മണൽ വരയ്ക്കുന്നത്

വരണ്ട കാറ്റിലും ജലത്തിന്റെ ഓർമ്മകളെ
മണൽ വരയ്ക്കുന്നത് കാണുക.
അഴകുണ്ടെങ്കിലും ആർദ്രതയില്ലെന്നു-
പഴിക്കാതിരിക്കുക
ചിത്രം കടപ്പാട്:ഗൂഗിൾ

ഒത്തുതീർപ്പ്

കൃത്യമായി നെടുകേ പിളർക്കാ‍ൻ
പാകത്തിന് ഇങ്ങനെ കരവിരുതോടെ
ഒട്ടിച്ചു വച്ചതാരെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

പിളർന്നെടുത്താൽ പരാതിയില്ലാത്ത വിധം,
ഏറ്റക്കുറച്ചിലുകളെക്കുറിച്ച്
തർക്കങ്ങളുയരാത്തവിധം,
ഒരുകണ്ണ് ഒരു കാത്
മൂക്കിന്റെ ഒരു ദ്വാരം
എന്നുതുടങ്ങി സഭ്യമായതും
ഒരു മുല,ഒരു വൃഷണം
പൃഷ്ഠത്തിന്റെ ഒരു കഷണം
എന്നിങ്ങനെ അസഭ്യമായതും
തുല്യം തുല്യമായി പങ്കുവെയ്ക്കാൻ പാകത്തിന്..

ഒരു പകലിന് ഒരു രാത്രി
ഒരു ചിരിക്ക് ഒരു തേങ്ങൽ
ഒരു ജന്മത്തിന് ഒരു ഒരു മരണം
ഒരു പ്രണയത്തിന് ഒരു വിരഹം എന്നിങ്ങനെ
സമതുലിതമായ ഒരു കരാർ...
ദൈവവും ചെകുത്താനും തമ്മിൽ...
എനിക്കിപ്പോൾ ഇരുവരോടുള്ളതേക്കാൾ ഭ്രമം
ഈ ഒത്തുതീർപ്പുണ്ടാക്കിയ മധ്യസ്ഥനോട് !

ഇലയും വേരും

ഒരേ മരത്തിന്റെ ഭാഗമായിരുന്നിട്ടും
ജീവിതം മുഴുവൻ പരസ്പരം കാണാതിരുന്ന
വേരും ഇലയും ഒടുവിൽ കണ്ടുമുട്ടി
മണ്ണടിഞ്ഞ ഇലയോട്
മണ്ണുമാറി വെളിപ്പെട്ട വേരുചോദിച്ചു
നീ ആകാശവിശാലതയിലേക്കെനിക്ക്
വഴികാട്ടുമോ?
ജനിച്ചനാൾ മുതൽ ആകാശം മാത്രം
കണ്ട് മടുത്ത ഇല,
ആകാശം ഒരു വലിയ മരുഭൂമിയാണെന്ന്
പറഞ്ഞ് കൊടുത്തു.
ഇലകൾക്കിടയിലൂടെ നീലവിതാനത്തെ
കൊതിക്കൺപാർത്തിരുന്ന വേര്
അതുകേട്ട് നിരാശനായി
അത് കണ്ടില്ലെന്ന ഭാവേന വേരിന്റെ
ബലിഷ്ഠമായ വിരൽ പിടിച്ച്
ഇല ചോദിച്ചു
നീ എന്നെ ഈ മണ്ണിന്റെ ആഴത്തിലേക്ക്
കൊണ്ടുപോകാമോ?
പിറന്ന നാൾ മുതൽ
മണ്ണിലൂടെ ഉഴുതുമടുത്ത വേര്,
വേരുകളുടെ ഒരു നിരന്തര-
മത്സരമാണ് മണ്ണെന്ന് പ്രതിവചിച്ചു.

കക്കൂസ്

കക്കൂസിന് കുഴിക്കുന്ന കുഴി
കിണറാകുന്നപോലെയാണ്
പലതും മലക്കം മറിയുന്നത്
കൊല്ലാൻ പോകുന്നവൻ
രക്ഷകനാകുന്നപോലെ
വേശ്യയായെത്തുന്നവൾ
പ്രേയസിയാകുന്നപോലെ
പ്രേമലേഖനങ്ങൾ
കവിതകളാകുന്നപോലെ
നിനച്ചിരിക്കാതെ പൊട്ടുന്ന ഒരുറവ
ലക്ഷ്യവും മാർഗവും മാറ്റും
ചരിത്രവും വർത്തമാനവും മാറും
ഭാവിയെക്കുറിച്ച് എന്നിട്ടും ഉറപ്പില്ല
ഉറവ വറ്റിയാൽ കിണർ
വീണ്ടും ഒരു കുഴിതന്നെയാകും
ചീഞ്ഞതൊക്കെ വലിച്ചെറിയാൻ ഒരു കുഴി
ചിലപ്പോൾ ആരെങ്കിലുമതിന്
ഒരു മൂടിയിട്ട് കക്കൂസുമാക്കും

ഉള്ളിലോ പുറത്തോ

പറയാനാവാത്തൊരു ദൂരം
മുന്നിൽ നിവർന്നു കിടക്കുന്നു
അനങ്ങാനാവാതെ ഞാനൊരു
പാറപോലെ ഇരിക്കുന്നു
ഉടച്ചൊരുക്കാനാണെങ്കിൽ ഉറപ്പില്ല
ഒഴുക്കിൽചേരാമെന്നാകിൽ അലിയുകയുമില്ല
അഴുകിപ്പോകുന്നതുവരെ ഇങ്ങനെ
മാളങ്ങളാൽ ഭരിക്കപ്പെടുന്ന
ആശയക്കുഴപ്പത്തിന്റെ കുന്നായ്
തരിശുകിടക്കുകയെന്ന വിധിയെ പഴിച്ചിരിക്കവേ
ഉള്ളിലാണോ പുറത്താണോ എന്നറിയാത്തൊരു
തേങ്ങലുണർന്നതു കേട്ടു
ഉള്ളിലാവാം പുറത്താവാം
ഉള്ളിൽത്തന്നെ പുറത്താക്കപ്പെട്ടതാവാം
പുറത്തായിരിക്കുമ്പൊഴും
ഉള്ളിലാണെന്ന് തോന്നിക്കുന്നതാവാം
പുറത്താണു ഞാനെന്നുതോന്നലാൽ
ഉള്ളിലേക്ക് നോക്കി
കണ്ടൊരാളെ പുറത്തേക്ക് നോക്കുന്നതായ്
തേങ്ങുന്നതെന്തുനീ അപരിചിതനോട് ചോദിച്ചു
തേങ്ങുന്നതെന്തുനീ എന്നുതന്നെ ഉത്തരം
ഉള്ളിലാണെങ്കിലോ ഞാനെന്നാളലാൽ
പുറത്തേക്ക് നോക്കി
കണ്ടൊരാളെ ഉള്ളിലേക്ക് നോക്കുന്നതായ്
തേടുന്നതാരെ നീ അപരിചിതനോട് ചോദിച്ചു
തേടുന്നതാരെ നീ എന്നുതന്നെ ഉത്തരം

നിങ്ങള്‍ക്കറിയില്ലല്ലോ

എന്റെ ജീവിതം എന്ന വ്യാജേന
നിങ്ങളുടെ ജീവിതത്തെക്കുറിച്ച്
എന്റെ ദുഖങ്ങള്‍ എന്ന വ്യാജേന
നിങ്ങളുടെ ദുഖങ്ങളെക്കുറിച്ച്
എന്റെ നന്മകള്‍ എന്ന വ്യാജേന
നിങ്ങളുടെ നന്മകളെക്കുറിച്ച്
ഞാനെഴുതുന്നതില്‍ പരിഭവിക്കരുത്
നിങ്ങള്‍ക്കുള്ളതൊക്കെ ലോകമറിയട്ടെ
എന്നിലൂടെ
എഴുതാന്‍,പ്രസംഗിക്കാന്‍,പാടാന്‍
നൃത്തംചെയ്യാന്‍ നിങ്ങള്‍ക്കാവില്ലല്ലോ

നിങ്ങളുടെ ജീവിതം എന്നവ്യാജേന
എന്റെ ജീവിതത്തെക്കുറിച്ച്
നിങ്ങളുടെ ദുഖങ്ങള്‍ എന്നവ്യാജേന
എന്റെ ദുഖങ്ങളെക്കുറിച്ച്
നിങ്ങളുടെ തിന്മകള്‍ എന്നവ്യാജേന
എന്റെ തിന്മകളെക്കുറിച്ച്
ഞാനെഴുതുന്നതിലും പരിഭവിക്കരുത്
എനിക്കുള്ളതൊക്കെ ലോകമറിയട്ടെ
നിങ്ങളിലൂടെ
എഴുതാന്‍,പ്രസംഗിക്കാന്‍,പാടാന്‍
നൃത്തം ചെയ്യാന്‍ നിങ്ങള്‍ക്കറിയില്ലല്ലോ