വിസര്‍ജ്യം കൊണ്ട് ചെയ്യുന്നത്

ആഴിത്തറയില്‍
കടല്‍പ്പൂവുകള്‍
വിസര്‍ജ്ജ്യം കൊണ്ട്‌
ചെയ്യുന്നതാണ്‌
ഈ വെളുത്ത പ്രതലത്തില്‍
വളഞ്ഞ വരകള്‍ കൊണ്ട്‌
ഞാനും ചെയ്യുന്നത്‌

വിചിത്രമായ ആകൃതികളിലുള്ള
പവിഴപ്പുറ്റുകളെ നോക്കി
വിസ്മയം കൊള്ളുമ്പോലെ തന്നെയാണ്‌
ഗുഹാഭിത്തികളിലെ
പ്രാചീന ലിഖിതങ്ങള്‍ക്ക്‌ മുന്നില്‍
ഞാന്‍ മിഴിച്ചുനിന്നിട്ടുള്ളതും

അവശിഷ്ടങ്ങളില്‍
അടയിരിക്കാനുള്ള കൊതികൊണ്ടാണോ
എന്നറിയില്ല,
മണലില്‍ കുഴിയാനകള്‍
പൃഷ്ടംകൊണ്ടുവരക്കുന്ന
ഭൂപടങ്ങളില്‍
ഞാനെന്നെ ഈര്‍ക്കില്‍ കൊണ്ട്‌
സനല്‍ എന്ന്‌
അടയാളപ്പെടുത്തിയിരുന്നു

കൗമാരത്തില്‍
അള്ളിപ്പിടിച്ചുകയറിയ
ഉയരംകൂടിയ പാറകളുടെ ശിരസിലൊക്കെ
സനല്‍...സനല്‍ എന്ന് ആഴത്തില്‍,
പൊള്ളുന്ന വെയില്‍ കൊണ്ട്‌
കൊത്തിവച്ചിരുന്നു

കാലാന്തരത്തില്‍
പാറകള്‍ ഭൂകമ്പങ്ങളെ
അതിജീവിച്ചാല്‍
സനല്‍ എന്നത്‌ ഒരുമരത്തിന്റേയോ
മൃഗത്തിന്റേയോ പേരായിരുന്നു എന്ന്
വ്യാഖ്യാനിക്കപ്പെട്ടേക്കാം
അതുമല്ലെങ്കില്‍ ശരീരത്തില്‍
മൂന്നുഖണ്ഡങ്ങളുള്ള
ഒരു വിചിത്രജീവിയുടെ
ചിത്രമാണതെന്ന്‌ അനുമാനിച്ചേക്കാം

ബാം

അജീര്‍ണ്ണം
എന്ന ആശയം
ദഹനവ്യവസ്ഥക്കെതിരെ
പോരാടുകയാണ്

വായ
അന്നനാളം
ആമാശയം
ചെറുകുടല്‍
വന്‍‌കുടല്‍
മലാശയം എന്നിങ്ങനെ
വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ക്കെതിരെ
പൊരുതി

മലാശയം
വന്‍‌കുടല്‍
ചെറുകുടല്‍
ആമാശയം
അന്നനാളം
വായ എന്ന പുരോഗമനപാതയില്‍
‘ബാം’
എന്ന മുദ്രാവാക്യം മുഴക്കി
വിമോചനം തേടുന്നു

അതത്രേ
ഏമ്പക്ക വിപ്ലവം

തിരക്കുവണ്ടി

പാളം തെറ്റിയൊരു
തിരക്കുവണ്ടിയെക്കണ്ടോ?
ഏതാം‌ഗിളില്‍ നിന്നുമെടുക്കാം
അതിന്റെ തകര്‍ച്ചയുടെ
മിഴിവുറ്റ ചിത്രങ്ങള്‍.
ആളപായമില്ല എന്ന
ആശ്വാസം
അടിക്കുറിപ്പായി കൊടുക്കാം.
കൂടിയ വേഗം,
ഏറിയ പഴക്കം,
മാറിയ സിഗ്നല്‍
എന്നിങ്ങനെ ചികഞ്ഞാല്‍
ഒരു മൂന്നുകോളം നിരത്താം.

പേറ്

സ്നേഹത്തിന്റെ മാലാഖമാര്‍
വെറുപ്പിന്റെ ചീങ്കണ്ണികളെ പെറ്റു

തലയണ

ചാണകത്തറയുടേയും
തഴപ്പായയുടേയും കാലത്ത്‌
സാരിവെട്ടിത്തയ്ച്ച ഉറയില്‍
പഴന്തുണി തിരുകിവച്ച്‌
തലയണയുണ്ടാക്കിയിരുന്നു അമ്മ

കക്ഷം കീറിയ ബ്ലൗസുകള്‍
ബട്ടണ്‍ പോയ ഉടുപ്പുകള്‍
അരയ്ക്കു പാകമാകാത്ത പാന്റ്സുകള്‍
ഹുക്കുപോയ അടിവസ്ത്രങ്ങള്‍
നരച്ചുപോയ മഞ്ഞക്കോടികള്‍
കരിപുരണ്ട സാരിത്തുണ്ടുകള്‍
കറപിടിച്ച തൂവാലകള്‍
കുട്ടിയുടുപ്പുകള്‍
വള്ളിനിക്കറുകള്‍

പരുപരുത്ത തലയണയില്‍
ഉറക്കം അസ്വസ്ഥമായിരുന്നു
പൊട്ടിപ്പോയ ബട്ടണിലോ
നൂര്‍ന്ന് ധിക്കാരിയായ
ഹുക്കുകളിലോ
ഓര്‍മ്മയുടെ നൂലുകള്‍
കൊളുത്തിപ്പിടിച്ചിരുന്നു

അസ്വസ്ഥതയില്‍ ഭാരിച്ച
തല താങ്ങി താങ്ങി
പിഞ്ഞിപ്പോയാല്‍
തലയണയില്‍ നിന്നും
കാലം പുറത്തിറങ്ങി നടന്നിരുന്നു

അച്ചന്റെ പാന്റ്സും
അമ്മയുടെ ബ്ലൗസുമൊക്കെ
ദീര്‍ഘയാത്രക്കിടെ
ബസിലിരുന്ന് ഉറങ്ങിപ്പോയവര്‍
സ്ഥലമേതെന്ന്
വെളിയിലേക്ക്‌ വെപ്രാളപ്പെടുമ്പോലെ
വളര്‍ന്നുപോയ ഞങ്ങളെ നോക്കി
കൗതുകം കൊണ്ടിരുന്നു
അച്ചനായി ഞാന്‍ കരിമീശവച്ചു
അമ്മയായനുജത്തി ചിരട്ടവച്ചു
കുറഞ്ഞൊരിടവേളയില്‍
ചരിത്രം വര്‍ത്തമാനത്തിന്റെ
ഭാവിയായി അഭിനയിച്ചു

കട്ടിലിന്റേയും
പഞ്ഞിമെത്തയുടേയും
കാലം വന്നശേഷം
തലയണതയ്ച്ചിട്ടില്ല അമ്മ
വെള്ളപ്പൊക്കത്തിന്റെ
ദീനക്കാര്‍ഡുകള്‍ക്ക്‌
ദാനം കൊടുത്തു
പഴയ ഉടുപ്പുകള്‍,
സാരികളൊക്കെയും.
കൊടുക്കാന്‍ നാണമുണ്ടായെങ്കിലും
വാങ്ങാന്‍ നാണമില്ലാത്ത ദാരിദ്ര്യം
അടിവസ്ത്രങ്ങള്‍ വരെ
കൊണ്ടുപോയിരുന്നു

ഇന്‍സ്റ്റാള്‍മെന്റായി വീടുവന്നു
ഇന്‍സ്റ്റാള്‍മെന്റായിത്തന്നെ വന്നൂ
പഞ്ഞിമെത്തയും തലയണയും
ടി.വി.വന്നൂ
ടേപ്പുവന്നൂ
പ്രഷറുവന്നൂ
കൊളസ്ട്രോളുവന്നൂ
വെള്ളെഴുത്തിന്റെ കണ്ണടവച്ച്‌
അമ്മയും അച്ഛനും
ടിവികാണാനിരുന്നു

കനമില്ലെങ്കിലും
വീര്‍ത്തുതന്നെയിരിക്കുന്ന
പഞ്ഞിത്തലയണകളും
കട്ടിലില്‍ നിന്നിറങ്ങി
അവര്‍ക്കൊപ്പമിരുന്നു‍
ടി.വി കാണാന്‍ കസേരയില്‍
കൂടെയുണ്ടായി ഞാനും
സിക്സര്‍..ഫോര്‍
ഹൗ സാറ്റ്‌ എന്ന് ആരവമായി
എനിക്കൊപ്പം കൂടീ അച്ഛനും

പിന്നീടൊരിക്കലും
ഉറക്കത്തില്‍ വന്നസ്വസ്ഥപ്പെടുത്തിയില്ല
വക്കുപൊട്ടിയ കാലം
ഇരുന്നുറങ്ങുന്നവര്‍ ഇരുന്നുറങ്ങി
കിടന്നുറങ്ങുന്നവര്‍ കിടന്നുറങ്ങി
സദസില്ലാതെ കവലയില്‍
പ്രസംഗിക്കുന്ന നേതാവിനെപ്പോലെ
ടി.വി.തനിയേയിരുന്നു പാടി.

പഞ്ഞി നിറച്ച പതുപതുത്ത നിദ്രയില്‍
കാലം എത്രയൊഴുകി
ഓര്‍മ്മയില്ല സഖേ !

പുനര്‍ജന്മം

ബൊലോ
ഭാരത്‌ മാതാക്കീ
എന്ന് തൊണ്ടയില്‍
ബോംബ്‌ പൊട്ടിമരിച്ചവന്‍
ഹലോ
മേ ഐ ഹെല്‍പ്പ്‌ യൂ...
എന്ന് കാള്‍ സെന്റെര്‍ കാബിനില്‍
പുനര്‍ജനിച്ചു.

ഇന്‍..‌ക്വിലാബ്‌
സിന്ദാബാദ്‌
എന്ന് ലഹരിയില്‍
മുഷ്ടി കത്തിച്ചെറിഞ്ഞവന്‍
ദിസ്‌ പാര്‍ട്ട്‌
ഓഫ്‌ ദി പ്രോഗ്രാം ഈസ്‌...
എന്ന് കൊമേഴ്സ്യല്‍ ബ്രേക്കുകളില്‍
അവതരിച്ചു.

ഒറ്റാന്തടികള്‍

വഴിയരികില്‍
നില്‍ക്കുന്നവരേ
ഈന്തപ്പനകളേ
ശല്‍ക്കങ്ങളുള്ള
മനുഷ്യരേ
നിങ്ങളാരുടെ
ശില്‍പ്പങ്ങളാണ്‌ !

ഒറ്റാന്തടികളേ
ഒട്ടകങ്ങളുടെ
വൃക്ഷപ്പതിപ്പുകളേ
ശിഖരങ്ങളില്ലാതെ
കുത്തനെ മാത്രം
വളരുന്നവരുടെ
പിതാമഹന്മാരേ
നിങ്ങളാരുടെ
ശില്‍പ്പങ്ങളാണ്‌ !

അടിമുടി
വെയില്‍തിന്നു
മധുരം വിളയിക്കുന്ന
വേനല്‍ക്കരിമ്പുകളേ
എന്റെ നാട്ടില്‍
മുളയ്ക്കുമോ
നിങ്ങളുടെ
ഒറ്റപ്പൊളിവിത്തുകള്‍ !

എന്റെ പൊന്നുമരമല്ലേ
എന്നു വന്നൊന്നു പുല്‍കാന്‍ ഒരു
സുന്ദര്‍ലാല്‍ ബഹുഗുണയെങ്കിലും
ഉണ്ടോ നിങ്ങള്‍ക്ക്‌

തുള

ഫ്രിഡ്ജിനുള്ളില്‍
തണുത്തിരിക്കുന്നു
നാവു പിഴുത
വിശപ്പ്‌

ഫ്രീസറില്‍
തൊലിയുരിച്ച
പച്ചക്കറി

കുപ്പിയില്‍
പാസ്ചറൈസ്ഡ്‌
മുലപ്പാല്‍

അറകളില്‍
പൂവണിയാത്ത
റൊട്ടി

അടയിരിക്കാത്ത
പക്ഷികള്‍ തന്‍
തന്തയില്ലാത്ത
മുട്ട

ധമനിയില്‍
വൈദ്യുതോഷ്ണം
നെഞ്ചില്‍
കഠിന ശിശിരം

ഫ്രിഡ്ജിനുള്ളില്‍
വിറങ്ങലിക്കുന്നു
നാളെയുടെ
ഇറച്ചി

ഓര്‍ത്തിരിക്കെ
ഉയരുന്നു
ഫ്രിയോണ്‍
നിശ്വാസങ്ങള്‍

ജാരനാരോ
തുളയ്ക്കുന്നു
കന്യകാ ചര്‍മ്മം

മരം മരം

മരം മരം
എന്നാവര്‍ത്തിച്ച്
രാമ രാമ എന്ന്
കണ്ടെത്തിയവന്‍
രാമ രാമ എന്നു ജപിച്ച്
ആദികവിയായി.

മരം മരം
എന്നാവര്‍ത്തിച്ച്
അരം അരം എന്ന്
കണ്ടെത്തിയവന്‍
അരം അരം എന്നു ജപിച്ച്
ആയുധങ്ങള്‍ രാകി.

മരം മരം
എന്നാവര്‍ത്തിച്ച്
റം റം എന്ന്
കണ്ടെത്തിയവന്‍
റം റം എന്നുജപിച്ച്
ഉന്മാദത്തിലാറാടി.

രാമ രാമ
എന്നാവര്‍ത്തിച്ച്
മരം മരം
എന്ന് കണ്ടെത്തുന്നവര്‍
മരം മരം എന്നുജപിച്ച്
ആധിയിലുമായി.