31/3/10

മഞ്ഞുപോലെ മാഞ്ഞും തെളിഞ്ഞും....

കൊടും കുന്നുകളിൽ നിന്നും
മഞ്ഞിറങ്ങിവരുമ്പോലെയാണ്
നിന്നെക്കുറിച്ചുള്ള ലഹരിവരുന്നത്
ഒരുനിമിഷം കൊണ്ട്
തെളിഞ്ഞതാഴ്വരയെ അത്
കാഴ്ചയിൽ നിന്നും മറയ്ക്കും.
എല്ലാ വെളിച്ചങ്ങളും നിറഞ്ഞുനിൽക്കുമ്പോഴും
എവിടെയാണ്
എപ്പോഴാണ്
എന്താണ്
എന്നൊന്നുമറിയാത്തതിന്റെ ഒരാധി
ഇരുട്ടുപോലെ
കൃഷ്ണമണിയിലേക്ക് അലിഞ്ഞുകയറും.
സ്വർഗത്തിലോ നരകത്തിലോ എന്ന് സംശയിക്കുന്ന
ഒരു നൊടിയിട
ഭൂമിയിൽ സൃഷ്ടിക്കപ്പെടും.
നെഞ്ചിലൂടെ തിരശ്ചീനമായി ഒരു കിണർ
ആരോ തുരക്കുന്നതായും
അതിലൂടെ മറ്റാരോ തീവണ്ടിപ്പാളങ്ങൾ
പണിയുന്നതായും അനുഭവപ്പെടും
ഞാൻ ലഹരി കഴിച്ചിട്ടില്ല എന്ന്
സ്വന്തം ശ്വാസം പലതവണ
ഉള്ളം കയ്യിലേക്ക് ഊതി ഉറപ്പുവരുത്തുമ്പോഴേക്കും
കാറ്റുവരും
മഞ്ഞുമാറും
കുന്നുകളെച്ചുറ്റി ആകാശത്തിലേക്ക് വലിഞ്ഞുകയറുന്ന
ഒറ്റയടിപ്പാതയിലൂടെ
ഒറ്റയ്ക്ക് നടക്കുന്ന ഞാൻ തെളിഞ്ഞുവരും.

30/3/10

അപ്പോള്‍ ആ മരം....

നൂറ്റാണ്ടുകള്‍ക്കു ശേഷം,
ഒരു കിഴവന്‍ മരം
പൂത്തു തുടങ്ങുന്നു എന്ന്
സങ്കല്‍പ്പിക്കുക..

തളിരിലേ കൊഴിഞ്ഞുപോയ
ഇലകളെക്കുറിച്ചും,
മലടായിപ്പൊഴിഞ്ഞുപോയ
വസന്തങ്ങളെക്കുറിച്ചും,
വരാതെപോയ കിളികളെക്കുറിച്ചും,
അത് മറന്നുപോകും.
മൊട്ടിട്ടുതുടങ്ങുന്ന,
പുതിയ പൂക്കാലത്തെമാത്രം ധ്യാനിക്കും.

കിഴക്കുനിന്നും പ്രകാശത്തിന്റെ
ഇളംവിരൽ നീളുന്നതും കാത്ത്-
സ്വപ്നം നിറഞ്ഞ രാത്രികളും,
പടിഞ്ഞാറുനിന്നും വെയിൽ
പഴുത്തുവീഴുന്നതിന്റെ മണം കാത്ത്-
ഉഷ്ണിച്ച പകലുകളും അത് കടക്കും..

സന്ധ്യകളിൽ മഞ്ഞുവന്ന് തഴുകുമ്പോൾ
അതിന്റെ വയസൻ പുറന്തോട്
കുതിർന്നിളന്താളിക്കും.
പെട്ടെന്ന്,
ഏകാന്തത മൂർച്ഛിച്ച്,
അത് സ്ഖലിക്കും...

അപ്പോൾ...
പൂക്കളേ പൂക്കളേ എന്ന്,
കാണാക്കരങ്ങൾകൊണ്ട്,
തളർന്ന മേലാസകലം-
അത് തൊട്ടുനോക്കും..

അപ്പോഴാണ്...
ഒരു വെള്ളിടി വെട്ടി...
അത് പട്ടുപോകുന്നതെങ്കിലോ...?

29/3/10

പ്രണയങ്ങളുടെ ദൈവമേ, ചെകുത്താനേ..

അവൾക്കെന്നെ മുഴുവനായും വേണം;
എന്റെ പ്രിയഭാര്യയ്ക്ക്.

അവളുടെ അവകാശമാണു ഞാൻ.
മുടിമുതൽ കാൽനഖം വരെ,
അവൾക്കുള്ളത്.
പുഞ്ചിരിയും,
ചിരിക്കുമ്പോൾ ഇറുങ്ങുന്ന കണ്ണുകളും,
അവൾക്കുള്ളത്.
എന്റെ സങ്കടക്കുന്ന് അവൾക്കുള്ളത്
സ്വപ്നങ്ങളുടെ പായൽക്കുളം അവൾക്കുള്ളത്
ചുംബനങ്ങളുടെ കാട്ടുമുയൽ അവൾക്കുള്ളത്
അവളുടെ കയ്യിലാണെന്റെ താക്കോൽ

അവൾക്ക് മാത്രം തുറന്നുവായിക്കാനുള്ള പുസ്തകം ഞാൻ
അവൾക്ക് മാത്രം പൂട്ടിയിടാനും തുറന്നുവിടാനും അധികാരമുള്ള
ചിറകുവെട്ടിയ പക്ഷി ഞാൻ
അവൾക്ക് മാത്രം സ്വന്തം
എന്റെ എല്ലാം അവളുടെ അവകാശം
(അവൾ എനിക്കും സ്വന്തം
അവളുടെ എല്ലാം എന്റേയും അവകാശം.
ഞങ്ങൾ പരസ്പരം താക്കോൽ കൈമാറിയവർ)

അവൾ കലഹിക്കുന്നു
എന്റെ പ്രിയഭാര്യ കലഹിക്കുന്നു
എന്റെ പ്രിയ കാമുകിമാരെക്കുറിച്ച്,
തെന്നിനടക്കുന്ന പൂമ്പാറ്റയുടെപോലെ
അടഞ്ഞും തുറന്നുമുള്ള എന്റെ പുഷ്പസഞ്ചാരങ്ങളെക്കുറിച്ച്...
അവൾക്കെന്നെ മുഴുവനായും കിട്ടുന്നില്ലത്രേ

ചെകുത്താനേ
പ്രണയങ്ങളുടെ ദൈവമേ
എന്റെ പാതിയെങ്കിലും നീ എനിക്ക് വിട്ടുതരിക
അതിന്റെ പാതിയെങ്കിലും ഞാനവൾക്ക് കൊടുത്തോട്ടെ..

28/3/10

പുറമ്പൂച്ച്

ആദ്യപ്രണയത്തിന്റെ പരാജയത്തെത്തുടർന്ന്
ആത്മഹത്യക്ക് തീരുമാനിച്ചപ്പോൾ
മരണശേഷമുള്ള കാര്യങ്ങളെക്കുറിച്ച്
ചില ആശങ്കകൾ പൊന്തിവന്നു.

അടക്കും മുൻപ് കുളിപ്പിക്കുമ്പോൾ
ഞാൻ മാത്രം കണ്ടിട്ടുള്ള ഗുഹ്യഭാഗങ്ങൾ
നാട്ടുകാർ കാണുമല്ലോ എന്നതായിരുന്നു ഒന്ന്.
അലക്കിവെടിപ്പാക്കിയ ഉടുപ്പുകൾ മാറ്റുമ്പോൾ
ഉള്ളിൽ പിഞ്ഞിക്കീറിയ അണ്ടർവെയർ കണ്ട്
നാണക്കേടാകുമല്ലോ എന്നത് മറ്റൊന്ന്.

പോംവഴികണ്ടെത്തി,
ഡിസക്ഷൻ ബോക്സിലെ കത്രികകൊണ്ട്
ഗുഹ്യരോമങ്ങൾ ഭംഗിയായി കത്രിച്ചൊതുക്കി.
വിലകൂടിയ ഒരു ജട്ടിയും ബനിയനും വാങ്ങി.
മരണത്തെ ജപിച്ചുകൊണ്ട്
ചിന്താകുലമായ ഒരു രാത്രി കടന്നുപോയി.
അരദിവസം മുഴുവൻ മരണത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ
വിരഹം മറന്നുപോയി.
തീരുമാനം മാറി.

ഇപ്പോൾ
ഒരു ദശാബ്ദം കഴിഞ്ഞുപോയി
നൂറുപ്രണയങ്ങളും നൂറുപരാജയങ്ങളും വന്നുപോയി
എത്ര വിവസ്ത്രമാക്കിയാലും
നഗ്നമാവാത്ത ഒരു പുറമ്പൂച്ചാണ്
ശരീരമെന്ന തിരിച്ചറിവുമുണ്ടായി.

18/3/10

തെരുവിൽ...ചവറുകൂനയിൽ

അവൾക്കെന്നെ ഒട്ടും അറിയില്ലായിരുന്നു
അവൾ എന്നെ പ്രണയിച്ചു.

അവളെന്നെ പൂർണമായി അറിഞ്ഞു
അവൾ എന്നെ ഉപേക്ഷിച്ചു.

കുട്ടികളുടെ കളിപ്പാട്ടം പോലെ ഞാൻ
എല്ലാം വലിച്ചു പൊളിച്ച് കേടാക്കപ്പെട്ട നിലയിൽ
എന്നിൽ കൌതുകം തോന്നുന്ന ആരെയോ കാത്തുകിടന്നു,
തെരുവിൽ....ചവറുകൂനയിൽ.

16/3/10

ഇരപിടുത്തം

പച്ചപ്പാടത്തിനു നടുവിലൂടെ,
ചക്രവാളത്തിലേക്ക്
ഒരു നെടുനീളൻ മുറിവ്.
അതിലൂടെ,
പുറംതിരിഞ്ഞ് നടന്നുപോകുന്ന പെൺ‌കുട്ടി.
അവളുടെ നെറുകയിൽ സൂര്യപ്പഴം.
അവളുടെ പാദം തുഴയുന്നു ചോരപ്പുഴ.
ഇരുവശവും അവളുടേതല്ലാത്ത വയൽ.

കണ്ണുകൾക്ക് നടുവിൽ
കൊക്ക്, ഉയരമുള്ള ഒരു മുറിവ്.
ചിറകുകൾക്കു നടുവിൽ
ഉടൽ, ഉയർന്നുതാഴുന്ന മുറിവ്.
ഞാൻ, വായുവിൽ ലംബമായി ഒരു മുറിവ്.
എന്റെ കാഴ്ചയിൽ നിരാലംബയായി ആ പെൺകുട്ടി.
ഞാൻ, അവളിലേക്ക് കൂപ്പുകുത്തുന്ന
മാംസഭുക്കായ പക്ഷി.

ചുണ്ടുകൾക്കിടയിലിപ്പോൾ
അവൾ, പിടയുന്നൊരു മുറിവ്.
ആഴക്കിണർപോലെ
അന്നനാളം, വിശപ്പിന്റെ മുറിവ്.
ഉൾക്കടൽ പോലെ ഹൃദയം,
ഏറ്റവും ഏകാന്തമായ മുറിവ്.
അവളെ ഞാൻ ഒറ്റയിറക്കിനു വിഴുങ്ങി.
തെങ്ങുകളുടെ കാട്ടിൽ ഒളിച്ചിരുന്ന രാത്രി,
സൂര്യപ്പഴം വിഴുങ്ങി.
പാടങ്ങളിൽ ഒളിച്ചിരുന്ന ഇരുട്ട്,
ഭൂമിയെ പച്ചയ്ക്ക് വിഴുങ്ങി.
മുറിവുകൾക്ക് നിദ്ര ഒരു ചെറിയ ശാന്തി...
ഞാൻ നിദ്രയിലേക്ക് പറന്നു...

14/3/10

മരിച്ചെങ്ങോട്ടു പോകും....

ഏതാണ്ടിങ്ങനെ തന്നെയാണ്
അവർ ജീവിച്ചിരുന്നത്,
എന്റെ അപ്പൂപ്പന്മാർ..
തിന്നും കുടിച്ചും
മദിച്ചും...

അവർ ബീഡിയും സിഗരറ്റും വലിച്ചുകാണും
പൊയില മുറുക്കാൻ ചവച്ചുകാണും
പനങ്കള്ളും പട്ടച്ചാരായവും കുടിച്ചുകാണും
ആണല്ലേ....
പെണ്ണുപിടിച്ചും കാണും
മിന്തി കെട്ടി പുറത്തിറങ്ങും മുൻപ്
കൂടെ കിടന്നവളെ
“പൊലയാടിച്ചി”
എന്ന് വിളിച്ചും കാണും

അവരെവിടെപ്പോയി...?
മരിച്ചുപോയി.

മരിച്ചെങ്ങോട്ടുപോയി?
..........

ഏതാണ്ടതുപോലെതന്നെയാണ്
ഞാനും ജീവിക്കുന്നത്
തിന്നും കുടിച്ചും
മദിച്ചും....
പട്ടച്ചാരായവും പനങ്കള്ളും കൊതിച്ചും
പൊയില ചവച്ചും
ബീഡിയും കഞ്ചാവും വലിച്ചും
പെണ്ണുപിടിച്ചും
പിടിവിട്ടാലുടൻ തേവിടിച്ചീന്ന് വിളിച്ചും..
ആണല്ലേ...

അവരെപ്പോലെ ഞാനും
മരിച്ചുപോകും
മരിച്ചെങ്ങോട്ടുപോകും...?
...................

ഉണരുമ്പോൾ മാത്രം ഉള്ളതെന്ന് തോന്നുന്ന
ഉപസ്ഥമേ പറ
നമ്മൾ മരിച്ചെങ്ങോട്ടുപോകും...!

7/3/10

തകർച്ചയുടെ ഗോപുരം

നല്ല ഉറപ്പുള്ള ഒരു തകർച്ചയുടെ മുകളിൽ
ആഴത്തിൽ വാനം തോണ്ടി
തകർച്ചകൾ ഉടച്ചൊരുക്കി
അസ്ഥിവാരമിട്ടു.
ചെറുതും വലുതുമായ അനേകം
തകർച്ചകൾക്കിടയിൽ നിന്നും
വീതിയേറിയ ഒന്നിനെ ചെത്തിച്ചെതുക്കി
മുകളിൽ പ്രതിഷ്ഠിച്ചു.
അതിനുമുകളിൽ ഒന്ന്,
അതിനും മുകളിൽ മറ്റൊന്ന്..
അങ്ങനെയങ്ങനെ..

ഇങ്ങനെയിങ്ങനെ
രാവും പകലും പണിയെടുത്ത്
ആകാശത്തോളം ഉയരത്തിൽ
തകർച്ചയ്ക്കുമുകളിൽ തകർച്ചകളെ
അടുക്കി
ഈ ഗോപുരം പണിതെടുക്കും.
അത്ഭുതകരമായ ഒരു വാസ്തുശില്പമായി
അത് നിലകൊള്ളും
സൂര്യൻ എവിടെ ഉദിച്ചാലും
ഇതിനകത്തേക്ക് വെളിച്ചം വരില്ല
കാറ്റ് എത്ര ശക്തിയിൽ വീശിയാലും
ഉള്ളിൽ ജീവശ്വാസമില്ല
എവിടെ നിന്ന് എങ്ങോട്ട് നോക്കിയാലും
എവിടെനിന്ന് എങ്ങോട്ട് നോക്കുന്നയാളെയല്ലാതെ
കാണാൻ കഴിയില്ല
മഴപെയ്താലും മഞ്ഞുപെയ്താലും അറിയില്ല
എന്നിങ്ങനെ അപാരമായ ഒരു നിർമിതിയായി
കാലം ഇതിനെ വാഴ്ത്തും.

വേഗമാകട്ടെ
വേഗമാകട്ടെ
തകർച്ചകളുടെ ഈ മഹാഗോപുരം
പണിതീർത്തിട്ടുവേണം
ഇതിനുമുകളിൽ കയറി നിന്ന്
“തകർക്കാമെങ്കിൽ തകർത്തോടാ”
എന്നെനിക്ക് വെല്ലുവിളിക്കാൻ..

4/3/10

കൊതി

അവളോടുള്ള കൊതി
ഒളിപ്പിച്ചുവെച്ച്
അവൻ നടക്കുന്നു,
നോക്കരുത്
കൊതിക്കരുത്
സ്പർശിക്കരുതെന്ന്
ഒരു തടിച്ച നിയമപുസ്തകവും ചുമന്ന്,
സ്കൂളിലേക്ക്
കോളേജിലേക്ക്
ഓഫീസിലേക്ക്
ആശുപത്രിയിലേക്ക്
കോടതിയിലേക്ക്
ജയിലിലേക്ക്;
കൂനിപ്പിടിച്ച്.

അവൾ വരുന്നു
കാറ്റടിക്കുന്നു
അവൾ പൂത്തുലഞ്ഞിതൾപൊഴിക്കുന്നു,
കൊതി അവന്റെ കണ്ണുകളിലൂടെ
എത്തിനോക്കുന്നു.

അവളുടെ ശബ്ദം,
കണ്ണിലെ ജലം,
കണങ്കാലിലെ രോമം,
പച്ചക്കറിവെട്ടിയപ്പോൾ കത്തികൊണ്ട് മുറിവേറ്റ വിരൽ,
അവൻ ചകിതനാകുന്നു...
പുറത്തുചാടിക്കുതിക്കുന്ന കൊതിയെ
ഒറ്റപ്പിടുത്തത്തിനു വിഴുങ്ങി അവൻ നടക്കുന്നു.
അല്ല
ഓടുന്നു.

നോക്കിയില്ലല്ലോ
കൊതിച്ചില്ലല്ലോ
സ്പർശിച്ചില്ലല്ലോ എന്ന്
അവൻ വീട്ടിലെത്തുന്നു
കുളിക്കുന്നു
ഊണുകഴിക്കുന്നു
ഉറങ്ങാൻ കിടക്കുന്നു
കൊതി അപ്പോഴും കൊതിച്ചുകൊണ്ടേയിരിക്കുന്നു.

മകൾ,ഭാര്യ,അനുജത്തി,അമ്മ,അമ്മൂമ്മ...
അതൊന്നുമല്ല അവൾ...
അവൾ,
ഇതുവരെ രുചിച്ചിട്ടില്ലാത്ത രുചി
ഇതുവരെ മണത്തിട്ടില്ലാത്ത മണം
ഇതുവരെ സ്പർശിച്ചിട്ടില്ലാത്ത സ്പർശം
കൊതി അവനെ ഉറക്കുന്നില്ല
ഭാര്യയിൽ നിന്ന്
എങ്ങനെ ഒളിപ്പിക്കും ഈ കൊതിയെ എന്ന്
ബദ്ധശ്രദ്ധനായി അവൻ ഉറങ്ങുന്നു.
ഉറക്കത്തിൽ കൊതി പുറത്തിറങ്ങിനടക്കാതിരിക്കാൻ
പാറാവുകാരനായി കൂർക്കംവലിയെ നിയോഗിക്കുന്നു.

1/3/10

വീട്

മണലിൽ വെച്ച വീട് കൊടുങ്കാറ്റ് കൊണ്ടുപോയി
അവൻ പാറപ്പുറത്ത് വീട് വെയ്ക്കാൻ പോയി
പാറപ്പുറത്ത് വീട് വെച്ചവനെ കൊടുങ്കാറ്റ് കൊണ്ടുപോയി
അവന്റെ വീട് അനാഥമായി