാതെന്തു ചെയ്യും!

നെഞ്ചിലെ കാളയെ
തുടരെത്തുടരെ ചാട്ടക്കടിച്ച്
നാം ഉഴുതുവിതക്കുന്ന ആഗ്രഹത്തിന്റെ
പുകയിലക്കൃഷി കാണുമ്പോള്‍
അവര്‍ പിന്നെന്തു ചെയ്യും!

ജീവനില്ലാത്തതെന്ന്
നാം മുറിച്ചെറിയുന്ന
നഖവും മുടിയുമൊക്കെ
അവയോടൊപ്പം ചേര്‍ന്ന്
ആടിത്തീര്‍ന്ന നടന്മാര്‍
അരങ്ങിലേക്കെന്ന പോലെ
നമ്മെ നോക്കി അളക്കുന്നുണ്ടാകും.

ലഹരിയുടെ ഇടവഴികളില്‍
കാലുകള്‍ നിലത്തുറക്കാതെ
കാറ്റിനൊപ്പം ദിക്കുമാറി ദിക്കുമാറി
ആടിയാടി നടക്കുന്നത് കൊണ്ട്
നാമതൊന്നും കാണാത്തതാകും...

ലഹരിദായകങ്ങളായ
എല്ലാ കടലുകളും വറ്റിക്കഴിയുമ്പോള്‍
ചൊരുക്കിറങ്ങിയ മദ്യപന്മാരെപ്പോലെ
അടുത്തടുത്ത തന്മാത്രകളായി
അവയ്ക്കൊപ്പം ചുരുണ്ട് കിടക്കുമ്പോള്‍
നമുക്കവയുടെ മുഖത്തുനോക്കാന്‍
തെല്ലു ജാള്യത കാണുമായിരിക്കും...

22/9/07

അള്‍ഷിമേഴ്സ്

ഇന്ന് ഇട്ടുപോകാനായി
ഇന്നലെ കണ്ടുവച്ച സോക്സ്
ഇപ്പോള്‍ കാണുന്നില്ല.

എന്നെ പറ്റിക്കാന്‍
എവിടെയോ ഒളിച്ചിരിക്കുകയാകും

ചില നേരങ്ങളില്‍
റ്റൂത്ത്പേസ്റ്റും ഷേവിങ്ങ് ബ്രഷുമൊക്കെ
എന്നെയിങ്ങനെ കളിപ്പിക്കും

പേന,കടലാസുകള്‍,
പുസ്തകങ്ങള്‍,കവിത.....
അയ്യോ.....
എന്നെ കളിപ്പിച്ചുരസിക്കുന്നവയുടെ
ഒരു പട്ടികതന്നെയുണ്ട്.

ചിലപ്പോള്‍ വെറും നാലോ അഞ്ചോ
അക്ഷരങ്ങളുള്ള എന്റെ പേര്
തലച്ചോറിന്റെ വെയിലുവീഴാത്ത
മടക്കുകളിലെവിടെയെങ്കിലും
പോയൊളിക്കും....

ആളുകളുടെ മുമ്പില്‍ വച്ച്
എനിക്കവനെ തേടിത്തിരഞ്ഞു
പോകാനാകുമോ....?

പേരെന്തെന്ന
അവരുടെ ചോദ്യത്തിനു മുന്നില്‍
മൌനത്തിന്റെ ചുട്ടികുത്തിയ
കോമാളിയായി ഞാന്‍ നിന്നു പരുങ്ങും...

“അതെന്താ പേരില്ലേ ?”
അവര്‍ ചിരിക്കും.

ആരോടെങ്കിലും പറഞ്ഞാല്‍
അവര്‍ പേടിപ്പിക്കും
അള്‍ഷിമേഴ്സ്...

ഓ..ഒന്നുമല്ല...
എനിക്കറിയാം
എന്റെ താന്തോന്നിത്തം പകര്‍ന്നുകിട്ടിയ
മൂര്‍ത്തവും അമൂര്‍ത്തവുമായ വസ്തുതകളുടെ
തെമ്മാടിക്കളിയാണിതെന്ന്...

അല്ലെങ്കില്‍‌പിന്നെ
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മൂട്ടകള്‍ വരുന്നപോലെ
എവിടുന്നു വരുന്നു ഓര്‍മ്മക്കൂട്ടം.

ആദ്യം സ്കൂളില്‍ പോയ ദിവസം
ആദ്യം കണ്ട സിനിമ
ആദ്യം കിട്ടിയ കിഴുക്ക്
ആദ്യം കിട്ടിയ ആനമുട്ട...

എന്റമ്മേ..
ആദ്യം ചുമ്പിച്ച കടലില്‍
എത്ര തിരകളുയര്‍ന്നെന്നു വരെ
ഓര്‍മ്മ വരും....

18/9/07

ഉഭയം

തെരുവിനപ്പുറം
നിശ്ചലതയേയും
ത്വരിതവേഗങ്ങളേയും
വേര്‍തിരിക്കുന്ന മതിലിനപ്പുറം
ഇമചിമ്മിനോക്കുന്ന ജനാലക്കുമപ്പുറം
മുളച്ചുനില്‍ക്കുന്ന നിബിഢശ്യാമ മൌനത്തിന്റെ
ചില്ലയില്‍ ചിറകിളക്കുന്നു
രണ്ടു കുരുവികള്‍....

ഭയത്തിന്റെ
കൊലുസ്സുകെട്ടിയ വഴിനോട്ടങ്ങള്‍
ജനാലത്തുണിക്കൊപ്പം
പ്രണയത്തിന്റെ നൃത്തമാടുന്നു.
നിറഞ്ഞ സൂര്യന്റെ ചുടുവെയില്‍ കൊള്ളുവാന്‍
കൊതിക്കയാകാമവള്‍.....

തെരുവിനിപ്പുറം
ദേശങ്ങള്‍ക്കും ദേശാടനങ്ങള്‍ക്കുമിപ്പുറം
കടമകളേയും കടവുകളേയും വേര്‍തിരിക്കാത്ത
ജീവിതത്തിന്റെ മണല്‍പ്പുഴയില്‍
ഒരു തവള വെയില്‍ നീന്തുന്നു.
ഇല്ലാത്ത മഴയുടെ ചെണ്ടപ്പെരുക്കത്തില്‍
ഉടല്‍ നനഞ്ഞൊഴുകുന്നു..
അസ്തമയം കൊതിക്കയാവാമവന്‍.

16/9/07

പാഞ്ചാലി

പിറന്ന നാള്‍ മുതല്‍
അഴിക്കുകയാണോരോന്നും...

ഓര്‍മ്മയിലാദ്യം
അവനഴിച്ചതെന്റെ സ്ലേറ്റുകല്ല്.
ആറ്റുനോറ്റുകിട്ടിയ ശരിയടയാളം
അമ്മയെ കാണിക്കാന്‍ കൊതിച്ചോടുമ്പോള്‍
അവനൊരു പിന്മഴയായി പാഞ്ഞുവന്നു.

പനിക്കിടക്കകളുടെ മരുന്ന് ചൂരുകൊണ്ട്
അവനെന്റെ ബാല്യത്തെയഴിച്ചു.

പ്രയോഗസാധ്യതകളുടെ സൂത്രവാക്യം കൊണ്ട്
പ്രണയത്തേയും ഹൃദയത്തേയും അഴിച്ചു.

സാമ്പത്തികശാസ്ത്രത്തിന്റെ കടപ്പത്രങ്ങളിറക്കി
എന്റെ ദാമ്പത്യത്തിന്റെ കിടപ്പറയഴിച്ച്
സ്വയംഭോഗങ്ങളുടെ ചിരിയരങ്ങിലെറിഞ്ഞു.

ഹേ ദുശ്ശാസനാ നിനക്കെന്തധികാരം...?
ഈ ധിക്കാരത്തിനു പകരം ചോദിക്കാനില്ലേ
ഇവിടെ ആണൊരുത്തന്‍...?

ജീവിതത്തിന്റെ കോമ്പല്ലുകാട്ടി
അവന്‍ ചിരിക്കുന്നു...
പണയമാണത്രേ.....

കുറ്റബോധംകൊണ്ട് തലതാഴ്ത്തുന്നു
ഭര്‍ത്താക്കന്മാര്‍.....

ഏതു തിമിരം നിനക്ക്
ഉന്നമുള്ള നോട്ടങ്ങളുടെ അര്‍ജ്ജുനാ...?
ഏതു ബാധിര്യത്തിലാണ്ടു
കേള്‍വികേട്ട കേള്‍വികളുടെ യുധിഷ്ഠിരന്‍...?
അടങ്ങാത്ത സ്പര്‍ശനങ്ങളുടെ
എന്റെ ഭീമസേനാ.....!
ഞാന്‍ കേണു.....
ഒരു ജലദോഷത്തിനോടുപോലും
യുദ്ധം ജയിക്കാത്ത
നകുലനും സഹദേവനും
എങ്ങോ പോയൊളിച്ചു....!

ഹാ ദുശ്ശാസനാ ഞാനൊരു പണയം തന്നെ
നിനക്കെന്റെ നഗ്നതയാണു വേണ്ടതെങ്കില്‍
എന്റെ വസ്ത്രങ്ങള്‍ വകഞ്ഞുമാറ്റി
ശരീരവും മനസ്സുകളും വകഞ്ഞുമാറ്റി വരൂ...
നിന്റെ ചുമ്പനം പകരൂ...
എനിക്കിനി ആറാമതൊരാളിന്റെ
ഭോഗസാന്ദ്രതയറിഞ്ഞാല്‍ മതി....

13/9/07

അപ്പൂപ്പന്‍താടി

പെറ്റിട്ടപ്പോഴേ
അമ്മയറിഞ്ഞിരിക്കണം
എന്റെ ഭാവി.......

വന്‍‌മരങ്ങളുടെ വേരുകള്‍
വല നെയ്യുമീ മണ്ണില്‍
എനിക്ക് ഒരുനുള്ളു കിട്ടാന്‍
പ്രയാസ്സമാണെന്ന്.....

അതുകൊണ്ടല്ലോ തന്നു
ഇത്തിരിപ്പോന്ന ശരീരത്തില്‍
ഇത്രയും കൂടുതല്‍ ചിറകുകള്‍

നാടുകള്‍ കടന്നും
കടലുകള്‍ കടന്നും
ഓര്‍മ്മകളെ തടഞ്ഞു നിര്‍ത്തി
മഴ പെയ്യിക്കും കാലഘട്ടങ്ങള്‍ കടന്നും
പറന്നു പറന്നു ഞാന്‍ പോകുന്നു....

ഇളം കാറ്റിലും
കൊടും കാറ്റിലും
ആകാശമുള്ളിടത്തോളം
നിന്റെ മണ്ണു കാല്‍ക്കീഴില്‍ വന്നു
തല താഴ്ത്തുവോളം
പറന്നു പറന്നു നടക്കെന്നല്ലോ
അമ്മ തന്നൂ വരം......

11/9/07

ശാസ്ത്രജ്ഞന്‍

സ്ത്രീയേ,
ഞാന്‍ ആദ്യം കരുതിയത്
നീയെന്റെ അമ്മയാണെന്നാണ്.

അമ്മയ്ക്ക് അച്ചനോടുള്ളതല്ല
എനിക്ക് അമ്മയോടുള്ളത് എന്നറിഞ്ഞപ്പോള്‍
കഥപറഞ്ഞുതരുന്നു എന്ന വ്യാജേന
അച്ചന്റെ കിടപ്പുമുറിയില്‍ നിന്നും എന്നെ മാറ്റി
കൂടെ കിടത്തിയുറക്കിയ മുത്തശ്ശിയാണ്
നീയെന്നു കരുതി.

എത്ര നിര്‍ബന്ധിച്ചാലും എന്നോടൊപ്പം
മണ്ണില്‍ക്കളിക്കാന്‍ വരില്ല മുത്തശ്ശിയെന്നറിഞ്ഞപ്പോള്‍
‍ഞാന്‍, അയല്‍ വീട്ടിലെ കളിക്കൂട്ടുകാരിയാണ്
നീയെന്നു കരുതി.

കാമുകിക്ക് കല്യാണത്തെക്കാള്‍ വലുതല്ല
കാമുകനെന്നറിഞ്ഞപ്പോള്‍
‍എന്റെ വിരലില്‍ മൂര്‍ച്ഛിച്ച ഭോഗമാണ്
നീയെന്നു കരുതി.

വിചാരങ്ങളില്‍ നിന്നു വിപ്ലവം കൊടിയിറങ്ങിയപ്പോള്‍
‍കിടപ്പറത്താഴിട്ട സ്വാതന്ത്ര്യത്തിലേക്ക്
ഞാന്‍ മാലയിട്ടു വാഴിക്കുന്ന ഭാര്യയാണു
നീയെന്നു കരുതി.

അറിയാനുള്ള ആഗ്രഹങ്ങളില്‍
എന്റെ പരാക്രമങ്ങളില്‍ നീ പെറ്റു കഴിഞ്ഞപ്പോള്‍
‍വീണ്ടുമറിയുന്നു നീയൊരമ്മയാണെന്ന്...

സ്ത്രീയെ,
രുചിയറിയാനായിസയനൈഡ് കഴിച്ച
ശാസ്ത്രജ്ഞന്റെഗതിയായെനിക്ക്...

9/9/07

ത്രില്‍ -ഒരുവായന

ഓര്‍മ്മകളെ ചാരുതയോടെ അനുഭവങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും ചാലിക്കാന്‍എളുപ്പമുള്ള മാധ്യമമാണ് കവിത.എത്ര വായനകള്‍ സാധ്യമാക്കിയാലും സമുദ്രത്തില്‍ മുത്തുകള്‍ എന്നപോലെ അര്‍ത്ഥങ്ങള്‍ മുങ്ങിവാരിക്കൊണ്ടിരിക്കാന്‍ വായനക്കാരന് കഴിയുകയും ചെയ്യും.അത്തരത്തില്‍ അര്‍ത്ഥങ്ങളുടെ സമ്പുഷ്ടത കൊണ്ട് മനോഹരമായ ഒരു കവിതയാണ് വിഷ്ണുപ്രസാദിന്റെ “ത്രില്‍”.

വിവിധങ്ങളായ വായനകള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ അതില്‍ വളരെ ഉദാത്തമായ ഒരു ചിന്ത മുഴച്ചു നില്‍ക്കുന്നുണ്ട്.അത് കവിതയില്‍ പ്രത്യക്ഷത്തില്‍ വിവരിക്കുന്ന കള്ളനും പോലീസും കളിയില്‍നിന്നും എത്രയോ അകലെയുമാണ്. കവിയേയും വായനക്കാരനേയും സമ്പന്ധിക്കുന്ന ഒരു ചിരപുരാതന സത്യത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാകുന്നു ഈ കവിത.ഓരോ കവിയും ഓരോ നല്ല കവിതയിലും സ്വയം അതിവിദഗ്ധമായി ഒളിപ്പിച്ചു വച്ചിരിക്കുന്നുണ്ട് എന്നതാണ് സത്യം.എളുപ്പത്തില്‍ വായനക്കാരന്‍ വന്നു പിടിക്കരുത് എന്ന് ആഗ്രഹിക്കുമ്പോഴും കവിതയുടെ തൈലപ്പുല്‍ക്കാടിനു ചുറ്റും ഓടിത്തളര്‍ന്ന് അവന്‍ വരുമെന്നും അവസാനം തന്നെ കണ്ടുപിടിക്കുമെന്നും കവികള്‍ സ്വകാര്യമായി ആഗ്രഹിക്കുന്നുമുണ്ട്.ഇത് ഒരു തരം പരസ്പര പൂര്‍ത്തമായ രതിമൂര്‍ച്ചപോലെ വായനക്കാരനും എഴുത്തുകാരനും ആനന്ദമുണ്ടാക്കുന്നു.

വരികളിലെ തൈലപ്പുല്ലുകള്‍ക്കിടയില്‍ ഒന്നെത്തിനോക്കി ഒന്നുമില്ലെന്നു കരുതി വായനക്കാരന്‍ ഓരോ തവണമടങ്ങിപ്പോകുമ്പോഴും കവി അതിനുള്ളില്‍ നിന്ന് ഗൂഢമായി ചിരിക്കുന്നുണ്ടാകുമെങ്കിലും സമയം വൈകുന്തോറും പിടിക്കപ്പെടുന്ന ത്രില്ല് നിഷേധിക്കപ്പെടുന്നതിന്റെ നിരാശ, തന്റെ കവിതയിലേക്കിറങ്ങിവന്ന് തന്നെ അറസ്റ്റുചെയ്യാന്‍ ആര്‍ക്കും കഴിയുന്നില്ലല്ലോ എന്ന നിരാശ അയാളെ മഥിച്ചുതുടങ്ങും .

ഈ ത്രില്ല് തുടരെ നിഷേധിക്കപ്പെടുന്നു എങ്കില്‍ അയാള്‍ കവിതയെഴുത്ത് എന്ന ഒളിച്ചുകളിയില്‍ നിന്ന് പിണങ്ങിപ്പോയെന്നുപോലും വരും.ഈ ദുരവസ്ഥയിലാണ് ചിലപ്പോഴെങ്കിലും ചില കവികളെ സ്വയം തങ്ങളുടെ കവിതക്ക്നിരൂപണം എഴുതാന്‍ പ്രേരിപ്പിക്കുന്നത്.തൈലപ്പുല്‍‍ക്കാട്ടില്‍ നിന്നും കള്ളന്‍ സ്വയം ഇറങ്ങിവന്ന് “ഞാന്‍ ഇവിടെ ഉണ്ടേ“ എന്നു വിളിച്ചു കൂവുന്നതു പോലെ.

8/9/07

ചെരുപ്പുകുത്തി

ഓര്‍മ്മവച്ച നാള്‍മുതല്‍ പോകുന്നു
ഒരു ചെരുപ്പുകുത്തിയെ തേടി....
അച്‌ഛന്റെ തോളിലിരുന്നുമലകയറിയും
അമ്മയുടെ ഒക്കത്തിരുന്നു പുഴകടന്നും
അമ്മൂമ്മയുടെ വിരലിലാടി വയല്‍ തുഴഞ്ഞും...

തനിക്കു താന്‍ പോരുമെന്നായപ്പോഴും
തുടര്‍ന്നു യാത്രകള്‍
കൊല്ലൂരു മുതല്‍
കന്യാകുമാരിവരെ
പേരുകേട്ടതും
കേട്ടിട്ടില്ലത്തതുമായി
കാക്കത്തൊള്ളായിരം...

ചെരുപ്പുതയ്പ്പിക്കണം
തേഞ്ഞുപോകാത്തൊരാത്മാവു വേണം
അഴിഞ്ഞുപോകാത്ത അലുക്കുകള്‍ വേണം

ഇട്ടുപോകുന്ന ചെരുപ്പുകള്‍
വിലപ്പെട്ടതായാലും അഴിച്ചുവേണം
അകത്തു പോകാന്‍
നഗ്നപാദനായി
നമ്രശീര്‍ഷനായി

തേഞ്ഞുപോയ ചെരുപ്പുകള്‍
തിരികേ വരും വരെ കാത്തുകിടക്കും
മരച്ചുവട്ടിലോ മതിലിന്‍ മറവിലോ....
വിലപ്പെട്ടതാണെങ്കില്‍
പാകമായ കാലുകള്‍ കണ്ടാല്‍
ഒളിച്ചുപോയെന്നിരിക്കും.

ഇപ്പോഴും എനിക്കുള്ളതാ പഴയ ചെരുപ്പു തന്നെ...
ദിനം‌പ്രതി തേയുന്ന ആത്മാവുള്ളത്..
ഇതുവരെ തയ്ച്ചു കിട്ടിയിട്ടില്ല മറ്റൊന്ന്.
ഇന്നുമിതാ നടക്കാനാവാത്ത വിധം
തയ്യലിളകിപ്പോയിരിക്കുന്നു....

വെളുത്ത വസ്ത്രങ്ങളുടെ അറബിനാട്ടില്‍
എവിടെ എനിക്കൊരു ചെരുപ്പുകുത്തി..

അത്ഭുതം....
ഇവിടെയുമുണ്ടവന്‍
ഇരുട്ടു തേക്കലിട്ട വെളിച്ചം
ദീപാരാധന നടത്തുന്ന,
മൂത്ര ഗന്ധം ശീവേലി നടത്തുന്ന
കാലം കട്ടകെട്ടിയ പുരാതന ക്ഷേത്രത്തില്‍
പൊളിഞ്ഞതും പോടിഞ്ഞതുമായ ചെരുപ്പുകള്‍
മുന്നില്‍ നിരത്തി അവനിരിക്കുന്നു.
കറുത്ത ഉടുപ്പിട്ട്
കണ്ണുകള്‍ മാത്രം വേളുത്തുള്ള
ചെരുപ്പുകുത്തി.

അഴിഞ്ഞുപോയ ചെരുപ്പു നീട്ടി
ഞാന്‍ ചോദിച്ചു
തയ്ച്ചു തരാമോ
അഴിഞ്ഞു പോകാതെ
തേഞ്ഞു പോകാത്തൊരാത്മാവു വെയ്ച്ച്..?

കറുത്ത് പൊടിഞ്ഞ കുറ്റിപ്പല്ലുകള്‍ കൊണ്ട്
കഷ്ടപ്പെട്ടു ചിരിച്ച് സഹതാപത്തിന്റെ അറബി ചവച്ച്
അവനെന്തോ പറഞ്ഞു.
മനസ്സിലായില്ല....

ഇപ്പോള്‍ രാത്രിയില്‍...
ഉറക്കം അപൂര്‍വ്വമായ കിടക്കയില്‍
അവന്റെ നിസ്സഹായമായ ചിരിയുടെ അമ്ലലായിനിയില്‍
അര്‍ത്ഥത്തിന്റെ ലവണങ്ങളലിയുന്നു..

4/9/07

അലക്ക്

എനിക്കറിയാം
ഓരോ രാത്രിയേയും
നീയെന്റെ നെഞ്ചില്‍ നിര്‍ദ്ദയം
അടിച്ചു വെളുപ്പിക്കുകയാണെന്ന്...

നിനക്കുമറിയാം
എത്ര വെളുത്താലും
ഒരു വെയില്‍ വന്നു മായുന്നതിനിടെ
ഈ പകലുകള്‍ക്ക് കറുത്തുപോകാതിരിക്കാന്‍
കഴിയില്ലെന്നും....

എത്ര തിന്നാലും നിറയാത്ത,
എത്ര തൂറിയാലും ഒഴിയാത്ത,
ഈ ജീവിതത്തിന്റെ
അഴുക്കുകളും ആര്‍ത്തവങ്ങളും
പിന്നെ എവിടെ പോയടിയാനാണ്...!

എന്നിട്ടും....
എന്നിട്ടും....
നിനക്കു നാണമില്ലേ
എന്നെ ഇങ്ങനെ ഉപദ്രവിക്കാന്‍
ഒരു ഗുണവുമില്ലാതെ......

3/9/07

മൂന്നു കവിതകള്‍-പ്രത്യാശ വിതറുന്ന നിലവിളികള്‍

മനസ്സിനെ കുലുക്കിയുണര്‍ത്തുന്ന ഏതാനും രചനകള്‍ ഇന്നും ഇന്നലെയുമായി വായിച്ചതിന്റെ ആനന്ദത്തിലാണ് ഇതെഴുതുന്നത്(ധൃതിയില്‍).നിരാശ നിറഞ്ഞു തുളുമ്പുന്ന വരികളിലൂടെ പ്രത്യാശയുടെ നേര്‍ത്ത ജനാല വെളിച്ചം എവിടെ നിന്നോ ഈ ഗുഹക്കകത്തേക്ക് വീഴുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന മൂന്നു കവിതകള്‍.

1.നമ്മള്‍ ഒരേ സമയം വെയില്‍ നനയുമ്പോള്‍ :മനോജ് കാട്ടാമ്പള്ളി

2.എനിക്കു വിരലുകള്‍ നഷ്ടപ്പെട്ട മനുഷ്യരെ ഓര്‍മ്മവരുന്നു :മഴയിലൂടെ

3.നമുക്കു ഗ്രാമങ്ങളില്‍ ചെന്നു കുടിയൊഴിപ്പിക്കാം :R.K Biju (കോലായ)ഒരു നല്ല കവിതയോ കഥയോ വായിക്കുമ്പോള്‍ കണ്ണുനിറയാറുണ്ട്.ചിലപ്പോള്‍ സിനിമ കാണുമ്പോഴും. ജീവിതം. ജീവിക്കാന്‍ കൊള്ളാത്തതല്ലെന്നു തോന്നിക്കുന്ന, അങ്ങനെ വിളിച്ചു പറയുന്ന വ്യം‌ഗ്യങ്ങള്‍ മിക്കപ്പോഴും ഒളിച്ചിരിക്കുന്നത് പ്രത്യാശയുടെ സുവിശേഷ പ്രചാരണങ്ങളിലല്ല മറിച്ച് ഇത്തരം ഇരുണ്ട ദുഖങ്ങളുടെ ചെറുദ്വീപുകളിലാണെന്ന എന്റെ നിഗമനത്തെ ശരിവയ്ക്കുന്നു ഈ വരികള്‍.ആത്മഹത്യാ സെല്ലിലേക്കുള്ള ഫോണ്‍ വിളികളാ‍ണ് നിരാശാഭരിതമായ ഓരോ കവിതയും എന്ന് മിക്കപ്പോഴും എനിക്കു തോന്നിയിട്ടുണ്ട് .എന്തെങ്കിലും പ്രതീക്ഷകള്‍ കേള്‍ക്കാനാകും, മരിക്കാതെ കഴിക്കാനാകും എന്ന അടങ്ങാത്ത വ്യാമോഹം നിറച്ചു വച്ച ശബ്ദത്തില്‍ അവര്‍ സംസാരിക്കുന്നു.ഈ കവികള്‍ നമ്മോടു സംസാരിക്കുന്നതും അതേ പതിഞ്ഞ സ്വരത്തില്‍ തന്നെ.

1/9/07

കാടന്‍

കാടിനുള്ളില്‍ ഞാനെപ്പോഴും
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു-നെടിയ
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു.

വരുന്നുണ്ടോ ഒരു മൃഗം
മരണം മണത്തെങ്ങാനും!
കേള്‍ക്കുന്നോ ഒരു ശബ്ദം
പച്ചിലച്ചലപ്പല്ലാതെ!

വറുന്ന മണ്ണില്‍പ്പാദം
നട്ടു നട്ടു നടത്തം
കടഞ്ഞ കാല്‍ വണ്ണകള്‍
നീട്ടി നീട്ടി വൈക്കാന്‍ വരുത്തം

വിശപ്പാണെങ്കില്‍
ഉച്ചക്കൊടുഞ്ഞിപൂ പോലെ.
ദാഹമോ തൊണ്ടയില്‍
കുത്തിക്കോരുന്ന കിണര്‍.

ഇന്ദ്രിയങ്ങളിറങ്ങിക്കാട്ടി-
ന്നന്തരങ്ങളിലിര തേടിപ്പോയ്...

പറന്നോ ഒരു പക്ഷി..
അടര്‍ന്നോ ഒരു തുള്ളി..
മറിഞ്ഞതാരടിക്കാട്ടില്‍ കാറ്റോ
നിറഞ്ഞ മേനിയുള്ളൊരു പെണ്ണോ!

ഉണര്‍ന്നോ പൌരുഷം..
തീക്കണ്ണു തുറന്നോ മഴു..
തോന്നലോ വെറും ഭ്രാന്തമാം കാന്തലോ
അടങ്ങുന്നില്ലല്ലോ നെഞ്ചിന്റെ തെയ്യം!

കാടിനുള്ളില്‍ ഞാനെപ്പൊഴും
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു-നെടിയ
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു...

കേട്ടില്ലല്ലോ ഒരു ചിന്നം
വിളി തന്‍ മാറ്റല പോലും...
കണ്ടുമില്ല കളരവം പാടും
പക്ഷിത്തൂവലു പോലും...

കാടിറങ്ങി മടങ്ങുമ്പോള്‍
കണ്ടു ഞാനൊരു മൃഗത്തെ...
കൂടുതല്‍ അടുപ്പത്തില്‍
കൂടുതല്‍ തെളിച്ചത്തില്‍..

കാടിറങ്ങി മടങ്ങുമ്പോള്‍
കണ്ടുഞാനെന്നെത്തന്നെ...
കൂടുതല്‍ അടുപ്പത്തില്‍
കൂടുതല്‍ തെളിച്ചത്തില്‍...